തികച്ചും അസാധാരണമായ സാഹചര്യത്തില്‍ ഡിഎൻഎ ടെസ്റ്റിന് വിധേയമായ ചൈനീസ് യുവതിയെ ഞെട്ടിച്ച് അതിന്റെ ഫലം. ഹെനാൻ പ്രവിശ്യയിലെ സിൻസിയാങില്‍ നിന്നുള്ള യുവതിയാണ് തന്റെ അനുഭവം സൗത്ത് ചൈന മോർണിംഗ് പോസ്റ്റിനോട് വിവരിച്ചത്.
യുവതിയെ നിരന്തരം സഹപ്രവർത്തകർ കളിയാക്കാറുണ്ടായിരുന്നു. അവളെ കണ്ടാല്‍ അവളുടെ നാട്ടുകാരില്‍ ഒരാളെപ്പോലെ ഇല്ലായിരുന്നു എന്നതാണ് പരിഹസിക്കാനുള്ള കാരണമായി തീർന്നത്. പിന്നാലെ അവള്‍ തന്റെ മാതാപിതാക്കളോട് തന്നെ ഇക്കാര്യം ചോദിച്ചു. തന്നെ കാണാൻ എന്തുകൊണ്ടാണ് അവിടുത്തുകാരെ പോലെ ഇല്ലാത്തത് എന്നായിരുന്നു ചോദ്യം. എന്നാല്‍, വ്യക്തമായ ഒരുത്തരം കിട്ടിയില്ല.
“ഞാൻ എല്ലായ്പ്പോഴും സിൻസിയാങ്ങിലാണ് താമസിച്ചിരുന്നത്. പക്ഷേ ഞാൻ ജോലി ചെയ്യാൻ തുടങ്ങിയപ്പോള്‍, എൻ്റെ സഹപ്രവർത്തകർ ഞാൻ അവരെ പോലെയല്ല എന്ന് പറയാൻ തുടങ്ങി. ‘നിങ്ങള്‍ ഞങ്ങളെപ്പോലെയല്ല. നിങ്ങള്‍ക്ക് ഞങ്ങളേക്കാള്‍ വിശാലമായ മൂക്കും കട്ടിയുള്ള ചുണ്ടുകളും വലുതും ആഴമുള്ളതുമായ കണ്ണുകളുമുണ്ട്. ഹെനാനില്‍ നിന്നുള്ള ഒരാളെപ്പോലെയല്ല നിങ്ങളെ കാണാൻ’ എന്നായിരുന്നു അവർ പറഞ്ഞിരുന്നത്” എന്നാണ് ഡോങ് എന്ന സ്ത്രീ പറഞ്ഞത്.
പിന്നാലെ, താൻ എവിടെ നിന്ന് വന്ന ആളായിരിക്കും എന്ന് എല്ലായ്പ്പോഴും താൻ ചിന്തിക്കാൻ തുടങ്ങി എന്നും ഡോങ് പറയുന്നു. പിന്നാലെയാണ് അവള്‍ ഡിഎൻഎ ടെസ്റ്റ് നടത്താൻ തീരുമാനിക്കുന്നത്. അവളെ ഞെട്ടിച്ചുകൊണ്ട് താൻ അതുവരെ തന്റെ മാതാപിതാക്കളായി കരുതിയിരുന്നവർ തന്റെ യഥാർത്ഥ മാതാപിതാക്കളല്ല എന്ന സത്യമാണ് ഡിഎൻഎ ഫലം വന്നതോടെ അവള്‍ തിരിച്ചറിഞ്ഞത്.
മാത്രമല്ല, ചൈനയുടെ തെക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗുവാങ്‌സി പ്രവിശ്യയില്‍ നിന്നുള്ള ആളാണ് അവളെന്നും ടെസ്റ്റില്‍ കണ്ടെത്തി.
ഡോങ്ങിന്റെ കഥ പുറത്തുവന്നതോടെ ഒരുപാട് ചർച്ചകളാണ് ഇതേ ചുറ്റിപ്പറ്റി സോഷ്യല്‍ മീഡിയയില്‍ നടന്നത്. മാത്രമല്ല, ഗുവാങ്സിയില്‍ നിന്നും ക്യു എന്നൊരു സ്ത്രീ ഡോങ്ങിനെ ബന്ധപ്പെട്ടു. തങ്ങളെ കാണാൻ ഒരുപോലെ ഉണ്ട് എന്നും തന്റെ നഷ്ടപ്പെട്ടുപോയ മകളാണോ ഡോങ് എന്ന് സംശയമുണ്ട് എന്നും പറഞ്ഞായിരുന്നു ബന്ധപ്പെട്ടത്. എന്നാല്‍, ഇരുവരും മകളും അമ്മയുമാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
എന്നിരുന്നാലും, സഹപ്രവർത്തകരുടെ കളിയാക്കല്‍ സഹിക്കാനാവാതെയാണ് ടെസ്റ്റ് നടത്തിയതെങ്കിലും ആ ടെസ്റ്റിന്റെ റിസള്‍ട്ട് തന്ന ഞെട്ടലിലാണ് ഡോങ്.