ആഹാ, അ‌ന്തസ്! ഡിസ്കൗണ്ട് കൊടുക്കുവാണേല്‍ ഇങ്ങനെ കൊടുക്കണം; മോട്ടറോള എഡ്ജ് 50 പ്രോ കലക്കി 

കിടിലൻ സ്മാർട്ട്ഫോണ്‍ വൻ ഡിസ്കൗണ്ടില്‍ സ്വന്തമാക്കുന്നത് ഇരട്ടി സന്തോഷം നല്‍കുന്ന കാര്യമാണ്. നല്ലൊരു സ്മാർട്ട്ഫോണ്‍ വാങ്ങാൻ സാധിച്ചു എന്നത് ആദ്യ സന്തോഷം.

യഥാർഥ വിലയെക്കാള്‍ വളരെ കുറഞ്ഞ വിലയില്‍ അ‌ത് സ്വന്തമാക്കാൻ കഴിഞ്ഞു എന്നത് രണ്ടാമത്തെ സന്തോഷം. അ‌ങ്ങനെയൊരു സന്തോഷം ഇപ്പോള്‍ മോട്ടറോള ആരാധകർക്ക് ലഭ്യമാണ്. അ‌തായത് മോട്ടറോളയുടെ എഡ്ജ് 50 സീരീസിലെ മികച്ച മോഡലുകളിലൊന്നായ മോട്ടറോ എഡ്ജ് 50 പ്രോ 5ജി (Motorola Edge 50 Pro 5G) ഇപ്പോള്‍ ഫ്ലിപ്പ്കാർട്ടില്‍ ഏതാണ്ട് 5000 രൂപ ഡിസ്കൗണ്ടില്‍ സ്വന്തമാക്കാൻ സാധിക്കും.

അ‌തായത്, മോട്ടറോള എഡ്ജ് 50 സീരീസില്‍ ഏതാണ്ട് അ‌ഞ്ചോളം മോഡലുകള്‍ ഉണ്ട്. അ‌തില്‍ പ്രോ മോഡല്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത് ഈ വർഷം ഏപ്രിലില്‍ ആയിരുന്നു. ലോഞ്ച് ചെയ്യുന്ന സമയത്ത് ഇതിന്റെ 8ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 31,999 രൂപയും 12ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള രണ്ടാമത്തെ വേരിയന്റിന് 35,999 രൂപയുമായിരുന്നു വില.

എന്നാലിപ്പോള്‍ ഫ്ലിപ്പ്കാർട്ടി മോട്ടറോള എഡ്ജ് 50 പ്രോയുടെ 8ജിബി റാമുള്ള അ‌ടിസ്ഥാന മോഡല്‍ വെറും 27,999 രൂപ വിലയിലും 12ജിബി റാം മോഡല്‍ 31,999 രൂപ വിലയിലും ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തായത് ഏകദേശം 4000 രൂപയുടെ ഡയറക്‌ട് ഡിസ്കൗണ്ട് ഈ രണ്ട് വേരിയന്റുകള്‍ക്കും ഫ്ലിപ്പ്കാർട്ട് നല്‍കിയിരിക്കുന്നു.

ഡയറക്‌ട് ഡിസ്കൗണ്ടിന് പുറമേ അ‌ടിസ്ഥാന വേരിയന്റിന് 1000 രൂപയും ടോപ് വേരിയന്റിന് 1200 രൂപയും ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാല്‍ 8ജിബി വേരിയന്റിന് ആകെ 5000 രൂപയുടെയും 12ജിബിയുടേതിന് 5200 രൂപയുടെയും ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് കൂടാതെ 19850 രൂപ വരെ എക്സ്ചേഞ്ച് ബോണസും ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഒരു ജീനിയസ് സ്മാർട്ട്ഫോണ്‍ എന്ന നിലയില്‍ മോട്ടറോള ഇന്ത്യയില്‍ അ‌വതരിപ്പിച്ച മോഡലാണ് എഡ്ജ് 50 പ്രോ 5ജി.

പാന്റോണ്‍ വാലിഡേറ്റഡായിട്ടുള്ള ട്രൂ കളർ ഡിസ്പ്ലേ അ‌വതരിപ്പിക്കുന്ന ആദ്യ സ്മാർട്ട്ഫോണ്‍ ഡിസ്പ്ലേ, ലോകത്തിലെ ആദ്യത്തെ AI- പവർഡ് പ്രോ-ഗ്രേഡ് ക്യാമറ എന്നിവയെല്ലാം ഈ ഫോണിന്റെ പ്രത്യേകതകളില്‍പ്പെടുന്നു.

മോട്ടോറോള എഡ്ജ് 50 പ്രോയുടെ പ്രധാന ഫീച്ചറുകള്‍: ക്വാല്‍ക്കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 7 ജെൻ 3 ചിപ്സെറ്റാണ് മോട്ടറോള എഡ്ജ് 50 പ്രോയുടെ കരുത്ത്. 6.7 ഇഞ്ച് 1.5K 144Hz കർവ്ഡ് pOLED ഡിസ്പ്ലേ, 2000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, HDR 10+ പിന്തുണ, കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നീ ഫീച്ചറുകള്‍ ഇതിലുണ്ട്.

OIS ഉള്ള 50MP പ്രൈമറി ക്യാമറയും, 3x ഒപ്റ്റിക്കല്‍ സൂമോടുകൂടിയ 10MP ടെലിഫോട്ടോ ക്യാമറ, മാക്രോയും ഡെപ്‌ത്തും പ്രദാനം ചെയ്യുന്ന 13MP അള്‍ട്രാ വൈഡ് ക്യാമറ എന്നിവ അ‌ടങ്ങുന്ന ട്രിപ്പിള്‍ റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടേറോള എഡ്ജ് 50 പ്രോയില്‍ ഒരുക്കിയിരിക്കുന്നത്. സെല്‍ഫിക്കും മറ്റുമായി 50എംപി ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറയുമുണ്ട്.

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയാണ് ഈ ഫോണിന്റെ പ്രവർത്തനം. 5G SA/NSA, ഡ്യുവല്‍ 4G VoLTE, വൈഫൈ 6E 802.11ax (2.4GHz /5GHz), ബ്ലൂടൂത്ത് 5.4, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, IP68 റേറ്റിംഗ്, 125W ടർബോപവർ ഫാസ്റ്റ് ചാർജിങ്, 50W വയർലെസ് ചാർജിങ്, 10W റിവേഴ്സ് വയർലെസ് ചാർജിങ് പിന്തുണയുള്ള 4500mAh ബാറ്ററി തുടങ്ങിയവയും ഇതിലുണ്ട്. എൻട്രി ലെവല്‍ മോഡലിന്റെ ബോക്സില്‍ 68W ചാർജറാണ് ഉള്ളത് എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കണം.

അറിഞ്ഞുകൊണ്ട് സ്ത്രീ ശാരീരിക ബന്ധത്തിന് സമ്മതം നല്‍കിയാല്‍ വിവാഹവാഗ്ദാന പീഡനക്കേസ് നിലനില്‍ക്കില്ല: കല്‍ക്കട്ട ഹൈക്കോടതി VM TV NEWS CHANNEL

കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയായ സ്ത്രീ ശാരീരിക ബന്ധത്തിന് ബോധപൂര്‍വം സമ്മതം നല്‍കിയാല്‍ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന പേരില്‍ പുരുഷനെ ശിക്ഷിക്കാനാവില്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി.

ജസ്റ്റിസ് അനന്യ ബന്ദോപാധ്യായയുടെ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി.

അതിജീവിതയ്ക്ക് പ്രായപൂര്‍ത്തിയായതിനാല്‍ അത്തരം ബന്ധത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച്‌ ബോധവതിയായിരുന്നു. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയെന്ന നിലയില്‍ യുവതി വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിന്റെ പേരില്‍ ലൈംഗിക ബന്ധത്തിന് നിന്ന് കൊടുക്കാന്‍ പാടില്ല. അത്തരം വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ തുടര്‍ന്നുള്ള പരിണിത ഫലത്തെക്കുറിച്ച്‌ അറിയാന്‍ കഴിയുന്ന സാഹചര്യത്തില്‍ പുരുഷനെ കുറ്റക്കാരനാക്കാന്‍ കഴിയില്ല.

ബലാത്സംഗ കുറ്റത്തിന് 7 വര്‍ഷം കഠിന തടവും 1000 രൂപ പിഴയും കീഴ്‌ക്കോടതി വിധിച്ചതിനെതിരെയുള്ള അപ്പീല്‍ പരിഗണിക്കുകയായിരുന്നു കല്‍ക്കട്ട ഹൈക്കോടതി. വിവാഹ ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് ഇരുവരും മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് പലതവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് യുവതി ഗര്‍ഭിണിയാവുകയും ചെയ്തു. എന്നാല്‍ കാമുകന്‍ ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിക്കുകയും വിവാഹം കഴിക്കാന്‍ വിസമ്മതിക്കുകയായിരുന്നുവെന്നുമാണ് യുവതിയുടെ പരാതിയിലുള്ളത്. ഗര്‍ഭിണിയായി ഒമ്ബതാം മാസമാണ് യുവതി പരാതി നല്‍കിയത്.

ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 43 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. 20 ആദിവാസി സംവരണ മണ്ഡലങ്ങളും 6 പട്ടികജാതി സംവരണ മണ്ഡലങ്ങളും 17 പൊതു മണ്ഡലങ്ങളുമാണ് ഇന്ന് പൊളിങ് ബൂത്തിലെത്തുന്നത്.

അഞ്ച് സംസ്ഥാന മന്ത്രിമാരടക്കം മൊത്തം 683 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. ഇതില്‍ ശ്രദ്ധേയ മണ്ഡലം മുന്‍ മുഖ്യമന്ത്രി ചംപായ് സോറന്‍ മത്സരിക്കുന്ന സെരായ്കെല ആണ്. ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച വിട്ട ചംപായ് സോറന്‍ ബിജെപി ടിക്കറ്റിലാണ് സെരായ്കെലയില്‍ മത്സരിക്കുന്നത്. ചംപായിയെ നേരിടുന്നത് കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗണേശ് മഹാലി തന്നെയാണ്.

ചംപായ്യുടെ മകന്‍ ബാബുലാല്‍ സോറന്‍ ഘട്ശില മണ്ഡലത്തില്‍ ജനവിധി തേടുന്നു. മുന്‍ മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടയുടെ ഭാര്യ മീര മുണ്ട, മറ്റൊരു മുന്‍ മുഖ്യമന്ത്രി രഘുബര്‍ദാസിന്റെ മരുമകള്‍ പൂര്‍ണിമ സാഹു എന്നിവരും ബിജെപി സ്ഥാനാര്‍ത്ഥികളായി ആദ്യഘട്ട വോട്ടെടുപ്പില്‍ ജനവിധി തേടുന്നു. മീര മുണ്ട പോട്കയിലും പൂര്‍ണിമ ജംഷേദ്പുര്‍ ഈസ്റ്റിലുമാണ് മത്സരിക്കുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പ് 38 മണ്ഡലങ്ങളില്‍ ഈ മാസം 20 ന് നടക്കും.

പശ്ചിമ ബംഗാളില്‍ ആറു മണ്ഡലങ്ങളിലും ബിഹാറില്‍ നാലിടത്തും, കര്‍ണാടകയില്‍ മൂന്ന് മണ്ഡലങ്ങളിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. ബംഗാളില്‍ നയ്ഹാതി, ഹരോവ, മെദിനിപൂർ, തല്‍ദാൻഗ്ര, സിതായ്, മാദരിഹട്ട് എന്നീ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മാദരിഹട്ട് ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളും തൃണമൂലിന്റെ ശക്തികേന്ദ്രങ്ങളാണ്. ആറു മണ്ഡലങ്ങളിലും ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം. 5 മണ്ഡലങ്ങളില്‍ ഇടതു സഖ്യം മത്സരിക്കുന്നുണ്ട്.ഇതില്‍ ഒരു സീറ്റില്‍ സിപിഐ (എംഎല്‍) ആണ് മത്സരിക്കുന്നത്.

ബിഹാറില്‍ നാല് നിയമസഭാ സീറ്റുകളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ മൂന്നും ഇന്ത്യാ സഖ്യത്തിന്റെ സിറ്റിങ് സീറ്റുകളാണ്. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി നാലിടത്ത് മത്സരിക്കുന്നുണ്ട്. കർണാടകയില്‍ മൂന്നു മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്രമന്ത്രി കുമാരസ്വാമി ഒഴിഞ്ഞ ചന്നപട്ടണം അസംബ്ലി സീറ്റില്‍ മകൻ നിഖില്‍ കുമാരസ്വാമിയാണ് എൻഡിഎ സ്ഥാനാർത്ഥി.

മുൻ ബിജെപി നേതാവ് സി പി യോഗേശ്വർ ആണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥി. ബിജെപി എംഎല്‍സി സ്ഥാനം രാജിവെച്ചാണ് യോഗേശ്വർ കോണ്‍ഗ്രസില്‍ ചേർന്നത്. മുമ്ബ് 5 തവണ നിയമസഭാംഗമായിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ രാജിവച്ച ഷിഗ്ഗാവില്‍ മകൻ ഭരത് ബി ബൊമ്മെയും (ബിജെപി) ഇ തുക്കാറാം (കോണ്‍ഗ്രസ്) ഒഴിഞ്ഞ സന്ദൂർ സംവരണ മണ്ഡലത്തില്‍ ഭാര്യ ഇ അന്നപൂർണയും മത്സരിക്കുന്നു.

വഖഫ് ബോര്‍ഡില്‍ മാറ്റങ്ങള്‍ വരുത്തേണ്ട സമയമായെന്ന് അമിത് ഷാ ; രാഹുലിന്റെ നാല് തലമുറകള്‍ക്ക് സംവരണത്തെ തൊടാൻ കഴിയില്ലെന്നും ആഭ്യന്തരമന്ത്രി VM TV NEWS

റാഞ്ചി : കർണാടകയിലെ ക്ഷേത്രങ്ങളുടെയും ഗ്രാമവാസികളുടെയും മറ്റുള്ളവരുടെയും ഭൂമി വഖഫ് ബോർഡ് തട്ടിയെടുക്കുകയാണെന്ന് ആരോപിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

ജാർഖണ്ഡിലെ ബഗ്മാരയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ യാണ് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

വഖഫ് ബോർഡിന് ഭൂമി തട്ടിയെടുക്കുന്ന സ്വഭാവമുണ്ട്. കർണാടകയില്‍ അത് ഗ്രാമീണരുടെ സ്വത്തുക്കള്‍ വിഴുങ്ങി. ക്ഷേത്രങ്ങളുടെയും കർഷകരുടെയും ഗ്രാമവാസികളുടെയും ഭൂമി തട്ടിയെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോർഡില്‍ മാറ്റങ്ങള്‍ വേണ്ടന്നാണ് ഹേമന്ത് ബാബുവും രാഹുല്‍ ഗാന്ധിയും പറയുന്നത്. അവർ അതിനെ എതിർക്കട്ടെ, പക്ഷേ വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ ബിജെപി പാസാക്കും. ആർക്കും തങ്ങളെ തടയാൻ കഴിയില്ലെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

ഇതിനു പുറമെ ജാർഖണ്ഡില്‍ നുഴഞ്ഞുകയറ്റക്കാരെ പരിശോധിക്കാൻ ആവശ്യമായ യൂണിഫോം സിവില്‍ കോഡ് (യുസിസി) നടപ്പാക്കുന്നത് ആർക്കും തടയാനാകില്ലെന്ന് അവകാശപ്പെട്ട അദ്ദേഹം ആദിവാസികളെ അതിന്റെ പരിധിയില്‍ നിന്ന് മാറ്റിനിർത്തുമെന്ന് ഉറപ്പുനല്‍കി.

കൂടാതെ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യം നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കാക്കി മാറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ജാർഖണ്ഡില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ അനധികൃത കുടിയേറ്റക്കാരെ ബംഗ്ലാദേശിലേക്ക് അയക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

കൂടാതെ ഒബിസി സംവരണത്തിന് കോണ്‍ഗ്രസ് എതിരാണെന്ന് ഷാ ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ നാല് തലമുറകള്‍ക്ക് നിങ്ങളുടെ സംവരണത്തെ തൊടാൻ കഴിയില്ലെന്നും റാലിയെ അഭിസംബോധന ചെയ്യവെ ഷാ പറഞ്ഞു.

ജെഎംഎം-രാഹുല്‍ ബാബ ജാതികളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയാകട്ടെ പാവപ്പെട്ടവർ, കർഷകർ, യുവാക്കള്‍, സ്ത്രീകള്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളുടെ ക്ഷേമത്തിനായിട്ടാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ ബിജെപിയെ സംസ്ഥാനത്ത് അധികാരത്തിലെത്തിച്ചാല്‍ അടുത്ത അഞ്ച് വർഷത്തിനുള്ളില്‍ ജാർഖണ്ഡിനെ രാജ്യത്തെ ഏറ്റവും സമ്ബന്നമായ സംസ്ഥാനമാക്കി മാറ്റുമെന്നും ജെഎംഎം-കോണ്‍ഗ്രസ് നേതാക്കള്‍ കൊള്ളയടിക്കുന്ന ഓരോ പൈസയും അതിന്റെ ഖജനാവിലേക്ക് തിരികെ നല്‍കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി വാഗ്ദാനം ചെയ്തു.

ആകെയുള്ള 10 സെൻ്റ് ഭൂമി വീതിച്ചുനല്‍കാമെന്ന് പറഞ്ഞിട്ടും ക്രൂരത;ജ്യേഷ്ഠനെ വെട്ടിക്കൊന്ന അനുജൻ പിടിയില്‍ VM TV NEWS

പരവനടുക്കം: ചെരിവുള്ള മണ്‍തിട്ടയില്‍ ആകെയുള്ള പത്ത് സെന്റ്. ഇതില്‍ സുരക്ഷിതത്വം കുറഞ്ഞ പഴയ ഓടിട്ട വീട്. റോഡും വെള്ളവും ഇല്ലാത്ത പുരയിടം.

ഇതിനായുള്ള അവകാശ തർക്കത്തിലാണ് തിങ്കളാഴ്ച രാത്രി ചെമ്മനാട് ജ്യേഷ്ഠനെ അനുജൻ കൊലക്കത്തിക്കിരയാക്കിയത്. മാവിലറോഡ് പേറവളപ്പിലെ ഐങ്കൂറൻ ചന്ദ്രൻ നായർ (50) വെട്ടേറ്റുമരിച്ച സംഭവത്തില്‍ സഹോദരൻ എ. ഗംഗാധരൻ (47) അറസ്റ്റിലായെങ്കിലും വിയോഗം അനാഥമാക്കിയത് ഭാര്യയും രണ്ടുപെണ്‍മക്കളുമടങ്ങിയ കുടുംബത്തിനെയാണ്.

നെഞ്ചിലും കഴുത്തിലും ഏറ്റ സാരമായ മുറിവാണ് ചന്ദ്രന്റെ മരണകാരണം. ശ്വാസനാളംവരെ വെട്ടേറ്റതിന്റെ ആഴമെത്തിയിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളും ബന്ധുക്കളുമായ പേറവളപ്പിലെ എ. മണികണ്ഠൻ (47), എം. ഗോപിനാഥൻ (44) എന്നിവർക്ക് അക്രമം തടയുന്നതിനിടെ വലതുകൈക്ക് വെട്ടേറ്റു. മണികണ്ഠന് ഏറ്റ മുറിവില്‍ പത്ത് തുന്നല്‍ വേണ്ടിവന്നു.

ചന്ദ്രന്റെ അച്ഛൻ അടുക്കാടുക്കം കുമാരൻ നായർ മറ്റൊരു മകനായ നാരായണനൊപ്പമാണ് താമസം. ഒൻപത് വർഷം മുൻപ് മരിച്ച അമ്മ കുഞ്ഞമ്മാറിന്റെ പേരിലാണ് സ്ഥലവും വീടും. രണ്ടാമത്തെ മകനായ അവിവാഹിതനായ ഗംഗാധരൻ 25 വർഷമായി മാറിത്താമസിക്കുകയായിരുന്നു. എങ്കിലും അടുത്ത കാലത്ത് ചന്ദ്രന്റെ വീട്ടിലെത്തി സ്ഥലം തനിക്കും അവകാശപ്പെട്ടതെന്ന് വ്യക്തമാക്കി ശല്യമുണ്ടാക്കുമായിരുന്നു. ചന്ദ്രൻ ഇക്കാര്യം ബന്ധുക്കളോട് പറയുകയും സ്വത്ത് വിഹിതം നല്‍കാൻ സന്നദ്ധത കാട്ടുകയും ചെയ്തിരുന്നുവത്രേ. എന്നാല്‍, പല കാരണങ്ങളാല്‍ തീരുമാനം നീണ്ടു.

തിങ്കളാഴ്ച രാത്രി ലഹരിക്കടിമപ്പെട്ട് ചന്ദ്രന്റെ വീട്ടിലെത്തിയ ഗംഗാധരൻ സ്വത്ത് ആവശ്യപ്പെട്ട് ബഹളം വെച്ച്‌ വീട്ടുകാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. ഇതിനിടെ വരാന്തയിലെത്തിയ ചന്ദ്രനുനേരെ സഞ്ചിയില്‍ ഒളിപ്പിച്ചിരുന്ന കത്തി വീശുകയായിരുന്നു. മറ്റുള്ളവർക്കുനേരെ കത്തിയുമായി നീങ്ങിയ ഗംഗാധരനെ തടയുന്നതിനിടെയാണ് മണിക്കും ഗോപിക്കും വെട്ടേറ്റത്. അപ്രതീക്ഷിത ആക്രമത്തില്‍ പരിക്കേറ്റ് വീട്ടുമുറ്റത്തുവീണ ചന്ദ്രനെ ഓടിക്കൂടിയ നാട്ടുകാർ താങ്ങിയെടുത്ത് നടന്ന് റോഡിലെത്തിച്ചാണ് വാഹനത്തില്‍ കയറ്റി ജനറല്‍ ആസ്പത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. മുറ്റത്ത് രക്തം തളംകെട്ടി കിടപ്പുണ്ട്. ആക്രമത്തിനുശേഷം കുന്നുകയറി റോഡിലെത്തി രക്ഷപ്പെടാൻ ശ്രമിച്ച ഗംഗാധരനെ നാട്ടുകാർ മല്‍പ്പിടിത്തത്തിലൂടെ പിടികൂടി മേല്‍പ്പറമ്ബ് പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

കുടുംബത്തിന്റെ വിളക്കണഞ്ഞു

കൂലിപ്പണിക്കാരനായ ചന്ദ്രൻ കുടുംബത്തിന്റെ അത്താണിയായിരുന്നു. ഭാര്യ രമണിക്ക് അസുഖമായതിനാല്‍ വീട്ടിലെ കാര്യങ്ങളും ചന്ദ്രന്റെ ഉത്തരവാദിത്വത്തിലായിരുന്നു.

എറണാകുളം മഹാരാജാസ് കോളേജില്‍ പി.ജി. മലയാളത്തിന് പഠിക്കുന്ന മൂത്തമകള്‍ മാളവിക കാല്‍വഴുതിയുണ്ടായ നീർക്കെട്ടുമൂലം വീട്ടില്‍ കഴിയുകയാണ്. ശിവമായയാണ് ഇളയ മകള്‍. എന്നും രാവിലെ വീട്ടിലേക്കാവശ്യമായ വെള്ളം ചുമന്നെത്തിച്ചശേഷമാണ് ചന്ദ്രൻ പണിക്ക് പോയിരുന്നത്.

സംഭവസ്ഥലം ജില്ലാ പോലീസ് മേധാവി ഡി. ശില്പ, ബേക്കല്‍ ഡിവൈ.എസ്.പി. വി.വി. മനോജ്കുമാർ, മേല്‍പ്പറമ്ബ് ഇൻസ്പെക്ടർ എ. സന്തോഷ്കുമാർ, ഫൊറൻസിക് വിദ്ഗധർ എന്നിവർ സന്ദർശിച്ചു. ചന്ദ്രന്റെ മൃതദേഹം ചൊവ്വാഴ്ച പകല്‍ ഒരുമണിയോടെ വീട്ടിലെത്തിച്ചശേഷം സംസ്കരിച്ചു.

ശബരിമലയ്‌ക്ക് പോകുന്ന വിദ്യാര്‍ഥികളും യൂണിഫോം ധരിക്കണം: നിര്‍ദ്ദേശത്തില്‍ പ്രതിഷേധിച്ച്‌ രക്ഷിതാവിന്റെ ആത്മഹത്യാശ്രമം VM TV NEWS CHANNEL

ഇരിങ്ങാലക്കുട: ശബരിമലയ്‌ക്ക് പോകുവാന്‍ മാലയിട്ട വിദ്യാര്‍ഥികളും യൂണിഫോം ധരിച്ച്‌ വരണമെന്ന പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശത്തില്‍ പ്രതിഷേധിച്ച്‌ ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ പെട്രോള്‍ ഒഴിച്ച്‌ ആത്മഹത്യാ ശ്രമം നടത്തി രക്ഷിതാവ്.

കുറ്റിച്ചിറ ചായ്‌പ്പന്‍കുഴി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രിന്‍സിപ്പലാണ് കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂള്‍ അസംബ്ലിയില്‍ വിദ്യാര്‍ഥികളോട് ശബരിമലയ്‌ക്ക് പോകാന്‍ മാലയിട്ടവര്‍ ഉള്‍പ്പെടെ എല്ലാവരും നിര്‍ബന്ധമായും യൂണിഫോം ധരിക്കണമെന്ന് അറിയിച്ചത്.

ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഡിസ്ട്രിക്‌ട് ഇ ഡി എല്‍ ഓഫീസര്‍ക്ക് സ്‌കൂളിലെ ഒരു വിദ്യാര്‍ഥിയുടെ രക്ഷിതാവ് വിളിച്ച്‌ പരാതി നല്‍കിയിരുന്നു.പരാതിയെ തുടര്‍ന്ന് ഇഡിഎല്‍ ടി ഷൈല പ്രിന്‍സിപ്പലുമായി ബന്ധപ്പെട്ട് സ്ഥിതി വിവരങ്ങള്‍ വിലയിരുത്തി ശബരിമലയ്‌ക്ക് നോമ്ബെടുത്ത് മാലയിട്ട കുട്ടികളും യൂണിഫോം ധരിക്കണമെന്ന പ്രിന്‍സിപ്പലിന്റെ ഉത്തരവ് പിന്‍വലിപ്പിച്ചിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വിഷയത്തില്‍ പരാതി ബോധിപ്പിക്കാന്‍ എത്തിയ മറ്റൊരു രക്ഷിതാവ് ആത്മഹത്യാശ്രമം നടത്തി. ഇദ്ദേഹത്തോടൊപ്പം ഭാര്യയും രണ്ട് മക്കളും ഉണ്ടായിരുന്നു.

ഇഡിഎല്‍ ഓഫീസര്‍ ടി. ഷൈലയോട് പരാതി ബോധിപ്പിക്കുന്നതിനിടെ രക്ഷിതാവ് കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ തലവഴി ഒഴിക്കുകയായിരുന്നു. ഉടന്‍തന്നെ ഇയാള്‍ കൈവശം വച്ചിരുന്ന ലൈറ്റര്‍ ഭാര്യയുടെ സഹായത്തോടെ ഓഫീസര്‍ പുറത്തേക്ക് എറിഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയ മറ്റ് സഹപ്രവര്‍ത്തകര്‍ ഉടന്‍തന്നെ പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ചു.സ്ഥലത്തെത്തിയ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.സംഭവത്തെ തുടര്‍ന്ന് ടി ഷൈല പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ബൈക്കില്‍ 100 രൂപക്കും കാറിന് 1000 രൂപക്കും മാത്രം പെട്രോള്‍! ഇന്ധനവും റേഷനില്‍ കൊടുക്കുന്ന സംസ്ഥാനം VM TV NEWS CHANNEL

നമ്മുടെ നാട്ടില്‍ റേഷന്‍ അടിസ്ഥാത്തില്‍ കിട്ടുന്ന സംഗതികളാണ് അരി, ഗോതമ്ബ്, മണ്ണെണ്ണ എന്നിവ. ഇതില്‍ തന്നെ അരി പോലുള്ള സാധനങ്ങള്‍ പുറത്തെ മറ്റ് കടകളില്‍ നിന്ന് വാങ്ങാന്‍ സാധിക്കും.

എന്നാല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഇതുപോലെ റേഷന്‍ അടിസ്ഥാനത്തില്‍ വില്‍ക്കുന്ന അവസ്ഥയെ കുറിച്ച്‌ ചിന്തിച്ചിട്ടുണ്ടോ?. എന്നാല്‍ ഇന്ത്യയിലെ ഒരു സംസ്ഥാനത്തില്‍ ഇത്തരത്തില്‍ ദിവസം നിശ്ചിത അളവില്‍ മാത്രം പെട്രോളും ഡീസലും വിതരണം ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ഈ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും അതിന്റെ കാരണം എന്താണെന്നുമാണ് നമ്മള്‍ ഇനി നോക്കാന്‍ പോകുന്നത്.

ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നായ ത്രിപുരയിലാണ് ഈ നിയന്ത്രണം ഏര്‍പെടുത്തിയത്. റെയില്‍ മാര്‍ഗമാണ് ത്രിപുരയിലേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് സംസ്ഥാനത്ത് ഒരു ചരക്ക് ട്രെയിന്‍ പാളംതെറ്റിയതിന്റെ അടിസ്ഥാനത്തില്‍ റെയില്‍ ഗതാഗതം താറുമാറായിക്കിടക്കുകയാണ്. ലുണ്ടിംഗിനും പര്‍ദാപൂരിനും ഇടയിലാണ് ഗുഡ്‌സ് ട്രെയിന്‍ പാളംതെറ്റിയത്.

റെയില്‍ മാര്‍ഗം കൊണ്ടുവരുന്ന പെട്രോളും ഡീസലും പിന്നീട് പെട്രോള്‍ ടാങ്കറുകളിലാക്കിയാണ് പമ്ബുകളിലേക്ക് ചില്ലറ വിതരണത്തിന് അയക്കാറുള്ളത്. ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍വസ്ഥിതിയില്‍ ആകാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ക്ഷാമം അതിരൂക്ഷമായ സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നത്. സ്‌റ്റോക്ക് ചെയ്ത് വെച്ച പെട്രോളും ഡീസലും മാത്രമാണ് ഇപ്പോള്‍ വിതരണം ചെയ്യാന്‍ സാധിക്കുന്നത്.

ഇതേത്തുടര്‍ന്നാണ് ത്രിപുര സംസ്ഥാന സര്‍ക്കാര്‍ താല്‍ക്കാലികമായി പെട്രോള്‍ വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇത് അനുസരിച്ച്‌ വാഹനങ്ങള്‍ക്ക് ദിവസേന നിശ്ചിത അളവില്‍ മാത്രം പെട്രോള്‍ നിറയ്ക്കാന്‍ പറ്റുന്ന സാഹചര്യമാണുള്ളത്. റെയില്‍വേ ട്രാക്കിലെ തകരാറുകള്‍ ശരിയാക്കുന്നത് വരെ തല്‍സ്ഥിതി തുടരുമെന്നാണ് അറിയാന്‍ കഴിയുന്നത്. ക്ഷാമം മുതലെടുത്ത് ഇന്ധനം കരിഞ്ചന്തയില്‍ വില്‍ക്കുന്നതിന് തടയിടാന്‍ കൂടിയാണ് അധികൃതരുടെ ശ്രമം.

നിയന്ത്രണങ്ങള്‍ വന്നതോടെ ഒരു ദിവസം ടൂവീലര്‍ ഉടമകള്‍ക്ക് 200 രൂപയുടെ പെട്രോള്‍ മാത്രമേ ലഭിക്കുകയുള്ളൂ. ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ട്ട് 400 രൂപയുടെ ഇന്ധനം വാങ്ങാം. അതേസമയം ഫോര്‍വീലര്‍ ഉപയോഗിക്കുന്നവര്‍ക്ക് 1000 രൂപയുടെ ഇന്ധനം മാത്രമേ കിട്ടൂ. ക്ഷാമം പരിഹരിച്ച്‌ സംവിധാനം പഴയ നിലയിലേക്ക് എത്തുന്നത് വരെ ഈ രീതിയിലായിരിക്കും ഇന്ധന വിതരണം. സ്വകാര്യ വാഹനങ്ങള്‍ക്കും പൊതുഗതാഗതത്തിലെ പ്രത്യേക വാഹനങ്ങള്‍ക്കും മാത്രമാണ് ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

എന്നാല്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും അടിയന്തര സേവനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ആംബുലന്‍സ് പോലുള്ള വാഹനങ്ങള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമല്ല. ഇപ്പോള്‍ സംസ്ഥാനത്തെ പെട്രോള്‍ പമ്ബുകളില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ് കാണാന്‍ സാധിക്കുന്നത്. ഇന്ധനം കിട്ടുമോ എന്ന ആശങ്കയാണ് ജനങ്ങളെ ഈ അവസ്ഥയിലേക്ക് തള്ളിവിട്ടത്. ക്ഷാമം കാരണം പരിഭ്രാന്തരായ ജനങ്ങള്‍ കൂട്ടത്തോടെ എത്തിയത് കാരണം തിരക്ക് നിയന്ത്രിക്കാൻ പമ്ബ് അധികൃതര്‍ പാടുപെടുകയാണ്.

പെട്രോള്‍ കുടിക്കാത്ത ആക്ടിവ 27ന്, പ്രമുഖന്മാര്‍ക്ക് പണിയുമായി ഹോണ്ട! ഇ.വികളെ മടുപ്പിക്കുന്ന പ്രശ്‌നത്തിനും പരിഹാരം  VM TV NEWS CHANNEL

ഏറെക്കാലത്തെ കാത്തിരിപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ ഹോണ്ടയുടെ ഇന്ത്യയിലെ ആദ്യ ഇലക്‌ട്രിക് ഇരുചക്ര വാഹനം ഈ മാസം 27ന് എത്തും.

വിപണിയില്‍ സൂപ്പര്‍ ഹിറ്റായ ഹോണ്ട ആക്ടിവയുടെ ഇലക്‌ട്രിക് പതിപ്പാകും കമ്ബനി നിരത്തിലെത്തിക്കുകയെന്നാണ് സൂചന. വാട്‌സ് എഹഡ് (Watts ahead) എന്ന ടാഗ് ലൈനോടെ വാഹനത്തിന്റെ ടീസര്‍ ഹോണ്ട പുറത്തുവിട്ടിട്ടുണ്ട്.

കുറച്ച്‌ വര്‍ഷങ്ങളായി ഇന്ത്യന്‍ വിപണിക്ക് വേണ്ടി ഇലക്‌ട്രിക് വാഹനം നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് ഹോണ്ട. ഇതിനായി മോട്ടോര്‍, ബാറ്ററി പാക്ക്, ചാര്‍ജര്‍, കണ്‍ട്രോള്‍ തുടങ്ങിയ വികസിപ്പിക്കാനുള്ള പേറ്റന്റിനും കഴിഞ്ഞ വര്‍ഷം ഹോണ്ട അപേക്ഷിച്ചിരുന്നു. ഇലക്‌ട്രിക് ആക്ടിവയുടേതെന്ന് തോന്നിപ്പിക്കുന്ന ഒരു വാഹനത്തിന്റെ ഡിസൈനും കമ്ബനി പേറ്റന്റ് നേടിയിരുന്നു. പിന്‍ടയറില്‍ ഘടിപ്പിച്ചിരിക്കുന്ന ഹബ്ബ് മോട്ടോറിന്റെ സഹായത്താല്‍ ചലിക്കുന്ന രീതിയിലായിരുന്നു വാഹനത്തിന്റെ ഡിസൈന്‍. ആദ്യഘട്ടത്തില്‍ ഇളക്കി മാറ്റാന്‍ കഴിയാത്ത ബാറ്ററി പാക്കാകും വാഹനത്തിലുണ്ടാവുക. അടുത്ത ഘട്ടത്തില്‍ രാജ്യമാകെ ബാറ്ററി സ്വാപിംഗ് ശൃംഖല സ്ഥാപിച്ച്‌ ഊരിമാറ്റാവുന്ന ബാറ്ററിയിലേക്ക് ആക്ടിവ മാറും. ഇത് രാജ്യത്തെ ഇവി മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. സ്വാപിംഗ് സ്റ്റേഷനുകളില്‍ നിന്ന് ബാറ്ററി മാറ്റിയിട്ട് യാത്ര തുടരാമെന്നതിനാല്‍ ദീര്‍ഘദൂര യാത്രകള്‍ക്കും ഇവി സ്‌കൂട്ടറുകള്‍ ഉപയോഗിക്കാവുന്നതാണ്. യാത്രക്കിടയില്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകളില്‍ അധിക സമയം ചെലവഴിക്കേണ്ടിയും വരില്ല.

ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് വേണ്ടി ഹോണ്ട വികസിപ്പിച്ച പുതിയ പ്ലാറ്റ്‌ഫോം ഇ (Platform E)യിലായിരിക്കും പുതിയ ആക്ടിവയെത്തുന്നത്. മിഡ് റേഞ്ചിലായിരിക്കും വാഹനത്തിന്റെ എന്‍ട്രി. ഇലക്‌ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാന്‍ കര്‍ണാടകയിലെ നരസപുരയില്‍ ഹോണ്ട പുതിയ ഫാക്ടറിയും സ്ഥാപിച്ചിട്ടുണ്ട്. 2030 ആകുമ്ബോള്‍ ഇവിടെ നിന്നും പ്രതിവര്‍ഷം 10 ലക്ഷം യൂണിറ്റെങ്കിലും ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

നിലവില്‍ വിപണിയിലുള്ള ആക്ടിവ 110ന്റേതിന് സമാനമായ പവര്‍ ഫിഗറുകളിലാകും പുതിയ താരവുമെത്തുന്നത്. ഒറ്റച്ചാര്‍ജില്‍ 100 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും. മുന്നില്‍ ടെലിസ്‌കോപ്പിക്ക് സസ്‌പെന്‍ഷനും പിന്നില്‍ മോണോഷോക്കുമായിരിക്കും നല്‍കുക. മുന്നില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമായിരിക്കും പുതിയ ആക്ടിവയിലുണ്ടായിരിക്കുകയെന്നും കരുതുന്നു.

നിലവില്‍ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയിലെ രാജാക്കന്മാരായ ഓല അടക്കമുള്ള കമ്ബനികള്‍ക്ക് കനത്ത തിരിച്ചടി നല്‍കാന്‍ ഇലക്‌ട്രിക് ആക്ടിവക്ക് കഴിയുമെന്നാണ് വാഹന ലോകത്തിന്റെ പ്രതീക്ഷ. ടി.വി.എസ് ഐക്യൂബ്, ഏതര്‍ റിറ്റ്‌സ, ഏതര്‍ 450 എക്‌സ്, ബജാജ് ചേതക്, ഓല എസ് വണ്‍ തുടങ്ങിയ മോഡലുകളാകും വിപണിയിലെ എതിരാളികള്‍. രാജ്യത്താകെ വ്യാപിച്ചുകിടക്കുന്ന ഹോണ്ടയുടെ സര്‍വീസ് ശൃംഖല, മികച്ച സര്‍വീസ്, ബ്രാന്‍ഡിന്റെ വിശ്വസ്ത തുടങ്ങിയ ഘടകങ്ങള്‍ വില്‍പ്പനയില്‍ നിര്‍ണായകമാകും. 1-1.5 ലക്ഷം രൂപ വരെ വിലയുണ്ടാകുമെന്നാണ് പ്രതീക്ഷ.

‘എന്റെ ഭര്‍ത്താവ് സരിന്‍ തോല്‍ക്കുമെന്നും അപ്പൊ ഞാന്‍ തല തല്ലി കരയുമെന്നും നാട് വിട്ടു ഓടുമെന്നും ഒക്കെ ആയിരിക്കാം കവികള്‍ ഉദ്ദേശിച്ചത് അല്ലെ? അതൊരു വല്ലാത്ത കോണ്‍ഫിഡന്‍സ് ആയിപോയി’: സോഷ്യല്‍ മീഡിയ നെഗറ്റീവ് കമന്റുകള്‍ക്ക് സൗമ്യ സരിന്റെ മറുപടി VM TV NEWS CHANNEL

പാലക്കാട്: സോഷ്യല്‍ മീഡിയയിലൂടെ വരുന്ന നെഗറ്റീവ് കമന്റുകള്‍ക്ക് ചുട്ടമറുപടിയുമായി പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സരിന്റെ ഭാര്യ ഡോ സൗമ്യ.

നവംബര്‍ 23ന് എന്റെ ഈ ചിരി മാറ്റി കരച്ചില്‍ ആക്കുമെന്നും അങ്ങ് ഇല്ലാതാക്കി കളയുമെന്നുമൊക്കെയുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയിലൂടെ വരുന്നതെന്ന് സൗമ്യ ഫേസ്ബുക്കില്‍ കുറിച്ചു.ഭര്‍ത്താവ് എംഎല്‍എയോ മന്ത്രിയോ ഒക്കെ ആയിട്ട് വേണം എന്തെങ്കിലുമൊക്കെ ചെയ്യാനും ഒന്ന് ചിരിക്കാനുമൊക്കെ എന്ന് കരുതി കാത്തിരിക്കുന്നവരോട് പോരെ ഈ വീരവാദമൊക്കെയെന്ന് സൗമ്യ സരിന്‍ ഫേസ്ബുക്കിലൂടെ ചോദിച്ചു.

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ഫലം വരുമ്ബോള്‍ തന്റെ ചിരി മാറ്റി കരച്ചില്‍ ആക്കുമെന്നും അങ്ങ് ഇല്ലാതാക്കി കളയുമെന്നുമൊക്കെയുള്ള സോഷ്യല്‍ മീഡിയയിലെ കമന്റുകള്ക്ക് മറുപടിയുമായി സൗമ്യ സരിന്‍. എല്‍ഡി എഫ് സ്ഥാനാര്‍ഥി പി സരിന്റെ ഭാര്യയാണ് സൗമ്യ സരിന്‍. ഭര്‍ത്താവ് എംഎല്‍എയോ മന്ത്രിയോ ഒക്കെ ആയിട്ട് വേണം എന്തെങ്കിലുമൊക്കെ ചെയ്യാനും ഒന്ന് ചിരിക്കാനുമൊക്കെ എന്ന് കരുതി കാത്തിരിക്കുന്നവരോട് പോരെ ഈ വീരവാദമൊക്കെയെന്ന് സൗമ്യ സരിന്‍ തന്റെ കുറിപ്പില്‍ ചോദിച്ചു.

നവംബര്‍ 23 ആം തീയതി എന്റെ ഈ ചിരി മാറ്റി കരച്ചില്‍ ആക്കുമെന്നും അങ്ങ് ഇല്ലാതാക്കി കളയുമെന്നുമൊക്കെ ചില മാന്യദേഹങ്ങള്‍ കമന്റ് ബോക്‌സില്‍ അറഞ്ചം പുറഞ്ചം എഴുതുന്നത്. എന്താണിപ്പോ ഈ മാസം 23 ന് ഇത്ര മാത്രം പ്രത്യേകത എന്ന് എത്ര ആലോചിച്ചിട്ടും എനിക്കങ്ങു കലങ്ങിയില്ല. ഇപ്പോ നടക്കുന്ന ബൈ എലെക്ഷന്‍ വോട്ടെണ്ണല്‍ അന്നാണെന്നറിയാം. അതിലിപ്പോ ഇത്ര കരയാന്‍ എന്തിരിക്കുന്നു!ഓഹ്… അങ്ങനെ! എന്റെ ഭര്‍ത്താവ് സരിന്‍ തോല്‍കുമെന്നും അപ്പൊ ഞാന്‍ തല തല്ലി കരയുമെന്നും നാട് വിട്ടു ഓടുമെന്നും ഒക്കെ ആയിരിക്കാം കവികള്‍ ഉദ്ദേശിച്ചത് അല്ലെ? ഇപ്പോ പിടി കിട്ടി!

അപാര കോണ്‍ഫിഡന്‍സ് ആണല്ലോ! അതില്‍ സരിനെ തോല്പിക്കുമെന്ന കോണ്‍ഫിഡന്‍സ് ഒരു മത്സരം ആകുമ്ബോള്‍ എതിര്‍ഭാഗത്തിന് വേണ്ടത് തന്നെയാണ്.

ഒരു തിരഞ്ഞെടുപ്പാകുമ്ബോ അതൊക്കെ ഇല്ലെങ്കില്‍ പിന്നെന്താ രസം! ഒരാള്‍ ജയിക്കണം, മറ്റുള്ളവര്‍ തോല്‍ക്കണം! അതാണല്ലോ അതിന്റെ ഒരിത്! ജനങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ വിജയിക്കട്ടെ…ജയിക്കുന്നതാരായാലും അവര്‍ക്കുള്ള അഭിനന്ദനങ്ങള്‍ ഇപ്പോള്‍ തന്നെ പറഞ്ഞു വെക്കുന്നു.

പക്ഷെ എന്നേ കരയിപ്പിചങ്ങു ഇല്ലാതാക്കും എന്ന കോണ്‍ഫിഡന്‍സ്! അതാണ് എനിക്കങ്ങു ബോധിച്ചത് ! അതൊരു വല്ലാത്ത കോണ്‍ഫിഡന്‍സ് ആയിപോയി….കുറച്ചെങ്കിലും ആളും തരവും ഒക്കെ നോക്കണ്ടേ ഇതൊക്കെ പറയുന്നതിന് മുമ്ബ്!

ഭര്‍ത്താവ് MLA യോ മന്ത്രിയോ ഒക്കെ ആയിട്ട് വേണം എന്തെങ്കിലുമൊക്കെ ചെയ്യാനും ഒന്ന് ചിരിക്കാനുമൊക്കെ എന്ന് കരുതി കാത്തിരിക്കുന്നവരോട് പോരെ ഈ വീരവാദമൊക്കെ! പിന്നേ എന്റെ ഈ ചിരി! എനിക്ക് ചിരിക്കാന്‍ ഇതൊന്നുമല്ലാതെ തന്നെ നൂറു കാരണങ്ങള്‍ ഉണ്ട്. അതിന് എന്റെ ഭര്‍ത്താവ് എന്തെങ്കിലും പദവികളില്‍ എത്തണം എന്ന് ഒരു നിര്‍ബന്ധവും എനിക്കില്ല. അതുകൊണ്ട് ഈ ചിരി ഇവിടെ തന്നെ കാണും!

ഈ ചിരിയുടെ താക്കോല്‍ എന്റെ കയ്യില്‍ ആണ്. അത് ഞാന്‍ ആരെയും ഏല്പിച്ചിട്ടില്ല. എനിക്ക് തോന്നുമ്ബോ ചിരിക്കും. തോന്നുമ്ബോ കരയും! ഇനി റോസിക്ക് ഞാന്‍ കരയണം എന്ന് അത്രക്ക് നിര്‍ബന്ധമാണെങ്കില്‍ റോസി അങ്ങോട്ട് മാറി നിന്നു രണ്ടു റൗണ്ട് അങ്ങ് കരഞ്ഞു തീര്‍ത്തോളൂ…

നമ്മളെ വിട്ടേക്ക്. എന്റെ പോസ്റ്റുകള്‍ക്ക് താഴെ വന്ന് ഈ വക ‘മാസ്സ്’ ഡയലോഗുകള്‍ എഴുതി ആത്മനിര്‍വൃതി അടയുന്നവരോടാണ്. ആ നേരം പോയി തൂമ്ബ എടുത്തു പോയി നാല് കിള കിളക്കാന്‍ നോക്ക്. ഒരു മൂട് കപ്പയെങ്കിലും പറിക്കാം. വെള്ളിയാഴ്ചയും വലിയ പെരുന്നാളും ഒപ്പം വന്നിട്ട് ബാപ്പ പള്ളീ പോയിട്ടില്ല!

11ാം ക്ലാസുകാരനായ ചെറുക്കൻ പറ്റിച്ചത് 200 പേരെ,കൈക്കലാക്കിയത് അരക്കോടിയോളം രൂപ; അന്തംവിട്ട് പോലീസ് VM TV NEWS CHANNEL

ന്യൂഡല്‍ഹി; വ്യാജ നിക്ഷേപ പദ്ധതിയിലൂടെ 200 ലധികം ആളുകളെ കബളിപ്പിച്ച്‌ 42 ലക്ഷം രൂപ തട്ടിയ കേസില്‍ 19 കാരൻ അറസ്റ്റില്‍.

രാജസ്ഥാനിലെ അജ്മീറില്‍ നിന്ന് കാഷിഫ് മിർസയെന്ന യുവാവാണ് അറസ്റ്റിലായത്.

11 ാം ക്ലാസ് വിദ്യാർത്ഥിയാണ് 19 കാരനായ കാഷിഫ് മിർസ. സോഷ്യല്‍മീഡിയ ഇൻഫ്‌ളൂവൻസർ കൂടിയാണ് ഇയാള്‍, ഇൻസ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സാണ് ഇയാള്‍ക്കുള്ളത്. 13 ആഴ്ചത്തേക്ക് 99,999 രൂപ നിക്ഷേപിച്ചാല്‍ 1,39,999 രൂപ ലഭിക്കുമെന്ന് യുവാവ് വാഗ്ദാനം ചെയ്തു.’തുടക്കത്തില്‍, യുവാവ് ചില നിക്ഷേപകർക്ക് ലാഭം നല്‍കി, അങ്ങനെ അവർ സ്വാധീനിക്കപ്പെടുകയും കൂടുതല്‍ ആളുകളോട് പറയുകയും ചെയ്യുന്നുവെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

ഇയാളില്‍ നിന്ന് ഹ്യുണ്ടായ് വെർണ, പണം എണ്ണുന്ന യന്ത്രം, ഫോണുകള്‍, ലാപ്ടോപ്പുകള്‍ എന്നിവ കണ്ടെടുത്തു.ഇയാളെ ഇപ്പോള്‍ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

നിക്ഷേപം നടത്തുന്നതിന് മുമ്ബ് ഒരു വ്യക്തി എല്ലായ്‌പ്പോഴും കമ്ബനിയെക്കുറിച്ചോ വ്യക്തിയെക്കുറിച്ചോ ശരിയായ ഗവേഷണം നടത്തണമെന്ന് പോലീസ് വ്യക്തമാക്കി.

ഇന്ത്യ ഗെയിം ഡെവലപ്പര്‍ കോണ്‍ഫറന്‍സ് നവംബര്‍ 15 വരെ ഹൈദരാബാദില്‍

കൊച്ചി: ഗെയിം ഡെവലപ്പര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ഇന്ത്യ ഗെയിം ഡെവലപ്പര്‍ കോണ്‍ഫറന്‍സിന്റെ 16-ാമത് പതിപ്പ് ഇന്ന് മുതല്‍ ഹൈദരാബാദില്‍ ആരംഭിക്കും.

15 വരെ ഹൈദരാബാദ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി നടക്കുന്നത്.

ആഗോളതലത്തില്‍ പ്രസിദ്ധരായ വീഡിയോ ഗെയിമിംഗ് കമ്ബനി സ്ഥാപകരും സിഎക്സ്‌ഒകളും നയിക്കുന്ന കോണ്‍ഫറന്‍സില്‍ 20,000-ലധികം പേര്‍ പങ്കെടുക്കും. 250ലേറെ സ്പീക്കര്‍മാരും 150ലേറെ സെഷനുകളും ഉണ്ടാകും. ജോര്‍ദാന്‍ വെയ്‌സ്മാന്‍ (ബാറ്റില്‍ടെക്ക്, മെക്ക് വാരിയര്‍, ഷാഡോ റണ്‍ എന്നിവയുടെ സ്രഷ്ടാവ്), ടിം മോര്‍ട്ടന്‍ (സ്റ്റാര്‍ക്രാഫ്റ്റ് II, അടുത്തിടെ പുറത്തിറക്കിയ സ്റ്റോം ഗേറ്റ് എന്നിവയ്ക്ക് പിന്നിലുള്ള വ്യക്തി), ബ്രൈസ് ജോണ്‍സണ്‍ (എക്‌സ്‌ബോക്‌സ് അഡാപ്റ്റീവ് കണ്‍ട്രോളറിന്റെ സഹ സ്ഥാപകന്‍) തുടങ്ങിയ ഗെയിമിംഗ് രംഗത്തെ പ്രമുഖര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.

ലോകമെമ്ബാടുമുള്ള ഗെയിമിംഗ് വ്യവസായത്തിലെ ട്രെന്‍ഡുകള്‍, വെല്ലുവിളികള്‍, പുതുമകള്‍ എന്നിവ കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യും. കൂടാതെ, ഇന്‍ഡി ഡെവലപ്പര്‍മാര്‍, ബോര്‍ഡ് ഗെയിമുകള്‍, ഗെയിമിംഗ് കമ്ബനികള്‍, കണ്‍ട്രി പവലിയനുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന വിപുലമായ എക്സ്പോയും കോണ്‍ഫറന്‍സിന്റെ ഭാഗമായുണ്ട്. നവംബര്‍ 14-ന് നടക്കുന്ന അവാര്‍ഡ് നൈറ്റില്‍ പത്ത് വിഭാഗങ്ങളിലായി ഇന്റര്‍നാഷണല്‍ ഗെയിം അവാര്‍ഡും രണ്ട് പ്രത്യേക ജൂറി പുരസ്‌കാരങ്ങളും സമ്മാനിക്കും.