ലോകം വീണ്ടും കൊവിഡ് ഭീതിയിലേക്ക് പോകുന്നു. ചൈനയിലും, യു.എസിലും, യുകെയിലും ഉള്‍പ്പെടെ ലോക രാജ്യങ്ങളില്‍ കൊവിഡിന്റെ പുതിയ വക ഭേദങ്ങളായ ബിഎഫ്.7 വകഭേദം, ‘എക്‌സ്ബിബി’ എന്നിവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. Omicron സബ് വേരിയന്റായ XBB, BQ.1 ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. XBB എന്നത് രണ്ട് Omicron BA.2 സബ് വേരിയന്റുകളുടെ (BA.2.10.1, BA.2.75) പുനഃസംയോജനമാണ് (കോമ്പിനേഷന്‍). സിംഗപ്പൂര്‍, ഇന്ത്യ, ബംഗ്ലാദേശ്, ഓസ്ട്രേലിയ, യുഎസ്എ എന്നിവയുള്‍പ്പെടെ 1,453 ജീനോമിക് സീക്വന്‍സുകളുള്ള 35 രാജ്യങ്ങള്‍ XBB, XBB.1 എന്നിവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ചൈനയില്‍ പടരുന്ന ബിഎഫ്.7 വകഭേദത്തെക്കാള്‍, ‘എക്‌സ്ബിബി’ എന്ന സങ്കര വകഭേദത്തിന്റെ സാന്നിധ്യം കൂടുതല്‍ അപകടകരമാണ്. സിംഗപ്പുരില്‍ ഇപ്പോഴത്തെ വൈറസ് വ്യാപനത്തിനു കാരണവും എക്‌സ്ബിബി വകഭേദമാണ്. ഇന്ത്യയില്‍ ബംഗാള്‍, ഒഡീഷ, തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് എക്‌സ്ബിബി സാന്നിധ്യം കൂടുതലുള്ളത്.
ഇന്ത്യയില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജീനോം സീക്വന്‍സിംഗിനായി സാമ്പിളുകള്‍ അയയ്ക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കൊവിഡിന് കാരണമാകുന്ന വേരിയന്റ് ഏതെന്നു തിരിച്ചറിയാന്‍ സഹായിക്കും. ഇതുവരെ, ഗുജറാത്തില്‍ നിന്നും ഒഡീഷയില്‍ നിന്നും കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, അതില്‍ BF.7 വേരിയന്റിന്റെ സാന്നിധ്യം കണ്ടെത്തിയത് ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. യുഎസ്, യുകെ എന്നിവയുള്‍പ്പെടെ മറ്റ് നിരവധി രാജ്യങ്ങളിലും ബെല്‍ജിയം, ജര്‍മ്മനി, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും BF.7 വേരിയന്റിന്റെ സാനിധ്യം കണ്ടെത്തിയിട്ടുണ്ട്.
തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാന്‍ ആളുകളെ ഉപദേശിക്കുന്നുണ്ടെങ്കിലും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു . ബുധനാഴ്ച നടന്ന അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ ട്വീറ്റ് ഇങ്ങനെയാണ്. ‘കൊവിഡ് ഇതുവരെ അവസാനിച്ചിട്ടില്ല. ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും ബന്ധപ്പെട്ട എല്ലാവര്‍ക്കും നിര്‍ദേശം കൊടുത്തു കഴിഞ്ഞു. ഏത് സാഹചര്യവും കൈകാര്യം ചെയ്യാന്‍ രാജ്യം തയ്യാറാണ്.’ ജീനോം സീക്വന്‍സിംഗിനായി സാമ്പിളുകള്‍ ലാബുകളിലേക്ക് അയയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്, കൊവിഡിന്റെ ഏതു വകഭേദത്തിന്റെ സാന്നിധ്യമാണ് നിലവിലുള്ളത് എന്ന് തിരിച്ചറിയാനാണ് ഇത്.
ജപ്പാന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക, റിപ്പബ്ലിക് ഓഫ് കൊറിയ, ബ്രസീല്‍, ചൈന എന്നിവിടങ്ങളില്‍ കേസുകളുടെ പെട്ടെന്നുള്ള വര്‍ദ്ധനവ് കണക്കിലെടുത്ത്, വേരിയന്റുകള്‍ ട്രാക്കുചെയ്യുന്നതിന് പോസിറ്റീവ് കേസ് സാമ്പിളുകളുടെ മുഴുവന്‍ ജീനോം സീക്വന്‍സിംഗ് തയ്യാറാക്കേണ്ടത് അത്യാവശ്യമാണ്, ”ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും അയച്ച കത്തില്‍ പറഞ്ഞു.
ഇന്ത്യയില്‍ ഇപ്പോള്‍ കൊവിഡ് കേസുകളുടെ മൊത്തത്തിലുള്ള വര്‍ദ്ധനവ് ഇല്ലെങ്കിലും നിലവിലുള്ളതും ഉയര്‍ന്നുവരുന്നതുമായ വേരിയന്റുകളുടെ ട്രാക്ക് റെക്കോര്‍ഡ് സൂക്ഷിക്കാന്‍ തുടര്‍ച്ചയായ നിരീക്ഷണം ആവശ്യമാണെന്ന് ബുധനാഴ്ച മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ വിദഗ്ധര്‍ പറഞ്ഞു.
BF.7 എന്നത് ഒമൈക്രോണ്‍ വകഭേദമായ BA.5 ന്റെ ഒരു ഉപ-വംശമാണ്, ഇതിനു മറ്റു വകഭേദങ്ങള്‍ അപേക്ഷിച്ചു വ്യാപന ശേഷി കൂടുതലും ആണ്. വാക്‌സിനേഷന്‍ സ്വീകരിച്ചവരില്‍ പോലും വീണ്ടും അണുബാധയുണ്ടാക്കാനോ വീണ്ടും ബാധിക്കാനോ ശേഷിയുള്ളതാണ് പുതിയ വക ഭേദം. മുന്‍കാല അണുബാധകള്‍ മൂലമുണ്ടായ . ‘പ്രതിരോധശേഷി കുറവ് മൂലമാകാം തലസ്ഥാന നഗരമായ ബീജിംഗ് ഉള്‍പ്പെടെയുള്ള ചൈനീസ് നഗരങ്ങളില്‍ ഉയര്‍ന്ന തോതിലുള്ള വ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 129 പുതിയ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തു, നിലവില്‍ സജീവമായ കേസുകളുടെ എണ്ണം 3,408 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.