ലഖ്നൗ: മുസ്ലിം വിഷയങ്ങളിലൂന്നി പ്രസംഗം, തലയില് നല്ല വെളുപ്പുനിറമുള്ള വലത്തൊപ്പി, കഴുത്തില് സഊദി തൂവാല നീളത്തിലിട്ടിരിക്കുന്നു…
മുറാദാബാദിലെ കുന്ദര്ക്കി മണ്ഡലത്തില് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്ഥി രാംവീര് സിങ് താക്കൂറിനെ കണ്ടാല് ഒറ്റനോട്ടത്തില് മുസ്ലിം പാര്ട്ടിയുടെ പ്രതിനിധിയായിട്ടേ തോന്നൂ. പ്രത്യക്ഷത്തില് പതിവ് ബി.ജെ.പി നേതാക്കളില്നിന്ന് വ്യത്യസ്തന്. തോളില് ബി.ജെ.പിയുടെ പതാകയുള്ള ഷാളണിഞ്ഞ് പലപ്പോഴും കാവി കുപ്പായമിട്ടാണ് ബി.ജെ.പി നേതാക്കള് പ്രത്യക്ഷപ്പെടാറുള്ളതെങ്കില് അതില്നിന്നെല്ലാം വ്യത്യസ്തനാണ് രാംവീര് സിങ് താക്കൂര്.
രാംവീര് സിങ്ങിന് വേണ്ടി കൂട്ടുപ്രാര്ഥനനടത്താനും അനുയായികളുണ്ട്. ന്യൂനപക്ഷ മോര്ച്ച നേതാവും ആര്.എസ്.എസ്സിന് കീഴിലുള്ള മുസ്ലിംകളുടെ സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ച് പ്രവര്ത്തകനുമായ ബാസിത് അലിയാണ് പ്രാര്ഥനയ്ക്ക് നേതൃത്വം നല്കുന്നത്. അതു കഴിഞ്ഞ് ദൈവത്തിന്റെ പേരില് ബാസിത് അലി അനുയായികള്ക്ക് ശപഥവും ചെയ്തുകൊടുക്കുന്നു. ഖുര്ആന് സുക്തങ്ങള് സഹിതം അറബിയില് പ്രാര്ഥനയും നടത്തുന്നു. ഇസ്ലാമിക ചരിത്രങ്ങളുദ്ധരിച്ച് മതപ്രഭാഷണശൈലിയില് ബാസിത് പ്രസംഗിക്കുമ്ബോഴേക്കും രാംവീര് സിങ് വേദിയിലെത്തിയിട്ടുണ്ടാകും. തുടര്ന്ന് ഖുര്ആനും പ്രവാചകവചനങ്ങളും ഉദ്ധരിച്ച് രാംവീര് സിങ്ങും പ്രസംഗിക്കും. ഇടയ്ക്ക് എതിര്സ്ഥാനാര്ഥിയായ എസ്.പിയുടെ ഹാജി റിസ്വാനെ വ്യക്തിപരമായി ആക്രമിക്കുകയും ചെയ്യും.
പൊതുവെ യോഗി ആദിത്യനാഥിന്റെ യു.പിയില് പൊതുസ്ഥലത്ത് ഖുര്ആന് പാരായണവും അറബിയില് പ്രാര്ഥനയും നിര്വഹിക്കുന്നത് തീവഹിന്ദുത്വവാദികളുടെ ആക്രമണത്തിനുള്ള കാരണങ്ങളിലൊന്നാണെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ രീതിയിലാണ് രാംവീര് സിങ്ങിന്റെ പ്രചാരണം മുന്നോട്ടുപോകുന്നത്.
മുസ്ലിം അടയാളങ്ങളണിയുന്ന കോണ്ഗ്രസ് ഉള്പ്പെടെയുള്ള കക്ഷിനേതാക്കളുടെ നടപടിയെ പ്രീണനമായി കാണുന്ന ബി.ജെ.പിയുടെ കുന്ദര്ക്കിയിലെ പ്രചാരണരീതിയെ കടുത്ത ഭാഷയിലാണ് പ്രതിപക്ഷം പരിഹസിക്കുന്നത്. 60 ശതമാനമാണ് കുന്ദര്ക്കി നിയമസഭാ മണ്ഡലത്തിലെ മുസ്ലിം ജനസംഖ്യ. ആകെയുള്ള 12 സ്ഥാനാര്ഥികളില് രാംവീര് സിങ് ഒഴികെയുള്ളവരെല്ലാം മുസ്ലിംകളാണ്.
ഈ മാസം 13നാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്. ഫലം 23ന് പുറത്തുവരും.