വാട്‌സ്ആപ്പ് ഇന്ത്യ മേധാവിയും പബ്ലിക് പോളിസി മെറ്റാ ഇന്ത്യ ഡയറക്ടറും രാജിവെച്ചു. ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം വാട്‌സ്ആപ്പിന്റെ ഇന്ത്യൻ മേധാവി അഭിജിത് ബോസ്, പബ്ലിക് പോളിസി മെറ്റാ ഇന്ത്യ ഡയറക്ടർ രാജീവ് അഗർവാൾ എന്നിവരാണ് രാജിവെച്ചത്. കമ്പനിയുമായി ചില പ്രശ്നങ്ങൾ എന്നാണ് നിഗമനം.
പകരം ഇന്ത്യയിലെ വാട്ട്‌സ്ആപ്പ് പബ്ലിക് പോളിസിയുടെ ഡയറക്ടറായ ശിവനാഥ് തുക്രാലിനെ ഇപ്പോൾ ഇന്ത്യയിലെ എല്ലാ മെറ്റാ ബ്രാൻഡുകളുടെയും പബ്ലിക് പോളിസി ഡയറക്ടറാക്കി നിയമിച്ചു. അതേസമയം, ലോകമെമ്പാടുമുള്ള 11,000 ജോലികളെ പിരിച്ചുവിട്ടുകൊണ്ട് മെറ്റ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അതിന്റെ ഏറ്റവും വലിയ പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ട്വിറ്റർ , മെറ്റ, ആമസോൺ, ഡിസ്നി, തുടങ്ങിയ വമ്പൻ കമ്പനികൾ ആയിരക്കണക്കിന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന വാർത്ത അടുത്ത കാലത്തായി നാം കേൾക്കുന്നുണ്ട്. ഇത് സമീപഭാവിയിൽ വരാനിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകളും വർദ്ധിപ്പിക്കുകയാണ്.
ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിനു പിന്നാലെ, കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഇതിൽ ചില ഇന്ത്യക്കാരും ഉണ്ട്. ചില ഫുൾ ടൈം ജീവനക്കാർ പോലും മുൻകൂർ അറിയിപ്പ് ലഭിക്കാതെയാണ് കമ്പനിയിൽ നിന്നും പുറത്തായത്. ട്വിറ്ററിലെ 5,500 കരാർ ജീവനക്കാരിൽ 4,400 പേരെയെങ്കിലും പിരിച്ചു വിട്ടതായാണ് റിപ്പോർട്ട്. മസ്‌ക് ട്വിറ്റർ ഏറ്റെടുത്ത് ദിവസങ്ങൾക്ക് ശേഷമാണ് ട്വിറ്ററിലെ 3,700-ലധികം ഫുൾ ടൈം ജീവനക്കാരെ പിരിച്ചുവിട്ടത്.