യൂവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമി ഫൈനല്‍ മാഞ്ചസ്റ്റര്‍ സിറ്റി – റയല്‍ മാഡ്രിഡ് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇന്റര്‍ മിലാനെ നേരിടും. മാഞ്ചസ്റ്റര്‍ സിറ്റിയുടെ സംഹാര താണ്ഡവത്തിനാണ് സിറ്റിയുടെ ഹോം ഗ്രൗണ്ട് ആയ ഇത്തിഹാദ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡിനെ തകര്‍ത്തു കൊണ്ടാണ് മാന്‍ സിറ്റിയുടെ ഫൈനല്‍ പ്രവേശനം. സിറ്റിയുടെ രണ്ടാം ഫൈനലാണിത്. റയല്‍ മാഡ്രിഡിനെതിരെ തീര്‍ത്തും ഏകപക്ഷീയമായ പ്രകടനമാണ് മാഞ്ചസ്റ്റര്‍ സിറ്റി പുറത്തെടുത്തത്. ആദ്യ പകുതിയില്‍ പന്ത് കാര്യമായി തൊടാന്‍ പോലും റയല്‍ മാഡ്രിഡിന് കിട്ടിയില്ല.
ഹോളണ്ടിന്റെ എണ്ണം പറഞ്ഞ രണ്ട് ഹെഡറുകള്‍ തുടക്കം തന്നെ റയലിന്റെ ഗോള്‍കീപ്പര്‍ കോര്‍റ്റിയോസ് തടഞ്ഞു. ആദ്യ പകുതി അവസാനിക്കും മുമ്പ് രണ്ടു തവണ ഗോള്‍ വല കുലുക്കി സിറ്റി കരുത്ത് കാട്ടി. ബെര്‍ണാഡോ സില്‍വ തന്നെയാണ് രണ്ടു ഗോളുകളും നേടിയത്. രണ്ടാം പകുതിയില്‍ റയല്‍ കളിയിലേക്ക് തിരികെവരാന്‍ ശ്രമിച്ചു എങ്കിലും എല്ലാ തന്ത്രങ്ങളും സിറ്റിയുടെ മുന്നില്‍ നിഷ്പ്രഭമായി. 76ആം മിനുട്ടില്‍ ഒരു ഫ്രീകിക്കില്‍ നിന്ന് പിറന്ന ഒരു സെല്‍ഫ് ഗോള്‍ സിറ്റിയെ 3 ഗോള്‍ മുന്നില്‍ എത്തിച്ചു. അവസാനം ഇഞ്ച്വറി ടൈമില്‍ സബ്ബായി എത്തിയ ഹൂലിയന്‍ ആല്‍വാരസ് കൂടെ ഗോള്‍ നേടിയതോടെ ഇത്തിഹാദ് സ്റ്റേഡിയം അക്ഷരാര്‍ത്ഥത്തില്‍ റയലിന് വാടര്‌ലൂ ആയി.
ചരിത്രത്തില്‍ ഇതുവരെ സിറ്റിക്ക് ചാമ്പ്യന്‍സ് ലീഗ് നേടാന്‍ ആയിട്ടില്ല. ചാമ്പ്യന്‍സ് ലീഗ് മാത്രമല്ല ട്രെബിള്‍ കിരീട നേട്ടവും സിറ്റിയുടെ മനസ്സില്‍ ഉണ്ട്. ചാമ്പ്യന്‍സ് ലീഗിനൊപ്പം എഫ് എ കപ്പ് ഫൈനലിലും എത്തിയിട്ടുള്ള സിറ്റി പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിക്കുന്നതിനും അടുത്താണ്. അഗ്രിഗേറ്റ് സ്‌കോറില്‍ 5-1ന് വിജയിച്ച് മാഞ്ചസ്റ്റര്‍ സിറ്റി ഇസ്താംബുളില്‍ നടക്കുന്ന ഫൈനലില്‍ ഇന്റര്‍മിലാനെ നേരിടും. അടുത്ത മാസം പത്തിനാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍.