കേന്ദ്ര മന്ത്രിയായതിന് പിന്നാലെ സിനിമ അഭിനയ മേഖലയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് സുരേഷ് ഗോപി. സിനിമ അഭിനയം തുടരുന്നതിനായി കേന്ദ്ര സർക്കാറില്‍ നിന്നും അനുമതി തേടാന്‍ സുരേഷ് ഗോപി ശ്രമിച്ചിരുന്നെങ്കിലും അനുകൂലമായ തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് സൂചന.
ദീർഘനാളായി നീട്ടിവളർത്തി, പ്രത്യേക ഗെറ്റപ്പില്‍ സൂക്ഷിക്കുന്ന താടി വടിച്ചതോടെ ഈ സംശയങ്ങള്‍ ശക്തിപ്പെടുകയും ചെയ്തു.
ഒറ്റക്കൊമ്ബന്‍ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു സുരേഷ് ഗോപി താടി വളർത്തിയത്. ഷിബിന്‍ ഫ്രാന്‍സിസിന്റെ രചനയില്‍ മാത്യൂസ് തോമസ് സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രം വളരെ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണെങ്കിലും വിവിധ കാരണങ്ങളാല്‍ ഇതുവരെ ഷൂട്ട് തുടങ്ങാനായിട്ടില്ല. സുരേഷ് ഗോപിയുടെ കേന്ദ്ര മന്ത്രി പദവി തന്നെയാണ് പ്രധാന തടസ്സം.
സുരേഷ് ഗോപി താടിവടിച്ചതോടെ ഒറ്റക്കൊമ്ബന്‍ ഇനിയും ഏറെ നാള്‍ വൈകുമെന്നുറപ്പാണ്. അഭിനയിക്കാനുള്ള അനുമതി കേന്ദ്രത്തില്‍ നിന്നും ലഭിക്കാത്ത സാഹചര്യത്തില്‍ സിനിമ ചിത്രീകരണം ഇനി എത്രനാള്‍ വൈകുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. കേന്ദ്രമന്ത്രിയായതിന് ശേഷം സുരേഷ് ഗോപിയുടേതായി ആദ്യമായി പുറത്തിറങ്ങേണ്ട ചിത്രമായിരുന്നു ഒറ്റക്കൊമ്ബന്‍. സെപ്തംബറില്‍ തന്നെ ചിത്രീകരണം തുടങ്ങുമെന്നായിരുന്നു സുരേഷ് ഗോപി വ്യക്തമാക്കിയത്.
സിനിമ ചെയ്യാന്‍ അനുവാദം ചോദിച്ചിട്ടുണ്ടെന്നും അനുമതി ഇതുവരെ ലഭിച്ചില്ല. എന്നാല്‍ പക്ഷേ സെപ്റ്റംബർ ആറാം തിയതി ഞാൻ ഒറ്റക്കൊമ്ബൻ തുടങ്ങുകയാണെന്നും സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു. എത്ര പടം ചെയ്യണമെന്ന് അമിത് ഷാ ചോദിച്ചു. 22 എങ്കിലും ചെയ്യേണ്ടി വരും എന്ന് പറഞ്ഞപ്പോള്‍ ആ പേപ്പർ കെട്ടുകള്‍ അങ്ങനെ തന്നെ അദ്ദേഹം എടുത്ത് സൈഡിലേക്ക് എറിഞ്ഞു. എങ്കിലും അനുവാദം നല്‍കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും കേന്ദ്ര സഹമന്ത്രി വ്യക്തമാക്കി.
നിയമം പറയുന്നത് എന്ത്?
കേന്ദ്ര-സംസ്ഥാന മന്ത്രിപദത്തില്‍ ഉള്ളവർക്ക് മറ്റു ജോലികള്‍ ചെയ്യാൻ നിയമം അനുശാസിക്കുന്ന പെരുമാറ്റച്ചട്ടപ്രകാരം സാധ്യമല്ല. എന്നാല്‍ എംപിമാർക്കും എം എല്‍ എ മാർക്കും ഈ ചട്ടം ബാധകമല്ല. ‘സിനിമയോ, അധ്യാപനമോ, മറ്റേതൊരു ജോലിയും ചെയ്യാൻ ഒരു മന്ത്രിക്ക് സാധിക്കില്ല. മന്ത്രിപദം എന്നത് മുഴുവന്‍ സമയ ജോലിയായിട്ട് കാണേണ്ട കാര്യമാണ്. ഈ പദവികളില്‍ ഉള്ളവർക്ക് അവധി എടുത്ത് പോലും മറ്റ് ജോലികള്‍ക്ക് പോകാന്‍ സാധിക്കില്ല’ എന്നാണ് ലോക്സഭയുടെ മുന്‍ സെക്രട്ടറി ജനറല്‍ പി ഡി ടി ആചാരിയെ ഉദ്ധരിച്ച് മനോരമ ഓണ്‍ലൈന്‍ നേരത്തെ റിപ്പോർട്ട് ചെയ്തത്.
സിനിമയില്‍ അഭിനയിക്കാന്‍ മാത്രമല്ല, ഉദ്ഘാടനങ്ങള്‍ക്ക് പോകുമ്ബോള്‍ പ്രതിഫലം വാങ്ങിക്കാനും സുരേഷ് ഗോപിക്ക് സാധിക്കില്ല. പണം വാങ്ങി മറ്റൊരു ജോലി ചെയ്യല്‍ മന്ത്രി പദത്തില്‍ തുടരുമ്ബോള്‍ സാധിക്കില്ല. ജനങ്ങളെ സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ് മന്ത്രിയുടെ ജോലിയുടെ സ്വഭാവം. അതില്‍ എന്തെങ്കിലും മാറ്റമുണ്ടായാല്‍ അത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ ഈ പെരുമാറ്റച്ചട്ടം മാറ്റണമെങ്കില്‍ പ്രധാനമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. നിയമം ഭേദഗതി ചെയ്യാതെ സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി പ്രത്യേക അനുമതി നല്‍കിയാല്‍ മറ്റുള്ളവർക്കും അനുമതി നല്‍കേണ്ടി വരും. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപിക്ക് അനുമതി നല്‍കാത്തതെന്നാണ് സൂചന.