രത്തൻ ടാറ്റ പണം കടം വാങ്ങിയ സന്ദർഭം പങ്കുവെച്ച് അമിതാഭ് ബച്ചൻ. കോൻ ബനേഗാ ക്രോർപതി സീസണ്‍ 16 -ന്റെ ഒരു എപ്പിസോഡിലാണ് അദ്ദേഹം വർഷങ്ങള്‍ക്ക് മുൻപുള്ള ആ ദിവസത്തെ കുറിച്ച് സംസാരിച്ചത്.
വർഷങ്ങള്‍ക്ക് മുമ്ബ് ലണ്ടനിലേക്കുള്ള വിമാനയാത്രയില്‍ രത്തൻ ടാറ്റയും കൂടെയുണ്ടായിരുന്നു. ഹീത്രൂ എയർപോർട്ടില്‍ ഇറങ്ങിയപ്പോള്‍ അദ്ദേഹത്തിന് തന്റെ സഹായിയെ കണ്ടെത്താൻ സാധിച്ചില്ല. അന്ന് മൊബൈലൊന്നും പ്രചാരത്തിലില്ലാത്ത കാലമാണ്. അദ്ദേഹം ഉടൻ ഫോണ്‍ ചെയ്യാനായി ടെലിഫോണ്‍ ബൂത്തിലേക്ക് പോയി. ഞാൻ അപ്പോഴും ലഗേജിനായി നില്‍ക്കുകയായിരുന്നു. അധികം വൈകാതെ ടാറ്റ എന്റെ അടുത്തേക്ക് തിരികെ വന്നു. അദ്ദേഹം അന്ന് അദ്ദേഹം പറഞ്ഞത് എനിക്ക് വിശ്വസിക്കാൻ ഇപ്പോഴും കഴിയുന്നില്ല – ‘അമിതാഭ്, എനിക്ക് കുറച്ച് പണം കടം തരാമോ? ഒരു ഫോണ്‍ വിളിക്കാൻ എന്റെ കയ്യില്‍ കാശില്ല, അമിതാഭ് ബച്ചൻ പറഞ്ഞു.
രത്തൻ ടാറ്റയും ബച്ചനും വ്യക്തിപരമായ ബന്ധത്തിന് പുറമേ പ്രൊഫഷണല്‍ ബന്ധമുണ്ടായിരുന്നു. ടാറ്റയുടെ നിർമ്മാണ കമ്ബനിയായ ടാറ്റ ഇൻഫോമീഡിയ ലിമിറ്റഡ്, ബച്ചൻ അഭിനയിച്ച ചിത്രമായ ഏത്ബാറിന് പണം നല്‍കിയിരുന്നു. ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ടു, ടാറ്റ ഗ്രൂപ്പിന് ഏകദേശം 3.5 കോടി നഷ്ടമാവുകയും ചെയ്തു.
പാലക്കാട്: സിനിമാനടനും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായ കെ.മണികണ്ഠന്റെ വീടുകളിലും ഓഫീസിലും വിജിലൻസിന്റെ റെയ്ഡ്.
പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 1.90 ലക്ഷം രൂപ പിടിച്ചെടുത്തു. മൊബൈല്‍ ഫോണും ചില രേഖകളും വിജിലൻസ് കസ്റ്റഡിയിലെടുത്തു.
പാലക്കാട് ഒറ്റപ്പാലത്തെ വാടകവീട്ടിലും സബ് റീജിയണല്‍ ട്രാൻസ്പോർട്ട് ഓഫീസിലും കാസർകോട് ചെറുവത്തൂരിലെ വീട്ടിലുമാണ് വിജിലൻസ് പരിശോധന നടത്തിയത്. വരവില്‍ കവിഞ്ഞ സ്വത്ത് സാമ്ബാദിച്ച കേസിലാണ് വിജിലൻസ് പരിശോധന. ഒരേ സമയത്തായിരുന്നു മൂന്നിടത്തും പരിശോധന.
കാസർകോട് ചെറുവത്തൂർ സ്വദേശിയാണ് മണികണ്ഠൻ. ഒറ്റപ്പാലം സബ് റീജിയണല്‍ ട്രാൻസ്പോർട്ട് ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടറായ മണികണ്ഠൻ തോട്ടക്കരയില്‍ വാടകയ്‌ക്കാണ് താമസിക്കുന്നത്. ആട് -2, അഞ്ചാംപാതിര, ജാനകി ജാനേ ഉള്‍പ്പെടെ ഒട്ടേറെ സിനിമകളില്‍ ചെറിയ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട് മണികണ്ഠൻ.
വർഷങ്ങളായി ലോക ജനസംഖ്യാ നിരക്കില്‍ ഒന്നാമതായിരുന്ന രാജ്യമാണ് ചൈന. എന്നാല്‍ 2022ല്‍ ചൈനയെ കടത്തിവെട്ടി ഇന്ത്യ ജനസംഖ്യയില്‍ ഒന്നാമതെത്തിയിരുന്നു.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2.08 മില്യണ്‍ ആണ് ചൈനയിലെ നിലവിലെ ജനസംഖ്യ. തുടർച്ചയായ രണ്ടാം വർഷമാണ് ഇത്തരത്തില്‍ കുറവുണ്ടാവുന്നത്.
ഇപ്പോഴിതാ ചൈനയില്‍ നിന്ന് വളരെ വിചിത്രമായ വാർത്തയാണ് പുറത്തുവരുന്നത്. ചൈനയിലെ അങ്കണവാടികളും പ്രൈമറി സ്‌കൂളുകളും അടച്ചുപൂട്ടുന്നുവെന്നും എണ്ണം ചുരുങ്ങുന്നുവെന്നുമാണ് വാർത്തകള്‍ വ്യക്തമാക്കുന്നത്. ചൈനയിലെ ജനസംഖ്യാപരമായ മാറ്റങ്ങള്‍ അങ്കണവാടികളുടെ എണ്ണത്തിലും അങ്കണവാടികളില്‍ പുതിയതായി പേര് ചേർക്കുന്ന കുട്ടികളുടെ നിരക്കിലും വലിയ ഇടിവിന് കാരണമായെന്നാണ് സമീപകാല റിപ്പോർട്ടുകള്‍ വെളിപ്പെടുത്തുന്നത്.
ചൈനയിലെ പ്രീ-സ്‌കൂള്‍ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ തുടർച്ചയായ രണ്ടാം വർഷമാണ് ഇടിവുണ്ടാവുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന ജനസംഖ്യാ പ്രതിസന്ധിയാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കുറഞ്ഞ ജനനനിരക്ക്, വൃദ്ധരുടെ എണ്ണത്തിലെ വർദ്ധനവ്, ഉയരുന്ന സാമ്ബത്തിക സമ്മർദ്ദം എന്നിവയാണ് ചൈനയുടെ ജനസംഖ്യാ നിരക്ക് ഇടിയുന്നതിന്റെ കാരണങ്ങളായി ഉയർത്തിക്കാട്ടുന്നത്. ജനസംഖ്യാ ഇടിവില്‍ പരിഹാരം കണ്ടെത്താനും സാമ്ബത്തിക സ്തംഭനാവസ്ഥ ലഘൂകരിക്കാനും അധികാരികള്‍ വലിയ വെല്ലുവിളികളാണ് നേരിടുന്നത്.
2023ലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ട് പ്രകാരം, ചൈനയിലെ അങ്കണവാടികളുടെ (കിന്റർഗാർട്ടൻ) എണ്ണം അഞ്ച് ശതമാനത്തിലധികമാണ് കുറഞ്ഞത്. 14,808 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. ഇത് അങ്കണവാടികളുടെ ആകെ എണ്ണം 274,400 ആയി കുറച്ചു. 2022ല്‍ ചൈനയിലെ ആകെ അങ്കണവാടികളുടെ എണ്ണം 289,200 ആയിരുന്നു.
അങ്കണവാടികളില്‍ പ്രവേശനം നേടുന്നവരുടെ എണ്ണത്തിലും വലിയ ഇടിവുണ്ടാവുന്നതായി റിപ്പോർട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 2023ല്‍ 11.55 ശതമാനമാണ് കുറവുണ്ടായത്. മുൻവർഷത്തെക്കാള്‍ 5.35 ദശലക്ഷം കുറഞ്ഞ് 40.9 ദശലക്ഷം കുട്ടികളാണ് നിലവില്‍ പ്രവേശനം നേടിയിരിക്കുന്നത്. പ്രവേശനത്തില്‍ കഴിഞ്ഞ മൂന്ന് വർഷമായി ഇടിവുണ്ടാവുകയാണെന്ന് അധികൃതർ നിരീക്ഷിക്കുന്നു.
2023ല്‍ ആകെ ഒൻപത് ദശലക്ഷം കുട്ടികളാണ് ചൈനയില്‍ ജനിച്ചുവീണത്. 1949ന് ശേഷം അടയാളപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. പ്രീ-സ്‌കൂളുകളില്‍ എന്നപോലെ പ്രൈമറി സ്‌കൂളുകളിലും ഇടിവ് നേരിടുകയാണ്. 3.8 ശതമാനം ഇടിവാണ് രേഖപ്പെടുത്തുന്നത്. 5,645 പ്രൈമറി സ്‌കൂളുകള്‍ അടച്ചുപൂട്ടി. നിലവില്‍ 1,43,500 പ്രൈമറി സ്‌കൂളുകളാണ് ചൈനയില്‍ പ്രവർത്തിക്കുന്നത്. ജനസംഖ്യാ സുസ്ഥിരതയുടെ പ്രധാന ഘടകങ്ങളില്‍ ഒന്നായ ഫെർട്ടിലിറ്റി നിരക്ക് 2023ല്‍ 1.0 ന് താഴെയായതും ആശങ്ക ഉയർത്തുന്നു. 2.1 എന്ന റീപ്ലേസ്മെന്റ് ലെവലിന് താഴെയായതിലും ചൈന പ്രാധാന്യം നല്‍കുന്നുണ്ട്.
ചൈനയിലെ അങ്കണവാടികളുടെ എണ്ണം കുറയുന്ന പ്രവണത വിവിധ സാമൂഹിക മേഖലകളില്‍ മറ്റ് തരത്തിലെ മാറ്റങ്ങള്‍ക്ക് കാരണമാവുകയാണ്. ചൈനയിലെ പ്രായമായവരുടെ പരിചരണത്തിനായി അങ്കണവാടികള്‍ പരിചരണ കേന്ദ്രങ്ങളാക്കി മാറ്റുകയാണ്. അങ്കണവാടികളില്‍ ജോലി ചെയ്തിരുന്നവർക്ക് പ്രായമായവരെ പരിചരിക്കുന്നതിനുള്ള പരിശീലനവും നല്‍കുന്നു.
ഉയർന്ന ജീവിതച്ചെലവും ശിശുപരിപാലനച്ചെലവും കുട്ടികളുണ്ടാകുന്നതില്‍ നിന്ന് യുവാക്കളെ കൂടുതല്‍ നിരുത്സാഹപ്പെടുത്തുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഭവന ചെലവുകള്‍, വിദ്യാഭ്യാസരംഗത്തെ ചെലവുകള്‍, രാജ്യം നേരിടുന്ന സാമ്ബത്തിക അരക്ഷിതാവസ്ഥ തുടങ്ങിയവ കുടുംബാസൂത്രണത്തെ പലർക്കും ഉത്കണ്ഠയുടെ ഉറവിടമാക്കി മാറ്റിയിരിക്കുന്നു.
ചൈനയില്‍ നടത്തിയ ഒരു സർവേ വെളിപ്പെടുത്തുന്നത് യുവാക്കളില്‍ പകുതിയോളം പേരും ഒരു കുട്ടി മാത്രം മതിയെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് എന്നതാണ്. മൂന്നിലൊന്ന് പേർക്ക് കുട്ടികളേ വേണ്ട എന്ന നിലപാടിലാണ്. കൂടാതെ, സർവേയില്‍ പങ്കെടുത്തവരില്‍ 56 ശതമാനം പേർ വിവാഹം ഒരു ഓപ്‌ഷനായി മാത്രം കാണുന്നു. ഏകദേശം ആറ് ശതമാനം പേർ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് സർവേ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
ഉയർന്ന ജനനനിരക്ക് പ്രോത്സാഹിപ്പിക്കുന്നതിനും ശിശു സംരക്ഷണ ചെലവുകള്‍ ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ട് വിവിധ സംരംഭങ്ങള്‍ അവതരിപ്പിക്കുകയാണ് ചൈനയിപ്പോള്‍. വിവിധ സർവേകള്‍ നടത്തി കുട്ടികളുണ്ടാകാനുള്ള പൗരന്മാരുടെ വിമുഖതയ്ക്ക് പിന്നിലെ കാരണങ്ങള്‍ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നു.
വിവാഹത്തെയും കുഞ്ഞുണ്ടാകുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നതിനായി സബ്‌സിഡികള്‍ അടക്കം പലവിധ പദ്ധതികളാണ് ചൈന അവതരിപ്പിക്കുന്നത്. ഗോംഗ്‌ഡോംഗ് പോലെയുള്ള ചില പ്രദേശങ്ങളില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സാമ്ബത്തിക സബ്‌സിഡികള്‍ നല്‍കുന്നു. രണ്ട് കുട്ടികളുള്ള കുടുംബത്തിന് 10,000 യോണും മൂന്ന് കുട്ടികളുള്ള കുടുംബത്തിന് 30,000 യോണും ബോണസായി നല്‍കുന്നു. മാതാപിതാക്കള്‍ക്ക് അവധി അനുവദിക്കുന്നതിലെ നയങ്ങളില്‍ മാറ്റങ്ങള്‍, ശിശുസംരക്ഷണവുമായി ബന്ധപ്പെട്ട തൊഴില്‍ ചെലവുകള്‍ പങ്കിടുന്നതിനുള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക, ശിശുസംരക്ഷണ സേവനങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുക എന്നിവയും ചൈന മുന്നോട്ട് വയ്ക്കുന്നു.
ജനസംഖ്യാപരമായ മാറ്റങ്ങള്‍ക്ക് ചൈനയുടെ ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാൻ ഇടയുണ്ടെന്നാണ് വിലയിരുത്തല്‍. ജനനനിരക്ക് 1000 പേർക്ക് 6.39 ജനനങ്ങള്‍ എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്. ഇത് അടിയന്തരാവസ്ഥയ്ക്ക് അടിവരയിടുകയാണ്. ഷാങ്ഹായില്‍, പ്രത്യുല്‍പാദന നിരക്ക് 0.6 ആയി കുറഞ്ഞു.
പ്രായം കൂടുന്നത് തടയുന്നതിനായി കോടികള്‍ മുടക്കിയ അമേരിക്കൻ സംരംഭകനും നിക്ഷേപകനുമാണ് ബ്രയാൻ ജോണ്‍സണ്‍. അടുത്തിടെ തന്റെ ഭക്ഷണ രീതികള്‍ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.
ആറ് മണിക്കൂറിനിടെ ഒരു ദിവസത്തെ എല്ലാ ഭക്ഷണവും കഴിക്കുമെന്ന് അദ്ദേഹം പറയുന്നു.
അതായത് ഒരു ദിവസം ഏറ്റവും അവസാനം ഭക്ഷണം കഴിക്കുന്നത് രാവിലെ 11 മണിക്കാണ്. അതിന് ശേഷം രാത്രി ഉറങ്ങി എഴുന്നേല്‍ക്കുന്നത് വരെ 18 മണിക്കൂറോളം ഉപവസിക്കുമെന്ന് അദ്ദേഹം പറയുന്നു. ഈ ദിനചര്യ താൻ ഇഷ്ടപ്പെടുന്നുവെന്നും ഇത് നല്ല ഉറക്കം നല്‍കുമെന്നും യുട്യൂബർ രണ്‍വീർ അല്ലാബാഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ 47 കാരനായ ബ്രയാൻ ജോണ്‍സണ്‍ പറഞ്ഞു.
പയർ, പച്ചക്കറികള്‍, ബെറീസ്, പരിപ്പ്, വിത്തുകള്‍, എക്സ്ട്രാ വെർജിൻ ഒലിവ് ഓയില്‍ എന്നിവ ഉള്‍പ്പെടുന്ന ഭക്ഷണമാണ് കഴിക്കുന്നതെന്നും പഞ്ചസാര, പ്രൊസസ് ചെയ്തതും വറുത്തതുമായ ഭക്ഷണങ്ങള്‍, തിരിച്ചറിയാത്ത ചേരുവകളുള്ളതുമായ ഭക്ഷണങ്ങളുമെല്ലാം ഒഴിവാക്കിയെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ വർഷം ബ്രയാൻ ജോണ്‍സന്റെ ഡയറ്റ് ചാർട്ട് വൈറലായിരുന്നു. കൊളാജൻ, സ്പെർഡിമിൻ, ക്രിയാറ്റിൻ എന്നിവ അടങ്ങിയ ഗ്രീൻ ജയന്റ് സ്മൂത്തി കഴിച്ചാണ് അദ്ദേഹം ഒരു ദിവസം ആരംഭിക്കുന്നതെന്ന് ഫോർച്യൂണ്‍ റിപ്പോർട്ടില്‍ പറയുന്നു.
പിന്നീട് അഞ്ച് മണിക്കൂർ സമയപരിധിയ്ക്കുള്ളില്‍ വെജിറ്റബിള്‍ സാലഡും നട്ട്സ് പുഡ്ഡിങും ശേഷം മധുരക്കഴിങ്ങ് ഓറഞ്ച് ഫെനല്‍ എന്നിവ അടങ്ങുന്ന ഭക്ഷണവും ശേഷം ഫെന്നല്‍ സാലഡും കഴിക്കും.
പ്രായം കൂടുന്നത് തടയുന്നതിനുള്ള മാർഗം കണ്ടുപിടിക്കുന്നതിനായി ശ്രമിക്കുന്നവരില്‍ പ്രമുഖനാണ് ബ്രയാൻ ജോണ്‍സണ്‍. അടുത്തിടെ തന്റെ ശരീരത്തിനുണ്ടായ അത്ഭുതകരമായ മാറ്റങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
ഒരു വർഷത്തിനുള്ളില്‍ തന്റെ കഷണ്ടിയെ അതിജീവിച്ചതും സ്വാഭാവികമായ നിറത്തിലുള്ള മുടി തിരിച്ചുകൊണ്ടുവന്നതും എങ്ങനെയെന്ന് അദ്ദേഹം പങ്കുവെക്കുകയുണ്ടായി. പോഷകാഹാരം ഉള്‍പ്പടെയുള്ള ജീവിത രീതികളിലൂടെയും ലഘുചികിത്സകളിലൂടെയുമാണ് ഈ മാറ്റമുണ്ടായതെന്നാണ് അദ്ദേഹം പറയുന്നത്. മുടി സംരക്ഷിക്കുന്നതിന് പുരുഷന്മാർ നേരത്തെ തന്നെ ശ്രമിച്ച് തുടങ്ങണമെന്ന് അദ്ദേഹം പറയുന്നു. 40-കളിലും അതിന് ശേഷവും തലനിറയെ മുടി നിലനിർത്തുക സാധ്യമാണെന്നും അദ്ദേഹം പറയുന്നു.
‘ജനിതകപരമായി ഞാൻ കഷണ്ടിയാവേണ്ടതാണ്, 20 കള്‍ അവസാനത്തോടെ തന്നെ എനിക്ക് മുടികൊഴിച്ചില്‍ ആരംഭിച്ചതാണ്. എന്നാല്‍ 47 വയസാവുമ്ബോള്‍ എനിക്ക് തലനിറയെ മുടിയുണ്ട്. 70 ശതമാനം നരയും ഇല്ലാതായി’-അദ്ദേഹം എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. അതെങ്ങനെ സാധ്യമായെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നുണ്ട്.
തലോർ(തൃശ്ശൂർ): വടക്കുമുറിയില്‍ ഭാര്യയെ വെട്ടിക്കൊന്നശേഷം ഭർത്താവ് തൂങ്ങി മരിച്ചു. തലോർ പൊറത്തൂക്കാരൻ വീട്ടില്‍ ജോജു (50)വാണ് ഭാര്യ ലിഞ്ചു(36)വിനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
വീടിനകത്തുവെച്ച് ലിഞ്ചുവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജോജു വീടിന്റെ ടെറസിന് മുകളിലെത്തി തൂങ്ങിമരിക്കുകയായിരുന്നു. മൂന്നുമണിയോടെ വെട്ടേറ്റ ലിഞ്ചുവിന്റെ കരച്ചില്‍ കേട്ടിരുന്നതായി സമീപവാസികള്‍ പറയുന്നു. പിന്നീട് നാട്ടുകാർ പുതുക്കാട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് ലിഞ്ചുവിനെ മരിച്ച നിലയില്‍ കണ്ടത്. കഴുത്തിലും മുഖത്തും വെട്ടുകത്തികൊണ്ടുള്ള വെട്ടേറ്റ ലിഞ്ചുവിന്റെ ചെവി വേർപ്പെട്ട നിലയിലായിരുന്നു. സംഭവ ശേഷം ജോജു വീടിന് മുകളില്‍ പോയി ആത്മഹത്യ ചെയ്യുകയായിരുന്നു.
ജോജുവിന് തലോരില്‍ വർക്ക്ഷോപ്പും ലിഞ്ചു ബ്യൂട്ടീഷ്യനുമാണ്. ഒന്നര വർഷം മുൻപാണ് ഇവർ വിവാഹിതരായത്. ജോജുവിന്റെ രണ്ടാം വിവാഹവും ഇടുക്കി സ്വദേശിയായ ലിഞ്ചുവിന്റെ മൂന്നാം വിവാഹവുമായിരുന്നു. ആദ്യത്തെ വിവാഹത്തില്‍ ലിഞ്ചുവിന് രണ്ട് മക്കളുണ്ട്. കുട്ടികള്‍ ഇവരോടൊപ്പമാണ് താമസിക്കുന്നത്. ജോജുവിനും ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട്. കുട്ടികള്‍ സ്കൂളില്‍ പോയ സമയത്താണ് കൊലപാതകം.
കുറച്ചു നാളുകളായി ഇവർ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. വഴക്കിനെ തുടർന്ന് പുതുക്കാട് പോലീസില്‍ പരാതിയുമുണ്ടായിരുന്നു. ചാലക്കുടി ഡി.വൈ.എസ്.പി., സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി. എന്നിവരുടെ നേതൃത്വത്തില്‍ പുതുക്കാട് പോലീസ് സ്ഥലത്തെത്തി. ബുധനാഴ്ച ഇൻക്വസ്റ്റ് നടത്തുമെന്ന് പോലീസ് അറിയിച്ചു.
പുതുക്കാട് (തൃശൂര്‍): പുതുക്കാട് തലോരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങി മരിച്ചു. ചെറുവത്തക്കാരന്‍ വീട്ടില്‍ ജോജുവാണ് (50), ഭാര്യ ലിന്‍ജുവിനെ (36) കൊലപ്പെടുത്തിയശേഷം വീട്ടില്‍ തൂങ്ങിമരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം. സംശയ രോഗമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. ജോജുവിന്റെ രണ്ടാം വിവാഹവും, ലിന്‍ജുവിന്റെ മൂന്നാം വിവാഹവുമാണ്.
വെട്ടേറ്റ ലിന്‍ജുവിന്റെ അലര്‍ച്ച കേട്ട അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പുതുക്കാട് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇരുവരും മരിച്ച നിലയിലായിരുന്നു. ഇരുവരും തമ്മില്‍ വഴക്കും പൊലീസില്‍ പരാതിയും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പൊലീസ് രണ്ടു പേരെയും വിളിച്ച് രമ്യതയിലാക്കുകയും കൗണ്‍സലിംഗിന് അയയ്ക്കുകയും ചെയ്തിരുന്നതായും പറയപ്പെടുന്നു.
സംഭവം നടക്കുമ്ബോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഇരുവര്‍ക്കും മുന്‍ വിവാഹ ബന്ധങ്ങളില്‍ മക്കളുണ്ട്. ജോജുവിന്റെ ആദ്യ വിവാഹത്തിലെ കുട്ടി ആദ്യ ഭാര്യയ്ക്കൊപ്പമാണ് താമസിക്കുന്നത്. ലിന്‍ജുവിന്റെ രണ്ട് മക്കളാണ് ഇവര്‍ക്കൊപ്പം കഴിയുന്നത്. ഇടുക്കി സ്വദേശിയായ ലിന്‍ജു ഒന്നര വര്‍ഷം മുന്‍പാണ് ജോജുവിനെ വിവാഹം കഴിക്കുന്നത്.
പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ബന്ധുക്കളില്‍ നിന്നും അയല്‍ക്കാരില്‍ നിന്നും മൊഴിയെടുത്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
ഒറ്റപ്പാലം (പാലക്കാട്): വരവില്‍കവിഞ്ഞ സ്വത്ത് സമ്ബാദിച്ചെന്ന കേസില്‍ സിനിമാനടനും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായ കെ.മണികണ്ഠന്റെ വീടുകളിലും ഓഫീസിലും വിജിലൻസിന്റെ പരിശോധന.
ഒറ്റപ്പാലത്തെ വാടകവീട്ടിലും സബ് റീജിയണല്‍ ട്രാൻസ്പോർട്ട് ഓഫിസിലും കാസർകോട് ചെറുവത്തൂരിലെ വീട്ടിലുമാണ് വിജിലൻസ് പരിശോധന നടന്നത്.
ഒറ്റപ്പാലത്തെ വാടകവീട്ടില്‍ മണിക്കൂറുകളോളം നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്തതെന്ന് കരുതുന്ന 1.90 ലക്ഷം രൂപ പിടിച്ചെടുത്തതായി വിജിലൻസ് പി.ആർ.ഒ അറിയിച്ചു. കോഴിക്കോട്ടെ വിജിലൻസ് സ്പെഷല്‍ സെല്‍ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തതിന് പിന്നാലെയായിരുന്നു ഒരേസമയം മൂന്നിടത്തും പരിശോധന നടത്തിയത്. അനധികൃത സ്വത്ത് സമ്ബാദനം സംബന്ധിച്ച പരാതിയില്‍ പ്രാഥമിക അന്വേഷണം നേരത്തെ പൂർത്തിയാക്കിയിരുന്നു.
കാസർകോട് ചെറുവത്തൂർ സ്വദേശിയാണ് കെ. മണികണ്ഠൻ. ഒറ്റപ്പാലം സബ് റീജിയണല്‍ ട്രാൻസ്പോർട്ട് ഓഫിസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടറായ മണികണ്ഠൻ തോട്ടക്കരയിലാണ് വാടകയ്ക്ക് താമസിക്കുന്നത്. ഇവിടെയാണ് പരിശോധന നടന്നത്. ആറരമണിക്കൂറോളമാണ് പരിശോധന നീണ്ടത്. പണത്തിന് പുറമേ മൊബൈല്‍ ഫോണും ചില രേഖകളും വിജിലൻസ് കസ്റ്റഡിയിലെടുത്തു. റിപ്പോർട്ട് തലശ്ശേരി കോടതിയില്‍ സമർപ്പിക്കുമെന്നും പി.ആർ.ഒ അറിയിച്ചു.
ഒറ്റപ്പാലം സബ് റീജിയണല്‍ ട്രാൻസ്പോർട്ട് ഓഫിസില്‍ രാവിലെ പത്തരയോടെ പൂർത്തിയായ പരിശോധനയില്‍ അനധികൃതമായി ഒന്നും കണ്ടെത്തിയിട്ടില്ല. വീട് പണിക്കായി ബാങ്കില്‍നിന്ന് വായ്പയെടുത്ത പണമാണിതെന്നും ഇതിന് രേഖയുണ്ടെന്നും കെ.മണികണ്ഠൻ പറഞ്ഞു. ആട് -2, അഞ്ചാംപാതിര, ജാനകി ജാനേ ഉള്‍പ്പെടെ ഒട്ടേറെ സിനിമകളില്‍ ചെറിയ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട് മണികണ്ഠൻ.
തിരുവനന്തപുരം: ഇന്നലെയാണ് തിരുവനന്തപുരം വാമനപുരത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നത്.
പക്ഷെ ഈ കൂട്ടയിടിയിലൂടെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് കടുത്ത നിയമ ലംഘനം. ഇന്നലെ വൈകുന്നേരമാണ് മുഖ്യമന്ത്രി സഞ്ചരിച്ച വാഹനമടക്കം അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരിക്കില്ല. മുഖ്യമന്ത്രിയുടെ വാഹനവും എസ്‌കോര്‍ട്ട് വാഹനവുമടക്കം അഞ്ചുവാഹനങ്ങളാണ് സംഭവത്തില്‍ അപകടത്തില്‍പ്പെട്ടത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് അപകടത്തിന്റെ കാരണം ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. അപകടം ഉണ്ടായസ്ഥലത്ത് ഡിവൈഡറിന് സമാനമായ ‘ഇരട്ട മഞ്ഞവര’യുണ്ടായിരുന്നു. അവിടെ ഒരുകാരണവശാലും വാഹനങ്ങള്‍ മറികടക്കാന്‍ പാടില്ല. പക്ഷെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം നീങ്ങിയത് പൂര്‍ണമായും മഞ്ഞവര മറികടന്നാണ്.
മഞ്ഞവരയും റെഡ്ലൈറ്റും ഉള്‍പ്പെടെയുള്ള ഗതാഗത ക്രമീകരണങ്ങള്‍ വി.ഐ.പി വാഹനവ്യൂഹത്തിന് വലിയ ബാധകമാണ്. പക്ഷെ, സുരക്ഷ കണക്കിലെടുത്ത് ഒഴിവാക്കാനുള്ള അധികാരം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇവിടെ മുഖ്യമന്ത്രിക്ക് സുരക്ഷാ പ്രശ്‌നമൊന്നുമില്ല. എന്നിട്ടും ഗതാഗത നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഇന്നലെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ചീറി പാഞ്ഞത്. ഇപ്പോഴിതാ ഗതാഗത നിയമങ്ങള്‍ വീണ്ടും ചർച്ചയാകുന്നു. റോഡിലെ അതിസുരക്ഷാ മുന്നറിയിപ്പായ ‘മഞ്ഞവര’യെ കുറിച്ച് കൂടുതലറിയാം.
ഇരട്ട തുടർച്ചയായ ‘മഞ്ഞവര’ റോഡിലെ വരകളുടെ പട്ടികയിലെ ഏറ്റവും കർശനമായ മുന്നറിയിപ്പാണിത്. അതുകൊണ്ടുതന്നെ ഈ വരെയക്കുറിച്ച് ആദ്യം തന്നെ വിശദമാക്കാം. ഒരു ഇരട്ട തുടർച്ചയായ മഞ്ഞ വര സൂചിപ്പിക്കുന്നത് രേഖ മുറിച്ചുകടക്കുന്നത് ഇരുവശത്തേക്കും അനുവദനീയമല്ല എന്നാണ്. അതിനാല്‍ ഓവർടേക്കിംഗോ യു-ടേണുകളോ ഇവിടെ ഒരു കാരണവശാലും ചെയ്യരുത്. അല്ലെങ്കില്‍ ലെയ്ൻ മാറരുത്. അപകടസാധ്യത കൂടുതലുള്ള അപകടകരമായ രണ്ടുവരി റോഡുകളിലാണ് ഈ രീതി സാധാരണയായി കാണപ്പെടുന്നത്.
തുടര്‍ച്ചയായ മഞ്ഞവര റോഡിനുനടുവിലെ തുടര്‍ച്ചയായ മഞ്ഞവര ഒരുകാരണവശാലും മറികടക്കല്‍ പാടില്ലെന്ന സൂചന നല്‍കുന്നു. വളവുകളിലും അപകടമേഖലകളിലുമാണിത്. മുറിഞ്ഞ മഞ്ഞ റോഡ് വരകള്‍ ഓവര്‍ടേക്കിംഗ് അല്ലെങ്കില്‍ മുന്നിലുള്ള വാഹനങ്ങളെ നിങ്ങള്‍ക്ക് മറികടക്കാം. പക്ഷെ, മുന്‍കരുതലുണ്ടാകണമെന്ന് മുറിഞ്ഞ മഞ്ഞ വരകള്‍ സൂചിപ്പിക്കുന്നു.
നീണ്ടു നിവര്‍ന്ന മഞ്ഞ വരകള്‍ക്ക് സമാന്തരമായ മുറിഞ്ഞ മഞ്ഞ വരകള്‍ ഇവിടെ രണ്ട് തരത്തിലുള്ള അനുവദങ്ങളാണ് റോഡ് നല്‍കുന്നത്. മുറിഞ്ഞ മഞ്ഞ വരയുള്ള വശത്തുള്ളവര്‍ക്ക് ഓവര്‍ടേക്ക് ചെയ്യാം. എന്നാല്‍ നീണ്ടു നിവര്‍ന്ന മഞ്ഞ വരകളുള്ള വശത്തുള്ളവര്‍ ഓവര്‍ടേക്ക് ചെയ്യാന്‍ പാടില്ല.
ഇടതുവശത്തെ തുടര്‍ച്ചയായ വെള്ളവര റോഡിന്റെ അതിര് ഓര്‍മപ്പെടുത്തുന്നു. രാത്രിയില്‍ സുരക്ഷിതമായി വണ്ടിയോടിക്കാന്‍ സഹായിക്കുന്നു. വീതിയുള്ള റോഡുകളിലാണെങ്കില്‍ അരികില്‍നിന്ന് അല്പം വിട്ടിട്ടായിരിക്കും ഈ വര. ഇതിലൂടെ കാല്‍നടയാത്രക്കാര്‍ക്കു നടന്നുപോകാനും സൈക്കിളോടിക്കാനും പറ്റും. വേഗം കുറച്ചുപോകുന്ന ഇരുചക്രവാഹനക്കാര്‍ക്കും ഈ ഭാഗം ഉപയോഗിക്കാം.
നടുവിലെ ഇടവിട്ട വെള്ളവര രണ്ടുവരിപ്പാതയുടെ മധ്യത്തിലായി ഇടവിട്ട് കാണുന്ന വെള്ളവര ഇരുദിശയിലേക്കുമുള്ള വാഹനങ്ങളെ വേര്‍തിരിക്കാനായാണ്. ഇടതുഭാഗം നിലനിര്‍ത്തി വാഹനം ഓടിക്കാന്‍ സഹായിക്കുന്നു. ഈ വരയാണെങ്കില്‍ എതിരേ വാഹനം ഇല്ലെന്നുറപ്പാക്കി മുന്നിലെ വാഹനത്തെ മറികടക്കാം.
നാലുവരിപ്പാതകളിലും ഇടവിട്ട വരകളുണ്ടാകും. ഇവിടെ വരിപിടിച്ച് വാഹനം ഓടിക്കണം. അഥവാ ലെയ്ന്‍ ട്രാഫിക്. വേഗം കൂടിയവ വലതുവരിയിലും കുറഞ്ഞവ ഇടതുവരിയിലൂടെയും പോകണമെന്നാണ് നിര്‍ദേശം. പക്ഷേ പലരും അങ്ങനെ ചെയ്യാറില്ല. ഭാരം കയറ്റി ഇഴഞ്ഞുപോകുന്ന വലിയ ലോറികളും ഇരുചക്രവാഹനങ്ങളും വലതുവരിയിലൂടെ പോകുന്നതു പതിവു കാഴ്ചയാണ്. വരി മാറുന്നുണ്ടെങ്കില്‍ തൊട്ടു പിറകില്‍ വാഹനം ഇല്ലെന്ന് കണ്ണാടിയില്‍ നോക്കി ഉറപ്പാക്കി ഇന്‍ഡിക്കേറ്റര്‍ വഴി അക്കാര്യം സൂചിപ്പിച്ചുവേണം മാറാന്‍.
അകലം കുറഞ്ഞഇടവിട്ട വെള്ളവര അപകടസാധ്യതയുള്ള സ്ഥലം അടുത്തുവരുന്നുവെന്ന മുന്നറിയിപ്പു നല്‍കാനാണ് ഇത്തരം വരകള്‍. വളവുകള്‍, ജങ്ഷനുകള്‍ മുതലായ സ്ഥലങ്ങള്‍ക്കു മുന്‍പായി റോഡിനു നടുക്ക് തുടര്‍ച്ചയായാണ് ഈ വര. തമ്മിലുള്ള അകലം വളരെക്കുറവായിരിക്കും.
മുറിയാത്ത വെള്ളവര ഇരുദിശയിലേക്കുമുള്ള വാഹനങ്ങളെ വേര്‍തിരിക്കുന്നു. റോഡിന്റെ ഇടതുഭാഗത്തുകൂടി വാഹനമോടിക്കണം. വര മുറിച്ചുകടക്കുന്നതിനു നിയന്ത്രണമുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ മറികടക്കല്‍ ഒഴിവാക്കണം. നീണ്ടു നിവര്‍ന്ന വെള്ള റോഡ് വരകള്‍
റോഡ് വരി മാറരുതെന്ന വ്യക്തമായ നിര്‍ദ്ദേശമാണ് നീണ്ടു നിവര്‍ന്നുള്ള വെള്ള റോഡ് ലൈനുകള്‍ സൂചിപ്പിക്കുന്നത്. ഒരു കാരണവശാലും വരിയില്‍ നിന്നും മാറി ഡ്രൈവ് ചെയ്യരുതെന്ന സൂചന ഇന്ന് മിക്കപ്പോഴും പാലിക്കപ്പെടാറില്ല. മുറിയാത്ത രണ്ടു വെള്ളവര
ഈ ഭാഗങ്ങളില്‍ മറികടക്കാനേ പാടില്ല. അപകടമേഖലയോ ജങ്ഷനോ വളവോ ഉണ്ടെന്നു മുന്നറിയിപ്പ് നല്‍കാനാണിത്.
ഇടവിട്ട വരയ്‌ക്കൊപ്പം നീണ്ടവര വാഹനം ഓടിക്കുന്നയാളിന്റെ വലതുഭാഗത്ത് റോഡില്‍ ആദ്യം ഇടവിട്ടവരയും അതിനോടു ചേര്‍ന്നുതന്നെ തുടര്‍ച്ചയായ നീണ്ടവരയും ഉണ്ടെങ്കില്‍ മറികടക്കാം. എന്നാല്‍, വലതുഭാഗത്തു നീണ്ടവരയും അതിനോടുചേര്‍ന്നു മറുഭാഗത്ത് ഇടവിട്ട വരയുമെങ്കില്‍ മറികടക്കരുത്. അതായത് ഇത്തരം സ്ഥലങ്ങളില്‍ ഏതെങ്കിലും ഒരുദിശയിലേക്കു പോകുന്നവര്‍ക്കേ മറികടക്കാന്‍ അനുമതിയുള്ളൂ. ഇടവിട്ട വരകളില്‍ ഇടത്തേക്കു ചൂണ്ടു ചിഹ്നം
നടുവില്‍ ഏണിവരകള്‍ ഇരുവരിപ്പാതയുടെ മധ്യത്തില്‍ ഏണിയുടെ രൂപത്തിലുള്ള വെള്ളവരകള്‍ നീണ്ടുപോകുന്നത് ഡിവൈഡറിനു തുല്യമാണ്. ഇത് അപകടസാധ്യതയുള്ളസ്ഥലമാണ്. മറികടക്കുകയോ ആ ഏണിച്ചിത്രത്തിലൂടെ വാഹനമോടിക്കുകയോ ചെയ്യരുത്. ഈ വരകള്‍ ചെന്നുചേരുന്നത് ഡിവൈഡറുകളിലേക്കാകാം. ഇതേവരകള്‍ മഞ്ഞനിറത്തിലുമുണ്ടാകാറുണ്ട്. അവ ശക്തമായ അപകടസൂചന നല്‍കുന്നു.
വളഞ്ഞ വരകള്‍ റോഡരികിലും ചിലപ്പോള്‍ നടുക്കും ചരിഞ്ഞും തിരിഞ്ഞുമുള്ള തുടര്‍ച്ചയായ വെള്ളവര(സിഗ് സാഗ്), മുന്നില്‍ കാല്‍നടയാത്രക്കാര്‍ക്കു റോഡുമുറിച്ചുകടക്കുന്നതിനുള്ള സീബ്രാലൈന്‍ ഉണ്ടെന്നതിന്റെ സൂചനയാണ്. അതിനാല്‍ വേഗം കുറച്ചുപോകുക, മറികടക്കാന്‍ പാടില്ല എന്നും അവ സൂചിപ്പിക്കുന്നു. ഇടതുഭാഗത്തെ തുടര്‍ച്ചയായ മഞ്ഞവര ഇവിടെ വാഹനം നിര്‍ത്താനോ നിര്‍ത്തിയിടാനോ പാടില്ല.
കുറുകെയുള്ള ആറു മഞ്ഞവരകള്‍ വേഗം കുറച്ചുപോകണമെന്നു സൂചിപ്പിക്കുന്ന വരകളാണിത്. ജങ്ഷനുകള്‍ക്കു മുന്‍പായിട്ടും തിരക്കുള്ള ഇടങ്ങളിലുമാണ് റോഡിനു കുറുകെ ആറു മഞ്ഞവരകള്‍ അടയാളപ്പെടുത്തുന്നത്. ഹമ്ബുകള്‍ക്കു പകരമാണ് ഈ വരകള്‍ മഞ്ഞച്ചതുരക്കളങ്ങള്‍ റോഡു നിറയെവരുന്ന തരത്തില്‍ വലിയ മഞ്ഞക്കളവും അതിനുള്ളില്‍ ചെറിയ
കുറേ കളങ്ങളും. പ്രധാന റോഡ് വന്നുചേരുന്ന, സ്ഥലം കുറഞ്ഞതും തിരക്കു കൂടിയതുമായ ജങ്ഷനുകളിലാണ് യെലോ ബോക്‌സ് ജങ്ഷന്‍ എന്ന ഈ അടയാളമുണ്ടാകുക. ഇവിടെ യു ടേണ്‍ എടുക്കാന്‍ സൗകര്യമുണ്ടാകില്ല. ഈ കളങ്ങളില്‍ വാഹനം നിര്‍ത്തിയിടാന്‍ പാടില്ല. കടന്നുപോകാന്‍ കഴിയുമെങ്കില്‍ മാത്രമേ അതിലേക്കു വാഹനം പ്രവേശിപ്പിക്കാൻ പാടുള്ളു. ഇല്ലെങ്കില്‍ അതിനുമുന്‍പായി നിര്‍ത്തണം.
കുറുവരകളുള്ള അരികിലെ വെള്ള/മഞ്ഞ വര റോഡിന്റെ അതിര്‍ത്തി ഓര്‍മപ്പെടുത്തുന്ന ഇടതുവശത്തെ വെള്ളവരയില്‍നിന്നു തുടങ്ങി റോഡിനു പുറത്തേക്കുള്ള ചരിഞ്ഞ അനേകം കുറുവരകളെ നടപ്പാതയായാണ് കരുതുന്നത്. ഇത് കാല്‍നടയാത്രയ്ക്കുവേണ്ടി മാത്രമുള്ളതാണ്. ഇത്തരം സ്ഥലങ്ങളില്‍ ഒരുകാരണവശാലും വാഹനം കയറ്റുകയോ നിര്‍ത്തിയിടുകയോ ചെയ്യരുത്.
70 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
വരുമാനമോ സാമ്ബത്തിക സ്ഥിതിയോ നോക്കാതെ 70 വയസ് കഴിഞ്ഞ ആര്‍ക്കും പദ്ധതിയില്‍ ചേരാം.
ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ അരോഗ്യ യോജന (എ.ബി-പി.എം.ജെ.എ.വൈ) പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജാണ് ലഭിക്കുക. ഒരു കുടുംബത്തില്‍ ഒന്നിലേറെ പേര്‍ പദ്ധതിയില്‍ അംഗങ്ങളാണെങ്കില്‍ കവറേജ് പങ്കുവയ്ക്കും. രാജ്യത്തെ നാലരക്കോടി കുടുംബങ്ങളിലെ ആറു കോടിയോളം മുതിര്‍ന്ന പൗരന്മാര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
മുതിര്‍ന്ന പൗരന്മാര്‍ക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ പ്രദാനം ചെയ്യുന്നതെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മോദി പറഞ്ഞു. ആരോഗ്യത്തെയും ഇതിനായി ചെലവഴിക്കുന്ന തുകയെയുംപറ്റി ചിന്തിച്ച് മുതിര്‍ന്ന പൗരന്മാര്‍ ആശങ്കാകുലരായിരുന്നു. ഈ അവസ്ഥ ഒഴിവാക്കാന്‍ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ സാധിക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പുതിയ ഗുണഭോക്താക്കളില്‍ 58 ശതമാനം പേരും സ്ത്രീകളാണ്. ഇതില്‍ 54 ശതമാനം പേര്‍ വിധവകളുമാണ്. 5 ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷയില്‍ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കും.
രജിസ്‌ട്രേഷന്‍ എങ്ങനെ?
പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന പോര്‍ട്ടലിലോ ആയുഷ്മാന്‍ ആപ്പിലോ പദ്ധതിയില്‍ ചേരുന്നതിന് രജിസ്റ്റര്‍ ചെയ്യാം. ആയുഷ്മാന്‍ കാര്‍ഡ് നിലവിലുള്ളവര്‍ പുതിയ കാര്‍ഡിനായി അപേക്ഷിക്കണം. ഇ-കെ.വൈ.സി പൂര്‍ത്തിയാക്കുകയും വേണം. കേരളത്തില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. https://beneficiary.nha.gov.in/ എന്ന വെബ്‌സൈറ്റ് വഴിയും രജിസ്റ്റര്‍ ചെയ്യാം.
പത്തനംതിട്ട: വാക്കുകള്‍ വീർപ്പുമുട്ടുകയായിരുന്നു മഞ്ജുഷയുടെ ഉള്ളില്‍. നവീൻ ബാബുവിന്റെ അവിശ്വസനീയമായ വേർപാട് താങ്ങാനുള്ള ശക്തി ഇനിയും വീണ്ടെടുക്കാനായിട്ടില്ല.
ഹൃദയമുള്ളവരെയെല്ലാം കണ്ണീരിലാഴ്ത്തിയ സംഭവത്തിനുശേഷം ആദ്യമായി മനസ്സ് തുറക്കാൻ ശ്രമിക്കുകയായിരുന്നു നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. ദുരന്തത്തിന് കാരണക്കാരിയായ പി.പി. ദിവ്യ പൊലീസ് കസ്റ്റഡിയിലായതിനെ തുടർന്നാണ് കേരളകൗമുദിയോട് അവർ സംസാരിച്ചത്. ഒളിവിലായിരുന്ന ദിവ്യയുടെ അറസ്റ്റിനെക്കുറിച്ചാണ് ആദ്യം പ്രതികരിച്ചത്.
”ഞങ്ങളുടെ ജീവിതം നശിപ്പിച്ചയാളുടെ അറസ്റ്റ് ആഗ്രഹിച്ചിരുന്നു. അതിനായി കാത്തിരിക്കുകയായിരുന്നു. വൈകിയപ്പോള്‍ വലിയ വിഷമം തോന്നി. നിയമത്തില്‍ വിശ്വാസമുണ്ട്. അവർക്ക് പരമാവധി ശിക്ഷ ലഭിക്കണം. ആർക്കും ദ്രോഹം ചെയ്യാത്ത വ്യക്തിയായിരുന്നു അദ്ദേഹം. നിയമം എല്ലാവർക്കും ഒരു പോലെയാണ്. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടണം. അതിനായി കേസുമായി ഏതറ്റംവരെയും പോകും.””
കളക്ടറെ പ്രതി ചേർക്കണമെന്ന് ആവശ്യപ്പെടുമോ?
ഇല്ല, കളക്ടറെ പ്രതി ചേർക്കണം എന്നില്ല. പക്ഷേ… അവർ സംസാരിക്കുമ്ബോള്‍ കളക്ടർക്ക് ഇടപെടാമായിരുന്നു. അല്ലെങ്കില്‍ അതിനായി മറ്റൊരു വേദി ഒരുക്കാമായിരുന്നു. നല്ലൊരു ഡെപ്യൂട്ടി കളക്ടറായതുകൊണ്ടാണ് അദ്ദേഹത്തെ പത്തനംതിട്ടയിലേക്ക് വിടാൻ മടിക്കുന്നതെന്ന് നവീൻ ബാബു മരിക്കുന്നതിന് രണ്ടു ദിവസം മുമ്ബുവരെ പറഞ്ഞയാളാണ് കളക്ടർ. എന്നിട്ടും ആ യോഗത്തില്‍ അപമാനം സഹിച്ചിരുന്ന അദ്ദേഹത്തെ കളക്ടർ സംരക്ഷിച്ചില്ല. പ്രതിക്ക് മൗനാനുവാദം നല്‍കുകയായിരുന്നു. സ്റ്റാഫ് കൗണ്‍സില്‍ സംഘടിപ്പിച്ച യോഗത്തില്‍ അവരെ സംസാരിപ്പിച്ചതും ചാനലുകളെക്കൊണ്ട് റെക്കാഡ് ചെയ്യിച്ചതും ശരിയായില്ല. കളക്ടറായിരുന്നു ആ യോഗത്തിലെ അദ്ധ്യക്ഷൻ. ആദ്ദേഹത്തിന് ഇടപെടാമായിരുന്നു. നഷ്ടപ്പെട്ടത് ഞങ്ങള്‍ക്കല്ലേ….
ജോലി സംബന്ധമായ പ്രശ്നങ്ങള്‍ മുമ്ബു പറഞ്ഞിട്ടുണ്ടോ?
ഇല്ല. ജോലിയും കുടുംബവും തമ്മില്‍ കൂട്ടിക്കലർത്താൻ അദ്ദേഹം അനുവദിച്ചിരുന്നില്ല. രണ്ടു വർഷമായി പത്തനംതിട്ട ജില്ലയില്‍ നിന്ന് മാറിയിട്ട്. കാസർകോടും കണ്ണൂരും ആയിരിക്കുമ്ബോഴും മലയാലപ്പുഴയിലെ വീട്ടിലെത്തിയാല്‍ സന്തോഷവാനായിരുന്നു. ഒരു സമ്മർദ്ദവും വീട്ടിലേക്ക് എത്തിച്ചിരുന്നില്ല. എന്നോടും അങ്ങനെ തന്നെയാണ് പറയുക. ഞങ്ങള്‍ കുടുംബമായി കണ്ണൂരില്‍ പോയിട്ടുമുണ്ട്. അവിടെ ഒരു അദാലത്ത് നടക്കുമ്ബോള്‍ ഏതോ വിഷയവുമായി ഒരമ്മയും മകളും എത്തി. അവരുടെ വിഷമങ്ങള്‍ കേട്ട അദ്ദേഹം കൈയിലുണ്ടായിരുന്ന പണം അവർക്ക് നല്‍കിയാണ് മടക്കി അയച്ചത്. അദ്ദേഹത്തിന്റെ സഹപ്രവർത്തകരാണ് അതെന്നോട് പറഞ്ഞത്. എല്ലാവരോടും കരുതലോടെയാണ് അദ്ദേഹം ഇടപെട്ടിരുന്നത്. എന്നിട്ടും…
അവസാനമായി സംസാരിച്ചത് രാത്രി എട്ടു മണിക്ക്
യാത്ര അയപ്പുയോഗം കഴിഞ്ഞശേഷം രാത്രി എട്ട് മണിയോടെയാണ് അവസാനമായി നവീൻബാബുവുമായി സംസാരിച്ചത്. അങ്ങോട്ട് വിളിക്കുകയായിരുന്നു. അദ്ദേഹം അസ്വസ്ഥനായിരുന്നു. മാനസികമായി ബുദ്ധിമുട്ടുന്ന നിലയിലാണ് സംസാരിച്ചത്. രാവിലെ എത്തുമെന്നാണ് അപ്പോള്‍ പറഞ്ഞത്. ഈ സംഭവത്തെക്കുറിച്ചൊന്നും കൂടുതല്‍ വിവരങ്ങള്‍ പറഞ്ഞിരുന്നില്ല. ആർക്കും എപ്പോഴും സംസാരിക്കാനും സംശയനിവാരണത്തിനും അദ്ദേഹത്തെ വിളിക്കാമായിരുന്നു. കോന്നി താഹസില്‍ദാർ ആയ ഞാനും അദ്ദേഹത്തോട് അഭിപ്രായം ചോദിക്കുമായിരുന്നു.
പൊലീസ് നടപടികളില്‍ തൃപ്തരാണോ?
അറസ്റ്റ് വൈകുന്നതില്‍ സ്വഭാവികമായും ബുദ്ധിമുട്ട് തോന്നിയിരുന്നു. നേരത്തെ അറസ്റ്റ് രേഖപ്പെടുത്താമായിരുന്നു. ജാമ്യം നിഷേധിക്കുന്നതുവരെ കാത്തിരിക്കേണ്ടിയിരുന്നില്ല. നിലവിലെ അന്വേഷണത്തില്‍ വിശ്വാസമുണ്ട്. അന്വേഷണം കാര്യക്ഷമമായി നടക്കുമെന്നാണ് വിചാരിക്കുന്നത്.
അന്വേഷണത്തില്‍ വീഴ്ച ഉണ്ടായിട്ടുണ്ടോ?
ഇൻക്വസ്റ്റും പോസ്റ്റുമോർട്ടം നടപടികളും കുടുംബം എത്തുന്നതിനു മുമ്ബേ പൂർത്തിയാക്കിയിരുന്നു. അത് അന്വേഷിക്കണം. എഫ്.ഐ.ആർ മാത്രമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് കോടതിയിലാണ് ഹാജരാക്കിയത്. അതില്‍ എന്തൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമല്ല. ആത്മഹത്യാക്കുറിപ്പ് കണ്ടെത്താത്തതിലും സംശയമുണ്ട്.
ഇല്ല. ഞങ്ങള്‍ ഒരു പാർട്ടിയിലും അംഗമല്ല. കുടുംബത്തിനുമേലും അങ്ങനെയൊരു സമ്മർദ്ദമില്ല.
നിയമപരമായിട്ടാണ് മുമ്ബോട്ടു പോയത്. ഇനിയും അങ്ങനെതന്നെയാകും പോകുക. നവീൻ ബാബുവിന്റെ സഹോദരൻ പ്രവീണ്‍ ബാബു പറഞ്ഞു. ഇതില്‍ രാഷ്ട്രീയമില്ല. നവീൻ ബാബുവിന്റെ മരണത്തില്‍ എന്തെങ്കിലും ഗൂഢാലോചനയുണ്ടെങ്കില്‍ പുറത്തുവരണം. അറസ്റ്റ് നടന്നതില്‍ സന്തോഷമുണ്ട്. ഒരു പാർട്ടിയിലും അംഗത്വമില്ല. പോസ്റ്റ്മാർട്ടം നടപടികള്‍ കളക്ടറുടെ നേതൃത്വത്തിലാണ് നടന്നത്. അതില്‍ വീഴ്ചയുണ്ടെങ്കില്‍ അന്വേഷിക്കണം.
‘അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് എവിടംവരെ പോകാനും ഞങ്ങള്‍ തയ്യാറാണ്
‘അമ്മയുടെ ഒപ്പം എല്ലാത്തിനും ഉണ്ടാകും. നിയമപരമായി മുമ്ബോട്ട് പോകും. പേടിക്കില്ല.