
കൊച്ചി: കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിലേക്കു നയിച്ച മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.
ദിവ്യയുടെ വെളിപ്പെടുത്തല്‍ വഴിതുറക്കുന്നത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) അന്വേഷണത്തിലേക്ക്. പെട്രോള്‍ പമ്ബിന് എതിർപ്പില്ലാരേഖ ലഭിക്കാൻ എ.ഡി.എമ്മിന് കൈക്കൂലി നല്‍കിയെന്നായിരുന്നു ദിവ്യയുടെ വെളിപ്പെടുത്തല്‍. ഇതിനുപിന്നാലെ നവീൻ ബാബുവിന് 98,500 രൂപ കൈക്കൂലി നല്‍കിയെന്ന് പമ്ബ് ലൈസൻസിന് അപേക്ഷിച്ച ടി.വി. പ്രശാന്തും വെളിപ്പെടുത്തി.
പെട്രോള്‍ പമ്ബ് തുടങ്ങാൻ കുറഞ്ഞ ചെലവ് സ്ഥലത്തിന്റെ വില കണക്കിലെടുക്കാതെതന്നെ രണ്ടുകോടിയോളം രൂപവരും. പരിയാരം മെഡിക്കല്‍ കോളേജിലെ സാധാരണ ജീവനക്കാരനായ പ്രശാന്തിൻറെ ഇതിനുള്ള സാമ്ബത്തികസ്രോതസ്സ് എന്താണെന്നതില്‍ അഴിമതിനിരോധന നിയമത്തിലെ വകുപ്പ് 13-ബി പ്രകാരം അന്വേഷണം നടത്താവുന്നതാണ്. പി.സി. ആക്‌ട് പ്രകാരമുള്ള കുറ്റകൃത്യം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പി.എം.എല്‍.എ.) ഷെഡ്യൂള്‍ഡ് കുറ്റകൃത്യങ്ങളില്‍ ഒന്നാണ്.
പി.സി. ആക്‌ട് പ്രകാരമുള്ള കുറ്റകൃത്യത്തിന് ആരെങ്കിലും സഹായംചെയ്താല്‍ അവരുടെ പങ്കിനെക്കുറിച്ചും ഇ.ഡി. അന്വേഷണം നടത്തണമെന്നാണ് പി.എം.എല്‍.എ.യിലെ വകുപ്പ് മൂന്നില്‍ പറയുന്നത്. അതിനാല്‍ ദിവ്യയും ഇ.ഡി. അന്വേഷണപരിധിയില്‍ വരും.
അഴിമതിനിരോധന നിയമത്തില്‍ 2018-ല്‍ കൊണ്ടുവന്ന ഭേദഗതിപ്രകാരം നിർബന്ധാവസ്ഥയില്‍ കൈക്കൂലി കൊടുക്കുന്നത് കുറ്റകൃത്യമല്ലെന്ന് പറയുന്നുണ്ട്. ഇത്തരത്തില്‍ കൈക്കൂലി നല്‍കിയാല്‍ ഏഴുദിവസത്തിനുള്ളില്‍ അധികാരികളെ അറിയിക്കണം. അതിനാല്‍ കൈക്കൂലി നല്‍കിയതിനും പ്രശാന്തിന്റെപേരില്‍ കേസെടുക്കാം.
രണ്ടുകോടി രൂപ എവിടെനിന്ന്
രണ്ടുതരത്തിലാണ് പെട്രോള്‍ പമ്ബ് അനുവദിക്കുന്നത്. കമ്ബനി നേരിട്ട് നടത്തുന്നതും (കമ്ബനി കണ്‍ട്രോള്‍ഡ്, സി.സി.), ഡീലർ കണ്‍ട്രോള്‍ഡും (ഡി.സി). ഹൈവേകളിലും ടൗണ്‍മേഖലയിലും സി.സി. പെട്രോള്‍ പമ്ബേ അനുവദിക്കൂ. ഇവിടെ പമ്ബിനാവാശ്യമായ ഏകദേശം 30 സെന്റോളം സ്ഥലം കമ്ബനിക്കു 20 വർഷം വാടകയ്ക്ക് നല്‍കണം. പമ്ബ് നിർമാണ ചെലവ് കമ്ബനി വഹിക്കും. ഇത്തരം പമ്ബ് അനുവദിക്കുന്നത് ടെൻഡർ വഴിയാണ്. ടെൻഡർ ലഭിക്കാൻ കുറഞ്ഞത് 50 ലക്ഷംമുതല്‍ ഒരുകോടി രൂപവരെ കമ്ബനിക്ക് അടയ്ക്കണം.
കമ്ബനി നിയന്ത്രിക്കുന്ന പെട്രോള്‍ പമ്ബ് അനുവദിക്കാൻ ഡീലർ നല്‍കേണ്ടത് 10 ലക്ഷം രൂപയില്‍ താഴെയാണ്. പമ്ബ് നിർമിക്കുന്നതിനടക്കം ചെലവുവരുന്ന കുറഞ്ഞ തുക രണ്ടുകോടി രൂപയോളംവരും. പ്രശാന്തിന് ഇത്രയേറെ പണം എവിടെനിന്ന് ലഭിച്ചു എന്നതാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷിക്കേണ്ട വിഷയമായി മാറ്റുന്നത്.