
മുസ്ലീം ഭൂരിപക്ഷ രാജ്യത്തിന്റെ പാർലമെന്‍റ് ഹിജാബ് നിരോധിച്ചുകൊണ്ട് നിയമം പാസാക്കിയത് തന്നെയാണ് വിഷയം ചർച്ചയാകാൻ കാരണം. മതേതര ദേശീയത പ്രോത്സാഹിപ്പിക്കുന്നതിനുള്ള മദ്ധ്യ – ഏഷ്യൻ രാഷ്ട്രത്തിന്‍റെ ഏറ്റവും പുതിയ നീക്കമാണിത്.
പുതിയ നിയമം
കഴിഞ്ഞ ദിവസമാണ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന താജിക്കിസ്ഥാനില്‍ ഹിജാബും കുട്ടികളുടെ ഇസ്ലാമിക ആഘോഷങ്ങളും നിരോധിച്ചത്. കഴിഞ്ഞ മേയ് എട്ടിനാണ് താജിക് വിദ്യാഭ്യാസ വകുപ്പിന്‍റെ ഹിജാബ് നിരോധനം പാർലമെന്‍റിന്‍റെ അധോസഭ ശരിവച്ചത്. ഈ മാസം പത്തൊമ്പതിനാണ് നിയമഭേദഗതി മജിലിസി മില്ലിയുടെ പരിഗണനയ്ക്ക് വന്നത്. ഇതിനുപിന്നാലെയാണ് നിരോധനം ശരിവച്ചത്. ഇതുകൂടാതെ താജിക് പ്രസിഡന്റ് ഇമോമാലി റഹ്മോൻ മുപ്പത്തിനാല് നിയമങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായും റിപ്പോർട്ടുകളുണ്ട്. നിലവിലുള്ള അവധി ദിനങ്ങളുമായും ആഘോഷങ്ങളുമായുമൊക്കെ ബന്ധപ്പെട്ട് ഭേദഗതി വരുത്തുകയും, സംസ്‌കാരത്തിന് യോജിക്കാത്ത വിദേശ വസ്ത്രങ്ങളുടെ ഇറക്കുമതി, വില്‍പ്പന, പ്രമോഷൻ, അത്തരം വസ്ത്രങ്ങള്‍ ധരിക്കല്‍ എന്നിവ നിരോധിക്കുകയും ചെയ്‌തു.