കുവൈത്ത് സിറ്റി: ചാരത്തില് നിന്ന് ഫിനിക്സ് പക്ഷിയെപ്പോലെ ഉയര്ത്തെഴുന്നേല്ക്കുകയെന്ന ചൊല്ല് ഏറെക്കുറേ യാഥാര്ത്ഥ്യമാക്കിയ രാജ്യമാണ് കുവൈത്ത്.
ഒരേസമയം വില്ലനും ഹീറോയുമായി പരിഗണിക്കുപ്പെടുന്ന സദ്ദാം ഹുസൈന് ഇറാഖ് ഭരണാധികാരിയായിരിക്കെ നടത്തിയ അധിനിവേശംമൂലം തകര്ന്നടിഞ്ഞ രാജ്യമാണ് കുവൈത്ത്. 1991 ഫെബ്രുവരിയില് യു.എസിന്റെയും അറബ് രാഷ്ട്രങ്ങളുടെയും നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യത്തിന്റെ ഇടപെടലോടെ പിന്വാങ്ങിയ ഇറാഖി സൈന്യം അഗ്നിക്കിരയാക്കിയ അവസാന എണ്ണക്കിണറും കെടുത്തിയിട്ട് ഇന്നേക്ക് 33 വര്ഷം തികയുന്നു. അതിന്റെ സ്മരണ പുതുക്കുകയാണ് ഇന്ന് കുവൈത്ത് സര്ക്കാര്.
കുവൈത്ത് ആകാശം കറുത്തിരുണ്ട ദിനങ്ങള്
കുവൈത്തില്നിന്ന് പരാജയപ്പെട്ട് ഇറാഖി സൈന്യം പിന്മാറുമ്ബോള് 737 എണ്ണ കിണറുകള്ക്കാണ് അവര് തീയിട്ടത്. 54 എണ്ണക്കിണറുകള് പൂര്ണ്ണമായും നശിപ്പിക്കപ്പെട്ടത്, ഇന്നോളമുള്ള ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തത്തിനും കാരണമായി. എണ്ണക്കിണറുകള്ക്ക് തീയിട്ടത് കാരണം ആകാശം മുട്ടെ ഉയര്ന്ന കറുത്തിരുണ്ട പുകച്ചുരുളിലായിരുന്നു കുവൈത്തെന്ന കൊച്ചു രാജ്യം. ഇറാഖിന്റെ കുവൈത്ത് അധിനിവേശവും അതേതുടര്ന്നുണ്ടായ സംഘര്ഷവും പിന്നീട് ഗള്ഫ് യുദ്ധം എന്ന പേരിലാണ് അറിയപ്പെട്ടത്. 1991 ജനുവരിയിലും ഫെബ്രുവരിയിലുമാണ് എണ്ണക്കിണറുകള്ക്ക് തൂപ്പിടിച്ചത്. 1991 ഏപ്രില് ആദ്യം ആദ്യത്തെ എണ്ണക്കിണര് തീ അണച്ചു. അവസാന കിണര് 1991 നവംബര് 6നും അണച്ചു.
പാരിസ്ഥിതിക ആഘാതത്തിനൊപ്പം വലിയ അളവില് എണ്ണ ചോര്ച്ചയ്ക്കും ഇത് കാരണമായി. ഏകദേശം 23 ദശലക്ഷം വീപ്പ എണ്ണകളാണ് നഷ്ടമായത്. കുവൈത്തിന് പ്രതിദിനം 120 ദശലക്ഷം ഡോളര് നഷ്ടമായി. മൂന്ന് ദശാബ്ദം മുമ്ബാണ് ഇത്രയും സാമ്ബത്തിക നഷ്ടം കുവൈത്തെന്ന കൊച്ചുരാജ്യത്തിന് ഉണ്ടായത്. എണ്ണവ്യവസായം പ്രധാനവരുമാനമാര്ഗമായ കുവൈത്തിന് എണ്ണ ശാലകള്ക്കുണ്ടായ വരുത്തിയ നാശനഷ്ടങ്ങള് ആ രാജ്യത്തെ പിറകോട്ടടിച്ചു. അറ്റകുറ്റപ്പണികള്ക്ക് അനന്തമായ സമയവും പ്രയത്നവും ആവശ്യമായതോടെ കുവൈത്തിന് രാജ്യാന്തരസഹായം ഉണ്ടായി. മാസങ്ങളോളം അതീവ മാന്ദ്യത്തിലേക്ക് കുവൈത്ത് കൂപ്പുകുത്തി.
രാവും പകലും നീണ്ടുനിന്ന പുനര്നിര്മാണം
കുവൈത്തിന്റെ വിമോചനത്തിനുശേഷം നാശനഷ്ടങ്ങളുടെ കണക്കെടുപ്പായിരുന്നു. അതുകഴിഞ്ഞതോടെ രാവും പകലും നീണ്ടുനിന്ന പുനര്നിര്മ്മാണ ശ്രമങ്ങള് ഒരു ദേശീയ ഉദ്യമമായി മാറി. ഈ നിരന്തരപരിശ്രമമാണ് കുവൈത്തിനെ ലോകസമ്ബന്നരാഷ്ട്രങ്ങളുടെ പട്ടികയിലേക്ക് എത്തിച്ചത്. ഇന്ന് ലോകത്തെ ഏറ്റവും വിലകൂടിയ കറന്സിയുടെ ഉടമകളാണ് കുവൈത്ത്. ഡോളറിനെക്കാളും എത്രയോ മുകളിലാണ് കുവൈത്ത് ദിനാറിന്റെ സ്ഥാനം. ഒരു ഡോളര് കിട്ടാന് 84 രൂപയാണ് നല്കേണ്ടതെങ്കില് കുവൈത്ത് ദിനാര് ഒന്നിന് 274 രൂപ നല്കണം. തങ്ങളെ അന്ന് തകര്ത്തതിന് കാരണക്കാരായ ഇറാഖിന് പോലും ഇന്ന് കുവൈത്ത് സാമ്ബത്തിക സഹായം നല്കുന്നു.
ഈ ദുഷ്കരമായ ദൗത്യം പൂര്ത്തിയാക്കാന് കുറഞ്ഞത് അഞ്ച് വര്ഷമെങ്കിലും എടുത്തെന്നും ഓരോ കുവൈത്ത് പൗരന്മാരുടെയും കഠിനമായ പരിശ്രമമാണ് തിരിച്ചുവരാന് കഴിഞ്ഞതെന്നും അവര്ക്ക് നന്ദിയുണ്ടെന്നും സര്ക്കാര് ഉടമസ്ഥതയിലുള്ള കുവൈത്ത് ഓയില് കമ്ബനിയുടെ (KPC) മേധാവി സാമി അല്യാക്കൂത്ത് പറഞ്ഞു.
‘കുവൈത്തികള് ഇറാഖില് എണീറ്റ’ ദിനം
ഓര്ത്തുവയ്ക്കാന് കൂടുതല് സംഭവങ്ങളില്ലെങ്കിലും, കുവൈത്തികള് ഒരിക്കലും ഓര്ക്കാനിഷ്ടപ്പെടാത്ത ദിനരാത്രികളായിരുന്നു ഇറാഖിന്റെ കുവൈത്ത് അധിനിവേശം. പതിവ് പോലെ, കുവൈത്തില് ഉറങ്ങിയവര് പുലര്ച്ചെ ‘ഇറാഖ് സംസ്ഥാനത്ത്’ ഉറക്കമുണര്ന്ന അധിനിവേശ ദിനരാത്രികള്. 1990 ഓഗസ്റ്റ് രണ്ടിനാണ് ഇറാഖ് സൈന്യം കുവൈത്തില് കടന്നുകയറിയത്. മൂന്നുലക്ഷത്തിലേറെ ഇറാഖ് സൈന്യമാണ് കുവൈത്ത് കീഴടക്കിയത്. നിരവധി പേര് കൊല്ലപ്പെട്ടു. അനേകം പേര് പലായനം ചെയ്തു.
കുവൈത്ത് തങ്ങളുടേതാണെന്ന് സദ്ദാം ഹുസൈന് പ്രഖ്യാപിച്ചു. കുവൈത്തിനെ ഇറാഖിന്റെ 19ാമത് ഗവര്ണറേറ്റ് ആക്കി അടക്കിഭരിക്കുകയായിരുന്നു സദ്ദാം ഹുസൈന്റെ ലക്ഷ്യം. കുവൈത്ത് അമീര് ശെയ്ഖ് ജാബിര് അല് അഹമ്മദ് അല് ജാബര് അല് സബാഹും കുടുംബവും രാത്രിക്ക് രാത്രി സഊദിയില് തന്ത്രപരമായി എത്തി. പിന്നീട് സഊദിയില് ഇരുന്ന് അദ്ദേഹം നടത്തിയ നീക്കങ്ങളാണ് ഗള്ഫ് യുദ്ധങ്ങള്ക്കും കുവൈത്ത് മോചനത്തിനും ഇടയാക്കിയത്.
മലയാളികളെയും വിറപ്പിച്ച ഗള്ഫ് യുദ്ധം
1991 ജനുവരി 16ന് ‘ഓപറേഷന് ഡിസേട്ട് സ്റ്റോം’ (Operation Desert Storm) എന്ന പേരില് അമേരിക്കയും ബ്രിട്ടനും അടക്കം 34 രാജ്യങ്ങള് അടങ്ങിയ സഖ്യസേന ഇറാഖിനെതിരെ പ്രത്യാക്രമണം ആരംഭിച്ചു. സൗദി അറേബ്യയില് നിന്നും പേര്ഷ്യന് ഗള്ഫിലെ യു.എസിന്റെയും ബ്രിട്ടന്റെയും വിമാനവാഹിനിക്കപ്പലുകളില് നിന്നും യുദ്ധവിമാനങ്ങള് കുതിച്ചു. ആക്രമണത്തെ പ്രതിരോധിക്കാനാകാതെ ഇറാഖ് പതറി. ഫെബ്രുവരി 24ന് സഖ്യസേന കര ആക്രമണവും തുടങ്ങിയതോടെ മൂന്നാംദിവസം ഇറാഖ് സൈന്യം കീഴടങ്ങി. 1991 ഫെബ്രുവരി 26ന് കുവൈത്ത് മോചിപ്പിക്കപ്പെട്ടു.
2231 കുവൈത്തികള് കൊല്ലപ്പെട്ടു. കാണാതായവരെ കുറിച്ച് ഇപ്പോഴും വ്യക്തയില്ല. മലയാളികള് ഉള്പ്പെടെയുള്ള ഇന്ത്യക്കാരും യുദ്ധത്തിന്റെ ഇരകളായി. ആയിരക്കണക്കിന് മലയാളികള് മരണംമുന്നില്ക്കണ്ടു. കുവൈത്തിലെ പ്രവാസികളുടെ വീടുകളില് ഉറക്കമില്ലാ രാത്രികളായിരുന്നു അന്ന്. വിമാനത്താവളമടക്കം രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകര്ന്നു. നൂറുകണക്കിന് കെട്ടിടങ്ങളും റോഡുകളും വൈദ്യുതി സംവിധാനവും തകര്ന്നു.
ഇറാഖിന് അതിനെക്കാള് നഷ്ടമുണ്ടായി. കാല്ലക്ഷത്തോളം സൈനികര് കൊല്ലപ്പെട്ടു. ഇറാഖ് പട്ടിണിയിലുമായി. തുടര്ന്നുള്ള യു.എന് ഉപരോധം സ്ഥിതി വശളാക്കുകയും ചെയ്തു.