ആരോ വലിച്ചെറിഞ്ഞ ചെടി കിട്ടി, ഇന്ന് സമ്ബാദിക്കുന്നത് ലക്ഷങ്ങള്‍; ആവശ്യക്കാര്‍ കാനഡയില്‍ നിന്ന് വരെ VM TV NEWS

Spread the love

ആലപ്പുഴ: ഒരു ബോഗെയ്ൻവില്ലയില്‍ (കടലാസുചെടി) ഏഴ് നിറം പൂക്കള്‍. ആവശ്യക്കാർ കർണാടക മുതല്‍ കാനഡ വരെ. ചേർത്തല കഞ്ഞിക്കുഴി പൊന്നിട്ടുശ്ശേരിയില്‍ എസ്.

സിജിയും ഭാര്യ ശ്യാമയും വള‌ർത്തിയെടുത്ത ബോഗെയ്ൻവില്ല ആരാമത്തിന്റെ ഖ്യാതി കടലും കടന്നു. ചെറു പൂന്തോട്ടം 25 സെന്റിലേക്ക് വളർന്നു. നല്ല വരുമാനവുമായി.

ബോഗെയ്ൻവില്ലകള്‍ കാണാൻ കൃഷി മന്ത്രി പി. പ്രസാദ് ഒരിക്കല്‍ വീട്ടിലെത്തിയിരുന്നു. വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്തുകൂടേയെന്ന മന്ത്രിയുടെ അന്നത്തെ ചോദ്യമാണ് ശ്യാമയുടെ ജീവിതം മാറ്റിമറിച്ചത്. ചേർത്തല ലീഗല്‍ മെട്രോളജി ഓഫീസില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായ ഭർത്താവ് സിജി ഒപ്പം നിന്നു. തീർത്ഥയും അർത്ഥയുമാണ് മക്കള്‍.

മഹാറാണി, അഥർന, ഫ്ലെയിം റെഡ്, സക്കൂറ എന്നിങ്ങനെ നീളും ബോഗെയ്ൻവില്ലകള്‍. നാല് വർഷം മുമ്ബാണ് ആരോ വലിച്ചെറിഞ്ഞ ഒരു ബോഗെയ്ൻവില്ല കിട്ടിയത്. കുരുമുളക് ഗ്രാഫ്റ്റിംഗ് പരിചയമുള്ള സിജി ബോഗെയ്ൻവില്ലയിലും അത് പരീക്ഷിച്ചു. പിന്നീട് ഗ്രാഫ്റ്റിംഗ് ഹരമായി. നാടൻ ബോഗെയ്ൻവില്ലയില്‍ പല നിറമുള്ള ചെടികള്‍ ഒട്ടിച്ചു.

ഗ്രാഫ്റ്റിംഗ് ചെടികള്‍ക്ക് 3,000 മുതല്‍ 30,000 രൂപ വരെയാണ് വില. 300 രൂപ മുതല്‍ തൈകളും ലഭിക്കും. ഫിലിപ്പീൻസില്‍ നിന്നെത്തുന്ന ഹൈബ്രിഡ് കടലാസുചെടി വാങ്ങിയും ഗ്രാഫ്റ്റ് ചെയ്യുന്നുണ്ട്. ഏഴടി ഉയരമുള്ള ബഹുവർണ ബോഗെയൻവില്ലകള്‍ക്ക് ലക്ഷങ്ങള്‍ വില ലഭിക്കും.

കേരളത്തില്‍ കോട്ടയത്തു നിന്നാണ് ആവശ്യക്കാർ കൂടുതല്‍. ഇവരുടെ യൂട്യൂബ് ചാനല്‍ കണ്ടും, ബോഗെയ്ൻവില്ലയുടെ അന്താരാഷ്ട്ര ഗ്രൂപ്പുകള്‍ വഴിയുമാണ് ആവശ്യക്കാരെത്തുന്നത്. എറണാകുളം സ്വദേശി ഇവിടെ നിന്ന് വാങ്ങിയ ബോഗെയ്ൻവില്ല കാറില്‍ നിന്ന് വീണ് നശിച്ചിരുന്നു. ഇത് വീണ്ടെടുക്കാൻ കുടുംബം ശ്യാമയുടെ സഹായം തേടിയിരുന്നു. അടുത്ത സീസണില്‍ പൂവിടാൻ ആ ചെടിയെ ചികിത്സിക്കുകയാണ് സിജിയും ശ്യാമയും.

‘പൂന്തോട്ടം കാണാനും ഫോട്ടോഷൂട്ടിനുമായി ധാരാളം പേർവരുന്നുണ്ട്. മികച്ച കളർ കോമ്ബിനേഷനുകളാണ് ഒരുക്കുന്നത്. വിദേശത്ത് നിന്ന് പലരും വിളിച്ച്‌ നാട്ടിലെ വീട്ടിലേക്ക് ചെടികള്‍ ബുക്ക് ചെയ്യുന്നുണ്ട്”.– ശ്യാമ

Leave a Reply

Your email address will not be published.