NEWS
1.57 കോടി രൂപ നികുതി കുടിശ്ശിക അടക്കണം; പത്മനാഭ സ്വാമി ക്ഷേത്രത്തിന് കേന്ദ്ര ജിഎസ്ടി വകുപ്പിന്‍റെ നോട്ടീസ്

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതി 1.57 കോടി രൂപ നികുതി കുടിശ്ശിക അടക്കണമെന്ന് കേന്ദ്ര ജിഎസ്ടി വകുപ്പ്.
കഴിഞ്ഞ ഏഴ് വർഷത്തെ കുടിശ്ശിക ചൂണ്ടികാട്ടിയാണ് വകുപ്പിന്‍റെ നോട്ടീസ്. ജിഎസ്ടിയില്‍ ഇളവുണ്ടെന്ന ഭരണസമിതിയുടെ വിശദീകരണം തള്ളിയാണ് നോട്ടീസ്. നോട്ടീസിന് വിശദീകരണം നല്‍കുമെന്ന് ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ക്ഷേത്രത്തിന് ലഭിക്കുന്ന വിവിധ വാടക വരുമാനം, ഭക്തർക്ക് ധരിക്കാൻ നല്‍കുന്ന വസ്ത്രങ്ങളില്‍ നിന്നുള്ള തുക, ചിത്രങ്ങളും ശില്‍പ്പങ്ങളും വില്‍ക്കുന്നതില്‍ നിന്നും എഴുനള്ളിപ്പിനായി ആനയെ വാടകയ്ക്ക് നല്‍കുന്നതില്‍ നിന്നുള്ള വരുമാനം തുടങ്ങി ആകെ വരുമാനത്തില്‍ നിന്നും ജിഎസ്ടി അടയ്ക്കുന്നില്ലെന്നാണ് കേന്ദ്ര ജിഎസ്ടിവി വകുപ്പ് പറയുന്നത്. നികുതി അടയ്ക്കുന്നില്ലെന്ന രഹസ്യ വിവരത്തെ തുടർന്ന് മതിലകം ഓഫീസില്‍ പരിശോധന നടത്തിയിരുന്നു. സേവനവും ഉല്‍പ്പനങ്ങളും നല്‍കുമ്ബോള്‍ ജിഎസ്ടി ഭരണസമിതി വാങ്ങുന്നുണ്ടെങ്കില്‍ അത് അടയ്ക്കുന്നില്ലെന്ന് കണ്ടെത്തി. എന്നാല്‍ ക്ഷേത്രത്തിന് പല ഇളവുകള്‍ ഉണ്ടെന്നും ഈ കാലയളവില്‍ നികുതി ചുമത്താനുള്ള വരുമാനം 16 ലക്ഷം മാത്രണമെന്നാണ് ക്ഷേത്രം വിശദീകരണം നല്‍കിയത്. മൂന്ന് ലക്ഷം ജിഎസ്ടി അടച്ചതായും മറുപടി നല്‍കി. ഈ മറുപടി തള്ളിയാണ് കഴിഞ്ഞ മാസം വീണ്ടും നോട്ടീസ് നല്‍കിയത്.
1.57 കോടി രൂപ നികുതി അടയ്ക്കണമെന്നാണ് നോട്ടീസ്. 2017 മുതലുള്ള ഏഴ് വർഷത്തെ കുടിശികയാണിത്. തുക അടച്ചില്ലെങ്കില്‍ നൂറ് ശതമാനം വരെ പിഴയും 18 ശതമാനം പിഴപ്പലിശയും അടയ്ക്കണമെന്നും നോട്ടീസില്‍ പറയുന്നു. ഭരണസമിതി അടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന കുടിശികയില്‍ 77 ലക്ഷം വീതം കേന്ദ്ര-സംസ്ഥാന സർക്കാറുകള്‍ക്ക് ലഭിക്കേണ്ട ജിഎസ്ടി വിഹിതമാണ്. ഇതുകൂടാതെ മൂന്ന് ലക്ഷത്തോളം സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന പ്രളയ സെസാണ്. പുതിയ നോട്ടീസ് സാമ്ബത്തിക വിദഗ്ദരുമായി ചർച്ച ചെയ്തുവരുകയാണെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ വി മഹേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേന്ദ്ര ജിഎസ്ടി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്ന ഇത്രയും തുക അടയ്ക്കേണ്ടിവരില്ലെന്നും ഇതില്‍ വ്യക്തവരുത്തി മറുപടി നല്‍കുമെന്നാണ് ക്ഷേത്ര ഭരണസമിതിയുടെ വിശദീകരണം.
ഇതൊക്കെയെന്ത്?. ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ മതി, കൊതുക് ഏഴയലത്തു വരില്ല VM TV NEWS LIVE

പല വീടുകളിലും കൊതുകുകള്‍ ഒരു ശല്യക്കാരനാണ്. എന്നാല്‍ ഇവരെ തുരത്താന്‍ വളരെ എളുപ്പമാണ്. അതിനായ് വായ് വട്ടമുള്ള ഒരു പ്ലാസ്റ്റിക് കുപ്പിയുടെ പ്ലാസ്റ്റിക് അടപ്പില്‍ 1 ടേബിള്‍ സ്പൂണ്‍ പച്ച വെളിച്ചെണ്ണ എടുക്കുക.
അതിലേക്ക് 1 അല്ലെങ്കില്‍ 2 പരല്‍ പച്ചക്കര്‍പ്പൂരം ഇടുക. പിന്നീട് മുറിയുടെ എവിടെയെങ്കിലും നിലത്ത് വെക്കുക. പച്ചക്കര്‍പ്പുരം അലിഞ്ഞ് തീരുന്നത് വരെ കൊതുക് അവിടെ വരില്ല.
തീരുന്നതിനനുസരിച്ച് കര്‍പ്പൂരം അടപ്പിനുള്ളിലുള്ള വെളിച്ചെണ്ണയില്‍ ഇടാം. വെളിച്ചെണ്ണ പച്ച നിറമാകുന്നത് വരെ ഇത് തുടരുക. ഇങ്ങനെ ചെയ്യുന്ന മുറികളില്‍ കൊതുക് അടുക്കില്ല. നമ്മുക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന മണവും ഉണ്ടാകില്ല.
ഇനി കുപ്പിയില്‍ ശേഖരിച്ച പച്ച നിറമുള്ള വെളിച്ചെണ്ണ തടിയില്‍ പ്രയോഗിച്ചാല്‍ ഫര്‍ണിച്ചറുകളിലെ തടി തുരക്കുന്ന പ്രാണികളെയും അകറ്റാന്‍ സാധിക്കും. പച്ചകര്‍പ്പൂരം അങ്ങാടി മരുന്ന് കടയില്‍ ലഭ്യമാകും.
ഒടിപി വരുന്ന സമയത്ത് പാര്‍സല്‍ മാറ്റി, തിരിച്ച് നല്‍കും, ആമസോണില്‍ നിന്ന് 1.29 കോടി തട്ടിയ യുവാക്കള്‍ പിടിയില്‍ VM TV NEWS LIVE

മംഗളൂരു: ആമസോണ്‍ വഴി പുതിയ രീതിയില്‍ തട്ടിപ്പ് നടത്തിയ ഉത്തരേന്ത്യക്കാർ മംഗളൂരുവില്‍ അറസ്റ്റില്‍. രണ്ട് രാജസ്ഥാൻ സ്വദേശികളെയാണ് മംഗളൂരുവിലെ ഉർവ പൊലീസ് പിടികൂടിയത്.
എട്ട് സംസ്ഥാനങ്ങളില്‍ നിന്നായി 1.29 കോടി രൂപയുടെ സാധനങ്ങള്‍ തട്ടിയ ഇവർ ഇതെല്ലാം മറിച്ച് വിറ്റതായും പൊലീസ് കണ്ടെത്തി. ആമസോണ്‍ ഡെലിവറി എക്സിക്യൂട്ടീവിനെ പറ്റിക്കുന്ന തരം തട്ടിപ്പാണ് രാജസ്ഥാൻ സ്വദേശികളായ രാജ് കുമാർ മീണ, സുഭാഷ് ഗുർജർ എന്നീ യുവാക്കള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി പല സംസ്ഥാനങ്ങളിലായി നടത്തി വന്നത്.
ഇവരുടെ തട്ടിപ്പിന്‍റെ രീതി പൊലീസ് വിശദീകരിക്കുന്നതിങ്ങനെയാണ്.
കള്ളപ്പേരില്‍ ഓരോ ഇടങ്ങളില്‍ ഹോം സ്റ്റേകളിലോ സർവീസ് അപ്പാർട്ട്മെന്‍റുകളിലോ ആയി ഇവർ മുറിയെടുക്കും. എന്നിട്ട് ആമസോണില്‍ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ ഓർഡർ ചെയ്യും. മാക് ബുക്കും ഐഫോണും സോണി ക്യാമറയും അങ്ങനെ വാങ്ങുന്നവയെല്ലാം വില പിടിപ്പുള്ളവ. ഇവയെല്ലാം ക്യാഷ് ഓണ്‍ ഡെലിവറിയായിട്ടാകും ഓർഡർ ചെയ്യുക. ഡെലിവറി എക്സിക്യൂട്ടീവ് സാധനങ്ങളുമായി എത്തിയാല്‍ ഒരാള്‍ വാതില്‍ തുറന്ന് സാധനങ്ങള്‍ വാങ്ങി അകത്തേക്ക് പോകും. രണ്ടാമൻ ഡെലിവറി ഒടിപി നല്‍കാനെന്ന പേരില്‍ വാതിലിനരികെ നില്‍ക്കും. ഒടിപി വന്നില്ലെന്നോ, തെറ്റായ ഒടിപിയാണെന്നോ ഒക്കെ പറഞ്ഞ് രണ്ടാമൻ ഡെലിവറി എക്സിക്യൂട്ടീവിനെ ആശയക്കുഴപ്പത്തിലാക്കും.
എക്സിക്യൂട്ടീവ് പുറത്ത് കാത്ത് നില്‍ക്കുന്ന സമയത്ത് സാധനങ്ങള്‍ വാങ്ങി അകത്തേക്ക് പോയയാള്‍ പെട്ടിയിലുള്ള സാധനങ്ങളെല്ലാം പുറത്തെടുത്ത് അതിന് പകരം അതേ ഭാരമുള്ള മറ്റേതെങ്കിലും വസ്തു അകത്ത് വച്ച് വ്യാജടേപ്പ് ഒട്ടിച്ച് തിരികെ കൊണ്ട് വരും. ഒടിപി വരുന്നതില്‍ പ്രശ്നമുണ്ടെന്നും ഇതേ സാധനം നാളെ വാങ്ങിക്കോളാം എന്നും പറഞ്ഞ് ഇവർ ഡെലിവറി എക്സിക്യൂട്ടീവിനെ തിരിച്ചയക്കും. കയ്യിലുള്ളത് ഒറിജിനല്‍ വസ്തുവല്ലെന്ന് തിരിച്ചറിയാതെ എക്സിക്യൂട്ടീവ് മടങ്ങുകയും ചെയ്യും. സാധനം കിട്ടിയാലുടൻ ഇവരിവിടെ നിന്ന് മുങ്ങും. ഏതെങ്കിലും മാർക്കറ്റില്‍ സാധനങ്ങള്‍ മറിച്ച് വില്‍ക്കും.
സമാനമായ രീതിയില്‍ ഒന്നരക്കോടിയോളം രൂപയുടെ സാധനങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തിയ ശേഷമാണ് ഇരുവരെയും പൊലീസ് പിടികൂടുന്നത്. തമിഴ് നാട് അടക്കം എട്ട് സംസ്ഥാനങ്ങളിലെ പൊലീസ് ഇവർക്കായി വല വിരിച്ചിരുന്നു. ഇവർക്ക് സാധനങ്ങളെത്തിച്ച് നല്‍കിയ ആമസോണ്‍ പാർട്ണറായ ലോജിസ്റ്റിക് കമ്ബനിയായ മഹീന്ദ്ര ലോജിസ്റ്റിക്സ് തട്ടിപ്പിനേക്കുറിച്ച് വളരെപ്പെട്ടന്ന് തന്നെ വിവരം നല്‍കിയത് കൊണ്ടാണ് ഇത്തവണ ഇവരെ പിടികൂടാനായത് എന്ന് മംഗളൂരു പൊലീസ് പറയുന്നത്.
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴ ശക്തമാകുന്നു; നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് BREAKING NEWS VM TV NEWS

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴ ശക്തമാകുന്നു വരും മണിക്കൂറുകളില്‍ കോട്ടയം, പാലക്കാട് & മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 05 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു
കനത്ത മഴയെ തുടർന്ന് ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു . മലമ്ബുഴ ഡാം പരമാവധി ജലനിരപ്പായ 115.06 മീറ്ററിലേക്ക് ഉടൻ എത്തും. 2018ന് ശേഷം ആദ്യമായാണ് മലമ്ബുഴ ഡാമിലെ ജലനിരപ്പ് പരമാവധിയിലേക്ക് എത്തുന്നത്. പരമാവധി ജലനിരപ്പില്‍ എത്തിയാല്‍ സ്പില്‍വേ ഷട്ടറുകള്‍ കൂടുതല്‍ തുറന്ന് ജലനിരപ്പ് ക്രമീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഡാം ടോപ്പിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനത്തിലും നിയന്ത്രണമുണ്ടാകും.
നീണ്ടൂരിലെ ടൂറിസ്റ്റ് കേന്ദ്രമായ കൈപ്പുഴ കാറ്റ് കാണാനെത്തിയ യുവതിക്കും യുവാവിനും ഇടിമിന്നലേറ്റു… VM TV NEWS LIVE

നീണ്ടൂരിലെ ടൂറിസ്റ്റ് കേന്ദ്രമായ കൈപ്പുഴ കാറ്റ് കാണാനെത്തിയ യുവതിക്കും യുവാവിനും ഇടിമിന്നലേറ്റു. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു അപകടമുണ്ടായത്. ഇടിമിന്നലേറ്റ് അരമണിക്കൂറോളം റോഡില്‍ കിടന്ന ഇരുവരേയും അതുവഴി ഓട്ടോറിക്ഷയിലെത്തിയ കുടമാളൂര്‍ സ്വദേശികളായ യുവാക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. ബൈക്കിലായിരുന്നു ഇരുവരും കൈപ്പുഴ കാറ്റിലെത്തിയത്.
വളരെ ശക്തമായ കാറ്റും മഴയും ഈ സമയത്തുണ്ടായിരുന്നു. സന്ദര്‍ശകരുടെ എണ്ണവും കുറവായിരുന്നു. പാടശേഖരത്തിലുള്ള പ്രദേശമായതിനാല്‍ വഴിയില്‍ പെട്ടെന്നുതന്നെ വെള്ളംനിറഞ്ഞു. അതിനാല്‍ ഇരുവരും ഇടിമിന്നലേറ്റ് കിടന്നത് ആരും കണ്ടില്ല. കുടമാളൂര്‍ സ്വദേശികളായ നാലുയുവാക്കളാണ് യാദൃച്ഛികമായാണ് ഇടിമിന്നലേറ്റ് കിടക്കുന്നത് കണ്ടത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റ ഇരുവര്‍ക്കും ആശുപത്രിയില്‍ വിദഗ്ധ ചികിത്സ നല്‍കിവരുന്നു.
‘നിനക്കൊക്കെ ഇതുമതി’; ഒളിച്ചിരിക്കുന്ന ലഷ്‌കര്‍ ഭീകരനെ വധിക്കാൻ ബിസ്‌കറ്റ് ‘ആയുധ’മാക്കി സൈന്യം VM TV NEWS

ശ്രീനഗർ: ജമ്മു കശ്മീരില്‍ ലഷ്കർ-ഇ-ത്വയിബ ഉന്നതകമാൻഡറെ വധിക്കാൻ ഇന്ത്യൻ സൈന്യത്തെ സഹായിച്ചത് ബിസ്കറ്റ്. പാകിസ്താനില്‍ നിന്നുള്ള ലഷ്കർ ഭീകരനായ ഉസ്മാനെ വധിക്കുന്നതിലാണ് ബിസ്കറ്റ് സുപ്രധാനമായ പങ്കുവഹിച്ചത്.
മുൻകൂട്ടി ആസൂത്രണം ചെയ്ത് കൃത്യമായി നടപ്പാക്കിയ ദൗത്യത്തിലൂടെയാണ് സേന ശ്രീനഗറിലെ ഖാൻയറില്‍ വെച്ച് ഉസ്മാനെ വധിച്ചത്.
മുതിർന്ന സൈനികോദ്യോഗസ്ഥരാണ് ദൗത്യത്തില്‍ ബിസ്കറ്റ് വഹിച്ച പങ്ക് വെളിപ്പെടുത്തിയത്. ഖാൻയറില്‍ ജനങ്ങള്‍ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ഉസ്മാൻ എത്തിയതായി ഇന്റലിജൻസ് വിവരത്തിലൂടെയാണ് സുരക്ഷാസേന മനസിലാക്കുന്നത്. തുടർന്ന് തങ്ങള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ പരമാവധി കുറച്ച് ദൗത്യം വിജയകരമായി നടപ്പാക്കാനായി ഒമ്ബത് മണിക്കൂർ നീണ്ട ആസൂത്രണമാണ് സേന നടത്തിയത്.
ആസൂത്രണത്തിന്റെ ഒരു ഘട്ടത്തിലാണ് പ്രദേശത്തെ തെരുവുനായ്ക്കള്‍ സൈന്യത്തിന് മുന്നില്‍ ആശങ്കയായത്. ദൗത്യത്തിനിടെ തെരുവുനായ്ക്കള്‍ കുരച്ചാല്‍ അത് ഉസ്മാൻ ഉള്‍പ്പെടെയുള്ള ഭീകരർക്ക് സംശയം തോന്നാനിടയാക്കുമെന്നായിരുന്നു ആശങ്ക. ഈ പ്രശ്നം എങ്ങനെ നേരിടുമെന്ന് തലപുകഞ്ഞാലോചിച്ചപ്പോഴാണ് വ്യത്യസ്തമായ ആശയത്തിലേക്ക് സൈന്യമെത്തിയത്.
ദൗത്യത്തിന് പോകുന്ന സേനാംഗങ്ങള്‍ ആയുധങ്ങള്‍ക്കൊപ്പം ബിസ്കറ്റുകള്‍ കൂടി കൈവശം വെക്കാൻ തീരുമാനിച്ചു. ബിസ്കറ്റുമായി ഭീകരർ തമ്ബടിച്ച കേന്ദ്രത്തിന് സമീപമെത്തിയ സൈനികർ അത് തെരുവുനായ്ക്കള്‍ക്ക് നല്‍കി. ഇതോടെ നായ്ക്കള്‍ നിശബ്ദരായി ബിസ്കറ്റ് കഴിക്കാൻ തുടങ്ങി. അങ്ങനെയാണ് സൈനികർ സുഗമമായി ഭീകരരുടെ കേന്ദ്രത്തിലേക്ക് കടന്നുകയറിയത്.
സൂര്യനുദിക്കും മുമ്ബ് അതിരാവിലെയാണ് സൈന്യം ദൗത്യം ആരംഭിച്ചത്. 30 വീടുകള്‍ സൈന്യം തങ്ങളുടെ വലയത്തിലാക്കി. തുടർന്നാണ് ആക്രമണം ആരംഭിച്ചത്. എ.കെ 47 തോക്ക്, ഗ്രനേഡുകള്‍ എന്നിവ ഉപയോഗിച്ച് ഉസ്മാന്റെ ഭാഗത്തുനിന്ന് പ്രത്യാക്രമണം ഉണ്ടായി. എന്നാല്‍ അവയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ടാണ് ഇന്ത്യൻ സൈന്യം ഭീകരരെ വധിച്ചത്.
‘ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിനക്കാരാടാ പതിച്ചുതന്നത്’; താരദമ്ബതികളെ വിമര്‍ശിച്ച അഭിഭാഷകനെതിരെ വിനായകൻ

സംഗീതസംവിധായകൻ സുഷിൻ ശ്യാമിന്റെ വിവാഹത്തില്‍ പങ്കെടുക്കാൻ താരദമ്ബതികളായ നസ്രിയയും ഫഹദും ക്ഷേത്രത്തില്‍ പ്രവേശിച്ചതിനെ വിമർശിച്ച അഡ്വ.
കൃഷ്‌ണ രാജിന് നടൻ വിനായകന്റെ മറുപടി. ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിങ്ങള്‍ക്കാരാണ് പതിച്ചു തന്നതെന്ന് വിനായകൻ ചോദിക്കുന്നു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു വിനായകന്റെ പ്രതികരണം.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഇത് പറയാൻ നീയാരാടാ…
വര്‍ഗീയവാദി കൃഷണരാജെ
ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിനക്കാരാടാ പതിച്ചു തന്നത്….
നീ ആദ്യം സിന്ധ്, ഹിന്ദ്, ഇന്ത്യ, ഇന്ത്യൻ
എന്താണെന്നു അറിയാൻ ശ്രമിക്ക്
അല്ലാതെ
നിന്റെ തായ് വഴി കിട്ടിയ
നിന്റെ കുടുംബത്തിന്റെ
സനാതന ധർമമല്ല
ഈ ലോകത്തിന്റെ
സനാതന ധർമം.
ജയ് ഹിന്ദ്
‘സഖാക്കള്‍ ദേവസ്വം ഭരിച്ചാല്‍ ഇതാണ് ഹിന്ദുവിന്റെ അവസ്ഥ. ഏത് അണ്ടനും അടകോഴനും ഏത് ക്രിസ്ത്യാനിക്കും മുസ്ലിമിനും ക്ഷേത്രത്തിനുള്ളില്‍ കടക്കാം. വേണേല്‍ ശ്രീകോവിലിനുള്ളിലും ഇവന്മാർ കേറ്റും. തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിനുള്ളിലെ ഒരു ദൃശ്യം. ക്ഷേത്ര ആചാര ലംഘനം നടത്തിയ ഒരുത്തനെയും വെറുതെ വിടും എന്ന് കരുതേണ്ട. നമുക്ക് നോക്കാം’- എന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവച്ച് ഫേസ്‌ബുക്കിലൂടെ അഡ്വ. കൃഷ്ണരാജിന്റെ വിമർശനം. ഇന്ന് ഉച്ചയോടെ ലൈവില്‍ വരുമെന്നും കൃഷ്ണരാജ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് സുഷിനും ഗായിക ഉത്തരകൃഷ്ണയും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ഫഹദ് ഫാസില്‍, ഭാര്യ നസ്രിയ എന്നിവർക്ക് പുറമെ ജയറാം, പാർവതി, കാളിദാസ്, ശ്യാംപുഷ്കരൻ, ഉണ്ണിമായ, ദീപക് ദേവ് എന്നിവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹത്തിന് സുഷിൻ തന്റെ പങ്കാളിയെ പരിചയപ്പെടുത്തിയിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത ബൊഗയ്‌വില്ലയാണ് സുഷിന്റെ സംഗീത സംവിധാനത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം.
സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ…

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ. കായികമേള തുടങ്ങുന്ന നവംബര്‍ അഞ്ചാം തിയതി മുതല്‍ പതിനൊന്നാം തിയതി വരെയാണ് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളത്. ദിവസവും 1000 കുട്ടികള്‍ക്ക് സൗജന്യ യാത്രയൊരുക്കാനാണ് കൊച്ചി മെട്രോയുടെ ലക്ഷ്യം.
എറണാകുളം ജില്ലാ കലക്ടര്‍ എന്‍എസ്‌കെ ഉമേഷാണ് സൗജന്യ യാത്രാ പദ്ധതി പ്രഖ്യാപിച്ചത്. താരങ്ങള്‍ക്ക് മേള സംഘാടകര്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് യാത്ര ചെയ്യാവുന്നതാണ്.
സംസ്ഥാന സ്‌കൂള്‍ കായിമമേള എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ഇന്ന് വൈകുന്നേരം മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. നടന്‍ മമ്മൂട്ടി മുഖ്യാതിഥിയാകുകയും ചെയ്യും.
അതേസമയം ഒളിംപിക്സ് മാതൃകയില്‍ സംഘടിപ്പിക്കുന്ന കായികമേളയില്‍ 39 ഇനങ്ങളിലായി 2,400-ഓളം കുട്ടികള്‍ മാറ്റുരയ്ക്കും. ചരിത്രത്തിലാദ്യമായി ഗള്‍ഫ് രാജ്യങ്ങളിലെ കേരള സിലബസ് പഠിപ്പിക്കുന്ന എട്ട് സ്‌കൂളുകളും കായികമേളയില്‍ പങ്കെടുക്കുന്നതാണ്. ചാംപ്യന്‍പട്ടം നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള എവര്‍ റോളിംഗ് സ്വര്‍ണ്ണക്കപ്പ് ഈ വര്‍ഷം മുതല്‍ നല്‍കുകയും ചെയ്യും.
15 മില്ലി ശരീരത്തിലെത്തിയാല്‍ അവയവങ്ങള്‍ നശിച്ച് മരണം ഉറപ്പ്’; ഷാരോണിന് ഗ്രീഷ്‌മ നല്‍കിയത് ഉഗ്രവിഷമായ പാരക്വിറ്റ് കളനാശിനി VM TV NEWS

തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങള്‍ കോടതിയെ അറിയിച്ച് മെഡിക്കല്‍ സംഘം. ഷാരോണിനെ കൊല്ലാനായി കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റാണ് ഗ്രീഷ്‌മ കഷായത്തില്‍ കലർത്തി നല്‍കിയതെന്നാണ് ഡോക്‌ടർമാർ കോടതിയില്‍ നല്‍കിയ മൊഴി.
നേരത്തേ ഏത് കളനാശിനിയാണ് നല്‍കിയതെന്ന് വ്യക്തത വന്നിട്ടില്ലായിരുന്നു. നെയ്യാറ്റിൻകര അഡീഷണല്‍ ജില്ലാ സെഷൻസ് ജഡ്‌ജി എഎം ബഷീറിന് മുന്നിലാണ് ഷാരോണിനെ ചികിത്സിച്ച മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധരായ ഡോക്‌ടർമാർ മൊഴി നല്‍കിയത്.
ആണ്‍സുഹൃത്തായ ഷാരോണിന് കഷായത്തില്‍ കലർത്തി നല്‍കുന്നതിന് മണിക്കൂറുകള്‍ മുമ്ബ്, പാരക്വിറ്റ് വിഷം മനുഷ്യ ശരീരത്തില്‍ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഗ്രീഷ്‌മ ഇന്റർനെറ്റില്‍ തെരഞ്ഞിരുന്നു. 15 മില്ലി വിഷം ശരീരത്തിലെത്തിയാല്‍ മരണം ഉറപ്പാണെന്ന് വെബ്‌സെർച്ചിലൂടെ ഗ്രീഷ്‌മ മനസിലാക്കി. വിഷം മനുഷ്യശരീരത്തില്‍ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് മെഡിക്കല്‍ കോളേജിലെ മെഡിസിൻ വിഭാഗം മേധാവി ഡോ. അരുണ കോടതിയില്‍ മൊഴി നല്‍കി.
പാരക്വിറ്റ് വളരെ വേഗത്തിലാണ് ശരീരത്തില്‍ പ്രവർത്തിക്കുക. രോഗ ലക്ഷണങ്ങളും ഉടൻ ഉണ്ടാകും. ഈ വിഷം ശ്വസിച്ചാല്‍ പോലും ഒരു വ്യക്തിക്ക് ഉടനെ വായിലും തൊണ്ടയിലും വീക്കവും വേദനയും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ശരീരത്തിനുള്ളിലെത്തിയാല്‍ ഓക്കാനം, വയറുവേദന, ഛർദി, വയറിളക്കം തുടങ്ങി ദഹനക്കേടിന്റേതിന് സമാനമായ കഠിനമായ ലക്ഷണങ്ങളുണ്ടാകും. പിന്നീട് രക്തസമ്മർദം കുറഞ്ഞ് ശ്വാസതടസം അനുഭവപ്പെടും. ശരീരത്തിലെത്തിയ പാരക്വിറ്റിന്റെ അളവനുസരിച്ച് ഹൃദയം, വൃക്ക, കരള്‍, ശ്വാസകോശം തുടങ്ങിയ അവയവങ്ങള്‍ ഓരോന്നായി സ്‌തംഭിച്ച് മരണം സംഭവിക്കുന്നു.
പാരക്വിറ്റ് നല്‍കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്ബ് ഗ്രീഷ്‌മ ജ്യൂസ് ചലഞ്ച് എന്നപേരില്‍ പാരസെറ്റമോള്‍ ഗുളികകള്‍ കലർത്തിയ പഴച്ചാർ ഷാരോണിന് നല്‍കിയിരുന്നു. ഇതിന് മുമ്ബും പലപ്രാവശ്യം പാരസെറ്റമോള്‍ എത്രയളവില്‍ നല്‍കിയാല്‍ മരണം സംഭവിക്കുമെന്ന് ഗ്രീഷ്‌മ ഇന്റർനെറ്റില്‍ തെരഞ്ഞു. ഈ ഡിജിറ്റല്‍ തെളിവുകളെല്ലാം പ്രോസിക്യൂഷൻ ഹാജരാക്കി. പബ്ലിക് പ്രോസിക്യൂട്ടർ വി എസ് വിനീത് കുമാറാണ് ഹാജരായത്.
ഗ്രീഷ്‌മയ്‌ക്ക് പാരക്വിറ്റ് കളനാശിനി വാങ്ങിനല്‍കിയത് മൂന്നാം പ്രതിയായ അമ്മാവൻ നിർമല്‍കുമാറാണ്. ഷാരോണിന് നല്‍കിയ വിഷത്തിന്റെ കുപ്പിയും മറ്റ് തെളിവുകളും പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കി. ഗ്രീഷ്‌മ വെബ്‌സെർച്ച് ചെയ്‌ത തെളിവുകള്‍ തഹസില്‍ദാർ നൗഷാദിന്റെ സാന്നിദ്ധ്യത്തിലാണ് ഫോണില്‍ നിന്ന് കണ്ടെടുത്ത് മഹസർ തയ്യാറാക്കിയത്.
”ആത്മാഭിമാനം പണയം വയ്‌ക്കാനില്ല, അമ്മ മരിച്ചപ്പോള്‍ പോലും കൃഷ്‌ണകുമാര്‍ വന്നില്ല: പ്രതീക്ഷകള്‍ നഷ്‌ടപ്പെട്ടുവെന്ന് സന്ദീപ് വാര്യര്‍ VM TV NEWS LIVE

ബിജെപിയോട് ഇടഞ്ഞു നില്‍ക്കുന്നതിലെ കാരണം വെളിപ്പെടുത്തി യുവനേതാവ് സന്ദീപ് വാര്യർ. പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി കൃഷ്‌ണകുമാറുമായുള്ള മാനസിക അകല്‍ച്ചയാണ് തന്റെ പിന്മാറ്റത്തിന് കാരണമെന്ന് സന്ദീപ് വിശദമാക്കുന്നു.
അമ്മ മരിച്ച് കിടന്നപ്പോള്‍ പോലും തന്നെ വന്ന് ആശ്വസിപ്പിക്കാത്തയാളാണ് കൃഷ്‌ണകുമാറെന്നും, സിപിഎമ്മിലെയും കോണ്‍ഗ്രസിലെയും പല നേതാക്കളും ഓടിയെത്തിയപ്പോഴും സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒരു റീത്ത് പോലും തന്റെ അമ്മയ്‌ക്കായി ആരും വച്ചില്ലെന്നും സന്ദീപ് വികാരനിർഭരമായി കുറിച്ചു.
ഇന്ത്യൻ സൈന്യത്തില്‍ സേവനമനുഷ്ഠിച്ച് മൂന്ന് യുദ്ധങ്ങളില്‍ പങ്കെടുത്ത ഗോവിന്ദ വാര്യരുടെയും ചെത്തല്ലൂർ സ്കൂളിലെ പ്രധാന അദ്ധ്യാപികയായിരുന്ന രുഗ്മിണി ടീച്ചറുടെയും മകന് ആത്മാഭിമാനം പണയം വയ്ക്കാൻ കഴിയില്ലെന്നും സന്ദീപ് വാര്യർ കുറിക്കുന്നു.
പ്രതികരണത്തിന്റെ പൂർണരൂപം-
കഴിഞ്ഞ കുറേ ദിവസമായി മാനസികമായി കടുത്ത സമ്മർദ്ധത്തിലാണ് . മാധ്യമ പ്രവർത്തകരോട് സംസാരിക്കാനില്ല എന്ന് പറഞ്ഞിട്ടും വിടാതെ പിന്തുടരുന്നു. അതിനവരെ കുറ്റപ്പെടുത്തുന്നില്ല . അതവരുടെ ധർമ്മം. നിർവ്വഹിക്കട്ടെ. ആയിരക്കണക്കിന് സന്ദേശങ്ങളും കോളുകളുമാണ് വന്നുകൊണ്ടിരിക്കുന്നത് . സ്നേഹിക്കുന്നവരുടെ വികാരങ്ങള്‍ പൂർണ്ണമായി ഉള്‍ക്കൊള്ളുന്നുണ്ട്. അവരുടെ സ്നേഹത്തിനു മുന്നില്‍ ഞാൻ നമസ്കരിക്കുകയാണ്.
പുറത്തു വന്ന വാർത്തകള്‍ പലതും വാസ്തവ വിരുദ്ധവും അർദ്ധസത്യങ്ങളുമാണ്.
കണ്‍വെൻഷനില്‍ ഒരു സീറ്റ് കിട്ടാത്തതിന് സന്ദീപ് വാര്യർ പിണങ്ങിപ്പോയി എന്നാണ് വാർത്ത. അങ്ങനെ വേദിയില്‍ ഒരു സീറ്റ് കിട്ടാത്തതിനാല്‍ പിണങ്ങിപോകുന്നവനല്ല ഞാനെന്ന് എന്നെ സ്നേഹിക്കുന്ന എന്നെ അറിയുന്ന മുഴുവൻ പേർക്കും അറിയാം. ഇന്നും കൊടി പിടിക്കുകയും മുദ്രാവാക്യം വിളിക്കുകയും പോസ്റ്റർ ഒട്ടിക്കുകയും ചെയ്യുന്ന ഒരു എളിയ ബിജെപി പ്രവർത്തകൻ മാത്രമാണ് ഞാൻ.
പക്ഷേ എനിക്ക് ചില മാനസിക പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ട്. അതൊരു സത്യമാണ്. അതു മറച്ചുവെക്കാൻ സാധിക്കില്ല. ഒരു മനുഷ്യൻ്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറ്റവും പരമപ്രധാനമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. അത് കേവലം ഒരു പരിപാടിയില്‍ സംഭവിച്ച അപമാനം മാത്രമല്ല. Chain of events ആണ്. അതൊന്നും ഞാനിപ്പോള്‍ പറയാൻ ഉദ്ദേശിക്കുന്നില്ല.
ഇന്ത്യൻ സൈന്യത്തില്‍ സേവനമനുഷ്ഠിച്ച് മൂന്ന് യുദ്ധങ്ങളില്‍ പങ്കെടുത്ത ഗോവിന്ദ വാര്യരുടെയും ചെത്തല്ലൂർ സ്കൂളിലെ പ്രധാന അധ്യാപികയായിരുന്ന രുഗ്മിണി ടീച്ചറുടെയും മകന് ആത്മാഭിമാനം പണയം വയ്ക്കാൻ കഴിയില്ല. Sorry to say that.
ഈ അവസരത്തില്‍ ആ കാര്യങ്ങള്‍ മുഴുവൻ തുറന്നു പറയാൻ ഞാൻ തയ്യാറല്ല. പ്രിയ സ്ഥാനാർഥി കൃഷ്ണകുമാർ ഏട്ടന് വിജയാശംസകള്‍ . കൃഷ്ണകുമാർ ഏട്ടൻ ഇന്നലെ ചാനലില്‍ പറയുന്നത് കേട്ടു ഞാനും സന്ദീപും യുവമോർച്ച കാലം മുതല്‍ക്ക് ഒരുമിച്ച് പ്രവർത്തിച്ചതാണെന്ന്. ഏട്ടാ, നമ്മള്‍ ഒരിക്കലും യുവമോർച്ചയില്‍ ഒരുമിച്ച് പ്രവർത്തിച്ചിട്ടില്ല. ഏട്ടൻ എപ്പോഴെങ്കിലും എൻ്റെ വീട് കണ്ടിട്ടുണ്ടോ? എൻറെ അമ്മ രണ്ടുവർഷം മുമ്ബ് ഈ ലോകത്തോട് വിട പറഞ്ഞപ്പോള്‍ , അന്ന് ഞാൻ നിങ്ങളുടെ സംസ്ഥാന ഭാരവാഹിയായിരുന്നു. അതായത് പ്രോട്ടോകോള്‍ പ്രകാരം വേദിയില്‍ ഇരിക്കേണ്ട ആള്‍. എൻ്റെ അമ്മ എന്നത് പോട്ടെ , സംഘപ്രസ്ഥാനങ്ങള്‍ക്ക് കാര്യാലയം നിർമ്മിക്കാൻ സ്വന്തം വളപ്പിലെ സ്ഥലം കിടക്കയില്‍ കിടന്നുകൊണ്ട് ആവശ്യത്തിന് എടുത്തോ എന്ന് അനുമതി നല്‍കിയ ഒരു അമ്മ , മരിച്ചുകിടന്നപ്പോള്‍ പോലും ജില്ലയില്‍ നിന്നുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറിയായ നിങ്ങള്‍ വന്നില്ല. ഇന്ന് നിങ്ങളുടെ എതിർ സ്ഥാനാർത്ഥിയായ ഡോക്ടർ സരിൻ എൻ്റെ വീട്ടില്‍ ഓടി വന്നിരുന്നു. ഞാൻ ഏറെ ബഹുമാനിച്ചിരുന്ന ആനത്തലവട്ടം ആനന്ദൻ, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, എഎ റഹീം, ബിആർഎം ഷഫീർ, വിറ്റി ബല്‍റാം, മുകേഷ് എംഎല്‍എ തുടങ്ങി എതിർപക്ഷത്തുള്ളവർ പോലും ഫോണിലൂടെയും നേരിട്ടും ഒക്കെ അനുശോചനങ്ങള്‍ അർപ്പിച്ചപ്പോള്‍ ഒരു ഫോണ്‍കോളില്‍ പോലും എന്നെയോ എന്റെ അച്ഛനെയോ നിങ്ങള്‍ ആശ്വസിപ്പിച്ചില്ല. ഒരു സംഘടനയില്‍ ഒരുമിച്ച് പ്രവർത്തിക്കുമ്ബോള്‍ ഉണ്ടാകേണ്ട മാനസിക അടുപ്പവും സ്നേഹവും പ്രകടിപ്പിക്കേണ്ടത് ഇത്തരം സന്ദർഭങ്ങളിലായിരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു. വരാത്ത ബാക്കി പ്രമുഖരെ കുറിച്ച് ഒന്നും എനിക്ക് വിഷമമില്ല. ഞാൻ സംസ്ഥാന ഭാരവാഹി ഇരിക്കുന്ന കാലത്തും എൻ്റെ അമ്മയുടെ മൃതദേഹത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ ഒരു റീത്ത് പോലും നിങ്ങള്‍ ആരും വെച്ചില്ല എന്നത് മറന്നുപോകരുത്. എന്നെ കൂടുതല്‍ സ്നേഹിച്ചു കൊല്ലരുത് എന്നു മാത്രമേ പറയാനുള്ളൂ.
സന്ദീപ് വാര്യർ മാറിനില്‍ക്കരുത് എന്ന് നിങ്ങള്‍ പുറത്തേക്ക് പറയുമ്ബോഴും കഴിഞ്ഞ അഞ്ചാറു ദിവസമായി എനിക്കു നേരിട്ട അപമാനത്തില്‍ ഒന്ന് സംസാരിക്കാൻ ഒരാള്‍ വന്നത് ഇന്ന് രാവിലെയാണ്. വന്ന ആള്‍ക്ക് പ്രത്യേകിച്ചൊന്നും പറയാനുമുണ്ടായിരുന്നില്ല. എനിക്കും കൂടുതല്‍ ഒന്നും പറയാനില്ല. കൃഷ്ണകുമാർ ഏട്ടന് വിജയാശംസകള്‍ നേരുന്നു. ബിജെപി ജയിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
എന്നാല്‍ അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ല. പ്രതികരണം ഇത്രയും വൈകിയത് എന്നെ ഒന്ന് ആശ്വസിപ്പിക്കാൻ ഞാൻ ബഹുമാനിക്കുന്ന മുതിർന്ന ആരെങ്കിലുമൊക്കെ ശ്രമിക്കും എന്ന പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷ നഷ്ടപ്പെട്ടതുകൊണ്ടാണ് എന്നെ സ്നേഹിക്കുന്നവരുടെ തെറ്റിദ്ധാരണ മാറ്റാൻ ഇത്രമാത്രം പങ്കുവെക്കുന്നത്.