സോഷ്യല്‍ മീഡിയ ഇത്രകണ്ട് മനുഷ്യ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്ന ഇന്നത്തെ കാലത്ത് വറൈറ്റി ആയി കാണപ്പെടുന്ന എന്തും വൈറലാകുന്നു.
ലോകത്തിന്റെ ഏതെങ്കിലും കോണില്‍ നിന്നുള്ള ചിത്രങ്ങളോ ദൃശ്യങ്ങളോ ആണെങ്കില്‍ പോലും നമ്മുടെ കൊച്ച് കേരളത്തില്‍ പോലും അത് ശ്രദ്ധിക്കപ്പെട്ടേക്കാം. അത്തരത്തില്‍ ഇപ്പോള്‍ ഇന്റനെറ്റില്‍ തരംഗമാകുന്ന ഒരു വീഡിയോ ഞങ്ങളുടെ കണ്ണില്‍ പെട്ടു. ഒരു വീടിന്റെ മൂന്നാം നിലയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ‘മഹീന്ദ്ര സ്‌കോര്‍പിയോ’യുടെ വീഡിയോ ആയിരുന്നു അത്. ഈ കാര്‍ എങ്ങനെയാണ് മൂന്നാം നിലയിലെത്തിയത്? എന്ന് തുടങ്ങി നിരവധി ചോദ്യങ്ങള്‍ ചിത്രങ്ങള്‍ കാണുന്നവര്‍ക്ക് ഉണ്ടാകും. അതിനെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.
ഏതൊരു സാധാരണക്കാരന്റെയും ജീവിതത്തില്‍ ഉണ്ടാകുന്ന രണ്ട് പ്രധാന ലക്ഷ്യങ്ങളാണ് സ്വന്തമായി ഒരു വീടും ഒരു വാഹനവും. പലരും തങ്ങളുടെ ആയുസില്‍ സമ്ബാദിക്കുന്ന പണത്തിന്റെ വലിയൊരു പങ്കും വീടിനായി പൊടിക്കുന്നതായി കാണാം. മറ്റുള്ളവരില്‍ നിന്ന് തന്റെ ഭവനം വ്യത്യസ്തമായി കാണാന്‍ ഏവരും ആഗ്രഹിക്കുന്നു. അതിന് പറ്റുന്ന കാര്യങ്ങള്‍ എല്ലാം ചെയ്യും. വീട് ഉണ്ടാക്കി കഴിഞ്ഞാല്‍ പിന്നീടുള്ള ലക്ഷ്യം കാര്‍ ആണ്. കാര്‍ വാങ്ങിക്കഴിഞ്ഞാലും അതിന്റെ ഫോട്ടോ എടുത്ത് സൂക്ഷിക്കുന്നവര്‍ നിരവധിയാണ്.
കാറിനെ പ്രതിനിധീകരിക്കുന്ന സംഗതികള്‍ വീടില്‍ ഒരുക്കുന്ന ചിലരെ കാണാം. ഒരു ഫോട്ടോഗ്രാഫര്‍ തന്റെ വീട് ക്യാമറയുടെ ആകൃതിയില്‍ രൂപകല്‍പ്പന ചെയ്തത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഇവിടെ ബീഹാറില്‍ നിന്നുള്ള വൈറല്‍ വീഡിയോയില്‍ വീട്ടുടമയും അങ്ങനെ ഒരു വിദ്യയാണ് ചെയ്തത്. വൈറല്‍ വീഡിയോ കാണുന്നവര്‍ക്ക് ആദ്യം വീടിന്റെ മൂന്നാം നിലയില്‍ ഒരു സ്‌കോര്‍പിയോ കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതായാണ് തോന്നുക.
അങ്ങനെ തോന്നിയ ശേഷം ഇതെങ്ങനെ സാധിച്ചുവെന്ന ചിന്തയാകും ഉടലെടുത്തിട്ടുണ്ടാകുക. ഇത്രയും ഉയരത്തില്‍ ഒരു കാര്‍ എങ്ങനെ കയറ്റി. വല്ല എയര്‍ലിഫ്റ്റും ചെയ്തതാണോ?. എന്ന് തുടങ്ങി നിരവധി സംശയങ്ങള്‍ മനസ്സില്‍ ഉയരാം. എന്നാല്‍ ഈ വീഡിയോ ശ്രദ്ധാപൂര്‍വ്വം വീക്ഷിച്ചാല്‍ മാത്രമാണ് യാഥാര്‍ത്ഥ്യം മനസിലാകുക. വീടിന്റെ ടെറസില്‍ കാണുന്നത് ഒറിജിനല്‍ സ്‌കോര്‍പിയോ അല്ല മറിച്ച് ഒരു വാട്ടര്‍ ടാങ്കാണ്.
വീടിന്റെ ഉടമസ്ഥന് സ്‌കോര്‍പിയോ കാറിനോട് വലിയ കമ്ബമായിരുന്നു. അതിനാല്‍ അദ്ദേഹം തന്റെ വീടിന്റെ ടെറസില്‍ സ്ഥാപിച്ച വാട്ടര്‍ ടാങ്കിന് മഹീന്ദ്രയുടെ ജനപ്രിയ എസ്‌യുവിയുടെ രൂപം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. വീടിന്റെ ടെറസില്‍ സ്‌കോര്‍പിയോ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്ന പ്രതീതി ഉണര്‍ത്തുന്ന ഈ വീഡിയോ ഏതായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായി എന്ന് പറയേണ്ടതില്ലെല്ലോ. സ്വന്തമായി ഫാര്‍ബേസ് ഉള്ള ഒരു കാര്‍ മോഡലാണ് സ്‌കോര്‍പിയോ. അതുകൊണ്ട് തന്നെ സ്‌കോര്‍പിയോ ആരാധകര്‍ക്കിടയില്‍ ഈ വീഡിയോ തരംഗമാണ്.
വീടിന്റെ ടെറസില്‍ സ്‌കോര്‍പിയോ രൂപത്തിലുള്ള വാട്ടര്‍ ടാങ്ക് രൂപകല്‍പന ചെയ്തയാള്‍ക്ക് ശരിക്കും കൈകൊടുക്കണം. കാരണം അത്രയും റിയലിസ്റ്റിക്കായാണ് ഇത് പരുവപ്പെടുത്തി എടുത്തിരിക്കുന്നത്. എസ്‌യുവിയുടെ ക്രോം ഫിനിഷിലുള്ള ഫ്രണ്ട് ഗ്രില്‍ ഏരിയ മഹീന്ദ്രയുടെ പുതിയ ലോഗോയുമെല്ലാം അന്തംവിട്ടുപോകുന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്. മുന്‍വശത്തെ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്ബുകള്‍, പുതിയ ബമ്ബറുകള്‍, പുതിയ ഫോഗ് ലൈറ്റുകള്‍ എന്നിവ സങ്കീര്‍ണ്ണമായ കൊത്തുപണികളോടെ മനോഹരമാക്കിയിട്ടുണ്ട്.
മഹീന്ദ്ര സ്‌കോര്‍പിയോ പരുക്കന്‍ ലുക്കിലുള്ള നല്ല ഈടുനില്‍ക്കുന്ന എസ്യുവിയാണ്. ഇതിലെ ഡീസല്‍ എഞ്ചിന്‍ ഓണ്‍ റോഡ്, ഓഫ്‌റോഡ് സാഹസികതകള്‍ക്ക് മാന്യമായ പവര്‍ നല്‍കുന്നു. 7, 9 സീറ്റിംഗ് ഓപ്ഷനുകളില്‍ സ്‌കോര്‍പിയോ ലഭ്യമാണ്. സ്‌കോര്‍പിയോ ക്ലാസിക്, സ്‌കോര്‍പിയോ N എന്നിങ്ങനെ രണ്ട് മോഡലുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഥാര്‍, XUV700 എന്നിവയലുള്ള അതേ 2.0 ലിറ്റര്‍ 4-സിലിണ്ടര്‍ പെട്രോള്‍, 2.2-ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുമായാണ് ഇത് വരുന്നത്.
എഞ്ചിനുകള്‍ 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. 13.62 ലക്ഷം മുതല്‍ 17.42 ലക്ഷം രൂപ വരെയാണ് സ്‌കോര്‍പിയോ ക്ലാസിക്കിന്റെ വില പോകുന്നത്. അതേസമയം 13.85 ലക്ഷം രൂപ മുതല്‍ 24.54 ലക്ഷം രൂപ വരെയാണ് സ്‌കോര്‍പിയോ ച എസ്‌യുവിയുടെ വില. എക്‌സ്‌ഷോറൂം വിലകളാണിത്.