എറണാകുളം കോതമംഗലം കെഎസ്ആര്ടിസി ഡിപ്പോയില്‍ ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോയെന്നറിയാൻ നടത്തിയ പരിശോധനയില്‍ പണി നല്‍കി ബ്രത്തലൈസർ. ഇന്ന് രാവിലെ നടത്തിയ ബ്രീത്ത് അനലൈസർ പരിശോധന പാളിയത്. രാവിലെ കോതമംഗലം കെഎസ്ആര്ടിസി ഡിപ്പോയില്‍ ബ്രത്തലൈസർ മെഷീനുമായി ഇൻസ്പെക്ടർ രവി, ഇൻസ്പെക്ടർ സാംസണ്‍ തുടങ്ങിയവരെത്തി. രാവിലെ സർവീസിനു പോകാൻ വന്ന ജീവനക്കാരെ പരിശോധിക്കുകയായിരുന്നു ഉദ്ദേശ്യം. പാലക്കാട് സർവീസ് പോകാൻ വന്ന കണ്ടക്ടർ പി.വി.ബിജുവിനെ ബ്രത്തലൈസറില്‍ ഊതിച്ചു. മെഷീനില്‍ മദ്യത്തിന്റെ സാന്നിധ്യമായി രേഖപ്പെടുത്തിയത് 39%. എന്നാല്‍ മദ്യം കഴിക്കാത്ത ബിജു ഇതിനെ എതിർത്തു. ഇത് ഉദ്യോഗസ്ഥരും കെഎസ്‌ആർടിസി ജീവനക്കാരും തമ്മിലുള്ള തര്‍ക്കത്തിലെത്തി. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്ററും ബിജുവിന്റെ വാദം ശരിവച്ചു. പിന്നീട് വനിതാജീവനക്കാരെയടക്കം പരിശോധിച്ചപ്പോഴും ഫലം പോസിറ്റീവ് തന്നെ. ഇതോടെ, ‘ഊതിക്കാൻ വന്ന സാറുമ്മാർ കൂടി ഊതിയിട്ട് പോയാല്‍ മതി’ എന്നായി ജീവനക്കാർ. അങ്ങനെ ഇൻസ്പെക്ടർ രവി ഊതിയപ്പോള്‍ മദ്യത്തിന്റെ അളവ് 45%. രാവിലെ ‘ഫിറ്റാ’യി ബ്രത്തലൈസർ കാണിച്ചവരാരും തന്നെ മദ്യപിക്കുന്നവരല്ല എന്നതാണ് കൗതുകം. പെട്ടുപോയത് കേടായ ബ്രത്തലൈസറുമായി പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരും. പിന്നീട് ബ്രീത്ത് അനലൈസർ മെഷീൻ കേടാണെന്ന് മനസിലാക്കി ഉദ്യോഗസ്ഥർ പരിശോധന അവസാനിപ്പിച്ചു.