ചെന്നൈ: ബിജെപി പാർട്ടി ഓഫീസില്‍ സ്ഥാപിച്ചിരുന്ന ഭാരത മാതാവിന്റെ പ്രതിമ നീക്കം ചെയ്ത സംഭവത്തില്‍ തമിഴ്നാട് പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി.
ഒരു സ്വകാര്യ സ്ഥാപനത്തിലെ കാര്യങ്ങള്‍ നിയന്ത്രിക്കാനോ ഇടപെടാനോ ഭരണകൂടത്തിന് അവകാശമില്ലെന്ന് കോടതി പറഞ്ഞു. പ്രതിമ ബിജെപിക്ക് തിരികെ നല്‍കണമെന്നും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടു.
ഇക്കാര്യത്തില്‍ സംശയങ്ങളൊന്നുമില്ല. ഒരു സ്വകാര്യ സ്വത്തില്‍ നിന്നാണ് പൊലീസ് ഭാരത മാതാവിന്റെ പ്രതിമ എടുത്ത് മാറ്റിയിരിക്കുന്നത്. മറ്റാരുടെയെങ്കിലും സമ്മർദ്ദം മൂലമാകാം ഈ നടപടി. എന്നാല്‍ ഇത് നടപ്പിലാക്കിയവരുടെ ഭാഗത്തുനിന്നുള്ള പ്രവൃത്തി അങ്ങേയറ്റം അപലപനീയമാണ്. ഭാവിയില്‍ ഒരിക്കലും ഇത് ആവർത്തിക്കാൻ പാടില്ലെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു.
നിയമവാഴ്ചയുള്ള ഒരു ക്ഷേമരാഷ്‌ട്രത്തിലാണ് നാം ജീവിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിള്‍ 226 പ്രകാരമുള്ള അധികാരപരിധിയില്‍ പ്രവർത്തിക്കുന്ന ഒരു ഭരണഘടനാ കോടതിക്ക് ഇത്തരമൊരു അധികാര ദുർവിനിയോഗം ഒരിക്കലും വച്ചുപൊറുപ്പിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
2016 ലാണ് കേസിനാസ്പദമായ സംഭവം. വിരുദാനഗറില്‍ പാർട്ടി ഓഫീസിനുള്ള ഭൂമി വാങ്ങിയ ബിജെപി ഇവിടെ കയ്യില്‍ പതാകയേന്തിയ ഭാരത മാതാവിന്റെ പ്രതിമ സ്ഥാപിച്ചു. കലാപമുണ്ടാക്കാൻ സാധ്യതയുള്ള പ്രതിമകള്‍ മാറ്റി സ്ഥാപിക്കണമെന്നുമുള്ള 2022 ലെ ഹൈക്കോടതി ഉത്തരവുണ്ടെന്ന കാരണം പറഞ്ഞ് ഡിഎംകെ സർക്കാർ ബിജെപിക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഇതില്‍ പ്രതികരണം ഉണ്ടാകാത്തതിനെത്തുടർന്ന് സമൂഹത്തില്‍ സമാധാനവും സൗഹാർദവും നിലനിർത്തുന്നതിനായി പ്രതിമ നീക്കം ചെയ്തുവെന്നും റവന്യൂ വകുപ്പ് ഓഫീസില്‍ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണെന്നുമായിരുന്നു സർക്കാരിന്റെ വാദം.
ഭാരത് മാതാവ് “ഇന്ത്യ” യുടെ പ്രതീകമാണെന്നും അത് ഒരു രാജ്യത്തിന്റെ പ്രതീകാത്മക പ്രതിനിധാനമായാണ് തങ്ങളുടെ ഓഫീസ് പരിസരത്ത് സ്ഥാപിച്ചിരിക്കുന്നതെന്ന നിലപാടുമായി ബിജെപി കോടതിയെ സമീപിച്ചു. രാജ്യത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത് സംസ്ഥാനത്തിന്റെയോ സമൂഹത്തിന്റെയോ താല്‍പ്പര്യങ്ങളെ അപകടത്തിലാക്കുമെന്ന് ശരിയായ ബോധമുള്ള ഒരു വ്യക്തിക്കും വാദിക്കാൻ കഴിയില്ലെന്ന് കേസ് പരിഗണിച്ച കോടതി പറഞ്ഞു. ഇത് ഭരണഘടനാപരമായി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രതിമ തിരികെ നല്‍കാൻ ഉത്തരവിട്ടു.