തിരുവനന്തപുരം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ “സിനിമാബാധ’യിലുള്ള അമർഷം ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി പ്രമുഖ നേതാക്കള്‍.
പരസ്പര ബന്ധമില്ലാതെ സംസാരിച്ചും വാക്കുമാറ്റിപ്പറഞ്ഞും പാർടി വേദിയില്‍ സംസ്ഥാന, ജില്ലാ നേതാക്കളെ അപമാനിച്ചുമുള്ള പോക്ക് തുടരാനാകില്ലെന്നും അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ പാർടിക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്ന് നേതാക്കള്‍ അമിത് ഷായെയും ജെ പി നദ്ദയെയും ധരിപ്പിച്ചു. ചങ്ങനാശേരിയില്‍ പരിപാടിയില്‍ നിവേദനവുമായി വന്നവരെ ‘ഞാൻ നിങ്ങളുടെ എംപി അല്ലെ’ന്ന് പറഞ്ഞ് അധിക്ഷേപിച്ചെന്നും വേദിയില്‍ ഇരിക്കാൻ കൂട്ടാക്കിയില്ലെന്നും കാണിച്ച് ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കണ്ണൻ പായിപ്പാട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി അയച്ചതിന് പിന്നാലെയാണ് കൂടുതല്‍ നേതാക്കള്‍ രംഗത്ത് എത്തിയത്.
ചേലക്കരയില്‍ ബിജെപി കണ്‍വെൻഷനില്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും തൃശൂർ ജില്ലാ പ്രസിഡന്റ് അനീഷ് കുമാറും പറഞ്ഞത് പാടേ തള്ളി, താൻ ആംബുലൻസില്‍ പൂരത്തിനെത്തിയില്ലെന്ന സുരേഷ് ഗോപിയുടെ പ്രസംഗം നേതാക്കള്‍ക്ക് കടുത്ത ക്ഷീണമുണ്ടാക്കിയിരുന്നു. സുരേഷ്ഗോപിക്കായി തങ്ങളാണ് ആംബുലൻസ് ഏർപ്പാടാക്കിയതെന്നായിരുന്നു സുരേന്ദ്രനും അനീഷും അവിടെ പ്രസംഗിച്ചത്. എന്നാല്‍ ആംബുലൻസില്‍ കയറിയില്ലെന്ന കള്ളം തെളിവുകളുടെ മുന്നില്‍ പൊളിഞ്ഞതോടെ വ്യാഴാഴ്ച സുരേഷ്ഗോപി മലക്കം മറിഞ്ഞു. ഗുണ്ടകള്‍ ആക്രമിച്ചതിനാലാണ് ആംബുലൻസില്‍ കയറിയതെന്ന് പറഞ്ഞ അദ്ദേഹം ആക്രമണത്തില്‍നിന്ന് രക്ഷിക്കാൻ ബിജെപിക്കാരല്ല നാട്ടുകാരാണ് വന്നതെന്നും ഓർമിപ്പിച്ചു.
കഴിഞ്ഞ ദിവസം സുരേഷ് ഗോപി മാധ്യമങ്ങളെ പുറത്താക്കിയതും അധിക്ഷേപിച്ച് സംസാരിച്ചതും സംസ്ഥാന ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു. പൊതുവേദിയില്‍ മുഖ്യമന്ത്രിയെ അടക്കം മോശം വാക്കുകളിലൂടെ അപമാനിക്കാൻ ശ്രമിച്ചത് ബിജെപിക്ക് ക്ഷീണമുണ്ടാക്കിയെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. ഈ പോക്ക് നിയന്ത്രിക്കാൻ ആവശ്യമായ നിർദേശം ഡല്‍ഹിയില്‍ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു സംസ്ഥാന നേതാവ് പറഞ്ഞു.
നുണക്കുഴികളില്‍വീണ്
ആക്-ഷൻ സീറോ
തൃശൂർ പൂരത്തിന് ആംബുലൻസില്‍ എത്തിയിട്ടില്ലെന്ന നുണ പൊളിഞ്ഞപ്പോള്‍ പുതിയ കഥയുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പൂരത്തിന് ആംബുലൻസില്‍ എത്തിയെന്ന് സമ്മതിച്ച സുരേഷ് ഗോപി, തന്റെ വാഹനം ഗുണ്ടകള്‍ ആക്രമിച്ചെന്നും അതിനാലാണ് ആംബുലൻസില്‍ പോയതെന്നുമാക്കി പുതിയ തിരക്കഥ. താൻ ആംബുലൻസില്‍ പോയത് മായാക്കാഴ്ചയാണെന്നായിരുന്നു കഴിഞ്ഞ ദിവസം ചേലക്കരയിലെ എൻഡിഎ കണ്‍വൻഷനില്‍ സുരേഷ്ഗോപിയുടെ കള്ളം.
എന്നാല്‍ ആംബുലൻസില്‍ വന്നിറങ്ങുന്ന ദൃശ്യങ്ങള്‍ വീണ്ടും മാധ്യമങ്ങളില്‍ നിറഞ്ഞതോടെ എരിവും പുളിയും അടിയും പിടിയുമുള്ള പുതിയ ത്രില്ലർക്കഥതന്നെ തയ്യാറാക്കിയിരിക്കുകയാണ്. അഞ്ച് കിലോമീറ്റർ കാറില്‍ സഞ്ചരിച്ചാണ് പൂരത്തിനെത്തിയത്. എന്നാല്‍, തന്റെ വാഹനം ഗുണ്ടകള്‍ ആക്രമിച്ചു.
അവിടെനിന്നുംതന്നെ രക്ഷിച്ച് ആംബുലൻസില്‍ തൃശൂരിലെത്തിച്ചത് ഒരു രാഷ്ട്രീയവും ഇല്ലാത്ത ചെറുപ്പക്കാരാണെന്നാണ് പുതിയ നുണ. കാലിന് വേദനയുള്ളതിനാല്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ നടക്കാനാവാത്ത സ്ഥിതിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 19നായിരുന്നു തൃശൂർ പൂരം. ഇതുവരെ ഗുണ്ടാ ആക്രമണമുണ്ടായതായി സുരേഷ് ഗോപിയോ ബിജെപി നേതാക്കളോ എവിടെയും പറഞ്ഞിട്ടില്ല. പൊലീസില്‍ പരാതി നല്‍കിയിട്ടുമില്ല. മാസങ്ങള്‍ പിന്നിട്ടശേഷം പൂരപ്രേമികളെ അപമാനിക്കുംവിധമാണ് നുണക്കഥകള്‍ മെനയുന്നത്.