
പാലായില്‍ യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് സഹോദരൻ രംഗത്ത്. മണർകാട് മഹേഷിന്റെ ഭാര്യ ബിനിയുടെ (46) മരണവുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നിരിക്കുന്നത്.
പത്തടി ഉയരത്തിലുള്ള ഹുക്കില്‍ തൂങ്ങിയ നിലയിലാണ് ബിനിയുടെ മൃതശരീരം കണ്ടെത്തിയത്.
അഞ്ചടി രണ്ടിഞ്ച് മാത്രം ഉയരമുള്ള സഹോദരിക്ക് പരസഹായം ഇല്ലാതെ ഈ ഹുക്കില്‍ തുണി കുരുക്കാൻ ആവില്ല എന്നാണ് യുവതിയുടെ സഹോദരൻ ബിനു തോമസ് ചൂണ്ടിക്കാട്ടുന്നത്. പോലീസ് സ്ഥലത്തെത്തുന്നതിന് മുമ്ബ് മൃതദേഹം അഴിച്ചുമാറ്റിയതിലും അദ്ദേഹം ദുരൂഹത ആരോപിക്കുന്നു. യുവതിയുടെ ഭർത്താവ് ഒരു കൗണ്‍സിലറുടെ ജീവനക്കാരനാണ്. ഈ കൗണ്‍സിലറുടെ സാന്നിധ്യത്തില്‍ യുവതിയുടെ ഭർത്താവിന്റെ സഹപ്രവർത്തകനാണ് പോലീസ് എത്തുന്നതിനുമുമ്ബ് തുണി മുറിച്ച് മൃതദേഹം അഴിച്ചത്. പോലീസ് എത്താൻ കാത്തുനില്‍ക്കണമെന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ചിലർ ആവശ്യപ്പെട്ടത് ഗൗനിക്കാതെയായിരുന്നു ഈ നടപടി എന്നും ബിനു ആരോപിക്കുന്നു.
കൂടാതെ മരണം നടന്ന വീട്ടിലെ ഒരു മുറിയ്ക്കുള്ളില്‍ ആഭിചാരക്രിയകള്‍ക്ക് ഉപയോഗിക്കുന്നത് എന്ന് തോന്നിക്കുന്ന ഒരു പീഠം ഉള്ളതായും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. സഹോദരിക്കോ കുടുംബത്തിനും പറയത്തക്ക സാമ്ബത്തിക ബാധ്യത ഉള്ളതായി അറിവില്ലായെന്നും അദ്ദേഹം വ്യക്തമാക്കുന്നു. യുവതി മരണപ്പെടുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുമ്ബ് തൊട്ടടുത്തുള്ള ബന്ധുവീട്ടില്‍ എന്തോ ബഹളം നടന്നിരുന്നു എന്നും, മുറിയില്‍ ജനല്‍ ചില്ലുകള്‍ ഇടിച്ചു പൊട്ടിച്ച നിലയില്‍ കണ്ടെത്തിയിരുന്നു എന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. യുവതിയുടെ ഭർത്താവിൻറെ ഷർട്ടില്‍ ചോരപ്പാടുകള്‍ ഉണ്ടായിരുന്നുവെന്നും സഹോദരൻ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. സംഭവസ്ഥലത്ത് എത്തിയ പോലീസ് ഹുക്കില്‍ തൂങ്ങിക്കിടന്നിരുന്ന തുണി കഷ്ണം അവിടെ നിന്നും മാറ്റരുത് എന്ന് കൃത്യമായ നിർദ്ദേശം നല്‍കിയിട്ടും ഇത് വകവയ്ക്കാതെ ആ തുണി കഷ്ണവും നീക്കം ചെയ്തു എന്ന ആരോപണവും ഇദ്ദേഹത്തിന്റെ പരാതിയില്‍ ഉണ്ട്.