
തിരുവനന്തപുരം: വിവാദമായ സി.എം.ആര്‍.എല്‍ – എക്‌സാലോജിക് മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും കുടുംബത്തിനുമെതിരായ അന്വേഷണം പുതിയ ഘട്ടത്തിലേക്ക്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നല്‍കിയ നിര്‍ണ്ണായക കത്ത് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന് കൈമാറുന്നതോടെ, കേസിന്റെ തുടര്‍ന്നുള്ള മുഴുവന്‍ ഗതിവിഗതികളും വിജിലന്‍സ് നിശ്ചയിക്കുന്ന തലത്തിലേക്ക് മാറും. മാസപ്പടി കേസില്‍ പിണറായി വിജയന്‍, മകള്‍ വീണ ടി., മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന പോലീസ് മേധാവി റവാഡാ ചന്ദ്രശേഖറിനാണ് കത്തുനല്‍കിയത്. അന്വേഷണത്തില്‍ കണ്ടെത്തിയ ഞെട്ടിക്കുന്ന വിവരങ്ങളും രേഖകളും വ്യക്തമാക്കുന്ന 25 പേജുള്ള സമഗ്രമായ റിപ്പോര്‍ട്ടാണ് കൈമാറിയത്.
സംസ്ഥാന പോലീസ് മേധാവി റവാഡാ ചന്ദ്രശേഖര്‍ ഇ.ഡിയില്‍ നിന്നുള്ള ഈ കത്തില്‍ അടിയന്തര നിയമോപദേശം തേടിയ ശേഷം തുടര്‍ നടപടികള്‍ക്കായി വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും. പോലീസ് മേധാവി സ്ഥാനത്ത് റവാഡാ ചന്ദ്രശേഖറിന് ഇനിയും മാസങ്ങളോളം കാലാവധി ശേഷിക്കുന്നുണ്ട്. അതുവരെ വിജിലന്‍സിന്റെ തലപ്പത്ത് മനോജ് എബ്രഹാം തന്നെ തുടരുമെന്നതിനാല്‍, കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്നത് അദ്ദേഹം തന്നെയായിരിക്കും. ‘സുപ്പര്‍ കോപ്പ്’ എന്ന് മാധ്യമങ്ങളും പൊതുസമൂഹവും വിശേഷിപ്പിക്കുന്ന വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ നിയന്ത്രണത്തിലേക്ക് കേസ് എത്തുന്നതോടെ കടുത്ത നിയമനടപടികള്‍ ഉണ്ടാകുമെന്നുറപ്പാണ്. ഹൈടെക് കുറ്റകൃത്യങ്ങളും സാമ്പത്തിക ക്രമക്കേടുകളും അന്വേഷിച്ച് തെളിയിക്കുന്നതില്‍ ദീര്‍ഘകാല പാരമ്പര്യമുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം.
കേരള പോലീസില്‍ സൈബര്‍ ഡോം സ്ഥാപിച്ചതും സൈബര്‍ കുറ്റകൃത്യ അന്വേഷണങ്ങള്‍ക്ക് ആധുനിക മുഖം നല്‍കിയതും മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ മാത്രം തീരുമാനമെടുക്കുന്ന അന്വേഷണ ശൈലിയാണ് അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നത്. മുമ്പ് തിരുവനന്തപുരം കമ്മീഷണറായും ദക്ഷിണമേഖലാ ഐ.ജിയായും സേവനമനുഷ്ഠിച്ച കാലയളവില്‍ ഉന്നതര്‍ ഉള്‍പ്പെട്ട നിരവധി കേസുകള്‍ അദ്ദേഹം കൃത്യതയോടെ കൈകാര്യം ചെയ്തിട്ടുണ്ട്. വിജിലന്‍സ് മേധാവിയെന്ന നിലയില്‍ സാമ്പത്തിക അഴിമതി കേസുകളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് മനോജ് എബ്രഹാം സ്വീകരിച്ചുപോരുന്നത്. അതുകൊണ്ടുതന്നെ, കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇ.ഡി ഔദ്യോഗികമായി നല്‍കിയ 25 പേജുള്ള തെളിവുകള്‍ പഠിച്ച്, അഴിമതി നിരോധന നിയമപ്രകാരം പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ വിജിലന്‍സ് ഡയറക്ടര്‍ ഒട്ടും വൈകില്ലെന്നാണ് വിവരം.
വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ കേസില്‍ നിയമപരമായ വലിയൊരു മാറ്റമുണ്ടാകും. വിജിലന്‍സ് കേസെടുക്കുന്നതിലൂടെ പ്രെഡിക്കേറ്റ് ഒഫന്‍സ് (പൂര്‍വ്വ കുറ്റകൃത്യം) നിലവില്‍ വരികയും, ഇതോടെ ഇ.ഡിക്ക് തങ്ങളുടെ പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള (ജങഘഅ) കേസില്‍ പിണറായി വിജയന്‍, വീണ, മുഹമ്മദ് റിയാസ് എന്നിവരെ ഔദ്യോഗികമായി പ്രതി ചേര്‍ക്കാന്‍ സാധിക്കുകയും ചെയ്യും. മകള്‍ വീണ വിജയനും മരുമകനായ മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമൊപ്പം പിണറായി വിജയനും ഒരേ കേസില്‍ പ്രതിയാകുന്നത് സി.പി.എമ്മിനെയും കുടുംബത്തെയും പൂര്‍ണ്ണമായും തളര്‍ത്തുന്ന സംഭവമാണ്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുന്‍ മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും ചേര്‍ന്ന് അഴിമതി നിരോധന നിയമപ്രകാരം പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സാഹചര്യം ഉണ്ടാകുന്നത്.
പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ എസ്.എന്‍.സി ലാവലിന്‍ കേസിനേക്കാള്‍ ഗുരുതരമായ സാഹചര്യമാണ് മാസപ്പടി കേസില്‍ ഇപ്പോള്‍ ഉരുത്തിരിഞ്ഞിരിക്കുന്നത്. ലാവലിന്‍ കേസില്‍ സാങ്കേതിക തര്‍ക്കങ്ങള്‍ നിലനിന്നിരുന്നെങ്കില്‍, ഇവിടെ സാമ്പത്തിക ഇടപാടുകളുടെ കൃത്യമായ ബാങ്ക് രേഖകളും ശാസ്ത്രീയ തെളിവുകളുമാണ് ഇ.ഡി വിജിലന്‍സിന് കൈമാറിയിരിക്കുന്നത്. ഡി.ജി.പിക്ക് ഇ.ഡി നല്‍കിയ 25 പേജുള്ള രേഖയില്‍ പിണറായി വിജയന്റെയും മകള്‍ വീണയുടെയും പങ്കിനെക്കുറിച്ച് അതീവ വ്യക്തമായ വിശദീകരണമാണുള്ളത്. ഭരണാധികാരിയെന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ചതിനും, അതിന് പകരമായി കുടുംബത്തിന് സാമ്പത്തിക ലാഭം ഉണ്ടാക്കി നല്‍കിയതിനും ശക്തമായ തെളിവുകളുണ്ടെന്ന് ഇ.ഡി വാദിക്കുന്നു.
യാതൊരുവിധ സേവനങ്ങളും നല്‍കിയിട്ടില്ലെന്ന് ഉറപ്പായിട്ടും സി.എം.ആര്‍.എല്‍ കമ്പനി വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കിന് 1.72 കോടി രൂപ നല്‍കിയെന്നതാണ് കേസിലെ കാതല്‍. അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുമായുള്ള സവിശേഷ ബന്ധവും സ്വാധീനവുമാണ് ഈ പണമിടപാടിന് പിന്നിലെന്ന് ഇ.ഡി റിപ്പോര്‍ട്ടില്‍ അടിവരയിടുന്നു. 2016-ല്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് തൊട്ടുപിന്നാലെയാണ് എക്‌സാലോജിക്കും സി.എം.ആര്‍.എല്ലും തമ്മില്‍ കരാറുണ്ടാക്കുന്നത്. തുടര്‍ന്ന് 2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ പ്രതിമാസം കൃത്യമായ തുക വീണയ്ക്കും കമ്പനിക്കും ലഭിച്ചുകൊണ്ടിരുന്നു.
വീണയ്ക്ക് പ്രതിമാസം അഞ്ച് ലക്ഷം രൂപയും എക്‌സാലോജിക് കമ്പനിക്ക് പ്രതിമാസം മൂന്ന് ലക്ഷം രൂപയും വീതമാണ് സി.എം.ആര്‍.എല്‍ നല്‍കിയത്. ഒരു സേവനവും നല്‍കാതെ മാസപ്പടിയായി കൈപ്പറ്റിയ ഈ തുക അഴിമതിയുടെയും അധികാര ദുര്‍വിനിയോഗത്തിന്റെയും പ്രതിഫലമാണെന്നാണ് ഇ.ഡിയുടെയും വിജിലന്‍സിന്റെയും നിഗമനം. മുഖ്യമന്ത്രിയുടെ കുടുംബത്തിന് നല്‍കാനുള്ള ഈ വന്‍ തുക കണ്ടെത്തുന്നതിനായി സി.എം.ആര്‍.എല്‍ കമ്പനി തങ്ങളുടെ കണക്കുപുസ്തകങ്ങളില്‍ വന്‍തോതില്‍ വ്യാജ ചെലവുകള്‍ എഴുതിച്ചേര്‍ത്തതായി കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേടുകളിലൂടെയും നികുതി വെട്ടിപ്പിലൂടെയുമാണ് കമ്പനി ഈ തുക സമാഹരിച്ച് നല്‍കിയതെന്ന് വ്യക്തമാകുന്നു.
ഇതോടെ പിണറായി വിജയന്‍ കുടുംബത്തിന് പുറമെ, അവര്‍ക്ക് അനര്‍ഹമായ സാമ്പത്തിക സഹായം നല്‍കിയ കമ്പനി ഉടമകളും ഉന്നത ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാകും. അഴിമതിക്ക് കൂട്ടുനിന്ന സ്വകാര്യ കമ്പനി ഭാരവാഹികളെ വിജിലന്‍സും ഇ.ഡിയും ഒരുപോലെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. നേരത്തെ ഗൗരവകരമായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എസ്.എഫ്.ഐ.ഒ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇതേ കണ്ടെത്തലുകള്‍ തന്നെയുണ്ടായിരുന്നു. എസ്.എഫ്.ഐ.ഒ റിപ്പോര്‍ട്ടിന് പിന്നാലെ ഇ.ഡി കൂടി ശക്തമായ സാമ്പത്തിക തെളിവുകള്‍ നല്‍കിയതോടെ പ്രതികള്‍ക്ക് ഇനി നിയമപരമായി ഊരിപ്പോരാന്‍ കഴിയാത്ത സ്ഥിതിയായി.
പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ സെക്ഷന്‍ 66(2) പ്രകാരമാണ് ഇ.ഡി പോലീസ് മേധാവിക്ക് കത്തയച്ചത്. ഈ വകുപ്പ് അനുസരിച്ച് കേന്ദ്ര ഏജന്‍സികള്‍ക്ക് തങ്ങള്‍ കണ്ടെത്തുന്ന അഴിമതി തെളിവുകള്‍ സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറാനും കേസെടുക്കാന്‍ ആവശ്യപ്പെടാനും പൂര്‍ണ്ണ അധികാരമുണ്ട്. സംസ്ഥാനത്ത് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന സാഹചര്യത്തില്‍ ഇ.ഡിയുടെ ആവശ്യത്തില്‍ വിജിലന്‍സ് ഉടനടി എഫ്.ഐ.ആര്‍ ഇടാനാണ് സാധ്യത. ഭരണരംഗത്തെ അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കാന്‍ പുതിയ ആഭ്യന്തര വകുപ്പും വിജിലന്‍സ് മേധാവി മനോജ് എബ്രഹാമിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയേക്കും.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ കുറ്റകൃത്യത്തിലൂടെ നേടിയെടുത്ത പണം ഉപയോഗിച്ച് ഉണ്ടാക്കിയ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് ഇ.ഡി കടക്കും. പണം കൈമാറ്റം ചെയ്യപ്പെട്ട ബാങ്ക് അക്കൗണ്ടുകളും വീണയുടെയും എക്‌സാലോജിക് കമ്പനിയുടെയും നിക്ഷേപങ്ങളും വരും ദിവസങ്ങളില്‍ മരവിപ്പിച്ചേക്കും. മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് കേസ് കൂടി വരുന്നതോടെ പിണറായി വിവാദവും സി.പി.എമ്മും സമാനതകളില്ലാത്ത അസ്തിത്വ പ്രതിസന്ധിയിലേക്കാണ് തള്ളപ്പെടുന്നത്. സുപ്പര്‍ കോപ്പ് മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ വിജിലന്‍സ് നീക്കങ്ങള്‍ വേഗത്തിലാകുന്നതോടെ കേരള രാഷ്ട്രീയം വലിയൊരു പ്രക്ഷുബ്ധ ഘട്ടത്തിലേക്ക് കടക്കുകയാണ്.