പാലക്കാട്: തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഷാഫി പറമ്ബിലും സംഘവും കോടികളുടെ കള്ളപ്പണം എത്തിച്ചുവെന്ന വിവരം പൊലീസിന് കൈമാറിയത് കോണ്‍ഗ്രസുകാർ തന്നെയെന്ന് സൂചന.
സതീശൻ- ഷാഫി പക്ഷത്തിന്റെ ഏകാധിപത്യ നിലപാടില്‍ കടുത്ത പ്രതിഷേധമുള്ള കോണ്‍ഗ്രസ് നേതാക്കളാണ് കള്ളപ്പണം കടത്തിക്കൊണ്ടുവന്ന വിവരം ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചത്. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മൂർച്ഛിച്ചതോടെയാണ് ഒരു വിഭാഗം നേതാക്കള്‍ കള്ളപ്പണ കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ആഡംബര വാഹനത്തില്‍ കോടികള്‍ എത്തിച്ചുവെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസിനെ അറിയിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ഇതിന്റെ ഭാഗമായിട്ടായിരുന്നു പൊലീസ്- തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുടെ പരിശോധന. നിലവില്‍ പാലക്കാട്ട് കോണ്‍ഗ്രസിനുണ്ടായിരുന്ന മേല്‍ക്കൈ നഷ്ടമായതോടെ സതീശൻ- ഷാഫി പക്ഷം കടുത്ത പരിഭ്രാന്തിയിലാണ്. പടുകുഴിയില്‍ വീണ സ്ഥിതിയിലാണ് സതീശൻ- ഷാഫി പക്ഷത്തിന്റെ നോമിനി സ്ഥാനാർഥിയായ രാഹുല്‍ മാങ്കൂട്ടത്തില്‍. കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് പോര് കനത്തതോടെ വലിയ വിഭാഗം പ്രവർത്തകരും നേതാക്കളും കോണ്‍ഗ്രസില്‍ നിന്നും കൂട്ടത്തോടെ രാജി വെക്കുകയാണ്. ഓരോ ദിവസവും നേതാക്കള്‍ അടക്കമുള്ളവർ കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച് ഡോ. പി സരിന്റെ വിജയത്തിനുവേണ്ടി രംഗത്തിറങ്ങുകയാണ്. ഇതേത്തുടർന്നുള്ള പരിഭ്രാന്തിയിലാണ് ഷാഫിയും സംഘവുമെന്നാണ് ഉയർന്നുവരുന്ന ആരോപണം.
ഷാഫിയുടെയും സതീശന്റെയും ധാർഷ്ട്യത്തിലും അഹങ്കാരം നിറഞ്ഞ നിലപാടുകളിലും വലിയ വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കടുത്ത അമർഷമുണ്ട്. ഇങ്ങനെ അമർഷമുള്ള വിഭാഗത്തില്‍പ്പെട്ട കോണ്‍ഗ്രസ് പ്രവർത്തകർ തന്നെയാണ് കള്ളപ്പണം കൊണ്ടുവന്ന വിവരം പൊലീസിനെ അറിയിച്ചതും. ഏകാധിപത്യ മനോഭാവവും സതീശന്റെ ആട്ടും തുപ്പും ധാർഷ്ട്യവും സഹിച്ച് മുന്നോട് പോകാനാകില്ല എന്ന് മനസിലാക്കിയ മറു ഗ്രൂപ്പുകളാണ് വിവരം പൊലീസിന് ചോർത്തി നല്‍കിയത്. സ്വന്തം പാർട്ടിക്കുള്ളില്‍ നിന്ന് തന്നെ കള്ളപ്പണ വിവരം പൊലീസിന് ചോർത്തി നല്‍കിയത് വിഡി സതീശൻ – ഷാഫി പക്ഷത്തെ പിടിച്ചുകുലുക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് പല ഘട്ടങ്ങളിലായി വലിയ തോതില്‍ മൂർച്ഛിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു കലാപത്തിലേക്ക് വഴിമാറിയത് ഇത് ആദ്യമാണ്. പാലക്കാട്ട് രാഹുലിനെ നോമിനി സ്ഥാനാർത്ഥിയാക്കി കൊണ്ടുവന്നതുമുതല്‍ കോണ്‍ഗ്രസില്‍ ഉള്‍പ്പോര് അതിരൂക്ഷമാണ്. സതീശന്റെയും ഷാഫിയുടെയും ഏകാധിപത്യ നടപടികള്‍ അംഗീകരിക്കാൻ കഴിയില്ലെന്ന് നേരത്തെ തന്നെ വലിയ വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ തുറന്നടിച്ചിരുന്നു. ഈ പോരിന്റെ മൂർധന്യമാണ് കള്ളപ്പണം കൊണ്ടുവന്ന വിവരം കോണ്‍ഗ്രസില്‍ നിന്നുതന്നെ പുറത്തുപോകാൻ ഇടയാക്കിയതെന്നാണ് ആക്ഷേപം.
പാലക്കാട് കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ പൊലീസ് പരിശോധന നടത്തിയത് കൃത്യമായ വിവരത്തിന്റ അടിസ്ഥാനത്തിലാണെന്ന് ജില്ലാ പൊലീസ് മേധാവി ആർ ആനന്ദും സ്ഥിരീകരിച്ചിട്ടുണ്ട്. കുഴല്‍പ്പണം ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. എല്ലാ രാഷ്ട്രീയപാർട്ടി നേതാക്കളുടെയും മുറികളില്‍ പരിശോധന നടത്തിയെന്നും അല്ലാതെ കോണ്‍ഗ്രസിന്റെ മാത്രം മുറികളില്‍ പരിശോധന എന്ന ആരോപണം തെറ്റാണെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മൂർച്ഛിച്ചതും നേതാക്കളുടെ തമ്മില്‍ തല്ലും കാരണം വലിയ വിഭാഗം കോണ്‍ഗ്രസ് പ്രവർത്തകർക്ക് അസംതൃപ്തിയുണ്ട്. നേതാക്കള്‍ ചേരി തിരിഞ്ഞ് അടി കൂടുന്നതും, കോണ്‍ഗ്രസിന്റെ സ്ഥിരതയില്ലായ്മയും പ്രതിഷേധത്തിന് കാരണമാണ്. ഇതെല്ലാം ഇത്തവണ പാലക്കാട്ട് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. സാധാരണക്കാരായ പ്രവർത്തകരെ നാല് വോട്ടിനുവേണ്ടി വിലയ്ക്ക് വാങ്ങാൻ ശ്രമിച്ചുവെന്ന വികാരവും കോണ്‍ഗ്രസ് പ്രവർത്തകരില്‍ ശക്തമാണ്. ഇതെല്ലാം സാധാരണ കോണ്‍ഗ്രസ് പ്രവർത്തകരെയും ജനങ്ങളെയും അനുഭാവികളെയും കോണ്‍ഗ്രസില്‍ നിന്ന് അകറ്റുകയാണെന്നും ആക്ഷേപമുണ്ട്. കേന്ദ്ര നയങ്ങള്‍ക്കെതിരെ ശക്തമായി പോരാടാനും ബിജെപിയെ പരാജയപ്പെടുത്താനുമായി താഴെത്തട്ടിലുള്ള കോണ്‍ഗ്രസ് പ്രവർത്തകരും ജനങ്ങളും ഒന്നടങ്കം എല്‍ഡിഎഫിന് വോട്ട് ചെയ്യുമെന്നാണ് സർവ്വേ ഫലങ്ങള്‍ പറയുന്നത്.