
പാലക്കാട്: സിനിമാനടനും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായ കെ.മണികണ്ഠന്റെ വീടുകളിലും ഓഫീസിലും വിജിലൻസിന്റെ റെയ്ഡ്.
പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 1.90 ലക്ഷം രൂപ പിടിച്ചെടുത്തു. മൊബൈല്‍ ഫോണും ചില രേഖകളും വിജിലൻസ് കസ്റ്റഡിയിലെടുത്തു.
പാലക്കാട് ഒറ്റപ്പാലത്തെ വാടകവീട്ടിലും സബ് റീജിയണല്‍ ട്രാൻസ്പോർട്ട് ഓഫീസിലും കാസർകോട് ചെറുവത്തൂരിലെ വീട്ടിലുമാണ് വിജിലൻസ് പരിശോധന നടത്തിയത്. വരവില്‍ കവിഞ്ഞ സ്വത്ത് സാമ്ബാദിച്ച കേസിലാണ് വിജിലൻസ് പരിശോധന. ഒരേ സമയത്തായിരുന്നു മൂന്നിടത്തും പരിശോധന.
കാസർകോട് ചെറുവത്തൂർ സ്വദേശിയാണ് മണികണ്ഠൻ. ഒറ്റപ്പാലം സബ് റീജിയണല്‍ ട്രാൻസ്പോർട്ട് ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടറായ മണികണ്ഠൻ തോട്ടക്കരയില്‍ വാടകയ്‌ക്കാണ് താമസിക്കുന്നത്. ആട് -2, അഞ്ചാംപാതിര, ജാനകി ജാനേ ഉള്‍പ്പെടെ ഒട്ടേറെ സിനിമകളില്‍ ചെറിയ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട് മണികണ്ഠൻ.