നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഏതു ചോദ്യവും നേരിടാന്‍ തയ്യാറാണെന്നായിരുന്നു ലോക്‌സഭയില്‍ ഭരണപക്ഷത്തിന്റെ മറുപടി. രാവിലെ സഭ ആരംഭിച്ചപ്പോള്‍, കോണ്‍ഗ്രസ് എംപി കെസി വേണുഗോപാല്‍ നീറ്റ്-യുജി, യുജിസി-നെറ്റ് ഉള്‍പ്പെടെയുള്ള പേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച കാര്യം ചര്‍ച്ച ചെയ്യുന്നതിന് ലോക്സഭയില്‍ അടിയന്തര പ്രമേയം ആവശ്യപ്പെട്ടു. ഒരു ഡസനിലധികം മത്സര പരീക്ഷകള്‍ നടത്തുന്ന നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ (എന്‍ടിഎ) ‘പരാജയങ്ങള്‍’ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു വാദം. പതിനെട്ടാം ലോക്‌സഭയുടെ ആദ്യ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ ഭരണപ്രതിപക്ഷ കക്ഷികളുടെ ബഹളത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വരെ പിരിഞ്ഞു. നീറ്റു പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിഷയം ഇരു സഭകളിലും പ്രതിപക്ഷം ഉയര്‍ത്തുകയായിരുന്നു. തുടര്‍ന്ന് രാവിലത്തെ സെഷന്‍ 12 മണിവരെ നിര്‍ത്തി വെയ്ക്കുകയും 12 മണിക്ക് ശേഷം വീണ്ടും ആരംഭിച്ചപ്പോഴും ബഹളം തുടരുകയുമായിരുന്നു. എന്നാല്‍ നീറ്റിലെ ക്രമക്കേടുകളില്‍ നീതിയുക്തമായ അന്വേഷണം ഉണ്ടാകുമെന്ന് രാഷ്ട്രപതി തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചിട്ടുണ്ട് എന്ന് സ്പീക്കര്‍ ഓം ബിര്‍ള മറുപടി നല്‍കി പിന്നാലെ പ്രതിപക്ഷം ബഹളം ഉയര്‍ത്തുകയും തുടര്‍ന്ന് സഭ 12 മണി വരെ നിര്‍ത്തിവച്ചു. രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗേയായിരുന്നു വിഷയം ഉന്നയിച്ചത്. ഇവിടെയും ചര്‍ച്ചയ്ക്കുള്ള അനുമതി നിഷേധിച്ചതോടെ തൃണമൂല്‍ എംപിമാരും ബഹളം വെച്ചു. ഇതോടെ ഓരോരുത്തരുടേയും പേരെടുത്ത് സ്പീക്കര്‍ വിമര്‍ശിച്ചു. തങ്ങളുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലരായ രാജ്യത്തെ വിദ്യാര്‍ത്ഥികളെക്കുറിച്ച് എല്ലാ പാര്‍ട്ടികള്‍ക്കും ആശങ്കയുണ്ടെന്ന് നേതാക്കള്‍ പാര്‍ലമെന്റില്‍ നിന്ന് സന്ദേശം അയക്കണമെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ വിഷയം ശാന്തമായി ചര്‍ച്ച ചെയ്യണം. പാര്‍ലമെന്റില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പൊതു സന്ദേശം നല്‍കണമെന്നും രാഹുല്‍ പറഞ്ഞു.