
ബംഗാള്‍ ഉള്‍ക്കടലില്‍ സീസണിലെ ആദ്യത്തെ ചുഴലിക്കാറ്റ് രൂപപ്പെടുന്നു, കിഴക്കൻ-മധ്യ ബംഗാള്‍ ഉള്‍ക്കടലിലും വടക്കൻ ആൻഡമാൻ കടലിലും രൂപപ്പെടുന്ന ന്യൂനമർദ്ദം ഒക്ടോബർ 23 ഓടെ ചുഴലിക്കാറ്റായി മാറുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.
ദന ചുഴലിക്കാറ്റ് എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഈ ആഴ്ച അവസാനം ഒഡീഷ, പശ്ചിമ ബംഗാള്‍ തീരങ്ങളെ ബാധിക്കുമെന്നാണ് പ്രവചനം. അതിനാല്‍ ഈ ചുഴലിക്കാറ്റ് കേരളത്തിന് ഭീഷണി ആയേക്കില്ല.
ഇതേതുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒഡീഷയുടെ വിവിധ ഭാഗങ്ങളില്‍ കാലവസ്ഥാ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 23 മുതല്‍ ഒഡീഷയുടെ ചില ഭാഗങ്ങളില്‍ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. തീരപ്രദേശങ്ങളില്‍ ഒക്ടോബർ 24 നും 25 നും ഇടയില്‍ 30 സെന്‍റീമീറ്റർ വരെ മഴ പെയ്തേക്കാം. ഇതേതുടർന്നാണ് ഓറഞ്ച്, റെഡ് അലർട്ടുകള്‍ പ്രഖ്യാപിച്ചത്. ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും നിരവധി ജില്ലകളില്‍ , കാര്യമായ മഴയ്ക്കും ഇടിമിന്നലിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
ഡാന ചുഴലിക്കാറ്റ് വികസിച്ചുകഴിഞ്ഞാല്‍ തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഒക്ടോബർ 21-22 തിയതികളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 35-45 കി.മീ വേഗതയില്‍, മണിക്കൂറില്‍ 55 കി.മീ വരെ വേഗത കൈവരിച്ചേക്കാവുന്ന കാറ്റ് വീശിയേക്കും. പിറ്റേന്ന് ഒക്ടോബർ 23 ന് ഈ കാറ്റിന്‍റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്റർ ആയി ഉയരും. തുടർന്ന് ഒക്‌ടോബർ 24 ന് രാത്രിക്കും ഒക്‌ടോബർ 25 ന് രാവിലെയ്‌ക്കും ഇടയില്‍ മണിക്കൂറില്‍ 120 കി.മീ വേഗതയില്‍ വരെ ഇത് എത്തിച്ചേര്‍ന്നേക്കാം.
ഒഡീഷയുടെയും പശ്ചിമ ബംഗാളിലെയും തീരപ്രദേശങ്ങള്‍ കൂടാതെ, വടക്കൻ ആന്ധ്രാപ്രദേശിന്‍റെ ചില ഭാഗങ്ങളിലും ബംഗ്ലാദേശിലും ഭീഷണി ഉയർത്തുന്നു. അതേസമയം, ഒഡീഷ-ബംഗാള്‍ തീരത്തേക്കായിരിക്കും ദന ചുഴലിക്കാറ്റ് നീങ്ങുക എന്നതിനാല്‍ കേരളത്തില്‍ ദന ഭീഷണിയാകില്ല. എന്നാല്‍ കേരളത്തില്‍ തുലാവർഷത്തിന്‌റെ ഭാഗമായ മഴ തുടരും.