കല്ലടിക്കോട് അപകടം; കാര്‍ അമിതവേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികള്‍, മദ്യക്കുപ്പികള്‍ കണ്ടെടുത്തു BREAKING NEWS OF THE HOUR VM TV NEWS

Spread the love

പാലക്കാട്: കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച്‌ അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അപകടത്തില്‍പ്പെട്ട കാർ അമിത വേഗതയിലായിരുന്നുവെന്ന് കല്ലടിക്കോട് സിഐ എം. ഷഹീർ പ്രതികരിച്ചു. കാറില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്തതായും അന്വേഷണം തുടങ്ങിയതായും സിഐ വ്യക്തമാക്കി.

കാർ യാത്രികർ മദ്യപിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കും. കാറിന്‍റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാലെ അപകടത്തിന്‍റെ യഥാര്‍ത്ഥ കാരണം വ്യക്തമാകുകയുള്ളു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച്‌ വരികയാണ്. അപകടത്തില്‍പ്പെട്ട ലോറിയുടെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറില്‍ നിന്ന് മദ്യമുള്ള കുപ്പികളും ഒഴിഞ്ഞ കുപ്പികളും കണ്ടെടുത്തിട്ടുണ്ട്. രാവിലെയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കുമെന്നും സിഐ പറഞ്ഞു. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് ഏറെ ശ്രമകരമായാണ് കാര്‍ വലിച്ച്‌ പുറത്തെടുത്തത്.

കല്ലടിക്കോട് മേഖലയിലെ എപ്പോഴും തിരക്കേറിയ അയ്യപ്പൻകാവ് ജംഗ്ഷനിലാണ് അപകടം നടന്നത്. കോങ്ങാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന മാരുതി സിഫ്റ്റ് കാറാണ് ലോറിയിലിടിച്ചത്. അഞ്ചു പേർ മരിച്ചു. പാലക്കാട് നിന്ന് മണ്ണാർക്കാട് ഭാഗത്തേക്ക് വരികയായിരുന്ന കാർ എതിരെ വന്ന ലോറിയിലിടിക്കുകയായിരുന്നു. നാലുപേർ അപകടസ്ഥലത്ത് തന്നെ മരിച്ചു. ഒരാളെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരണം സംഭവിച്ചു. കാർ വെട്ടി പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.

കോങ്ങാട് മണ്ണാന്തറ കീഴ്‌മുറി വീട്ടില്‍ കെ.കെ. വിജേഷ് (35), മണ്ണാന്തറ തോട്ടത്തില്‍ വീട്ടില്‍ വിഷ്ണു (29), വീണ്ടപ്പാറ വീണ്ടക്കുന്ന് രമേഷ് (31), മണിക്കശ്ശേരി എസ്റ്റേറ്റ് സ്റ്റോപ്പില്‍ മുഹമ്മദ് അഫ്സല്‍ (17) എന്നിവരെ തിരിച്ചറിഞ്ഞു. വിജേഷും വിഷ്ണുവും കോങ്ങാട് ടൗണിലെ ഓട്ടോഡ്രൈവർമാരാണ്. മരിച്ച അഞ്ചാമനെ തിരിച്ചറിഞ്ഞിട്ടില്ല. മണ്ണാന്തറ വെളയാൻതോട് വിജയകുമാറിന്റെയും ജാനകിയുടെയും മകനാണ് വിഷ്ണു. കീഴ്‌മുറി വീട്ടില്‍ കൃഷ്ണന്റെയും ഓമനയുടെയും മകനാണ് വിജേഷ്. വീണ്ടപ്പാറ വീണ്ടക്കുന്ന് ചിദംബരന്റെ മകനാണ് രമേഷ്. മണിക്കശ്ശേരി എസ്റ്റേറ്റ് സ്റ്റോപ്പില്‍ മെഹമൂദിന്റെ മകനാണ് അഫ്സല്‍. ലോറിഡ്രൈവറായ തമിഴ്‌നാട് സ്വദേശിക്കും പരിക്കുണ്ട്.

ചൊവ്വാഴ്ച രാത്രി 10.45-ഓടെയായിരുന്നു അപകടം. പാലക്കാട്ടുനിന്ന് കോഴിക്കോടു ഭാഗത്തേക്കു പോവുകയായിരുന്ന കാറും മണ്ണാർക്കാട്ടുനിന്ന് പാലക്കാട്ടു ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയുമാണു കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറികടന്നു വന്ന കാർ അമിതവേഗത്തിലായിരുന്നെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവസമയത്ത് ചെറിയ മഴയുമുണ്ടായിരുന്നു. കാറിന്റെ പകുതിയോളം ലോറിയിലേക്ക് ഇടിച്ചുകയറി. കരിമ്ബുഴ സ്വദേശിയുടെ കാർ വാടകയ്ക്കെടുത്ത് ഓടിക്കുകയായിരുന്നു യുവാക്കള്‍. സംഭവമറിഞ്ഞ നാട്ടുകാരാണ് പൊലീസിനെയും അഗ്നിരക്ഷാസേനയെയും ആംബുലൻസിനെയും വിളിച്ചത്.

Leave a Reply

Your email address will not be published.