ആളുകളില്‍ ഊർജം നിറയ്ക്കുന്ന രജിനികാന്ത് മാജിക് സിനിമയെ സ്നേഹിക്കുന്നവർക്ക് ഇതുവരെ പിടികിട്ടിയിട്ടില്ലാത്ത പ്രതിഭാസമാണ്.
എഴുപത്തിനാലിലും സ്റ്റൈല്‍ മന്നൻ അഭിനയത്തില്‍ സജീവമാണ്. തമിഴ് സിനിമയില്‍ രജനികാന്തിനോളം പ്രഭാവം തീര്‍ത്ത മറ്റൊരു നടനുണ്ടാകില്ല. സിനിമയിലും വ്യക്തി ജീവിതത്തിലും വളരെ സിമ്ബിളാണ് രജിനി. കര്‍ണ്ണാടക-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള നാച്ചിക്കുപ്പം എന്ന ഗ്രാമത്തിലേക്ക് കുടിയേറിയ മാറാഠാ കുടുംബത്തിന്റെ പരമ്ബരയിലാണ് രജിനിയുടെ ജനനം.
പിന്നീട് ഇവര്‍ തമിഴ്‌നാട്ടിലേക്ക് വരികയായിരുന്നു. അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം ചെന്നൈയിലെത്തിയ താരത്തിന്റെ ഇതുവരെയുള്ള ജീവിതം സിനിമാ കഥയെ വെല്ലുന്നതാണ്. ഇതുവരെയുള്ള കരിയറിനിടയില്‍ നിരവധി നായികമാരുടോപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും നടന്റെ മനസില്‍ കയറി കൂടിയത് ഒരാള്‍ മാത്രമാണ്. അത് മറ്റാരുമല്ല സാക്ഷാല്‍ ശ്രീദേവി ബോണി കപൂറാണ്.
നടി ശ്രീദേവിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം ഒരു സമയത്ത് രജിനികാന്തിനുണ്ടായിരുന്നുവത്രെ. ശ്രീദേവിയേക്കാള്‍ 13 വയസ് കൂടുതലുള്ള രജിനികാന്ത് നടിയുമായി നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അപ്പോഴെല്ലാം പ്രത്യേക സ്നേഹവും കരുതലും നടിയോട് രജിനിക്കുണ്ടായിരുന്നു. ഒരു കാലത്ത് ശ്രീദേവി, കമല്‍ഹാസൻ, സംവിധായകൻ കെ.ബാലചന്ദർ എന്നിവരുള്‍പ്പെടെ തിരഞ്ഞെടുത്ത ചുരുക്കം ചിലർക്ക് മാത്രമെ രജനികാന്തിൻ്റെ സ്വകാര്യ ഫോണ്‍ നമ്ബർ പോലും അറിയുമായിരുന്നുള്ളു.
1976ല്‍ പുറത്തിറങ്ങിയ മൂണ്ട്ര് മുടിച്ച് എന്ന ചിത്രത്തിലൂടെയാണ് രജിനി-ശ്രീദേവി ഓണ്‍ സ്‌ക്രീൻ കെമിസ്ട്രി ആരംഭിച്ചത്. അന്ന് ഈ സിനിമയില്‍ അഭിനയിക്കുമ്ബോള്‍ വെറും 13 വയസ് മാത്രമായിരുന്നു ശ്രീദേവിയുടെ പ്രായം. രജിനികാന്ത് ആദ്യമായി ഒരു പ്രധാന വേഷം അവതരിപ്പിച്ചതും ഈ ചിത്രത്തിലാണ്.
18 വയസുള്ള ഒരു പെണ്‍കുട്ടിയും അവളുമായി പ്രണയത്തിലാകുന്ന രണ്ട് ചെറുപ്പക്കാരുടെയും കഥയായിരുന്നു മൂണ്ട്ര് മുടിച്ച് എന്ന ചിത്രത്തിൻ്റെ ഇതിവൃത്തം. ഈ ചിത്രത്തിനുശേഷം വീണ്ടും നിരവധി സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. കാലക്രമേണ അവരുടെ പരിചയം അഗാധമായ സൗഹൃദമായി വളർന്നു. മാത്രമല്ല രജിനികാന്തിന് ശ്രീദേവിയുടെ അമ്മയുമായി അടുപ്പം വളർത്തിയെടുക്കാനും സാധിച്ചു.
അങ്ങനെ ഒരിക്കല്‍ ശ്രീദേവിയെ വിവാഹം കഴിക്കാനുള്ള തന്റെ ആഗ്രഹം ശ്രീദേവിയുടെ അമ്മയോട് പ്രകടിപ്പിക്കാൻ രജിനികാന്ത് തീരുമാനിച്ചു. കെ.ബാലചന്ദർ ഒരു പഴയ അഭിമുഖത്തില്‍ ശ്രീദേവിയുടെ വീട്ടില്‍ രജിനി പെണ്ണ് ചോദിക്കാൻ പോയ സംഭവം വെളിപ്പെടുത്തിയിട്ടുണ്ട്. ശ്രീദേവിയുടെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാൻ രജിനിക്കും ക്ഷണമുണ്ടായിരുന്നു.
പരിപാടിയില്‍ പങ്കെടുക്കുമ്ബോള്‍ ശ്രീദേവിയോടുള്ള ഇഷ്ടം അവരുടെ അമ്മയോട് പറഞ്ഞ് അഭിപ്രായം അറിയാമെന്നാണ് നടൻ കരുതിയിരുന്നത്. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കാനായി ശ്രീദേവിയുടെ പുതിയ വീട്ടിലെത്തി അകത്തേക്ക് കാലെടുത്ത് വെച്ചതും വൈദ്യുതി തടസമുണ്ടായി. ഒരു നല്ല കാര്യം മനസില്‍ വിചാരിച്ച് പ്രവേശിച്ചിട്ടും വെളിച്ചത്തിന് തടസമുണ്ടായത് രജിനിയെ വിഷമിപ്പിച്ചു. ആ സംഭവം ദുശ്ശകുനത്തിന്റെ സൂചനയാണെന്ന് രജിനിക്ക് തോന്നി.
അതോടെ ശ്രീദേവിയുടെ അമ്മയോട് പെണ്ണ് ചോദിക്കാതെ രജിനി മടങ്ങി. അന്ന് ആ ആഗ്രഹം പറഞ്ഞില്ലെങ്കിലും ശ്രീദേവിയുമായുള്ള സൗഹൃദം നടൻ വിട്ടില്ല. ശേഷമാണ് ലതയെ 1981ല്‍ നടൻ വിവാഹം ചെയ്തത്. വിവാദങ്ങള്‍ക്കൊടുവില്‍ 1996 ലാണ് ബോണി കപൂറിനെ ശ്രീദേവി വിവാഹം ചെയ്തു. ആ ബന്ധത്തില്‍ രണ്ട് പെണ്‍മക്കളും നടിക്കുണ്ട്. ബോണിയുടെ രണ്ടാം ഭാര്യയാണ് ശ്രീദേവി.
2018 ഫെബ്രുവരി 24ന് ദുബായിലെ ഹോട്ടല്‍ മുറിയിലാണ് ശ്രീദേവിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തലയില്‍ ആഴത്തില്‍ മുറിവേറ്റിരുന്നുവെങ്കിലും ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്നാണ് പോലീസ് പറഞ്ഞത്. ശ്രീദേവിയെപ്പോലെ ബോളിവുഡില്‍ തിരക്കുള്ള താരമാണ് ഇപ്പോള്‍ മൂത്ത മകള്‍ ജാൻവി കപൂർ.