ചെറിയ ഇടവേളയ്ക്ക് ശേഷം സ്വർണ വില ഇന്ന് വീണ്ടും ഉയർന്നിരിക്കുകയാണ്. പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്. ഈ മാസം ആദ്യമായാണ് സ്വർണ വില ഉയരുന്നത്.
ഇന്നത്തെ വർധനവോടെ ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 58920 രൂപയാണ്. ഗ്രാമിന് പത്ത് രൂപ കൂടി 7356 എന്ന നിരക്കിലുമാണ്
ഒക്ടോബർ 31 ന് 59640 എന്ന സംസ്ഥാനത്ത ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണവില. എന്നാല്‍ നവംബർ പിറന്നതോടെ ആദ്യ അഞ്ച് ദിനങ്ങളിലായി സ്വർണ വിലയില്‍ 800 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഈ ഇടിവ് താല്‍ക്കാലികമാണെന്നും സ്വർണ വില തിരിച്ച് കയറുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.
ആഗോള വിപണിയിലെ പ്രതിഫലനങ്ങളാണ് ആഭ്യന്തര വിപണിയിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിന് ഇടയില്‍ മാത്രം സ്വർണ വിലയില്‍ 30 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ഇനിയും വില മുന്നേറുമെന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ സ്വർണത്തില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. എന്നാല്‍ കണ്ണടച്ച് വലിയ തോതില്‍ സ്വർണം വാങ്ങിക്കൂട്ടുന്നത് ചിലപ്പോള്‍ അബന്ധമായേക്കാമെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ ഒരു വർഷത്തില്‍ ഓഹരിവിപണിയേക്കാള്‍ വലിയ നേട്ടമാണ് ഒരു നിക്ഷേപം എന്ന നിലയില്‍ സ്വർണമുണ്ടാക്കിയത്. കുറച്ചുനാള്‍ കൂടെ സ്വർണ വില ഈ നിലയില്‍ മുന്നോട്ട് പോകുമെങ്കിലും അതിന് ശേഷം വളർച്ച മന്ദഗതിയിലാകുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. സ്വർണത്തില്‍ അമിതമായി നിക്ഷേപിക്കുന്നവർ സൂക്ഷിക്കണമെന്നാണ് ഇവർ നിർദേശിക്കുന്നത്. അതായത് വന്‍ലാഭം ലക്ഷ്യമിട്ടുണ്ട് കൂടുതല്‍ സ്വർണം വാങ്ങിക്കൂട്ടിയാല്‍ പ്രതീക്ഷിച്ച ലാഭം ലഭിക്കണമെന്നില്ല. ഒരു പക്ഷെ വലിയ നഷ്ടങ്ങള്‍ക്ക് ഇടയാക്കിയേക്കും.
സ്വർണത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാതെ നിക്ഷേപത്തില്‍ വൈവിദ്ധ്യവത്കരണം തുടരണം. സ്ഥിരവരുമാനത്തില്‍ 30-40%, ഇക്വിറ്റികളില്‍ 50-60% എന്നിങ്ങനേയും സ്വർണത്തില്‍ 10 ശതമനാവും നിക്ഷേപവും തുടരുന്നതായിരിക്കും ഉചിതം. സമീപകാലത്ത് സ്വർണം വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ടെങ്കിലും ഇനിയുള്ള മാസങ്ങളില്‍ അങ്ങനെ ആയിരിക്കണമെന്നില്ലെന്നാണ് മോത്തിലാല്‍ ഓസ്വാള്‍ ഫിനാൻഷ്യല്‍ സർവീസസിലെ ബുള്ളിയൻ അനലിസ്റ്റ് മാനവ് മോദിയെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, ഒക്ടോബർ 31 വരേയുള്ള കണക്ക് പരിശോധിക്കുകയാണെങ്കില്‍ കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ ഒരു പവന് കൂടിയത് 14120 രൂപയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 15 ന് 45520 രൂപയായിരുന്നു പവന്റെ വില. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങള്‍, ഡോളറിന്റെ മുന്നേറ്റം, അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്, അമേരിക്കന്‍ ഫെഡറല്‍ ബാങ്കിന്റെ നയങ്ങള്‍ എന്നിവയാണ് സ്വർണ വിലയില്‍ പ്രതിഫലിച്ചത്.