കേളകം (കണ്ണൂർ): ബസിന് സുഗമമായി പോകാൻ കഴിയാത്ത വഴിയിലൂടെ ഗൂഗ്ള്‍ മാപ്പ് നോക്കി പോയതാവാം കേളകത്ത് രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണമെന്ന് രക്ഷാപ്രവർത്തകർ.
ചുരം റോഡില്‍ ഗതാഗതം നിരോധിച്ചതിനാല്‍ ഗൂഗ്ള്‍ മാപ്പ് നോക്കി എളുപ്പവഴിയിലൂടെ പോകാനുള്ള ശ്രമമാണ് അപകടത്തിനിടയാക്കിയതെന്ന് ആംബുലൻസ് ഡ്രൈവർ ശ്രീനിവാസൻ മാധ്യമങ്ങളോട് പറഞ്ഞു.
കായംകുളം ദേവാ കമ്മ്യൂണിക്കേഷൻസിന്റെ മിനിബസ് ആണ് കേളകം മലയാംപടി റോഡിലെ ‘എസ്’ വളവില്‍ ഇന്ന് പുലർച്ചെ നാലുമണിയോടെ അപകത്തില്‍പെട്ടത്. ബസിലുണ്ടായിരുന്ന കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. 12 പേർക്ക് പരിക്കേറ്റിരുന്നു.
‘അപകടവിവരമറിഞ്ഞ് പുലർച്ചെ തന്നെ നിരവധി നാട്ടുകാർ സംഭവസ്ഥലത്ത് എത്തിയിരുന്നു. ഒരിക്കലും ബസ് കേറിപ്പോകാൻ പറ്റുന്ന വഴിയല്ല അത്. കേളകത്ത് നിന്ന് പൂവത്തിൻചോല വഴി 29ാം മൈലിലേക്ക് പോകുന്ന ഇടുങ്ങിയ റോഡാണത്. ചെറിയ വാഹനങ്ങള്‍ പോകുന്ന റോഡാണിത്. രണ്ടാമത്തെ ഹെയർപിന്നില്‍നിന്ന് വണ്ടി വലിമുട്ടി പിന്നോട്ട് വന്ന് അപകടത്തില്‍പെടുകയായിരുന്നു. വളവില്‍നിന്ന് താഴെ കുത്തനെ നിർത്തിയ നിലയിലായിരുന്നു ബസ്’ -ശ്രീനിവാസൻ പറഞ്ഞു.
കടന്നപ്പള്ളിയിലെ നാടകം കഴിഞ്ഞ് സുല്‍ത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്ന മിനി ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരില്‍ ഏഴു പേരെ ചുങ്കക്കുന്ന് കമില്ലസ് ആശുപത്രിയിലും അഞ്ചുപേരെ കണ്ണൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. മൃതദേഹങ്ങള്‍ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.