ഗൂഗിൾ മാപ്പ് മുൻ ഡിസൈനർ, യുട്യൂബ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ ജനപ്രിയ ആപ്ലിക്കേഷനുകളിലെ മുൻ ജോലിക്കാരി എന്നീ നിലകളിൽ പ്രശസ്‌തയാണ് എലിസബത്ത് ലറാക്കി. യു.ഐ./ യു.എക്‌സ്. ഡിസൈനറായ ഈ അമേരിക്കൻ ടെക്കിയുടെ ഒരു ചിത്രം എ.ഐ. സംവിധാനം ഉപയോഗിച്ച് മോർഫ് ചെയ്‌തത് വിവാദത്തിന്
ലറാക്കി പങ്കെടുക്കുന്ന ഒരു എ.ഐ. സമ്മേളനവുമായി ബന്ധപ്പെട്ട പോസ്റ്ററാണ് വിവാദത്തിന് ആധാരം. സംഘാടകർ ഇറക്കിയ പരിപാടിയുടെ പോസ്റ്ററിൽ ലറാക്കിയുടെ ചിത്രം ഉൾപ്പെടുത്തിയിരുന്നു. ലറാക്കിതന്നെ നൽകിയ ചിത്രമായിരുന്നു അത്. പക്ഷേ, സംഘാടകർ എ.ഐ. സംവിധാനമുപയോഗിച്ച് ചിത്രത്തിൽ കൃത്രിമത്വം വരുത്തി പോസ്റ്ററിൽ നൽകിയെന്നാണ് അവർ ആരോപിക്കുന്നത്. എ.ഐ.യുമായി ബന്ധപ്പെട്ട സമ്മേളന പോസ്റ്റിൽത്തന്നെയാണ് ഈ എ.ഐ. തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം.
ലറാക്കി നൽകിയ യഥാർഥ ചിത്രത്തിൽ ടോപ്പിന് പോക്കറ്റുണ്ടായിരുന്നു. എന്നാൽ പോസ്റ്ററിൽ വന്ന ചിത്രത്തിൽ അത് കാണാനുണ്ടായിരുന്നില്ല. യഥാർഥ ചിത്രത്തിലുള്ളതിനേക്കാൾ കൂടുതൽ ബട്ടണുകൾ അഴിച്ചിട്ട നിലയിലുമായിരുന്നു. മാത്രവുമല്ല, ടോപ്പിനകത്ത് അടിവസ്ത്രം കാണുന്ന രീതിയിൽ ചിത്രത്തിൽ മാറ്റം വരുത്തി. പോസ്റ്റർ കണ്ടപ്പോഴാണ് ഉൾവസ്ത്രം എഡിറ്റുചെയ്ത് ചേർത്തതായി ശ്രദ്ധയിൽപ്പെട്ടതെന്ന് ലറാക്കി സാമൂഹിക മാധ്യമത്തിൽ കുറിച്ചു. പിന്നാലെ പോസ്റ്റർ പിൻവലിച്ച സംഘാടകർ സംഭവത്തിൽ മാപ്പും പറഞ്ഞു. ഈവർഷമവസാനം നടക്കാനിരിക്കുന്ന യു.എക്‌സ്. ആൻഡ് എ.ഐ. സമ്മേളനത്തിൻ്റെ പ്രചാരണത്തിനായി ഇറക്കിയ പോസ്റ്ററായിരുന്നു ഇത്. പോസ്റ്റർ കണ്ടപ്പോൾത്തന്നെ തൻ്റെ ചിത്രത്തിന് എന്തോ കുഴപ്പമുള്ളതായി തോന്നിയെന്ന് ലറാക്കി പറഞ്ഞു.’ഈവർഷമവസാനം യു.എക് എ.ഐ. പരിപാടിയിൽ സംസാരിക്കേണ്ടതുണ്ടായിരുന്നു. സമ്മേളനത്തിനായി ഇറക്കിയ പോസ്റ്ററിലെ എന്റെ ചിത്രം കണ്ട് എന്തോ കുഴപ്പമുള്ളതായി തോന്നി. എന്റെ പ്രൊഫൈൽ ചിത്രത്തിൽ ഒരു ബ്രാ കാണിക്കുന്നുണ്ടായിരുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നില്ലേ?.. അത് വിചിത്രമായിത്തോന്നി. അപ്പോൾത്തന്നെ ഒറിജിനൽ ചിത്രമെടുത്തുനോക്കി. അതിൽ ബ്രായില്ല. അക്കാര്യത്തിൽ എൻ്റെ അനിഷ്ടം അറിയിച്ചുകൊണ്ട് ആ രണ്ട് ചിത്രങ്ങൾ ഞാനിവിടെ കാണിക്കുന്നു. എന്റെ ബ്ലൗസിന്റെ ബട്ടണുകൾ അഴിച്ചിടുകയും അകത്ത് ബ്രായോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ സൂചന നൽകുന്ന വിധത്തിൽ എഡിറ്റിങ് നടത്തിയിരിക്കുന്നു. തൽക്ഷണം ഞാൻ സംഘാടകർക്ക് മെയിലയച്ചു. അവർ ഉടൻ ക്ഷമാപണം നടത്തി പരിശോധന നടത്തി. അവിടെ സാമൂഹിക മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്ന സ്ത്രീയിൽനിന്നാണ് ഈ അമളി പറ്റിയതെന്ന് റിപ്പോർട്ട് ലഭിച്ചു. പോസ്റ്ററിൽ ചിത്രം ചേർക്കുന്നതിനിടെ എ.ഐ. ഇമേജ് ടൂൾ ഉപയോഗിച്ചപ്പോൾ സംഭവിച്ച അമളിയാണെന്നാണ് അവർ നൽകിയ മറുപടി’ -എലിസബത്ത് ലറാക്കി സാമൂഹിക മാധ്യമമായ എക്‌സിൽ കുറിച്ചു.പോസ്റ്ററിൽ ചിത്രം കൂടുതൽ വെർട്ടിക്കലായി ഉപയോഗിക്കുന്നതിനായി ഫോട്ടോയുടെ നീളം കൂട്ടാൻ എ.ഐ. സംവിധാനം ഉപയോഗിച്ചിരുന്നുവെന്നാണ് സംഘാടകർ നൽകുന്ന വിശദീകരണം. അതോടെ അഴിച്ചിട്ട ബട്ടണുകളുടെ എണ്ണം കൂടി. എ.ഐ. സംവിധാനമുപയോഗിച്ച് ചെയ്‌തതായതിനാൽ, തത്ഫലമായി അകത്ത് ബ്രായുടെ ഭാഗം കാണിക്കുകയും ചെയ്‌തുവെന്നും വിശദീകരണത്തിൽ പറയുന്നു.