
ന്യൂഡല്‍ഹി: വ്യാജബോംബുകളില്‍ കുടുങ്ങി വിമാനക്കമ്ബനികള്‍. ഓരോതവണ വിമാനം അടിയന്തര ലാൻഡിങ് നടത്തുമ്ബോഴും നഷ്ടം കോടിക്കണക്കിന് രൂപയാണെന്ന് റിപ്പോർട്ട്.
അടിയന്തര ലാൻഡിങ്ങിനു വേണ്ടി തയ്യാറെടുക്കാൻ, നേരത്തെ വിമാനത്തില്‍ നിറച്ച ഇന്ധനങ്ങളടക്കം ഒഴിവാക്കുന്നതിലൂടെയാണ് കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാകുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഒക്ടോബർ 14, ഒക്ടോബർ 15 ദിവസങ്ങളില്‍ ബോംബ് ഭീഷണിയെത്തുടർന്ന് അടിയന്തര ലാൻഡിങ് നടത്തിയ എയർ ഇന്ത്യ വിമാനത്തിന്റെ നഷ്ടം 20 കോടി രൂപയ്ക്ക് മേലെയെന്ന് റിപ്പോർട്ടില്‍ പറയുന്നു.
മുംബൈയില്‍ നിന്ന് ന്യൂയോർക്കിലെ ജെ.എഫ്.കെ. വിമാനത്താവളത്തിലേക്ക് ഒക്ടോബർ 14ന് പുറപ്പെട്ട ബോയിങ് 777 വിമാനം ബോംബ് ഭീഷണി സന്ദേശത്തിനുപിന്നാലെ ഡല്‍ഹിയില്‍ അടിയന്തര ലാൻഡിങ് നടത്തിയിരുന്നു. 200 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. 130 ടണ്‍ ഇന്ധനവും വിമാനത്തില്‍ നിറച്ചിരുന്നു. സുരക്ഷിത ലാൻഡിങ്ങിനു വേണ്ടി 100 ടണ്ണിലേറെ ഇന്ധനം കളഞ്ഞു. ഇതിലൂടെ വൻതുകയാണ് കമ്ബനി നഷ്ടം നേരിട്ടത്.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, ഇന്ധനം കളഞ്ഞതിനുമാത്രം ഒരു കോടി രൂപയ്ക്കടുത്ത് (1,20,000 ഡോളർ) നഷ്ടം വരുമെന്നാണ് വിവരം. അടിയന്തര ലാൻഡിങ് ചാർജ്, യാത്രക്കാരുടെ താമസ സൗകര്യം, ഗ്രൗണ്ട് സ്റ്റാഫ്, ക്രൂ അംഗങ്ങളെ മാറ്റല്‍ തുടങ്ങിയവയൊക്കെ നോക്കുമ്ബോള്‍ 3 കോടിയോളം രൂപക്കടുത്ത് (3,60,000 ഡോളർ) നഷ്ടം വരുമെന്ന് റിപ്പോർട്ടില്‍ പറയുന്നു.
ബോംബ് ഭീഷണിയെത്തുടർന്ന് ഒക്ടോബർ 15-ന് എയർ ഇന്ത്യയുടെ മറ്റൊരു ബോയിങ് 777 ഡല്‍ഹി – ഷിക്കാഗോ വിമാനവും അടിയന്തരലാൻഡിങ് നടത്തിയിരുന്നു. കാനഡയിലെ വിമാനത്താവളത്തിലായിരുന്നു അടിയന്തര ലാൻഡിങ്. 200 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതിലൂടെ വിമാനക്കമ്ബനിക്ക് നഷ്ടം സംഭവിച്ചത് 15-20 കോടിയോളം രൂപയാണെന്ന് (1.8 – 2.4 മില്യണ്‍ ഡോളർ) ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഞായറാഴ്ച മാത്രം 30 വിമാനങ്ങള്‍ക്ക് ഭീഷണി സന്ദേശം
ഞായറാഴ്ച ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകള്‍ നടത്തുന്ന 30 വിമാനങ്ങള്‍ക്കാണ് ഭീഷണിസന്ദേശം ലഭിച്ചത്. ഇൻഡിഗോ, വിസ്താര, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ വിമാനക്കമ്ബനികള്‍ക്കാണ് ഭീഷണിസന്ദേശം ലഭിച്ചത്. ചിലത് തിരിച്ചിറക്കുകയും എന്നാല്‍ ചിലത് ലക്ഷ്യസ്ഥാനത്ത് എത്തിയശേഷവും പരിശോധന പൂർത്തിയാക്കുകയുമായിരുന്നു.
ഒരാഴ്ചയ്ക്കിടെ 90 വിമാനസർവീസുകളെയാണ് വ്യാജഭീഷണി ബാധിച്ചത്. സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ വഴിയാണ് ഭൂരിഭാഗം ഭീഷണിയും. ഇതില്‍ 70 മുതല്‍ 80 ശതമാനംവരെ ഭീഷണിവരുന്നത് വിദേശ അക്കൗണ്ടില്‍നിന്നാണ്. കൊച്ചിയില്‍നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് 8.24-നും ആകാശ് എയർ 12.05-നും പുറപ്പെട്ടശേഷമാണ് ഭീഷണിസന്ദേശമെത്തിയത്. ഇരുവിമാനങ്ങളും ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി ഇറക്കിയശേഷം പരിശോധനനടത്തുകയായിരുന്നു.
കേന്ദ്രം കടുത്ത നടപടിയിലേക്ക്
വിഷയവുമായി ബന്ധപ്പെട്ട് പത്തോളം സമൂഹികമാധ്യമ അക്കൗണ്ടുകള്‍ ഇതുവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. വ്യോമയാനമന്ത്രാലയവും ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ സെക്യൂരിറ്റിയും വിവിധ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷിക്കുകയാണ്. ഭീഷണിസന്ദേശംവന്ന അക്കൗണ്ടുകളുടെ വിവരങ്ങള്‍തേടി എല്ലാ സാമൂഹികമാധ്യമ പ്ലാറ്റ്ഫോം മേധാവികളോടും കേന്ദ്രസർക്കാർ വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. പിന്നില്‍ പ്രവർത്തിച്ചവരെ പിടികൂടുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി കെ. റാം മോഹൻ നായിഡു വ്യക്തമാക്കിയിരുന്നു.
വിമാന സർവീസുകള്‍ക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണികള്‍ നിസാരമായി കാണുന്നില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇത്തരം വ്യാജ ബോംബ് ഭീഷണികള്‍ നേരിടാൻ സർക്കാർ നിയമനിർമ്മാണം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു. കുറ്റവാളികള്‍ക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.