
കൊച്ചി നഗരത്തിലെ വിവിധ ഹോട്ടലുകളിലും ലോഡ്ജുകളിലും കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന റെയ്‌ഡുകളില്‍ കുടുങ്ങിയത് നിരവധി പെണ്‍വാണിഭ സംഘങ്ങള്‍.
ഇതില്‍ വിദ്യാര്ഥിനികളടക്കം 20 പേർ അറസ്റ്റിലായി. ഇവരെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. ചെറുതും വലുതുമായ പെണ്‍വാണിഭ സംഘങ്ങളില്‍ ക്രിമിനല്‍ പശ്ചാത്തലമുളളവർ മുതല്‍ വിദ്യാർത്ഥിനികള്‍ വരെയുണ്ട്.
കഴിഞ്ഞ ദിവസം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ഹോട്ടലില്‍ നിന്ന് ഒരു സ്ത്രിയും സഹായിയും ഹോട്ടലുടമയുമടക്കം മൂന്ന് പേരാണ് പിടിയിലായത്. പണമിടപാടുകള്‍ ഇവർ ഓണ്‍ലൈനായി മാത്രമാണ് നടത്തിയിരുന്നത്. നടത്തുന്ന ഇടപാടുകള്‍ കുറിച്ചുവെക്കാൻ ഒരു പുസ്തകവും ഇവർ സൂക്ഷിച്ചിരുന്നു. കേരളത്തിനകത്തും പുറത്തുമുളള വിദ്യാർഥിനികള്‍ മുതല്‍ പ്രായംചെന്ന സ്ത്രീകള്‍ വരെ സംഘത്തില്‍ പ്രവർത്തിച്ചിരുന്നു.
കഴിഞ്ഞ ദിവസം ആലുവയില്‍ പന്ത്രണ്ടംഗ സംഘവും സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം നാലംഗ സംഘവും പിടിയിലായിരുന്നു. ഇവർ ലഹരി ഇടപാടുകളില്‍ കണ്ണികളാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ഒരു മാസമായി ഹോട്ടല്‍ കേന്ദ്രീകരിച്ച് പ്രവർത്തിച്ച സംഘത്തെ രഹസ്യവിവരത്തെ തുടർന്നെത്തിയ കടവന്ത്ര പൊലീസാണ് വലയിലാക്കിയത്.പൊലീസിന്റെ മിന്നല്‍ പരിശോധന ഇന്നും തുടരും