ഇസ്രായേലി വിനോദ സഞ്ചാരികളെ ഇറക്കിവിട്ട കട പൂട്ടി, കാശ്മീരികളെ പറഞ്ഞയക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും ഇടപെടല്‍ VM TV NEWS CHANNEL

തേക്കടി: ഇസ്രയേല്‍ സ്വദേശിയായ വിനോദ സഞ്ചാരിയെ അപമാനിച്ച്‌ കടയില്‍ നിന്നും ഇറക്കിവിട്ട സംഭവത്തില്‍ കശ്മീർ സ്വദേശികള്‍ക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയും രംഗത്തെത്തി.

കുമളി ടൗണില്‍ പ്രവർത്തിക്കുന്ന ഇൻക്രെഡിബിള്‍ ക്രാഫ്റ്റ്സ് എന്ന കടയിലെ കശ്മീർ സ്വദേശികളായ പാർട്ണേഴ്സിനെ താത്ക്കാലികമായി ഒഴിവാക്കാൻ പൊലീസും വ്യാപാരി വ്യവസായി ഏകോപന സമിതിയും കടയുടമക്ക് നിർദ്ദേശം നല്‍കി. കുമളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കട. സംഭവം തേക്കടിയിലേക്ക് വിനോദ സഞ്ചാരികളെത്തുന്നതിന് വിഘാതം സൃഷ്ടിക്കുമെന്ന തിരിച്ചറിവിലാണ് പൊലീസിന്റെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും ഇടപെടല്‍.

കഴിഞ്ഞ ദിവസമാണ് തേക്കടിയില്‍ ഇസ്രായേല്‍ സ്വദേശിയായ വിനോദ സഞ്ചാരിയെ കടയില്‍ നിന്ന് അപമാനിച്ച്‌ ഇറക്കിവിട്ടത്. രാത്രിയില്‍ ഫുട്പാത്തിലൂടെ നടന്നു പോകുകയായിരുന്ന ഇസ്രയേല്‍ സ്വദേശിനിയായ ഡോവർ വാല്‍ഫർ എന്ന യുവതിയെ കശ്മീർ സ്വദേശികള്‍ കടയിലേക്ക് വിളിച്ചു കയറ്റുകയായിരുന്നു. വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനിടെ സ്വദേശത്തുള്ള ബന്ധുവിനോട് ഇവർ മൊബൈലില്‍ ഹീബ്രു ഭാഷയില്‍ സംസാരിച്ചു. ഇത് കേട്ട കടയില്‍ ഉണ്ടായിരുന്ന ഉടമകളില്‍ ഒരാളും കാശ്മീർ സ്വദേശിയുമായ ഹയാസ് അഹമ്മദ് റാത്തർ ഏത് രാജ്യത്തു നിന്നെത്തിയതാണെന്നു ചോദിച്ചു.

കാൻ ഇസ്രായേല്‍ സ്വദേശി ആണെന്ന് യുവതി പറഞ്ഞതോടെ നിങ്ങള്‍ക്ക് ഇവിടെ നിന്നും സാധനങ്ങള്‍ തരില്ലെന്ന് പറയുകയും കടയില്‍ നിന്ന് ഇറങ്ങണം എന്നാവശ്യപ്പെട്ട് ഒച്ച വെക്കുകയും ചെയ്തു. തുടർന്ന് ലൈറ്റും അണച്ചു. ഭയന്ന് പോയ സഞ്ചാരി വേഗം പുറത്തിറങ്ങി ഭർത്താവിനെയും ടാക്സി ഡ്രൈവറെയും വിളിച്ചു. ഇവരെത്തി കടയുടമയോട് സംസാരിച്ചു. ബഹളം കേട്ട് സമീപത്തുണ്ടായിരുന്ന കടക്കാരും ഡ്രൈവർമാരും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും പ്രശ്നത്തില്‍ ഇടപെട്ടു. ഇതോടെ ഹയാസ് അഹമ്മദ് റാത്തർ മാപ്പ് പറഞ്ഞ് തടിയൂരി.

തെറ്റ് മനസ്സിലാക്കി മാപ്പ് പറഞ്ഞതിനാല്‍ പരാതി ഇല്ലെന്ന് ഇരുവരും പൊലീസിനെ അറിയിച്ചു. വിദേശികള്‍ക്ക് അപമാനം നേരിട്ട സംഭവം ആയതിനാല്‍ കാശ്മീർ സ്വദേശികളായ രണ്ടു പേരെയും കടയില്‍ നിന്നും ഒഴിവാക്കാൻ പോലീസ് നിർദേശിച്ചു. തേക്കടിയിലെ ടൂറിസം മേകലക്ക് തിരിച്ചടി ഉണ്ടാകാൻ സാധ്യത ഉള്ളതിനാല്‍ കശ്മീർ സ്വദേശികളുമായുള്ള പാർട്ണർഷിപ് ഒഴിവാക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതിയും ആവശ്യപ്പട്ടിട്ടുണ്ട്. കട താല്‍ക്കാലത്തേക്ക് അടച്ചിട്ടു. സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ചും കേന്ദ്ര രഹസ്യന്വേഷണ വിഭാഗവും വിവരങ്ങള്‍ സെല്‍ഹാരിച്ചിട്ടുണ്ട്. പരാതി ഇല്ലാത്തതിനാല്‍ കൂടുതല്‍ അന്വേഷണം വേണ്ടെന്നാണ് പോലീസ് നിലപാട്.

വീടോ അതോ എഞ്ചിനീയറിംഗ് മാസ്റ്റര്‍പീസോ? രണ്ടടി വീതിയുള്ള കെട്ടിടം കണ്ട് അന്തംവിട്ട് സോഷ്യല്‍ മീഡിയ VM TV NEWS CHANNEL

വീടെന്നാല്‍ അടച്ചുറപ്പുള്ള കുടുംബാംഗങ്ങള്‍ക്കെല്ലാവര്‍ക്കും സ്വസ്ഥമായും സമാധാനമായും ജീവിക്കാന്‍ കഴിയുന്ന ഒരു ഇടം.

അത് എങ്ങനെ വേണമെന്നുള്ളത് ഓരോരുത്തരുടെയും കാഴ്ചപ്പാടിനും സാമ്ബത്തിക സ്ഥിതിക്കും അനുസരിച്ച്‌ വ്യത്യാസപ്പെടുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ കാഴ്ചക്കാരെ അമ്ബരപ്പിച്ചു. കെട്ടിടം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന സംശയത്തില്‍ ഓരോ കാഴ്ചക്കാരനും തങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ചുള്ള ഉത്തരമായിരുന്നു കുറിച്ചത്. കാഴ്ചക്കാരെ അത്ഭുപ്പെടുത്തിയത് രണ്ട് നിലയുള്ള കെട്ടിടത്തിന് ആകെ രണ്ടടി വീതി മാത്രമേ ഉണ്ടായിരുന്നൊള്ളൂവെന്നതാണ്.

ആദ്യ കാഴ്ചയില്‍ അതൊരു ചുമര്‍ മാത്രമാണെന്ന് തോന്നുമെങ്കിലും സൂക്ഷ്മമായി നോക്കിയാല്‍ കെട്ടിടത്തിന് രണ്ടടിയേ ഉള്ളൂവെങ്കിലും എസിയും ജനാലകളും ആ കെട്ടിടത്തില്‍ കാണാം. പക്ഷേ, കെട്ടിടം എങ്ങനെയാണ് പണി കഴിപ്പിച്ചതെന്നും അതിലെങ്ങനെ ആളുകള്‍ താമസിക്കുമെന്നുമുള്ള സംശയത്തിലാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍. കെട്ടിടത്തിന്‍റെ ഒരു വശത്ത് നിന്നുള്ള കാഴ്ചയില്‍ അത് വളരെ ഇടുങ്ങിയതാണ്. അതേ സമയം മറു വശത്ത് വെന്‍റിലേഷനും ജനാലകളും കാണാം. കെട്ടിടത്തിന്‍റെ ഒരു വശത്ത് 2 മുതല്‍ 3 അടി വരെ വീതിയാണുള്ളത്. മറുവശത്ത് 10 മുതല്‍ 20 അടി വരെ വീതിയും.

പഞ്ചസാര മാത്രമല്ല വില്ലൻ, പ്രമേഹത്തിനു വേറെയും കാരണങ്ങളുണ്ട്. VM TV NEWS CHANNEL

ഇന്നത്തെക്കാലത്ത് ഒരുപാടുപേർ പ്രമേഹരോഗം കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. പഞ്ചസാരയുടെ ഉപയോഗം കൊണ്ടാണ് പ്രമേഹം വരുന്നതെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും.

എന്നാല്‍ ജനിതക കാരണങ്ങളുള്‍പ്പെടെയുള്ള നിരവധി ഘടകങ്ങള്‍ പ്രമേഹം പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്. പ്രമേഹമുള്ള ആളുകളുടെ എണ്ണം വർഷാവർഷം കൂടിവരികയാണെന്നാണ് ഡോക്ടർമാർ പറയുന്നത്.

ജീവിതശൈലിയിലെ മാറ്റങ്ങള്‍ കൊണ്ട് തന്നെ കേരളത്തിലെ അഞ്ചിലൊരാള്‍ക്ക് പ്രമേഹരോഗമുള്ളതായാണ് കണക്ക്. കോവിഡിന് ശേഷം മരുന്നുകള്‍കൊണ്ടുപോലും പ്രമേഹത്തെ നിയന്ത്രിക്കാനാകാത്ത സ്ഥിതിയുണ്ടെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ചെറുപ്പക്കാരിലടക്കം ഇപ്പോള്‍ പ്രമേഹം സർവസാധാരണമാണ് കണ്ടുവരുന്നത്.

1500 കിലോ ഭാരം , ഇന്ത്യയിലെ ഏറ്റവും വിലയേറിയ പോത്ത് ; ഇതിനെ വാങ്ങുന്ന പണമുണ്ടെങ്കില്‍ പത്ത് ബെൻസ് വാങ്ങാം VM TV NEWS CHANNEL

രണ്ട് റോള്‍സ് റോയ്സ് വാങ്ങുന്ന പണം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഒരു പോത്തിനെ വാങ്ങാം . പറഞ്ഞതില്‍ അതിശയോക്തി ഒട്ടുമില്ല .

ഹരിയാനയില്‍ നിന്നുള്ള അൻമോല്‍ എന്ന പോത്തിന്റെ വില 23 കോടി രൂപയാണ്. 1500 കിലോയാണ് ഇതിന്റെ ഭാരം .

പുഷ്കർ മേള, മീററ്റിലെ അഖിലേന്ത്യാ കർഷക മേള തുടങ്ങിയ പ്രധാന കാർഷിക പരിപാടികളില്‍ പ്രദർശിപ്പിച്ച അൻമോല്‍ ഇന്ന് ഇന്ത്യയിലെ കർഷക സമൂഹത്തിലെ ഒരു വിലപ്പെട്ട കാഴ്ചയായി മാറിയിരിക്കുന്നു. വലിപ്പം, വംശാവലി, പ്രജനന സാധ്യത എന്നിവയ്‌ക്ക് പേരുകേട്ട വർഗ്ഗത്തില്‍പ്പെട്ടതാണ് അൻമോല്‍. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള പോത്താണ് എട്ടു വയസുള്ള അൻമോല്‍. പുഷ്‌കർമേളയില്‍ ഈ പോത്തിനെ വാങ്ങാൻ നിരവധി പേർ രംഗത്തെത്തിയെങ്കിലും വില്‍ക്കില്ലെന്ന് ഉടമ പാല്‍മിന്ദ്ര ഗില്‍ പറയുന്നു

അൻമോലിന്റെ ദിവസേനയുള്ള ഭക്ഷണത്തിനായി മാത്രം ഏകദേശം 1,500 രൂപ വേണ്ടി വരും. ആരോഗ്യം നിലനിർത്താൻ ഡ്രൈ ഫ്രൂട്ട്‌സും ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങളുമാണ് നല്‍കുന്നത്. 4 കിലോ മാതളനാരകം, 30 ഏത്തപ്പഴം, 20 മുട്ട, 5 കിലോ പാല്‍, കാല്‍ കിലോ ബദാം എന്നിവയാണ് ദൈനംദിന ഭക്ഷണക്രമം. കൂടാതെ, ഓയില്‍ പിണ്ണാക്ക്, ചെറുപയർ, നെയ്യ്, സോയാബീൻ, ചോളം എന്നിവയും നല്‍കും. കടുക്, ബദാം എണ്ണ എന്നിവ ഉപയോഗിച്ച്‌ ദിവസത്തില്‍ രണ്ടുതവണ മസാജ് ചെയ്ത ശേഷമാണ് കുളി .

അൻമോലിനെ വാങ്ങുന്ന പണമുണ്ടെങ്കില്‍ രണ്ട് റോള്‍സ് റോയ്‌സ് കാറുകളും പത്ത് മെഴ്‌സിഡസ് ബെൻസ് വാഹനങ്ങളും നോയിഡയില്‍ ഒരു ഡസനിലധികം ആഡംബര വീടുകളും വാങ്ങാം

വിദ്യാര്‍ഥിനിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നി അധ്യാപകര്‍; കൗണ്‍സിലിംഗിന് വിധേയയാക്കിയതോടെ തെളിഞ്ഞത് ഞെട്ടിക്കുന്ന പീഡനം; ഇന്‍സ്റ്റഗ്രാം സുഹൃത്ത് അറസ്റ്റില്‍

ചെങ്ങന്നൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത് ഇന്‍സ്റ്റാഗ്രാം സുഹൃത്ത് പീഡനത്തിനിരയാക്കിയെന്ന വിവരം.

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട് വീട്ടിലെത്തി പീഡിപ്പിച്ചത് മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ്. കേസില്‍ മലപ്പുറം കൊണ്ടോട്ടി മുത്തുപറമ്ബ് തോട്ടശ്ശേരി വീട്ടില്‍ മുഹമ്മദ് ഇര്‍ഫാന്‍ (20)നെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു കേസ്. കുറച്ചു ദിവസങ്ങളിലായി വിദ്യാര്‍ഥിനിയുടെ പെരുമാറ്റത്തിലുണ്ടായ അസ്വഭാവികത മനസ്സിലാക്കിയ അധ്യാപകര്‍ കുട്ടിയെ കൗണ്‍സിലിങ് നടത്തിയതോടെയാണ് പീഡനമാണെന്ന വിവരമറിയുന്നത്. തുടര്‍ന്ന് അധ്യാപകര്‍ മാന്നാര്‍ പൊലീസില്‍ പരാതി നല്‍കി.

മാന്നാര്‍ ഇന്‍സ്‌പെക്ടര്‍ എ. അനീഷിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയാണ് പ്രതിയെ കണ്ടെത്തിയത്. സംഘത്തില്‍ എസ്.ഐ സി.എസ്. അഭിരാം, എ.എസ്.ഐ റിയാസ്, എസ്.സി.പി.ഒ സാജിദ്, സി.പി.ഒ ഹരിപ്രസാദ് എന്നിവരടങ്ങിയ സംഘം മലപ്പുറത്തുനിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പ്രസവം നടന്ന് 18 ദിവസം മാത്രം, ബാഗിലൊളിപ്പിച്ച വാളുമായി വീട്ടിലെത്തി’; ഷാഹിദ കൊലക്കേസില്‍ 58 സാക്ഷികള്‍ VM TV NEWS CHANNEL EXCLUSIVE

തൃശൂർ : നാടിനെ നടുക്കിയ തളിക്കുളം ഹഷിത വധക്കേസില്‍ ശിക്ഷാ വിധിക്ക് ഇനി മണിക്കൂറുകള്‍ മാത്രം. കേസില്‍ ഷാഹിദയുടെ ഭർത്താവ് മുഹമ്മദ് ആസിഫ് കുറ്റക്കാരനാണെന്ന് ഇരിങ്ങാലക്കുട അഡീഷണല്‍ ഡിസ്ട്രിക് സെഷൻസ് കോടതി കണ്ടെത്തിയിരുന്നു.

മജിസ്ട്രേറ്റ് എൻ. വിനോദ് കുമാർ ആണ് പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കേസില്‍ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 58 സാക്ഷികളെയാണ് വിസ്‌തരിച്ചത്. 97 രേഖകളും 24 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്‌തു.

തളിക്കുളം അയിനിച്ചോട് അരവശ്ശേരി വീട്ടില്‍ നൂറുദ്ദീന്റെ മകളായ ഹാഷിദയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ ഭർത്താവ് മംഗലത്തറ വീട്ടില്‍ അബ്‌ദുള്‍ അസീസ് മകൻ മുഹമ്മദ് ആസിഫ് അസീസ്(30) കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷൻസ് ജഡ്‌ജ് വിനോദ് കുമാർ ആണ് പ്രതി കുറ്റക്കാരനെന്ന് വിധിച്ചത്. 2022 ആഗസ്‌റ്റ് 20 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. വൈകുന്നേരം ആറര മണിയോടെയാണ് നൂറുദ്ദീൻ വീട്ടില്‍ വെച്ച്‌ ഹാഷിദയെ കൊലപ്പെടുത്തുന്നത്.

ഷാഹിദ രണ്ടാമത്തെ കുട്ടിയെ പ്രസവിച്ച്‌ 18 ദിവസം മാത്രമുള്ളപ്പോഴാണ് കൊലപാതകം. കുടുംബ വഴക്കിനെ തുടർന്ന് സംഭവ ദിവസം പ്രതി ഹാഷിദയെ വെട്ടിക്കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് വീട്ടിലെത്തിയതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ബാഗില്‍ ഒളിപ്പിച്ചു കൊണ്ടു വന്ന വാള്‍ ഉപയോഗിച്ച്‌ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും, തടയാൻ ചെന്ന ഭാര്യപിതാവ് നൂറുദ്ദീനെ തലക്ക് വെട്ടിട്ടുകയും ചെയ്തു. തടയാനെത്തിയ ഭാര്യ മാതാവിനെ ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തു.

ഗുരുത പരിക്കേറ്റ് തൃശൂർ അശ്വിനി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആഗസ്റ്റ് 21ന് വൈകീട്ട് നാലു മണിയോടു കൂടിയാണ് ഹാഷിദ മരണപ്പെട്ടത്. വലപ്പാട് പൊലീസ് സർക്കിള്‍ ഇൻസ്പെക്ടറായിരുന്ന കെ.എസ്. സുശാന്താണ് കേസ് രജിസ്റ്റർ ചെയ്ത‌് അന്വേഷണം നടത്തിയത്. തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈഎസ്പി ആയിരുന്ന എൻ.എസ്. സലീഷ് അന്വേഷണം ഏറ്റെടുക്കുകയും പ്രതിയെ അറസ്‌റ്റ് ചെയ്ത് അന്വേഷണം പൂർത്തീകരിച്ച്‌ കോടതി മുമ്ബാകെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. സംഭവം നടന്ന് ഒന്നര മാസത്തിന് ശേഷമാണ് ഒളിവിലായിരുന്ന പ്രതി പിടിയിലായത്.

കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ജോജി ജോർജ്ജ്, അഡ്വക്കെറ്റുമാരായ പി.എ. ജെയിംസ്, എബിൻ ഗോപുരൻ, അല്‍ജോ പി ആൻറണി, ടി.ജി. സൗമ്യ എന്നിവർ ഹാജരായി. കേസില്‍ നാളെ വിധി പ്രസ്താവിക്കും.

‘ബസ് പോകാൻ കഴിയാത്ത വഴി, ഗൂഗ്ള്‍ മാപ്പ് ചതിച്ചതാവാം’ -രണ്ടുപേര്‍ മരിച്ച കേളകം ബസ് അപകടത്തെകുറിച്ച്‌ നാട്ടുകാര്‍ VM TV NEWS CHANNEL

കേളകം (കണ്ണൂർ): ബസിന് സുഗമമായി പോകാൻ കഴിയാത്ത വഴിയിലൂടെ ഗൂഗ്ള്‍ മാപ്പ് നോക്കി പോയതാവാം കേളകത്ത് രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണമെന്ന് രക്ഷാപ്രവർത്തകർ.

ചുരം റോഡില്‍ ഗതാഗതം നിരോധിച്ചതിനാല്‍ ഗൂഗ്ള്‍ മാപ്പ് നോക്കി എളുപ്പവഴിയിലൂടെ പോകാനുള്ള ശ്രമമാണ് അപകടത്തിനിടയാക്കിയതെന്ന് ആംബുലൻസ് ഡ്രൈവർ ശ്രീനിവാസൻ മാധ്യമങ്ങളോട് പറഞ്ഞു.

കായംകുളം ദേവാ കമ്മ്യൂണിക്കേഷൻസിന്റെ മിനിബസ് ആണ് കേളകം മലയാംപടി റോഡിലെ ‘എസ്’ വളവില്‍ ഇന്ന് പുലർച്ചെ നാലുമണിയോടെ അപകത്തില്‍പെട്ടത്. ബസിലുണ്ടായിരുന്ന കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. 12 പേർക്ക് പരിക്കേറ്റിരുന്നു.

‘അപകടവിവരമറിഞ്ഞ് പുലർച്ചെ തന്നെ നിരവധി നാട്ടുകാർ സംഭവസ്ഥലത്ത് എത്തിയിരുന്നു. ഒരിക്കലും ബസ് കേറിപ്പോകാൻ പറ്റുന്ന വഴിയല്ല അത്. കേളകത്ത് നിന്ന് പൂവത്തിൻചോല വഴി 29ാം മൈലിലേക്ക് പോകുന്ന ഇടുങ്ങിയ റോഡാണത്. ചെറിയ വാഹനങ്ങള്‍ പോകുന്ന റോഡാണിത്. രണ്ടാമത്തെ ഹെയർപിന്നില്‍നിന്ന് വണ്ടി വലിമുട്ടി പിന്നോട്ട് വന്ന് അപകടത്തില്‍പെടുകയായിരുന്നു. വളവില്‍നിന്ന് താഴെ കുത്തനെ നിർത്തിയ നിലയിലായിരുന്നു ബസ്’ -ശ്രീനിവാസൻ പറഞ്ഞു.

കടന്നപ്പള്ളിയിലെ നാടകം കഴിഞ്ഞ് സുല്‍ത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്ന മിനി ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരില്‍ ഏഴു പേരെ ചുങ്കക്കുന്ന് കമില്ലസ് ആശുപത്രിയിലും അഞ്ചുപേരെ കണ്ണൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. മൃതദേഹങ്ങള്‍ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.

ഉച്ചത്തിലുള്ള ശബ്ദം, സിനിമ കാണാനെത്തുന്നവര്‍ക്ക് തലവേദന; മാപ്പ് പറയേണ്ട സമയം കഴിഞ്ഞെന്ന് റസൂല്‍ പൂക്കുട്ടി VM TV NEWS CHANNEL

ശിവ സംവിധാനം ചെയ്ത് സൂര്യ നായകനായ ചിത്രമാണ് കങ്കുവ. രണ്ട് വർഷത്തോളം ഷൂട്ടിങ് ചെയ്ത ചിത്രത്തിനായി സൂര്യ നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്.

വമ്ബൻ ഹൈപ്പ് തന്നെയാണ് ചിത്രത്തിന് വിനയായിരിക്കുന്നത്. ചിത്രത്തിന്റെ നെഗറ്റീവുകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പറയുന്നത് അതിന്റെ സൗണ്ട് മിക്സിങ് ആണ്. ചെവിയില്‍ തുളച്ച്‌ കയറുന്ന തരത്തിലാണ് സൗണ്ടെന്നും സിനിമ കാണാനെത്തുന്നവർക്ക് തലവേദന ഉണ്ടാക്കുമെന്നും അഭിപ്രായം ഉയർന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയാണ റസൂല്‍ പൂക്കുട്ടി.

ഇത്തരം പോപ്പുലർ സിനിമകളില്‍ സൗണ്ടിനെക്കുറിച്ച്‌ പരാതി ഉയർന്നുവരുന്നത് നിരാശ ഉണ്ടാക്കുന്നുവെന്നും ഉച്ചത്തിലുള്ള ശബ്ദം കാരണം സിനിമയുടെ കലയും കരകൗശലവും ആരും ശ്രദ്ധിക്കാതെ പോയെന്നും റസൂല്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നു.

സൗണ്ട് ഡിസൈനറെയാണോ അവസാന നിമിഷം ഈ കുറവുകള്‍ വരുത്തിയവരെയാണോ കുറ്റപ്പെടുത്തേണ്ടതെന്ന് അദ്ദേഹം ചോദിക്കുന്നു. കാര്യങ്ങള്‍ വ്യക്തമായും ശക്തമായും സംസാരിച്ച്‌ മാപ്പുപറയേണ്ട സമയം അതിക്രമിച്ചെന്നും തിയേറ്ററിലെത്തുന്നവർക്ക് തലവേദന സമ്മാനിക്കാതിരിക്കാൻ ഇനിയെങ്കിലും ശ്രദ്ധിക്കണമെന്നും അദ്ദേഹം ഇസ്റ്റഗ്രാമില്‍ കുറിച്ചു.

ഹൃദയം മരവിച്ചു പോകുന്ന ക്രൂരത, മണിപ്പൂരില്‍ ആക്രമകാരികള്‍ സ്ത്രീയെ കൊന്നത് തുടയില്‍ ലോഹ ആണി അടിച്ചുകയറ്റിയും എല്ലുകള്‍ തകര്‍ത്തും VM TV NEWS

കലാപകാരികള്‍ മണിപ്പൂരില്‍ അഴിച്ചുവിടുന്ന ക്രൂരതകളുടെ കഥകള്‍ ഒരുപാട് തവണ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുള്ളതാണ്.

ഇപ്പോഴിതാ അത്തരമൊരു കണ്ണില്ലാത്ത ക്രൂരതയനുഭവിച്ച്‌ മരണത്തിനു കീഴടങ്ങേണ്ടി വന്ന ഒരു സ്ത്രീയുടെ വാർത്തകളാണ് പുറത്തുവരുന്നത്. മണിപ്പൂരിലെ ജിരിബാം ജില്ലയില്‍ കലാപകാരികളാല്‍ കൊല്ലപ്പെട്ട ഒരു സ്ത്രീയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് സ്ത്രീ അനുഭവിച്ച ക്രൂരത വെളിപ്പെടുത്തുന്ന തരത്തിലുള്ള പരാമർസങ്ങളുള്ളത്. സ്ത്രീയുടെ ശരീരത്തില്‍ ഒടിഞ്ഞ എല്ലുകളും തലയോട്ടിയും ഉള്‍പ്പെടെ എട്ട് മുറിവുകള്‍ ശരീരത്തിലുണ്ടെന്ന് കാണിക്കുന്ന രേഖകളാണ് പുറത്തുവന്നിട്ടുള്ളത്. അസമിലെ സില്‍ച്ചാർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോർട്ടം പ്രകാരം ശരീരത്തിൻ്റെ 99 ശതമാനവും പൊള്ളലേറ്റ മുറിവുകളാല്‍ മൂടപ്പെട്ട നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

മുഖത്തിൻ്റെ ഭാഗങ്ങള്‍, വലത് കൈകാലുകള്‍, കൈകാലുകളുടെ താഴത്തെ ഭാഗങ്ങള്‍ എന്നിവയുള്‍പ്പെടെ പൊള്ളലേറ്റ അസ്ഥി ശകലങ്ങളും ശരീരഭാഗങ്ങളും കാണാതായി. അക്രമത്തില്‍ സ്ത്രീയുടെ തലയോട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റതായും അവ കഷണങ്ങളായി തകർന്നതായും കഴുത്തിലെ കോശങ്ങള്‍ കത്തിക്കരിഞ്ഞതായും റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നു. വലത് തുടയില്‍ തുളച്ചുകയറിയ മുറിവും ഇടത് തുടയില്‍ പതിഞ്ഞ ലോഹ ആണിയും റിപ്പോർട്ടില്‍ വിവരിച്ചിട്ടുണ്ട്. എന്നാല്‍, വ്യാപകമായ പൊള്ളല്‍ ചില പരിശോധനകള്‍ അസാധ്യമാക്കിയതിനാല്‍, സ്ത്രീ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടോ എന്ന് പോസ്റ്റ്‌മോർട്ടത്തിന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. നിലവിലെ അവസ്ഥ രാസപരിശോധനയും സാധ്യമല്ലാതാക്കിയിട്ടുണ്ട്. മൂന്ന് കുട്ടികളുടെ അമ്മയായ സ്ത്രീയെ സായുധരായ കലാപകാരികള്‍ അവരുടെ വീടിന് തീയിട്ടു കൊന്നതാകാം എന്ന് സംശയിക്കുന്നു. ജിരിബാം ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ 11 കുക്കി തീവ്രവാദികളെ സെൻട്രല്‍ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്) വധിച്ചിരുന്നു . സംസ്ഥാനത്ത് തുടരുന്ന അക്രമങ്ങളില്‍ ഇതുവരെ 200 ഓളം പേർ കൊല്ലപ്പെട്ടു.

പിഴ അടയ്ക്കാൻ വാട്സാപ്പില്‍ മെസേജ് വരില്ല; സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടെന്ന് എംവിഡി VM TV NEWS CHANNEL EXCLUSIVE

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനം നടത്തിയെന്നുപറഞ്ഞ് പിഴ അടയ്ക്കാൻ ആവശ്യപ്പെട്ട് വരുന്ന സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്.

ട്രാഫിക് നിയമലംഘനം നടത്തിയിട്ടില്ലെന്ന് ഉറപ്പാണെങ്കില്‍ ഇത്തരം ഒരു സന്ദേശമോ പണം അടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ലിങ്കോ മൊബൈലില്‍ വരില്ലെന്നും എംവിഡി പറഞ്ഞു. ഇത്തരം മെസേജുകള്‍ ഓപ്പണ്‍ ചെയ്യരുതെന്നും വ്യാജമെങ്കില്‍ ഉടൻ ഡിലീറ്റ് ചെയ്യണമെന്നും എംവിഡി ആവശ്യപ്പെട്ടു.

എംവിഡിയുടെ ഫേസ്ബുക്ക് കുറിപ്പ്

അറിഞ്ഞോ അറിയാതെയോ ഒരു ട്രാഫിക് നിയലംഘനം നടത്തിയിട്ടുണ്ടോ? സ്വയം ഉറപ്പാക്കുക. ട്രാഫിക് നിയമലംഘനം നടത്തിയിട്ടില്ലെന്ന് ഉറപ്പാണെങ്കില്‍ ശ്രദ്ധിക്കുക ഇത്തരം ഒരു സന്ദേശമോ പേയ്മെൻ്റ് ലിങ്കോ നിങ്ങളുടെ മൊബൈലില്‍ വരുകയില്ല.
ഒരു നിമിഷം നമ്മെ പരിഭ്രാന്തരാക്കാൻ ഇത്തരം മെസ്സേജുകള്‍ക്ക് സാധിക്കും. നമ്മുടെ ആ ഒരു നിമിഷത്തെ പരിഭ്രാന്തി മുതലെടുക്കും വിധം മനഃശാസ്ത്രപരമായി സെറ്റ് ചെയ്തിട്ടുള്ളവയാകും ഒട്ടുമിക്ക വ്യാജസന്ദേശങ്ങളും
മോട്ടോർ വാഹനവകുപ്പിൻ്റെ പോർട്ടല്‍ echallan.parivahan.gov.in ആണ്.

മെസ്സേജുകള്‍ പരിവാഹൻ പോർട്ടലില്‍ നിന്നും നിങ്ങളുടെ രജിസ്ട്രേഡ് മൊബൈല്‍ നമ്ബറിലേക്ക് മാത്രമേ വാഹനനമ്ബർ സഹിതം നിയമലംഘന അറിയിപ്പുകള്‍ വരികയുള്ളു.
ഒരു പേയ്മെൻ്റ് ലിങ്ക് .apk ആപ്പ് നിങ്ങളുടെ whatsapp ലേയ്ക്ക് അയയ്ക്കുന്ന സംവിധാനം MoRTH (Ministry of Road Transports & Highways) ന് ഇല്ല.
ഇത്തരം message കള്‍ ഓപ്പണ്‍ ചെയ്യാതിരിക്കുക Screenshot എടുത്ത് ഓഫീസുമായി ബന്ധപ്പെട്ട് ഇതിൻ്റെ സാധുത ഉറപ്പാക്കുക. വ്യാജമെങ്കില്‍ ഉടൻ delete ചെയ്യുക.
സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട