
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ബി.ജെ.പി. നേതാവിന്റെ വിദ്വേഷ പ്രസംഗം.
സംസ്ഥാനത്തെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്ക് അടുത്തമാസം ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഹുമയൂണ്‍ കബീറിനെതിരെ ബി.ജെ.പി. നേതാവും നടനുമായ മിഥുൻ ചക്രബർത്തിയുടെ വിദ്വേഷ പ്രസംഗം നടത്തിയത്
‘ഇവിടെ 70 ശതമാനം മുസ്ലിങ്ങളും 30 ശതമാനം ഹിന്ദുക്കളുമാണെന്നും അവരെ വെട്ടി ഭാഗീരഥിയിലെറിയുമെന്നുമാണ് ഒരു നേതാവ് പ്രസംഗിച്ചത്. ഇതേക്കുറിച്ച് മുഖ്യമന്ത്രി മമത ബാനർജി എന്തെങ്കിലും പറയുമെന്നാണ് ഞാൻ കരുതിയത്. എന്നാല്‍ അവർ ഒന്നും പറഞ്ഞില്ല. അതുകൊണ്ട് ഇപ്പോള്‍ ഞാൻ പറയുന്നു. നമ്മള്‍ അവരെ വെട്ടി കുഴിച്ച് മൂടും.’ -മിഥുൻ ചക്രബർത്തി പറഞ്ഞു.
‘ഞാൻ മുഖ്യമന്ത്രിയല്ല. പക്ഷേ ഞാനിത് പറയുന്നു. ബംഗാളിന്റെ സിംഹാസനത്തിലേക്ക് വിജയിച്ചുകയറാനായി നമ്മള്‍ എന്തും ചെയ്യും. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആ സിംഹാസനം ബി.ജെ.പിയുടെ പക്കലാണ് ഉണ്ടാകുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് ഞാനിത് പറയുന്നത്. നമ്മള്‍ എന്തും ചെയ്യും.’ -74-കാരനായ മിഥുൻ ചക്രബർത്തി രോഷത്തോടെ പറഞ്ഞു.
‘ഞങ്ങള്‍ നിങ്ങളെ വെട്ടിയരിയും, പക്ഷേ ഭാഗീരഥിയില്‍ എറിയില്ല. കാരണം ആ നദി ഞങ്ങളുടെ മാതാവാണ്. പകരം മണ്ണിലേക്കാണ് നിങ്ങളെ വെട്ടിയെറിയുക’ -മിഥുൻ ചക്രബർത്തി പറഞ്ഞു. അമിത് ഷാ ഉള്‍പ്പെടെയുള്ള ബി.ജെ.പി. നേതാക്കള്‍ പുഞ്ചിരിയോടെയാണ് അദ്ദേഹത്തിന്റെ പ്രസംഗം കേട്ടിരുന്നത്.
ഈ മാസം ആദ്യമാണ് മിഥുൻ ചക്രബർത്തിയെ ദാദാ സാഹബ് ഫാല്‍കെ അവാർഡ് നല്‍കി ആദരിച്ചത്.