കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണക്കടത്തിൽ പിടികൂടപ്പെടുന്നവരിൽ മഹാഭൂരിപക്ഷവും മുസ്ലിം സമുദായത്തിൽപ്പെട്ടവരാണെന്ന് ആവർത്തിച്ച് കെ.ടി. ജലീൽ എം.എൽ.എ. സ്വർണക്കടത്തിൽ പങ്കാളികളാകുന്ന മുസ്ലിങ്ങളിൽ നല്ലൊരു ശതമാനവും വിശ്വസിക്കുന്നത് ഇതൊന്നും മതവിരുദ്ധമല്ല എന്നാണെന്നും സ്വർണക്കടത്ത് മതവിരുദ്ധമാണെന്ന് പറയാൻ ഖാളിമാർ തയ്യാറാവണമെന്നും ജലീൽ ഫേസ് ബുക്കിൽ കുറിച്ചു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കെടി ജലീൽ നടത്തിയ പ്രസ്താവന നികൃഷ്ടവും അപകടകരവുമാണെന്നും ഒരു സമുദായത്തെ മുഴുവൻ കുറ്റവാളികളായി ചിത്രീകരിക്കുകയാണ് ചെയ്തതെന്നും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. എന്തെങ്കിലും നേട്ടത്തിന് വേണ്ടി ഒരു സമുദായത്തെ ഇരയാക്കരുതെന്നും ഇതാണോ സിപിഎം നിലപാട് എന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വർണ്ണം കടത്തുന്നത് ഒരു സമുദായമാണെന്ന് കെടി ജലീൽ എംഎൽഎ പറഞ്ഞിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ പൊതുജീവിതത്തിലെ ഏറ്റവും മോശപ്പെട്ട കാര്യമാണെന്ന് പി വി അൻവർ എം എൽ എ പറഞ്ഞു. ജലീൽ അത്രക്ക് തരം താഴുമോയെന്നും അൻവർ ചോദിച്ചു.