ഷാഫിക്ക് 4 കോടി രൂപയുടെ കള്ളപ്പണം കൊടുത്തു, കേസുകൊടുക്കാനുള്ള സുരേന്ദ്രന്റെ വെല്ലുവിളിയില്‍ അനങ്ങാതെ വടകര എംപി, നാണക്കേടായെന്ന് എഐസിസിക്ക് കത്ത്

Spread the love

പാലക്കാട്: വടകര എംപിയും കോണ്‍ഗ്രസ് നേതാവുമായ ഷാഫി പറമ്ബിലിന് നാല് കോടി രൂപയുടെ കള്ളപ്പണം കൊടുത്തെന്ന ആരോപണം ആവര്‍ത്തിച്ച്‌ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍.

കൊടകരയില്‍ കുഴല്‍പ്പണം എത്തിച്ച സംഘം ഷാഫി പറമ്ബിലിന് നാലുകോടി രൂപ കൊടുത്തെന്ന് ദിവസങ്ങള്‍ക്ക് മുന്‍പും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. എന്നാല്‍, ആരോപണം നിഷേധിക്കാനോ സുരേന്ദ്രനെതിരെ കേസുകൊടുക്കാനോ ഷാഫി തയ്യാറായില്ല.

ആരോപണം തെറ്റാണെങ്കില്‍ ഷാഫി പറമ്ബില്‍ മാനനഷ്ടക്കേസ് നല്‍കട്ടെ എന്ന പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന്റെ വെല്ലുവിളിയും ഷാഫി ഏറ്റെടുത്തിട്ടില്ല. പാലക്കാട്ട് ഇത്തവണയും കോണ്‍ഗ്രസുകാര്‍ കള്ളപ്പണം കൊണ്ടുവന്നു. തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറിലാണ് പണം എത്തിച്ചത്. പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

അതിനിടെ കള്ളപ്പണ ആരോപണം പാര്‍ട്ടിക്ക് പേരുദോഷമുണ്ടാക്കിയെന്നുകാട്ടി ഐ ഗ്രൂപ്പിന്റെ ചില മുതിര്‍ന്ന നേതാക്കള്‍ എഐസിസിക്ക് കത്തയച്ചതായാണ് റിപ്പോര്‍ട്ട്. ഒരു ദേശീയ പാര്‍ടിയുടെ സംസ്ഥാന പ്രസിഡന്റ് വാര്‍ത്താസമ്മേളനത്തില്‍ പേരെടുത്ത് പറഞ്ഞ് ആരോപണം ഉന്നയിച്ചിട്ടും നിഷേധിച്ച്‌ പ്രസ്താവന നടത്താന്‍പോലും ഷാഫി തയ്യാറാകാത്തത് കോണ്‍ഗ്രസിന്റെ മുഖം വികൃതമാക്കിയെന്ന് കത്തില്‍ പറഞ്ഞു.

ആരോപണങ്ങള്‍ക്ക് ഒന്നിനുപോലും മറുപടി പറയാന്‍ ഷാഫി തയ്യാറാകുന്നില്ല. പാര്‍ടിക്കെതിരാകുന്ന അത്തരം പരാമര്‍ശങ്ങള്‍ക്കെതിരെ ഡിസിസിയും നിഷേധക്കുറിപ്പ് ഇറക്കുന്നില്ല. ഷാഫി, കൃഷ്ണകുമാര്‍ ബിസിനസ് ഡീലുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ് ആരോപിച്ചിരുന്നു. ബിജെപി ഭരിക്കുന്ന നഗരസഭക്കെതിരെ സമരം നടത്താന്‍ മുന്‍ എംഎല്‍എ തയ്യാറായിട്ടില്ലെന്നത് ദുരൂഹമാണ്. ഷാഫിക്ക് പണം നല്‍കിയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി ആവര്‍ത്തിച്ചിട്ടും ഷാഫി നിഷേധിച്ചില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published.