
സൌത്ത് കരോലിന: അമേരിക്കയിലെ പരീക്ഷണ ശാലയില്‍ നിന്ന് രക്ഷപ്പെട്ടത് 43 കുരങ്ങന്മാർ. സൌത്ത് കരോലിനയില്‍ മരുന്ന് പരീക്ഷണങ്ങള്‍ക്കും ഗവേഷണത്തിനുമായി സൂക്ഷിച്ചിരുന്ന കുരങ്ങുകളാണ് രക്ഷപ്പെട്ടത്.
ആല്‍ഫ ജെനസിസ് എന്ന സ്ഥാപനമായിരുന്നു റീസസ് കുരങ്ങുകളെ സൂക്ഷിച്ചിരുന്നത്. സൌത്ത് കരോലിനയിലെ ലോകണ്‍ട്രി മേഖലയിലാണ് നാല് കിലോ വീതം ഭാരമുള്ള പെണ്‍കുരങ്ങുകള്‍ അലഞ്ഞ് തിരിയുന്നത്.
വീടിനോ ഓഫീസ് പരിസരത്തോ കുരങ്ങുകളെ കണ്ടാല്‍ അവയുടെ പരിസരത്തേക്ക് എത്താൻ ശ്രമിക്കരുതെന്നും ഇവയ്ക്ക് ഭക്ഷണം നല്‍കാനോ ശ്രമിക്കരുതെന്നും മുറികള്‍ക്കുള്ളില്‍ തുടരണമെന്നുമാണ് സംഭവത്തിന് പിന്നാലെ ആരോഗ്യ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. യെമസീ പൊലീസാണ് കുരങ്ങുകള്‍ക്കായുള്ള അന്വേഷണം നടത്തുന്നത്. ഇവയെ ഭക്ഷണം നല്‍കി പ്രലോഭിപ്പിച്ച് തിരികെ എത്തിക്കാനുള്ള ശ്രമങ്ങളാണ് നിലവില്‍ പുരോഗമിക്കുന്നത്. ഒരു കാരണവശാലും കുരങ്ങുകളുടെ പരിസരത്തേക്ക് പോകരുതെന്നാണ് പ്രദേശവാസികള്‍ക്ക് നല്‍കിയിട്ടുള്ള നിർദ്ദേശം. പലയിടങ്ങളിലും കുരങ്ങുകള്‍ക്കായി കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും പൊലീസ് വിശദമാക്കുന്നു. തെർമല്‍ ക്യാമറകളുടെ സഹായത്തോടെ രക്ഷപ്പെട്ട കുരങ്ങുകളെ കണ്ടെത്താനുള്ള ശ്രമങ്ങളും ഊർജ്ജിതമാണ്.
നിലവില്‍ ഈ കുരങ്ങുകളില്‍ പരീക്ഷണമൊന്നും നടത്തിയിട്ടില്ലെന്നും എന്തെങ്കിലും രോഗം വഹിക്കാനുള്ള പ്രായം ഇവയ്ക്ക് ആയിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നതെങ്കിലും പരിസരവാസികളും കടുത്ത ആശങ്കയിലാണ് കഴിയുന്നത്. കുരങ്ങുകള്‍ രക്ഷപ്പെട്ടതില്‍ നിരാശ മറച്ചു വയ്ക്കുന്നില്ലെന്നും ശുഭാന്ത്യമുണ്ടാകുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്നുമാണ് ആല്‍ഫാ ജെനസിസ് സിഇഒ ഗ്രെഗ് വെസ്റ്റർഗാർഡ് പ്രതികരിക്കുന്നത്.
കുരങ്ങുകളെ പാർപ്പിച്ചിരുന്ന കൂടിന്റെ വാതില്‍ അടയ്ക്കുന്നതിലെ വീഴ്ചയാണ് സംഭവത്തിന് കാരണമായത്. മരങ്ങളില്‍ തങ്ങളുടെ സ്വാതന്ത്ര്യം ആഘോഷിക്കുകയാണ് ഇവയെന്നാണ് പ്രദേശവാസികള്‍ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. പ്ലാനറ്റ് ഓഫ് ഏപ്സ് എന്ന ഹോളിവുഡ് സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് സംഭവമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അൻപത് കുരങ്ങുകളാണ് ആല്‍ഫാ ജെനസിസ് കേന്ദ്രത്തിലുണ്ടായിരുന്നത്. ഇതില്‍ 43 കുരങ്ങുകളാണ് രക്ഷപ്പെട്ടത്.
മരങ്ങളില്‍ കുരങ്ങന്മാർക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ലഭിക്കാതെ വരുന്നതോടെ ഇവർ താമസിപ്പിച്ചിരുന്ന ആല്‍ഫാ ജെനസിസ് കേന്ദ്രത്തിലേക്ക് കുരങ്ങുകള്‍ തിരിച്ചെത്തുമെന്നും സൂക്ഷിപ്പുകാർ നിരീക്ഷിക്കുന്നുണ്ട്. നിലവിലെ കാലാവസ്ഥയില്‍ കുരങ്ങുകളെ കണ്ടെത്തുന്നത് ഏറെ പ്രയാസകരമെന്നാണ് ഗ്രെഗ് വെസ്റ്റർഗാർഡ് വിശദമാക്കുന്നത്. ഇത് ആദ്യമായല്ല കുരങ്ങന്മാർ ആല്‍ഫാ ജെനസിസില്‍ രക്ഷപ്പെടുന്നത്. 2016ല്‍ 19 കുരങ്ങന്മാരാണ് ഇവിടെ നിന്ന് രക്ഷപ്പെട്ടത്. 2014ല്‍ 26 കുരങ്ങന്മാർ ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. 1100 ഓളം ആളുകളാണ് യെമാസീയില്‍ താമസമാക്കിയിട്ടുള്ളത്. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ബർമ, തായ്‌ലന്റ്, അഫ്ഗാനിസ്ഥാൻ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ സാധാരണമായി കാണുന്നവയാണ് റീസസ് കുരങ്ങുകള്‍.