പത്തനംതിട്ടയിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് വിബിത ബാബുവിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മല്ലപ്പള്ളി ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു വിബിത. കടുത്തുരുത്തി സ്വദേശിയില്‍നിന്ന് വിബിതയും പിതാവ് ബാബു തോമസും ചേര്‍ന്ന്, പതിനാല് ലക്ഷം രൂപ വാങ്ങിയശേഷം തിരികെ നല്‍കിയില്ലെന്നാണ് പരാതി.
2020ല്‍ നടന്ന ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിബിതാ ബാബു യുഡിഎഫ് സ്ഥാനാര്‍ത്ഥിയായത് മുതല്‍ വിവിധ ഘട്ടങ്ങളിലായി 14 ലക്ഷം രൂപ പരാതിക്കാരന്റെ പക്കല്‍ നിന്ന് തട്ടിയെന്നാണ് പരാതി. കടുത്തുരുത്തി സ്വദേശിയും അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മാത്യു സെബാസ്റ്റ്യനാണ് തിരുവല്ല പൊലീസില്‍ വിബിത ബാബുവിനെതിരെ പരാതി നല്‍കിയത്.പല തവണയായി പതിനാല് ലക്ഷം രൂപ വാങ്ങിയ ശേഷം തിരികെ പരാതിക്കാരന് നല്‍കിയെല്ലെന്നാണ് പൊലീസ് FlR. വിബിതയുടെ അച്ഛന്‍ ബാബു തോമസിനെയും പ്രതി ചേര്‍ത്താണ് എഫ്‌ഐആര്‍ തയാറാക്കിയത്. വിബിതയുടെയും ബാബുവിന്റെയും അക്കൗണ്ടുകളിലേക്കാണ് പണം അയച്ചു നല്‍കിയത്.
അതേസമയം മാത്യുവിന്റെ അഭിഭാഷകയായിരുന്ന താന്‍ വക്കീല്‍ ഫീസിനത്തിലാണ് ആദ്യം പണം വാങ്ങിയതെന്നും ബാക്കി തുക അയാള്‍ സംഭാവന തന്നതാണെന്നുമാണ് വിബിയുടെ വിശദീകരണം. എന്നാല്‍ വ്യാജ പരാതി നല്‍കി തന്നെ സമ്മര്‍ദത്തിലാക്കി കേസ് അവസാനിപ്പിക്കാനുള്ള നീക്കമാണ് വിബിത നടത്തുന്നതെന്ന് മാത്യു സെബാസ്റ്റ്യന്‍ പറഞ്ഞു.