ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (എല്‍.എം.വി) ലൈസന്‍സുള്ള വ്യക്തികള്‍ക്ക് 7,500 കിലോഗ്രാം വരെയുള്ള ഭാര വാഹനങ്ങള്‍ (ഹെവി വെഹിക്കിള്‍സ്) ഓടിക്കാമെന്ന് സുപ്രീം കോടതി.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണ ഘടനാ ബെഞ്ചിന്റേതാണ് വിധി. ഡ്രൈവറുടെ ലൈസന്‍സിന്റെ തരം നോക്കി ഇന്‍ഷുറന്‍സ് കമ്ബനികള്‍ ക്ലെയിമുകള്‍ നിരസിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് വിധി. ഇതോടെ ചെറിയ ടിപ്പറുകള്‍, ട്രാവലറുകള്‍ എന്നിവ ഓടിക്കാന്‍ എല്‍.എം.വി ലൈസന്‍സ് മതിയാകും.
ജസ്റ്റിസുമാരായ പി.എസ് നരസിംഹ, പങ്കജ് മിത്തല്‍, മനോജ് മിശ്ര, ഹൃഷികേഷ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇത് സംബന്ധിച്ച ഹര്‍ജി പരിഗണിച്ചത്. 7,500 കിലോ ഗ്രാം വരെ ഭാരമുള്ള വാഹനങ്ങള്‍ മറ്റ് അധിക രേഖകളൊന്നുമില്ലാതെ ഓടിക്കാന്‍ കഴിയുമെന്ന് കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച ചട്ടങ്ങള്‍ പ്രായോഗികമാകണം. എല്‍.എം.വികളെയും യാത്രാ വാഹനങ്ങളെയും പൂര്‍ണമായും രണ്ട് വിഭാഗങ്ങളായി കാണാന്‍ കഴിയില്ല. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് സാധാരണ ഡ്രൈവര്‍മാരുടെ അവകാശങ്ങളെ ഇല്ലാതാക്കാന്‍ കഴനയില്ല. എന്നാല്‍ അപകടകരമായ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന വാഹനങ്ങള്‍ ഓടിക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. 1988ലെ മോട്ടോര്‍ വെഹിക്കിള്‍ ആക്ടിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.
ഇന്‍ഷുറന്‍സ് കമ്ബനികള്‍ക്ക് തിരിച്ചടി
എല്‍.എം.വി ലൈസന്‍സുള്ളവര്‍ ഓടിച്ച ഭാരവാഹനങ്ങളുടെ അപകട ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സുപ്രീം കോടതി വരെ നീണ്ട വ്യവഹാരത്തിലേക്ക് നയിച്ചത്. വാഹനം ഓടിച്ചയാളിന്റെ ലൈസന്‍സ് ഏത് തരത്തിലുള്ളതാണെന്ന് പരിഗണിക്കാതെ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണലുകളും (എം.എ.സി.റ്റി) കോടതികളും ഇന്‍ഷുറന്‍സ് ക്ലെയിം നല്‍കാന്‍ വിധിക്കുന്നുവെന്നായിരുന്നു ഇന്‍ഷുറന്‍സ് കമ്ബനികളുടെ പരാതി. ഇത് സംബന്ധിച്ച് 2017ലെ സുപ്രീം കോടതി മൂന്നംഗ ബെഞ്ചിന്റെ വിധിയെയും കമ്ബനികള്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് വിഷയം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനക്ക് വന്നു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അടക്കം വാദം കേട്ട ഭരണഘടനാ ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു.