മുഖ്യമന്ത്രിപോരിന് പരിഹാരമായി.കർണാടകയിൽ സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. സത്യപ്രതിജ്ഞ ശനിയാഴ്ച (20.05.2023). ഇന്ന് വൈകിട്ട് 7 മണിക്ക് നിയമസഭാ കക്ഷിയോഗം വിളിച്ചിട്ടുണ്ട്. എല്ലാ എംഎൽഎമാരോടും യോഗത്തിനെത്താൻ ഡി കെ ശിവകുമാർ നിർദ്ദേശിച്ചിട്ടുണ്ട് ഏറെ നീണ്ട പ്രതിസന്ധിക്കൊടുവിലാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. പല തവണ ഹൈക്കമാന്റുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തീരുമാനം പ്രഖ്യാപിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
അതേസമയം, കർണാടകയിൽ ഫലം വന്ന് നാല് ദിനം കഴിഞ്ഞിട്ടും മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിക്കാനാകാതെ കോൺഗ്രസ് ഹൈക്കമാൻഡ് ആശങ്കയിലായിരുന്നു. ടേം വ്യവസ്ഥയിൽ മുഖ്യമന്ത്രിസ്ഥാനം പങ്കിട്ടേക്കും എന്ന സൂചനകളായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ആദ്യം പുറത്തുവന്നത്. ആദ്യ രണ്ട് വർഷം സിദ്ധരാമയ്യയും ശേഷം ഡി.കെ. ശിവകുമാറും എന്നതായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ ഫോർമുല. ഇത് അംഗീകരിക്കാതിരുന്ന ഡി.കെയ്ക്ക് മുമ്പിൽ വൻ ഓഫറുകളും നേതൃത്വം മുന്നോട്ട് വെച്ചതായി റിപ്പോർട്ടുകളുണ്ട്.