പ്രസാദത്തില്‍ ലഹരി കലര്‍ത്തി നല്‍കി; കാറിനുള്ളിലിട്ട് മൂന്നു തവണ ബലാത്സംഗം ചെയ്തു; പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; ക്ഷേത്രപൂജാരിക്കെതിരെ പരാതിയുമായി കോളജ് വിദ്യാര്‍ത്ഥിനി

Spread the love

ജയ്പുർ: ക്ഷേത്രപൂജാരി ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയുമായി പെണ്‍കുട്ടി. രാജസ്ഥാനിലെ സീക്കർ ജില്ലയിലുള്ള കോളജ് വിദ്യാർത്ഥിനിയാണ് ബാബാ ബാലക്‌നാഥ് എന്ന പൂജാരിക്കെതിരെ ബലാത്സംഗ പരാതി നല്‍കിയിരിക്കുന്നത്.

ലഹരി കലർത്തിയ പ്രസാദം നല്‍കിയ ശേഷം കാറിനുള്ളിലിട്ട് മൂന്നു തവണ ബലാത്സംഗം ചെയ്തെന്നും ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നുമാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. പരാതി പറഞ്ഞാല്‍ തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് പൂജാരിയുടെ ഡ്രൈവർ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

കുറച്ചു മാസങ്ങള്‍ക്ക് മുമ്ബാണ് പെണ്‍കുട്ടി ക്ഷേത്രദർശനം നടത്തിയത്. രാജേഷ് എന്നയാളാണ് പൂജാരിയായ ബാബാ ബാലക്‌നാഥിനെ പെണ്‍കുട്ടിക്ക് പരിചയപ്പെടുത്തുന്നത്. അന്നിയാള്‍ പെണ്‍കുട്ടിക്ക് പ്രസാദം നല്‍കി. പിന്നീട് ഏപ്രിലില്‍ ജയ്പുരിലെ ഒരു കോളേജില്‍ പരീക്ഷയെഴുതാൻ പോയി. കോളേജിനു മുന്നില്‍ നില്‍ക്കുമ്ബോള്‍ ബാലക്‌നാഥ് അതുവഴി വന്നു. തന്റെ കാറില്‍ ഗ്രാമത്തിലിറക്കാമെന്ന് പെണ്‍കുട്ടിയോട് പറയുകയും ചെയ്തു. കാറില്‍ വെച്ച്‌ പൂജാരി തനിക്ക് പ്രസാദം നല്‍കിയെന്ന് പെണ്‍കുട്ടി പറയുന്നു. ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാകുമെന്നും അയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞു.

അത് കഴിച്ചയുടനെ തനിക്ക് ബോധക്ഷയം അനുഭവപ്പെട്ടെന്ന് പെണ്‍കുട്ടി പറയുന്നു. മൂന്ന് തവണ തന്നെ പീഡിപ്പിച്ചുവെന്നും ലഹരിമരുന്നിന്റെ മയക്കത്തില്‍ തനിക്ക് പ്രതികരിക്കാനായില്ലെന്നും പെണ്‍കുട്ടി പറയുന്നു. ബഹളമുണ്ടാക്കിയപ്പോള്‍ ഇയാള്‍ വായപൊത്തിപിടിച്ചുവെന്നും പെണ്‍കുട്ടി ആരോപിക്കുന്നു.

പീഡന ദൃശ്യങ്ങള്‍ പൂജാരിയുടെ ഡ്രൈവർ പകർത്തിയതായും പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്. പിന്നീട് ഇയാളും കൂട്ടാളികളും തന്നെ ഭീഷണിപ്പെടുത്താനാരംഭിച്ചുവെന്നും അയാളെ വീണ്ടും കാണണമെന്ന് ആവശ്യപ്പെട്ടതായും പെണ്‍കുട്ടി പറയുന്നു. വീഡിയോ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടി പരാതിപ്പെട്ടതിനു പിന്നാലെ പ്രതികള്‍ പീഡനദൃശ്യത്തിന്റെ ഒരു ഭാഗം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published.