കൊച്ചി: നെടുമ്ബാശ്ശേരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ സ്യൂട്ട് റൂമില്‍ നിന്നും ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെയും യുവതിയെയും എക്സൈസ് അറസ്റ്റ് ചെയ്തു.
പറവൂർ കുന്നുകര സ്വദേശി ഷാരൂഖ് സലിം (27 ), മണ്ണാർക്കാട് കള്ളമല സ്വദേശി ഡോണ പോള്‍ (25) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 4.962 ഗ്രാം എംഡിഎംഎയും 2.484 ഗ്രാം കഞ്ചാവും എക്സൈസ് കണ്ടെടുത്തു.
എറണാകുളം എക്‌സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക്ക് സ്പെഷ്യല്‍ സ്ക്വാഡിലെ എക്‌സൈസ് ഇൻസ്പെക്‌ടർ കെ.പി.പ്രമോദും സംഘവും നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസർ ജിനേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) പി.എസ്.ബസന്ത് കുമാർ, മനോജ്.കെ.എ, സിവില്‍ എക്സൈസ് ഓഫീസർ എം.ടി.ശ്രീജിത്ത്, വനിത സിവില്‍ എക്സൈസ് ഓഫീസർ എം.ലത എന്നിവരുമുണ്ടായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം വാളയാർ ടോള്‍ പ്ലാസയില്‍ വാഹന പരിശോധനയ്ക്കിടെ 7.1 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ട് വന്ന വെസ്റ്റ് ബംഗാള്‍ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. മുർഷിദാബാദ് ജില്ലക്കാരനായ സുജൻ മണ്ഡല്‍ (24 വയസ്സ്) ആണ് കഞ്ചാവുമായി അറസ്റ്റിലായത്. പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ റിനോഷ്.ആർ, വാളയാർ ടാസ്ക് ഫോഴ്സ് ഡ്യൂട്ടിയിലുള്ള ഒറ്റപ്പാലം റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) എൻ.പ്രേമാനന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പൊക്കിയത്.
വിവാഹവും ഹണിമൂണ്‍ ആഘോഷവും മറ്റുമായി ദിയ കൃഷ്ണ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇത്രയും കാലമായിട്ടും കണ്ണുനിറഞ്ഞോ, കരഞ്ഞോ ദിയക്ക് പ്രേക്ഷകരുടെ മുന്നില്‍ വരേണ്ട ഒരാവശ്യം വന്നിട്ടില്ല.
പക്ഷേ ഇപ്പോഴിത പ്രേക്ഷകരുടെ മുന്നില്‍ കണ്ണ് നിറഞ്ഞ ഒരു വീഡിയോവായി എത്തിയിരിക്കുകയാണ്.
ഒരു ബിസിനസുമായി ജീവിതം മുന്നോട്ട് പോയിരിക്കുകയായിരുന്നു ദിയ. തിരുവനന്തപുരം നഗരത്തില്‍ ഫാൻസി ആഭരണങ്ങളുടെ കച്ചവടമാണ് ഓസി എന്ന് വിളിക്കുന്ന ദിയ കൃഷ്ണയ്ക്ക്. ഓണ്‍ലൈൻ സെയില്‍സ് ആണ് ഈ ബിസിനസിന്റെ പ്രധാന പ്ലാറ്റ്ഫോം. വീട്ടുകാർ ആരും സഹായിക്കാതെ, സ്വന്തം നിലയ്ക്കാണ് ഈ ബിസിനസ് കൊണ്ടുപോയത്.
അടുത്തിടെ ദിയ പ്രൊഫഷനലായും വ്യക്തിപരമായും നേരിട്ട വെല്ലുവിളികളാണ് ഈ പൊട്ടിത്തെറിയുടെ പിന്നിലെ കാരണം. ദിയ കൃഷ്ണയുടെ ബ്രാൻഡിന്റെ ഒരുല്‍പ്പന്നം വാങ്ങിയ ഒരാള്‍ അത് കേടുപാടുകള്‍ നിറഞ്ഞതായിരുന്നു എന്ന നിലയില്‍ യൂട്യൂബില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പേരില്‍ കഴിഞ്ഞ ദിവസം ഒരു ചർച്ച നടന്നിരുന്നു. അത് ഫെയിക് ആണെന്ന് ദിയ വീണ്ടും വീണ്ടും ആണയിട്ടു പറയുന്നു. അതിനു ശേഷം താൻ നേരിടുന്ന വ്യക്തിപരമായ അധിക്ഷേപത്തെക്കുറിച്ചാണ് പറഞ്ഞത്.
ദിയയും അശ്വിനും കൂടിയുള്ള ഒരു ഫോട്ടോയില്‍ കൃത്രിമം വരുത്തി ഒരാള്‍ പോസ്റ്റ് ചെയ്തിരുന്നു. ശരീരത്തെ അധിക്ഷേപിക്കാനും വിധം അശ്ലീലം കലർത്തിയാണ് പറയുന്നത്. പിതാവ് കൃഷ്ണകുമാറിനോടുള്ള അമർഷം പോലും പലരും തന്റെ നേർക്ക് തീർക്കാറുണ്ട്. തന്നെയും വീട്ടുകാരെയും ഇഷ്ടപ്പെടണം എന്നല്ല, മറ്റൊരാളുടെ കുടുംബത്തിന് നേരെ അവഹേളനം നടത്തുന്നവർ വീണ്ടുവിചാരത്തോടെ വേണം ഇതിനു മുതിരാൻ എന്ന് മാന്യമായ ഭാഷയില്‍ ദിയ കൃഷ്ണ പറയുന്നുണ്ട് .
തിരുവനന്തപുരം: വനിത സിവില്‍ എക്സൈസ് ഓഫീസർ ഷാനിദയുടെ വേർപാടില്‍ ഉള്ളുലഞ്ഞ് സഹപ്രവർത്തകർ.വാഹനാപകടത്തില്‍ പരിക്കേറ്റ്ചികിത്സയിലിരിക്കെയായിരുന്നു ഷാനിദയുടെ മരണം.
എക്സൈസ് തിരുവനന്തപുരം റേഞ്ച് ഓഫീസിലെ കർമ്മനിരതയായിരുന്നു ഷാനിദ. തങ്ങള്‍ക്ക് ലഭിച്ച ഒരു പരാതി അന്വേഷിക്കാനുള്ള യാത്രയ്ക്കിടെ ആണ് അപകടം എന്നതും സഹപ്രവർത്തകരുടെ വേദന വർധിപ്പിക്കുന്നു. വഞ്ചിയൂർ, മെഡിക്കല്‍ കോളേജ് ഭാഗങ്ങളില്‍നിന്നുള്ള രഹസ്യ പരാതികള്‍ അന്വേഷിക്കാനായി പോകുമ്ബോഴായിരുന്നു അപകടം.
ഞായറാഴ്ച രാത്രി 11-ഓടെ പാറ്റൂർ-ജനറല്‍ ആശുപത്രി റോഡില്‍ വെച്ചാണ് ഷാനിദ അപകടത്തില്‍പ്പെട്ടത്. ഷാനിദ ഓടിച്ചിരുന്ന സ്കൂട്ടർ റോഡിലെ ഡിവൈഡറില്‍ ഇടിച്ച് മറുഭാഗത്തേക്കു തെറിച്ചുവീണപ്പോള്‍ എതിരേ വന്ന കാറിടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നസീർ ആണ് ഭർത്താവ്. മുഹമ്മദ് ഫഗദ്, ഫൈഗ ഫാത്തിമ എന്നിവർ മക്കളാണ്.
നഗരത്തില്‍ എക്സൈസ് നടത്തിയ കഞ്ചാവ് വേട്ടകളിലും സംസ്ഥാനാന്തര റെയ്ഡുകളിലും ഷാനിദ ഉള്‍പ്പെട്ടിരുന്നു. സ്ത്രീകളില്‍ നിന്ന് ലഭിക്കുന്ന പരാതികള്‍ ക്രോഡീകരിച്ച് ഞായറാഴ്ചകളില്‍ പരിശോധനയ്ക്ക് പോകാറാണ് പതിവ്. ഇത്തരത്തില്‍ ഒരു പരാതിയില്‍ സ്ത്രീയുടെ മൊഴിയെടുത്ത് മടങ്ങവെയായിരുന്നു അപകടം.
കുമ്ബനാട്: തിങ്കളാഴ്ച അർധരാത്രി കഴിഞ്ഞാണ് കോയിപ്രം പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍കോള്‍ എത്തിയത്. കുമ്ബനാട് ടി.കെ.
റോഡില്‍ മണിയാറ്റ് ഓഡിറ്റോറിയത്തിന് സമീപം അപകടം നടന്നിരിക്കുന്നു എത്രയും പെട്ടെന്ന് സ്ഥലത്തെത്തണമെന്നുള്ള സന്ദേശമായിരുന്നു അത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സി.പി.ഒ. അഭിലാഷ് ഉടൻതന്നെ സ്ഥലത്തെത്തി. കാറിടിച്ച് തള്ളയും കുട്ടികളും അടങ്ങുന്ന പന്നിക്കൂട്ടം റോഡില്‍ ചിതറിക്കിടക്കുന്നു.
കാഴ്ചയില്‍ 60 കിലോയ്ക്ക് മുകളില്‍ ഭാരം തോന്നിക്കുന്ന തള്ള പന്നിയുടെ രണ്ട് കാലുകള്‍ ഒടിഞ്ഞനിലയിലായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പന്നിക്കുട്ടികള്‍ നാലും ചത്തിരുന്നു. നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന എസ്.ഐ. എസ്. ഷൈജു, സി.പി.ഒ. സുരേഷ് എന്നിവരും സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി. തിരുവല്ലയില്‍ ഹോട്ടല്‍ നടത്തുന്ന ചുരുളിക്കോട് സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാർ ആയിരുന്നു അപകടത്തില്‍പ്പെട്ടത്. കാറിന്റെ മുൻഭാഗത്ത് സാരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. പന്നികള്‍ കൂട്ടത്തോടെ റോഡ് മുറിച്ചുകടക്കുമ്ബോഴാണ് അപകടമുണ്ടായത്.
പോലീസിന് പണിയായി പന്നിക്കുട്ടികള്‍ ചത്തെങ്കിലും തള്ളക്ക് സാരമായ പരിക്കേറ്റിട്ടുള്ളതിനാല്‍ പോലീസിന് സംഭവസ്ഥലത്തുനിന്ന് പോകാൻ പറ്റാതായി. ഒരു മണിയോടുകൂടി പല ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളെയും ബന്ധപ്പെട്ടെങ്കിലും ആരും ഫോണെടുത്തില്ല. ഒടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതയെ ലൈനില്‍ കിട്ടി. പ്രസിഡന്റ് വരാമെന്ന് സമ്മതിച്ചെങ്കിലും വാഹനസൗകര്യം ഇല്ലെന്ന് പറഞ്ഞു. വേഗം റെഡിയായി വിട്ടുപടിക്കല്‍ നിന്നോ പോലീസ് ജീപ്പ് അയക്കാമെന്നായി എസ്.ഐ.
തള്ളപ്പന്നിയെ വെടിവെച്ച് കൊന്നു പ്രസിഡന്റിനെയും കൂട്ടി സ്ഥലത്തെത്തിയപ്പോഴാണ് അടുത്തപ്രശ്നം. എസ്.ഐ. ഷൈജു വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോണ്‍സ് ടീമുമായി ബന്ധപ്പെട്ടെങ്കിലും അവർ കൈയൊഴിഞ്ഞു. ‘ഇത് ഞങ്ങളുടെ ഡ്യൂട്ടിയല്ല പഞ്ചായത്തിനാണ് എന്തെങ്കിലും ചെയ്യാൻ കഴിയുക അവരുമായിട്ട് ബന്ധപ്പെടുക,’ ചാറ്റല്‍ മഴയും നനഞ്ഞ് എല്ലാവരുംകൂടി ആലോചിച്ചു ഇനി എന്ത് ചെയ്യണമെന്ന്. പ്രസിഡന്റ് വീണ്ടും മെമ്ബർമാരായ മുകേഷ് മുരളിയെയും ജോണ്‍സനെയും വിളിച്ചു.
അപകടത്തില്‍പ്പെട്ട കാർ
അവർ പറഞ്ഞത് പ്രകാരം ഷൂട്ടറെ വരുത്തി തള്ളപ്പന്നിയെ കൊല്ലാൻ തീരുമാനമായി. പക്ഷേ ഒരുകുഴപ്പം, കോയിപ്രം പഞ്ചായത്തില്‍ ഷൂട്ടർമാർ ഇല്ല. സ്ഥിരമായി പഞ്ചായത്തില്‍ വരാറുള്ള ഷൂട്ടർമാരെയെല്ലാം വിളിച്ചെങ്കിലും ആരെയും കിട്ടിയില്ല. ഒടുവില്‍ എഴുമറ്റൂരിലുള്ള ഒരു ഷൂട്ടറെയാണ് സംഘടിപ്പിച്ചത്. ഷൂട്ടർ എത്തി തള്ളപന്നിയെ വെടിവെച്ച് കൊന്നപ്പോഴേക്കും സമയം മൂന്നുമണി.
പന്നികളെ ആരെങ്കിലും തട്ടിയെടുത്താലോ അപ്പോള്‍ വീണ്ടും പ്രശ്നം. പന്നികളെ റോഡ് വശത്ത് ഇട്ടിട്ട് പോയാല്‍ ആരെങ്കിലും കൊണ്ടുപോയാലോ…? അതൊഴിവാക്കാൻ പന്നികളുടെ ജഡത്തില്‍ ഡീസല്‍ ഒഴിക്കാം എന്നുള്ള തീരുമാനമായി. ഡീസല്‍ വാങ്ങുവാനായി വീണ്ടും പോലീസ് ജീപ്പ് ഓടി. നാല് ലിറ്റർ ഡീസല്‍ പന്നികളുടെ ദേഹത്ത് ഒഴിച്ചു. അടുത്തുള്ള വീടിന്റെ ഗേറ്റിനുള്ളിലേക്ക് പന്നിക്കൂട്ടങ്ങളെ വലിച്ചുമാറ്റിയിടുകയും ചെയ്തു. ഇതെല്ലാം കഴിഞ്ഞപ്പോള്‍ പുലർച്ചെ നാലുമണി.
ചൊവ്വാഴ്ച രാവിലെ 11 മണിയോടുകൂടി പഞ്ചായത്ത് പ്രസിഡന്റും മെമ്ബർമാരും സ്ഥലത്തെത്തിയപ്പോള്‍ വീണ്ടും പ്രശ്നം. പന്നിയെ പറമ്ബില്‍ കുഴിച്ചിടാൻ വീട്ടുകാർ സമ്മതിക്കുന്നില്ല. ഒടുവില്‍ ഒരുമണിക്കൂർ മാരത്തോണ്‍ ചർച്ചകള്‍ക്കൊടുവില്‍ പന്നിയെ അടുത്ത വീട്ടുകാരുടെ പറമ്ബിന്റെ ഒരുമൂലയ്ക്ക് മറവ് ചെയ്യുവാൻ തീരുമാനിച്ചു.
ലണ്ടൻ: യുകെയില്‍ തങ്ങാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ഒരു ഇന്ത്യൻ യുവതി പങ്കുവച്ച ലിങ്ക്‌ഡ്‌ഇൻ പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളില്‍ വലിയ ചർച്ചയാവുകയാണ്.
ഇംഗ്ളണ്ടിലെ ലെയ്‌സെസ്റ്റർ സർവകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ എംഎസ്‌സി ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശ്വേതാ കോതണ്ഡൻ എന്ന യുവതി പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
വിസ കാലാവധി കഴിയാറായെന്നും യുകെയില്‍ തങ്ങുന്നതിനായി ശമ്ബളമില്ലാതെ ജോലി ചെയ്യാൻവരെ തയ്യാറാണെന്നും യുവതിയുടെ കുറിപ്പില്‍ പറയുന്നു. മാത്രമല്ല, അവധിയെടുക്കാതെ അധിക ജോലി ചെയ്യാൻ തയ്യാറാണെന്നും കുറിപ്പിലുണ്ട്. 2021ലാണ് പഠനത്തിനായി ശ്വേത യുകെയിലെത്തിയത്. 2022ല്‍ പഠനം പൂർത്തിയാക്കിയതിനുശേഷം വിസ സ്‌പോണ്‍സർ ചെയ്യുന്ന യുകെ ജോലി കിട്ടുന്നതിനായി കഠിന പരിശ്രമത്തിലാണെന്നും അതിനായി സഹായിക്കണമെന്നുമാണ് യുവതി ആവശ്യപ്പെടുന്നത്. യുകെയില്‍ നിന്ന് നാട് കടത്തപ്പെടുമെന്ന് ഭയന്നാണ് യുവതി ഇത്തരമൊരു പോസ്റ്റ് പങ്കുവയ്ക്കാൻ മുതിർന്നതെന്ന് വ്യക്തമാണ്.
യുവതിയുടെ പോസ്റ്റിന്റെ പൂർണരൂപം
എന്റെ ഗ്രാജ്വേറ്റ് വിസ മൂന്ന് മാസത്തിനുള്ളില്‍ അവസാനിക്കും. യുകെയില്‍ തുടരാൻ എന്നെ സഹായിക്കുന്നതിന് ഇത് വീണ്ടും പോസ്റ്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
ഞാൻ ശ്വേത, ഇന്ത്യയില്‍ നിന്നുള്ള ഒരു അന്താരാഷ്ട്ര വിദ്യാർത്ഥിനിയാണ്. 2021ല്‍ വലിയ സ്വപ്നങ്ങളുമായാണ് ഞാൻ യുകെയിലേക്ക് വന്നത്. 2022ല്‍ ബിരുദം നേടിയത് മുതല്‍, വിസ സ്‌പോണ്‍സർ ചെയ്‌ത യുകെ ജോലിക്കായി ഞാൻ വിശ്രമമില്ലാതെ തിരയുകയാണ്. എന്നാല്‍ എനിക്കോ എന്റെ ബിരുദത്തിനോ എന്റെ കഴിവുകള്‍ക്കോ യാതൊരു വിലയും തൊഴില്‍ വിപണിയില്‍ ഇല്ലെന്ന് എനിക്ക് മനസിലായി. 300ല്‍ അധികം ജോലികള്‍ക്ക് അപേക്ഷിച്ചു.
ഈ ലിങ്ക്ഡ്‌ഇൻ പോസ്റ്റ് യുകെയില്‍ ദീർഘകാല ഭാവി സുരക്ഷിതമാക്കാനുള്ള എന്റെ അവസാന പ്രതീക്ഷയാണ്. വിസ സ്‌പോണ്‍സർ ചെയ്യുന്ന ഡിസൈൻ എഞ്ചിനീയർ ജോലികളാണ് ഞാൻ തിരയുന്നത്.
എന്റെ യോഗ്യതകള്‍ ഇവയാണ്:
മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഒന്നാം ക്ലാസോടെ രണ്ട് ബിരുദം.
ഡിസൈൻ എഞ്ചിനീയർ ആയുള്ള മുൻ പരിചയം.
യുകെയിലെ ആമസോണിലെ പ്രവൃത്തി പരിചയം. ഓരോ ഷിഫ്റ്റിലും നൂറിലധകം പ്രശ്‌നങ്ങള്‍ ഞാൻ പരിഹരിച്ചു.
നിങ്ങള്‍ ഡിസൈൻ എഞ്ചിനീയറെ തേടുന്ന യുകെ തൊഴിലുടമയാണെങ്കില്‍, എന്നെ നിയമിച്ചാല്‍ നിങ്ങള്‍ക്ക് ഖേദിക്കേണ്ടിവരില്ല.
എന്റെ മൂല്യം തെളിയിക്കാൻ ദിവസവും 12 മണിക്കൂറും ആഴ്ചയില്‍ 7 ദിവസവും ജോലി ചെയ്യാൻ ഞാൻ തയ്യാറാണ്.
നിങ്ങള്‍ ഇത് വായിക്കുന്ന ഒരു അന്തർദേശീയ വിദ്യാർത്ഥിയാണെങ്കില്‍, ഇത് റീപോസ്റ്റ് ചെയ്ത് സഹായിക്കണം
‘ഒരു മാസത്തേക്ക് എന്നെ സൗജന്യമായി നിയമിച്ചുനോക്കൂ. ഞാൻ കൃത്യമായി ജോലി ചെയ്തില്ലെങ്കില്‍, എന്നെ അപ്പോള്‍തന്നെ പുറത്താക്കാം, ഒരു ചോദ്യവും ചോദിക്കില്ല’ എന്നും യുവതി സ്വന്തം ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട്. യുവതിയുടെ പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
പോസ്റ്റ് വിഡ്ഢിത്തമാണെന്നും തൊഴിലുടമകള്‍ക്ക് യഥാർത്ഥമല്ലാത്ത പ്രതീക്ഷകള്‍ നല്‍കുന്നതാണെന്നും ചിലർ വിമർശിച്ചു. ‘ഇന്ത്യക്കാരുടെ പ്രതിച്ഛായ നശിപ്പിക്കുന്നു’, ‘പണക്കാരായ കുട്ടികളുടെ പ്രശ്നമാണിത്, യാതൊന്നും ചിന്തിക്കാതെ വിദേശത്ത് പഠിക്കാൻ പോകും, ശേഷം യാഥാർത്ഥ്യബോധം ഉണ്ടാവുമ്ബോള്‍ അവതാളത്തിലാവും’, ‘അടിമയാകാൻ ആഗ്രഹിക്കുന്നു’, ‘ഇന്ത്യയിലേക്ക് വരാതിരിക്കാൻ എന്തുംചെയ്യുന്ന തലമുറ’ എന്നിങ്ങനെയുള്ള വിമർശനങ്ങളാണ് പോസ്റ്റിന് കൂടുതലായും ലഭിക്കുന്നത്.
ഹിന്ദുമത വിശ്വാസ പ്രകാരം ഗംഗാ നദി പുണ്യ നദിയാണ്. പരമശിവന്‍റെ നെറുകയിലെ ജഡയില്‍ നിന്നും ഉത്ഭവിക്കുന്നതായി ഹിന്ദു പുരാണങ്ങളില്‍ വിവരിക്കുന്ന ഗംഗയുടെ തീരത്ത്, ഓരോ ദിവസവും ആയിരക്കണക്കിന് വിശ്വാസികളെത്തുന്ന നൂറുകണക്കിന് ആരാധനാലയങ്ങളാണ് ഉള്ളത്.
ആരാധനാലയങ്ങളിലെത്തുന്നവര്‍ ജലത്തിന്‍റെ ഗുണനിലവാരത്തില്‍ ആശങ്കപ്പെടാതെ, ഗംഗയില്‍ കുളിക്കുന്നത് എല്ലാ പാപങ്ങളും കഴുകിക്കളയുമെന്ന വിശ്വാസത്താല്‍, ‘സ്നാനം’ ചെയ്താണ് തിരികെ പോകുന്നതും.
ഹിന്ദു വിശ്വാസപ്രകാരമുള്ള നിരവധി കർമ്മങ്ങള്‍ക്കാണ് ഓരോ ദിവസവും ഗംഗ സാക്ഷ്യം വഹിക്കുന്നതും. അതില്‍ മൃതദേഹ സംസ്കാരം മുതല്‍ ദൈവ പ്രാര്‍ത്ഥന വരെയുള്ള നിരവധി ചടങ്ങുകള്‍ അടങ്ങിയിരിക്കുന്നു. ഓരോ ദിവസവുമെത്തുന്ന വിശ്വാസികള്‍ ഗംഗയിലേക്ക് നാണയങ്ങളെറിയുന്നതും പതിവാണ്. ഈ നാണയങ്ങള്‍ ആര്‍ക്കും ഉപകാരപ്പെടാതെ നദിയിലെ ചളിയില്‍ അടിയുന്നു. എന്നാല്‍, സോഷ്യല്‍ സന്ദേഷ് എന്ന ഇന്‍സ്റ്റാഗ്രാം വീഡിയോ ഇത്തരം നാണയങ്ങള്‍ വീണ്ടെടുക്കുന്ന ഒരു യുവാവിന്‍റെ വീഡിയോ പങ്കുവച്ചപ്പോള്‍ അത് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു.
എറണാകുളം: ആലുവ എസ്.എൻ.ഡി.പി ഹയർസെക്കന്‍ററി സ്കൂളില്‍ നിന്നും കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ 135 പ്ലസ്ടു വിദ്യാർത്ഥികള്‍ പെരുവഴിയില്‍ നരകയാതന അനുഭവിച്ചെന്ന പരാതിയില്‍ ശക്തമായ നടപടികളുമായി മനുഷ്യാവകാശ കമ്മീഷൻ.
പരാതിയെക്കുറിച്ച് വിശദവും ഫലപ്രദവുമായ അന്വേഷണം നടത്താൻ ബന്ധപ്പെട്ട ആർ.റ്റി.ഒ യെ സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ ചുമതലപ്പെടുത്തണമെന്ന് നുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
ആർ.റ്റി.ഒ യുടെ അന്വേഷണ റിപ്പോർട്ട് മൂന്ന് ആഴ്ചക്കുള്ളില്‍ കമ്മീഷനില്‍ സമർപ്പിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു. സംഭവത്തിന് ഉത്തരവാദികളായ ടൂർ ഓപ്പറേറ്റർമാരുടെ പെർമിറ്റ് റദ്ദാക്കാൻ പര്യാപ്തമായ പാളിച്ചകളാണോ സംഭവിച്ചതെന്ന കാര്യത്തില്‍ ആർ.റ്റി.ഒ യുടെ അഭിപ്രായവും കമ്മീഷനില്‍ സമർപ്പിക്കണമെന്ന് ഉത്തരവില്‍ പറഞ്ഞു. ആലുവഎസ്.എൻ.ഡി.പി ഹയർസെക്കന്ററി സ്കൂള്‍ പ്രിൻസിപ്പലും റിപ്പോർട്ട് സമർപ്പിക്കണം. റിപ്പോർട്ട് ലഭിച്ചാലുടൻ കേസ് എറണാകുളത്ത് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.
വെള്ളിയാഴ്‌ച പുലർച്ചെ പുറപ്പെട്ട സംഘത്തിന് കൊടൈക്കനാലില്‍ താമസ സൗകര്യം ഏർപ്പെടുത്താൻ ടൂർ പാക്കേജ് കണ്ടെക്റ്റിംഗ് സ്ഥാപനം തയ്യാറായില്ലെന്നാണ് പരാതി. തുടർന്ന് ബസില്‍ കഴിച്ചുകൂട്ടിയ സംഘത്തെ ഊട്ടിയിലേക്ക് കൊണ്ടുപോയി. ഊട്ടിയില്‍ പ്രാഥമികകൃത്യങ്ങള്‍ നിർവഹിക്കാൻ മാത്രം സൗകര്യം നല്‍കിയതായി പരാതിയിലുണ്ട്. പത്രവാർത്തയുടെ അടിസ്ഥാത്തില്‍ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
വീടിനരികില്‍ നിർത്തിയിട്ട കാറിനുള്ളില്‍ കളിക്കുന്നതിനിടെ ഡോർ ലോക്കായതിനെ തുടർന്ന് സഹോദരങ്ങളായ നാല് കുഞ്ഞുങ്ങള്‍ ശ്വാസംമുട്ടി മരിച്ചു.
ഗുജറാത്തിലെ അമ്രേലിയില്‍ രണ്‍ധിയ ഗ്രാമത്തിലാണ് സംഭവം. മധ്യപ്രദേശ് സ്വദേശികളുടെ മക്കളാണ് മരിച്ചത്. ജോലിക്ക് പോയിരുന്ന രക്ഷിതാക്കള്‍ തിരിച്ചെത്തിയപ്പോഴാണ് ദാരുണസംഭവം ശ്രദ്ധയില്‍പെട്ടത്.
മധ്യപ്രദേശ് സ്വദേശിയായ സോബിയ മച്ചാർ എന്നയാളുടെ മക്കളായ സുനിത (എഴ്), സാവിത്രി (നാല്), വിഷ്ണു (അഞ്ച്), കാർത്തിക് (രണ്ട്) എന്നീ കുട്ടികളാണ് മരിച്ചത്. ഇയാള്‍ക്ക് ഏഴ് മക്കളാണുള്ളത്. ഭരത് മന്ഥാനി എന്നയാളുടെ ഫാമിലാണ് സോബിയ മച്ചാറും ഭാര്യയും ജോലിചെയ്തിരുന്നത്. കുഞ്ഞുങ്ങളെ വീട്ടിലാക്കിയാണ് ഇവർ പോകാറുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം ഫാം ഉടമയായ ഭരത് മന്ഥാനിയുടെ കാർ ഇവരുടെ വീടിന് സമീപം പാർക്ക് ചെയ്തിരുന്നു. രാവിലെ രക്ഷിതാക്കള്‍ ജോലിക്ക് പോയതിന് പിന്നാലെ കാറിന്‍റെ താക്കോല്‍ കുട്ടികള്‍ക്ക് ലഭിക്കുകയും ഇതോടെ ഇവർ കാറിനുള്ളില്‍ കയറി കളിക്കുകയുമായിരുന്നു. എന്നാല്‍, കളിക്കിടെ കാർ ലോക്കാവുകയും നാല് കുട്ടികള്‍ ഉള്ളില്‍ കുടുങ്ങുകയും ചെയ്തു.
സന്ധ്യയോടെ രക്ഷിതാക്കള്‍ ജോലികഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കുട്ടികള്‍ കാറിനുള്ളില്‍ ബോധരഹിതരായി കിടക്കുന്നത് കണ്ടതെന്ന് പൊലീസ് പറഞ്ഞു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും നാലുപേരും മരിക്കുകയായിരുന്നു. കടുത്ത ചൂടില്‍ കാറിനകത്ത് കുടുങ്ങിയ കുഞ്ഞുങ്ങള്‍ ശ്വാസംമുട്ടി മരിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ അമ്രേലി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
തിരുവനന്തപുരം :ആരോരുമില്ലാതെ ആ ഇരുണ്ട മുറിയില്‍ ഭീകരമായ പീഡനമേറ്റ ആ സഹോദരിമാര്‍ പരസ്പരം കെട്ടി പിടിച്ചു അലറി വിളിച്ചു.
ഇരുവരുടെയും വാ പൊത്തി പിടിച്ചു അയാള്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാതെ അയാള്‍ക്ക് വഴങ്ങി. അമ്മയെ കാണണമെന്ന് കരഞ്ഞ് വിളിച്ചെങ്കിലും കേള്‍ക്കാന്‍ ആരുമില്ലായിരുന്നു. ആറ് മാസത്തോളം തടവറയ്ക്ക് സമാനമായ ജീവിതമാണ് ഈ കുരുന്നുകള്‍ അനുഭവിച്ചത്. കുട്ടികളുടെ ബാല്യം നഷ്ടപ്പെടുത്തിയ പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് ജഡ്ജി ആര്‍. രേഖ വിധിന്യായത്തില്‍ പറയുന്നു. സഹോദരിയുടെ മുന്നില്‍ വെച്ച് ഒമ്ബതുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മുമ്മയുടെ കാമുകന് വീണ്ടും മരണം വരെ ഇരട്ട ജീവപര്യന്തം കഠിന തടവ് വിധിച്ചിരിക്കുകയാണ്
2020, 2021 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയും അച്ഛനും ഉപേക്ഷിച്ചതിനെ തുടര്‍ന്ന് കുട്ടികളുടെ സംരക്ഷണ ചുമതല അമ്മുമ്മയ്ക്കായിരുന്നു.അമ്മൂമ്മയുടേയും ഭര്‍ത്താവ് ഉപേക്ഷിച്ചിരുന്നു. ഈ സമയമാണ് പ്രതിയുമായി അടുപ്പത്തിലാവുകയും ഒരുമിച്ച് താമസിപ്പിക്കുകയും ചെയ്തത്. ഈ സമയങ്ങളില്‍ അമ്മുമ്മ പുറത്ത് പോയ സമയത്താണ് പ്രതി കുട്ടികളെ പീഡിപ്പിച്ച് തുടങ്ങിയത്.ഇരുവരേയും ഒരുമിച്ച് പീഡിപ്പിക്കുകയും പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.
കുട്ടികളെ അശ്ലീല വീഡിയോകള്‍ കാണിക്കുകയും കുട്ടികളുടെ മുന്നില്‍ വെച്ച് പ്രതി അമ്മൂമ്മയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ആറ് മാസങ്ങളായിട്ടുള്ള നിരന്തരമായ പീഡനത്തില്‍ കുട്ടികളുടെ രഹസ്യ ഭാഗത്ത് മുറിവേറ്റിരുന്നു. പീഡിപ്പിക്കുമ്ബോള്‍ കുട്ടികള്‍ പൊട്ടി കരയുമെങ്കിലും കതകടച്ചിട്ടിരുന്നതിനാല്‍ ആരും കേട്ടില്ല. ഒരു ദിവസം കതകടക്കാതെ പീഡിപ്പിച്ചത് അയല്‍വാസി കണ്ടതാണ് സംഭവം പുറത്തറിയാന്‍ ഇടയായത്. കുട്ടികള്‍ നിലവിലും ഷെല്‍ട്ടര്‍ ഹോമിലാണ് താമസിക്കുന്നത്.
മുരുക്കുംപുഴ, വരിയ്ക്കമുക്ക് എന്നിവിടങ്ങളില്‍ താമസിക്കുമ്ബോഴാണ് പ്രതി അമ്മൂമ്മയ്‌ക്കൊപ്പം താമസിക്കാന്‍ എത്തിയത്. അമ്മ ദുബായില്‍ ജോലിക്ക് പോയതിന് ശേഷം കുട്ടികളെ വിളിച്ചിട്ടില്ല. അച്ഛന്‍ തിരിഞ്ഞ് നോക്കിയിട്ടുമില്ല. ഏക ആശ്രയം അമ്മൂമ്മ മാത്രമായിരുന്നു. അമ്മൂമ്മയോടെ പ്രതിക്ക് അടുപ്പമുണ്ടായതിനാല്‍ അമ്മൂമ്മയോട് പറഞ്ഞില്ല. മുരുക്കുംപുഴയില്‍ വെച്ച് അടുത്തു താമസിക്കുന്ന രാജന്‍ എന്നയാളുടെ മുറിയില്‍ പറയാന്‍ പോയെങ്കിലും ഭയന്നു പറഞ്ഞില്ല. കുട്ടികള്‍ അവിടെ നിന്ന് കരഞ്ഞപ്പോള്‍ രാജന് സംശയം തോന്നിയിരുന്നു. പിന്നെ രാജന്‍ ശ്രദ്ധിച്ച് തുടങ്ങിയപ്പോഴാണ് പീഡനം കണ്ടതും സംഭവം വീട് ഉടമസ്ഥയായ മോളിയോടെ പറഞ്ഞത്. തുടര്‍ന്നാണ് മംഗലപുരം പോലീസ് വിവരം അറിഞ്ഞത്.
.
ഒമ്ബതുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ അമ്മുമ്മയുടെ കാമുകനായ പ്രതി വിക്രമന്‍ (63)ന് മരണം വരെ ഇരട്ട ജീവപര്യന്തവും കഠിന തടവും 60,000 രൂപ പിഴയ്ക്കുമാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആര്‍.രേഖ ശിക്ഷിച്ചത്. അനിയത്തിയായ ആറ് കാരിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ആഴ്ച ഇരട്ട ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചിരുന്നു.
പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടുതല്‍ തടവ് അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നല്‍ക്കണം. ഇത് കൂടാതെ പതിനാല് വര്‍ഷം കഠിന തടവും അനുഭവിക്കണം. കേസ് വിസ്താര വേളയില്‍ ഇരു കുട്ടികളും കരഞ്ഞതിനാല്‍ കേസ് വിസ്താരം പല തവണ നിര്‍ത്തി വച്ചു. മൂത്ത കുട്ടിയോട് അച്ഛന്‍ വിളിച്ചു തനിക്ക് നാണക്കേടായതിനാല്‍ മൊഴി പറയരുതെന്ന് ആവശ്യപ്പെട്ടതിനാല്‍ ആദ്യം കുട്ടി മൊഴി പറയാന്‍ വിസമ്മതിച്ചു. പിന്നീട് അനിയത്തി കൊടുത്ത ധൈര്യത്തിലാണ് മൊഴി പറഞ്ഞത്. രണ്ട് കേസുകളും ചിട്ടയായി നടത്താന്‍ പ്രോസീക്യൂഷന്‍ സാധിച്ചതിനാല്‍ പ്രതിക്ക് കടുത്ത ശിക്ഷ നല്‍ക്കാനും സാധിച്ചു.
പ്രോസിക്യൂഷന്‍ വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍. എസ്. വിജയ് മോഹന്‍ ഹാജരായി. കേസിലെ സാക്ഷികള്‍ പ്രൊസിക്യൂഷന്‍ അനുകൂലമായി മൊഴി പറയുകയും ചെയ്തു.
ലഖ്നൗ: മുസ്ലിം വിഷയങ്ങളിലൂന്നി പ്രസംഗം, തലയില് നല്ല വെളുപ്പുനിറമുള്ള വലത്തൊപ്പി, കഴുത്തില് സഊദി തൂവാല നീളത്തിലിട്ടിരിക്കുന്നു…
മുറാദാബാദിലെ കുന്ദര്ക്കി മണ്ഡലത്തില് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്ഥി രാംവീര് സിങ് താക്കൂറിനെ കണ്ടാല് ഒറ്റനോട്ടത്തില് മുസ്ലിം പാര്ട്ടിയുടെ പ്രതിനിധിയായിട്ടേ തോന്നൂ. പ്രത്യക്ഷത്തില് പതിവ് ബി.ജെ.പി നേതാക്കളില്നിന്ന് വ്യത്യസ്തന്. തോളില് ബി.ജെ.പിയുടെ പതാകയുള്ള ഷാളണിഞ്ഞ് പലപ്പോഴും കാവി കുപ്പായമിട്ടാണ് ബി.ജെ.പി നേതാക്കള് പ്രത്യക്ഷപ്പെടാറുള്ളതെങ്കില് അതില്നിന്നെല്ലാം വ്യത്യസ്തനാണ് രാംവീര് സിങ് താക്കൂര്.
രാംവീര് സിങ്ങിന് വേണ്ടി കൂട്ടുപ്രാര്ഥനനടത്താനും അനുയായികളുണ്ട്. ന്യൂനപക്ഷ മോര്ച്ച നേതാവും ആര്.എസ്.എസ്സിന് കീഴിലുള്ള മുസ്ലിംകളുടെ സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ച് പ്രവര്ത്തകനുമായ ബാസിത് അലിയാണ് പ്രാര്ഥനയ്ക്ക് നേതൃത്വം നല്കുന്നത്. അതു കഴിഞ്ഞ് ദൈവത്തിന്റെ പേരില് ബാസിത് അലി അനുയായികള്ക്ക് ശപഥവും ചെയ്തുകൊടുക്കുന്നു. ഖുര്ആന് സുക്തങ്ങള് സഹിതം അറബിയില് പ്രാര്ഥനയും നടത്തുന്നു. ഇസ്ലാമിക ചരിത്രങ്ങളുദ്ധരിച്ച് മതപ്രഭാഷണശൈലിയില് ബാസിത് പ്രസംഗിക്കുമ്ബോഴേക്കും രാംവീര് സിങ് വേദിയിലെത്തിയിട്ടുണ്ടാകും. തുടര്ന്ന് ഖുര്ആനും പ്രവാചകവചനങ്ങളും ഉദ്ധരിച്ച് രാംവീര് സിങ്ങും പ്രസംഗിക്കും. ഇടയ്ക്ക് എതിര്സ്ഥാനാര്ഥിയായ എസ്.പിയുടെ ഹാജി റിസ്വാനെ വ്യക്തിപരമായി ആക്രമിക്കുകയും ചെയ്യും.
പൊതുവെ യോഗി ആദിത്യനാഥിന്റെ യു.പിയില് പൊതുസ്ഥലത്ത് ഖുര്ആന് പാരായണവും അറബിയില് പ്രാര്ഥനയും നിര്വഹിക്കുന്നത് തീവഹിന്ദുത്വവാദികളുടെ ആക്രമണത്തിനുള്ള കാരണങ്ങളിലൊന്നാണെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ രീതിയിലാണ് രാംവീര് സിങ്ങിന്റെ പ്രചാരണം മുന്നോട്ടുപോകുന്നത്.
മുസ്ലിം അടയാളങ്ങളണിയുന്ന കോണ്ഗ്രസ് ഉള്പ്പെടെയുള്ള കക്ഷിനേതാക്കളുടെ നടപടിയെ പ്രീണനമായി കാണുന്ന ബി.ജെ.പിയുടെ കുന്ദര്ക്കിയിലെ പ്രചാരണരീതിയെ കടുത്ത ഭാഷയിലാണ് പ്രതിപക്ഷം പരിഹസിക്കുന്നത്. 60 ശതമാനമാണ് കുന്ദര്ക്കി നിയമസഭാ മണ്ഡലത്തിലെ മുസ്ലിം ജനസംഖ്യ. ആകെയുള്ള 12 സ്ഥാനാര്ഥികളില് രാംവീര് സിങ് ഒഴികെയുള്ളവരെല്ലാം മുസ്ലിംകളാണ്. ഈ മാസം 13നാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്. ഫലം 23ന് പുറത്തുവരും.