
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും പത്രദൃശ്യമാധ്യമങ്ങളിലും നിറയുന്നൊരു പേരാണ് കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റേത്.
ജനപ്രതിനിധിയായ പിപി ദിവ്യയുടെ വാക്കുകള്‍ കേട്ട് മാനസികമായി മുറിവേറ്റാണ് നവീന്‍ ബാബു തന്റെ ജീവിതമവസാനിപ്പിച്ചത്. കണ്ണൂരിലെ സെന്‍റോഫ് കഴിഞ്ഞ് ഈയാഴ്ച പത്തനംതിട്ട കലക്ടറേറ്റില്‍ വന്ന് ജോലിയില്‍ പ്രവേശിച്ച് കര്‍മനിരതനാകേണ്ടിയിരുന്ന നവീന്‍ സ്വന്തം നാട്ടിലേക്കെത്തിയത് ജീവനറ്റ ശരീരമായിട്ടാണ്. പെട്രോള്‍ പമ്ബിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട് എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നതടക്കമാണ് ദിവ്യ ആരോപണമുന്നയിച്ചത്. യാത്ര അയപ്പില്‍ നേരിട്ട അപമാനമവും വിമര്‍ശനവുമാണ് ഒരു ആത്മഹത്യയിലേക്ക് നവീന്‍ ബാബുവിനെ കൊണ്ടെത്തിച്ചത്.
പ്രമുഖരടക്കം പലരും ഇക്കാര്യത്തില്‍ തങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമാക്കുന്നുണ്ട്. പലരും തങ്ങളുടെ രോഷം സോഷ്യല്‍ മീഡിയയിലൂടെ കുറിക്കുന്നുണ്ട്.
ഇപ്പോഴിതാ സുകുമാരന്റെ ഭാര്യയും അഭിനേത്രിയുമായ മല്ലിക സുകുമാരന്‍ ഇക്കാര്യത്തിലുള്ള തന്റെ നിലപാട് അറിയിക്കുകയാണ്. തലകുത്തി നിന്ന് മാപ്പ് പറഞ്ഞാലും അവര്‍ ചെയ്തത് തെറ്റാണെന്ന് തുറന്നടിക്കുകയാണ് മല്ലിക.
”ഇന്നലെ എന്താ നടന്നത്, കണ്ണൂര്. ഇനിയവര്‍ തലകുത്തി നിന്ന് മാപ്പു പറഞ്ഞാലും, എന്റെയടുത്തത് പറയണ്ട. ഞാനതു സമ്മതിച്ചു കൊടുക്കില്ല. എന്താണോ അവര്‍ ചെയ്തത്, അത് തെറ്റാണ്. വിളിച്ചോ വിളിച്ചില്ലയോ ആര് വിളിച്ചോ അതൊന്നും എനിക്കറിയണ്ട. വന്നിട്ട് ഒരു മനുഷ്യന് സെന്റ് ഓഫ് കൊടുക്കുന്ന സ്ഥലത്തിരുന്ന് പറയേണ്ട ഒരു വര്‍ത്തമാനമല്ല ആ സ്ത്രീ പറഞ്ഞത്. അവര്‍ക്കത് പറയാം, അയാളെ വിളിച്ച് മാറ്റി നിര്‍ത്തിയിട്ട്, ‘നിങ്ങള്‍ ഇങ്ങനെയൊരു തെറ്റ് ചെയ്തില്ലേ” എന്ന്. അല്ലെങ്കില്‍ വകുപ്പ് മന്ത്രിയോട് പറയാം. അല്ലെങ്കില്‍ സര്‍ക്കാരിന് ഒരു കത്തെഴുതാം. അദ്ദേഹത്തെ സ്നേഹത്തോടെ യാത്രയയ്ക്കാന്‍ ഒരു പറ്റം ആള്‍ക്കാര്‍ വന്നിരിക്കുകയായിരുന്നു. പത്തനംതിട്ട് അദ്ദേഹത്തെ സ്വീകരിക്കാനിരിക്കുകയായിരുന്നു. സത്യത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും കണ്ടാല്‍ കൊള്ളാമെന്നുണ്ട്. ആരോഗ്യപ്രശ്നങ്ങള്‍ കൊണ്ടാണ് ഇപ്പോള്‍ യാത്ര ഒഴിവാക്കിയിരിക്കുന്നത്. ഇല്ലെങ്കില്‍ ഞാന്‍ പോയി കണ്ടേനേ. സത്യത്തില്‍ ആ ചിതയ്ക്കു ചുറ്റും ആ പെണ്‍കുഞ്ഞ് നടക്കുന്നതു കണ്ടപ്പോള്‍ ഒരു അമ്മയെന്ന നിലയില്‍ മാത്രമല്ല ഒരു സ്ത്രീ എന്ന നിലയിലും ചങ്ക് പൊട്ടിപ്പോയി…” എന്നാണ് മല്ലിക പറയുന്നത്.