ഒറ്റപ്പാലം (പാലക്കാട്): വരവില്‍കവിഞ്ഞ സ്വത്ത് സമ്ബാദിച്ചെന്ന കേസില്‍ സിനിമാനടനും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായ കെ.മണികണ്ഠന്റെ വീടുകളിലും ഓഫീസിലും വിജിലൻസിന്റെ പരിശോധന.
ഒറ്റപ്പാലത്തെ വാടകവീട്ടിലും സബ് റീജിയണല്‍ ട്രാൻസ്പോർട്ട് ഓഫിസിലും കാസർകോട് ചെറുവത്തൂരിലെ വീട്ടിലുമാണ് വിജിലൻസ് പരിശോധന നടന്നത്.
ഒറ്റപ്പാലത്തെ വാടകവീട്ടില്‍ മണിക്കൂറുകളോളം നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്തതെന്ന് കരുതുന്ന 1.90 ലക്ഷം രൂപ പിടിച്ചെടുത്തതായി വിജിലൻസ് പി.ആർ.ഒ അറിയിച്ചു. കോഴിക്കോട്ടെ വിജിലൻസ് സ്പെഷല്‍ സെല്‍ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തതിന് പിന്നാലെയായിരുന്നു ഒരേസമയം മൂന്നിടത്തും പരിശോധന നടത്തിയത്. അനധികൃത സ്വത്ത് സമ്ബാദനം സംബന്ധിച്ച പരാതിയില്‍ പ്രാഥമിക അന്വേഷണം നേരത്തെ പൂർത്തിയാക്കിയിരുന്നു.
കാസർകോട് ചെറുവത്തൂർ സ്വദേശിയാണ് കെ. മണികണ്ഠൻ. ഒറ്റപ്പാലം സബ് റീജിയണല്‍ ട്രാൻസ്പോർട്ട് ഓഫിസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടറായ മണികണ്ഠൻ തോട്ടക്കരയിലാണ് വാടകയ്ക്ക് താമസിക്കുന്നത്. ഇവിടെയാണ് പരിശോധന നടന്നത്. ആറരമണിക്കൂറോളമാണ് പരിശോധന നീണ്ടത്. പണത്തിന് പുറമേ മൊബൈല്‍ ഫോണും ചില രേഖകളും വിജിലൻസ് കസ്റ്റഡിയിലെടുത്തു. റിപ്പോർട്ട് തലശ്ശേരി കോടതിയില്‍ സമർപ്പിക്കുമെന്നും പി.ആർ.ഒ അറിയിച്ചു.
ഒറ്റപ്പാലം സബ് റീജിയണല്‍ ട്രാൻസ്പോർട്ട് ഓഫിസില്‍ രാവിലെ പത്തരയോടെ പൂർത്തിയായ പരിശോധനയില്‍ അനധികൃതമായി ഒന്നും കണ്ടെത്തിയിട്ടില്ല. വീട് പണിക്കായി ബാങ്കില്‍നിന്ന് വായ്പയെടുത്ത പണമാണിതെന്നും ഇതിന് രേഖയുണ്ടെന്നും കെ.മണികണ്ഠൻ പറഞ്ഞു. ആട് -2, അഞ്ചാംപാതിര, ജാനകി ജാനേ ഉള്‍പ്പെടെ ഒട്ടേറെ സിനിമകളില്‍ ചെറിയ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട് മണികണ്ഠൻ.