ഒരു ദിവസത്തെ അവസാന ഭക്ഷണം രാവിലെ 11-ന്; പ്രായമാകുന്നത് തടയാനുള്ള ഡയറ്റുമായി ശതകോടീശ്വരൻ

Spread the love

പ്രായം കൂടുന്നത് തടയുന്നതിനായി കോടികള്‍ മുടക്കിയ അമേരിക്കൻ സംരംഭകനും നിക്ഷേപകനുമാണ് ബ്രയാൻ ജോണ്‍സണ്‍. അടുത്തിടെ തന്റെ ഭക്ഷണ രീതികള്‍ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

ആറ് മണിക്കൂറിനിടെ ഒരു ദിവസത്തെ എല്ലാ ഭക്ഷണവും കഴിക്കുമെന്ന് അദ്ദേഹം പറയുന്നു.

അതായത് ഒരു ദിവസം ഏറ്റവും അവസാനം ഭക്ഷണം കഴിക്കുന്നത് രാവിലെ 11 മണിക്കാണ്. അതിന് ശേഷം രാത്രി ഉറങ്ങി എഴുന്നേല്‍ക്കുന്നത് വരെ 18 മണിക്കൂറോളം ഉപവസിക്കുമെന്ന് അദ്ദേഹം പറയുന്നു. ഈ ദിനചര്യ താൻ ഇഷ്ടപ്പെടുന്നുവെന്നും ഇത് നല്ല ഉറക്കം നല്‍കുമെന്നും യുട്യൂബർ രണ്‍വീർ അല്ലാബാഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ 47 കാരനായ ബ്രയാൻ ജോണ്‍സണ്‍ പറഞ്ഞു.

പയർ, പച്ചക്കറികള്‍, ബെറീസ്, പരിപ്പ്, വിത്തുകള്‍, എക്സ്ട്രാ വെർജിൻ ഒലിവ് ഓയില്‍ എന്നിവ ഉള്‍പ്പെടുന്ന ഭക്ഷണമാണ് കഴിക്കുന്നതെന്നും പഞ്ചസാര, പ്രൊസസ് ചെയ്തതും വറുത്തതുമായ ഭക്ഷണങ്ങള്‍, തിരിച്ചറിയാത്ത ചേരുവകളുള്ളതുമായ ഭക്ഷണങ്ങളുമെല്ലാം ഒഴിവാക്കിയെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ വർഷം ബ്രയാൻ ജോണ്‍സന്റെ ഡയറ്റ് ചാർട്ട് വൈറലായിരുന്നു. കൊളാജൻ, സ്പെർഡിമിൻ, ക്രിയാറ്റിൻ എന്നിവ അടങ്ങിയ ഗ്രീൻ ജയന്റ് സ്മൂത്തി കഴിച്ചാണ് അദ്ദേഹം ഒരു ദിവസം ആരംഭിക്കുന്നതെന്ന് ഫോർച്യൂണ്‍ റിപ്പോർട്ടില്‍ പറയുന്നു.

പിന്നീട് അഞ്ച് മണിക്കൂർ സമയപരിധിയ്ക്കുള്ളില്‍ വെജിറ്റബിള്‍ സാലഡും നട്ട്സ് പുഡ്ഡിങും ശേഷം മധുരക്കഴിങ്ങ് ഓറഞ്ച് ഫെനല്‍ എന്നിവ അടങ്ങുന്ന ഭക്ഷണവും ശേഷം ഫെന്നല്‍ സാലഡും കഴിക്കും.

പ്രായം കൂടുന്നത് തടയുന്നതിനുള്ള മാർഗം കണ്ടുപിടിക്കുന്നതിനായി ശ്രമിക്കുന്നവരില്‍ പ്രമുഖനാണ് ബ്രയാൻ ജോണ്‍സണ്‍. അടുത്തിടെ തന്റെ ശരീരത്തിനുണ്ടായ അത്ഭുതകരമായ മാറ്റങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

ഒരു വർഷത്തിനുള്ളില്‍ തന്റെ കഷണ്ടിയെ അതിജീവിച്ചതും സ്വാഭാവികമായ നിറത്തിലുള്ള മുടി തിരിച്ചുകൊണ്ടുവന്നതും എങ്ങനെയെന്ന് അദ്ദേഹം പങ്കുവെക്കുകയുണ്ടായി. പോഷകാഹാരം ഉള്‍പ്പടെയുള്ള ജീവിത രീതികളിലൂടെയും ലഘുചികിത്സകളിലൂടെയുമാണ് ഈ മാറ്റമുണ്ടായതെന്നാണ് അദ്ദേഹം പറയുന്നത്. മുടി സംരക്ഷിക്കുന്നതിന് പുരുഷന്മാർ നേരത്തെ തന്നെ ശ്രമിച്ച്‌ തുടങ്ങണമെന്ന് അദ്ദേഹം പറയുന്നു. 40-കളിലും അതിന് ശേഷവും തലനിറയെ മുടി നിലനിർത്തുക സാധ്യമാണെന്നും അദ്ദേഹം പറയുന്നു.

‘ജനിതകപരമായി ഞാൻ കഷണ്ടിയാവേണ്ടതാണ്, 20 കള്‍ അവസാനത്തോടെ തന്നെ എനിക്ക് മുടികൊഴിച്ചില്‍ ആരംഭിച്ചതാണ്. എന്നാല്‍ 47 വയസാവുമ്ബോള്‍ എനിക്ക് തലനിറയെ മുടിയുണ്ട്. 70 ശതമാനം നരയും ഇല്ലാതായി’-അദ്ദേഹം എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. അതെങ്ങനെ സാധ്യമായെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നുണ്ട്.

Leave a Reply

Your email address will not be published.