
രണ്ടാംവട്ടവും അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വെന്നിക്കൊടി പായിച്ചതോടെ അന്താരാഷ്ട്ര മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്.
ഒരേ സമയം പ്രശസ്തിയും കുപ്രസിദ്ധിയും സ്വന്തമാക്കിയിട്ടുള്ള ആളാണ് ട്രംപ്. ലൈംഗികാരോപണങ്ങളില്‍ പോലും അദ്ദേഹം പ്രതിസ്ഥാനത്ത് വന്നിട്ടുണ്ട്. എന്നാല്‍ ട്രംപ് ജീവിതത്തിലൊരിക്കലും മദ്യപിച്ചിട്ടില്ല. വിശ്വസിക്കാൻ പ്രയാസമാണെങ്കിലും ഇക്കാര്യം സത്യമാണ്. പൊതുവേദിയില്‍ പലപ്പോഴും അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്.
മദ്യപിക്കില്ലെന്ന ട്രംപിൻ്റെ തീരുമാനത്തിന് പിന്നില്‍ വ്യക്തിപരമായ വേദനകളുടെ പശ്ചാത്തലം കൂടിയുണ്ട്. ട്രംപിന്റെ സഹോദരനായിരുന്ന ഫ്രെഡ് ട്രംപ് ജൂനിയര്‍ അമിതമായ മദ്യപാനത്തെത്തുടര്‍ന്നാണ് മരണപ്പെട്ടത്. സഹോദരന്റെ മരണമുണ്ടാക്കിയ വേദനയാണ് ഒരിക്കലും മദ്യം കഴിയ്ക്കില്ല എന്നൊരു തീരുമാനമെടുക്കാന്‍ ട്രംപിനെ പ്രേരിപ്പിച്ചത്. 43-ാമത്തെ വയസിലാണ് ഫ്രെഡ് ട്രംപ് ജൂനിയര്‍ മരണത്തിന് കീഴടങ്ങുന്നത്. ഈ അനുഭവങ്ങളാണ് മദ്യത്തെക്കുറിച്ചുള്ള ട്രംപിന്റെ കാഴ്ചപ്പാട് മാറ്റിയത്. മദ്യാസക്തി ഇല്ലാതെ ജീവിക്കാനുള്ള ഒരു മാര്‍ഗ്ഗം അതൊരിക്കലും ഉപയോഗിക്കാതിരിക്കുകയാണെന്ന് അടുത്തിടെ പുറത്തിറങ്ങിയ ഒരു അഭിമുഖത്തില്‍ ട്രംപ് പറയുന്നുണ്ട്. കൂടാതെ മദ്യപാനം മാനസികാരോഗ്യത്തെ ബാധിക്കുമെന്നും മദ്യം കഴിക്കുമ്ബോള്‍ കൂടുതല്‍ ക്രീയേറ്റീവായി തോന്നുമെങ്കിലും അത് ശാശ്വതമല്ലെന്നും അതില്‍ നിന്ന് പുറത്തുകടക്കുന്നതാണ് നല്ലതെന്നുമാണ് യുവാക്കള്‍ക്കുള്ള ട്രംപിന്റെ ഉപദേശം.