‘സമന്വയം’ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി

Spread the love

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ, കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് നടപ്പാക്കുന്ന ‘സമന്വയം’ -ന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ-പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വിഴിഞ്ഞം ബി.ആർ ഓഡിറ്റോറിയത്തിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.ന്യൂനപക്ഷ സമുദായങ്ങളുടെ ഉന്നമനവും ശാക്തീകരണവും ലക്ഷ്യമിട്ടുള്ള ‘ന്യൂനപക്ഷ യുവാക്കൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ’ പദ്ധതി സമൂഹത്തിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന, വളർച്ചയും വികസനവും ഉറപ്പാക്കുന്നതിനുള്ള, നിർണായക ചുവടുവെപ്പാണെന്ന് മന്ത്രി പറഞ്ഞു. വിദ്യാസമ്പന്നരായ യുവാക്കൾക്കും യുവതികൾക്കും, സർക്കാരിതര മേഖലകളിലെ തൊഴിലുടമകൾക്കും ഇടയിലുള്ള വിടവ് നികത്താൻ ഇത്തരം പദ്ധതികൾ സഹായകരമാണെന്നും യുവജനങ്ങൾക്ക് വൈവിധ്യമാർന്ന തൊഴിൽ പാതകൾ തിരഞ്ഞെടുക്കാൻ ഇതുവഴി കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

സമന്വയം പദ്ധതിയിലൂടെ തൊഴിൽ ആവശ്യങ്ങൾ പരിഹരിക്കുക മാത്രമല്ല ന്യൂനപക്ഷ സമുദായങ്ങളുടെ സാമൂഹിക-സാമ്പത്തിക ശാക്തീകരണത്തിന് സംഭാവന നൽകുന്നതായും മന്ത്രി പറഞ്ഞു. പശ്ചാത്തലമോ സമൂഹമോ പരിഗണിക്കാതെ എല്ലാവർക്കും അവസരങ്ങൾ ലഭ്യമാകുന്ന, സാഹചര്യം ഉറപ്പാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് അധ്യക്ഷനായിരുന്നു. ഡിസംബർ മാസത്തിനുള്ളിൽ ഒരു ലക്ഷം അഭ്യസ്തവിദ്യരെ തൊഴിൽ രംഗത്തെത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എം.വിൻസെന്റ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്‌ടർ ഡോ. പി.എസ് ശ്രീകല മുഖ്യപ്രഭാഷണം നടത്തി.

തൊഴിൽ രഹിതരായ അഭ്യസ്തവിദ്യർക്ക് വൈജ്ഞാനിക തൊഴിൽ പരിചയവും നൈപുണ്യ പരിശീലനവും നൽകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളായ ക്രിസ്ത്യൻ, മുസ്ലീം വിഭാഗങ്ങളിലെയും സൂക്ഷ്‌മ ന്യൂനപക്ഷങ്ങളായ ബുദ്ധ, ജൈന, സിഖ്, പാഴ്സി വിഭാഗങ്ങളിലെയും തൊഴിൽ രഹിതരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. വിഴിഞ്ഞം, കോവളം പ്രദേശങ്ങളിൽ നിന്നായി 850 ഉദ്യോഗാർത്ഥികൾ പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്തു.കമ്മീഷൻ അംഗങ്ങളായ പി. റോസ, എ. സൈഫുദ്ദീൻ ഹാജി, കൗൺസിലർമാരായ പനിയടിമ, സമീറ എസ് മിഹ്ദാദ്, നിസാമുദ്ദീൻ എം, സംഘടക സമിതി ചെയർമാൻ എ.ആർ അബുസാലി, കൺവീനർ എസ്. ആന്റണി എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published.