
അടിസ്ഥാന ജനവിഭാഗത്തിന്റെ വിശ്വാസം നഷ്ടപ്പെട്ടത് എങ്ങിനെയാണെന്ന് ഇടതുപക്ഷം പരിശോധന നടത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപി കേരളത്തില്‍ നിന്ന് ആദ്യമായി പാര്‍ലമെന്റിലേക്ക് ഒരാളെ വിജയിപ്പിക്കുകയും അസംബ്ലി മണ്ഡലങ്ങള്‍ വേര്‍തിരിച്ചു പറയുമ്ബോള്‍ 11 ഇടങ്ങളില്‍ ബിജെപി മുന്നില്‍ എത്തിയതും സവിശേഷമായി കാണേണ്ടതുണ്ടെന്നും പറയുന്നു. രാജ്യത്താകെ ബിജെപി തിരിച്ചടി നേരിട്ടപ്പോഴും പ്രബുദ്ധമെന്ന് എല്ലാവരും പറഞ്ഞ കേരളത്തിലെ ഈ അനുഭവം നിസ്സരമായി കാണാനാവുന്നതല്ലെന്നും പറഞ്ഞു. ഫാസിസ്റ്റ് പ്രത്യയശാസ്ത്രം വഴികാട്ടിയാക്കിയ ഒരു തീവ്രവലതുപക്ഷ പാര്‍ട്ടിക്ക് കേരളത്തില്‍ ഇത്രവോരോട്ടമുണ്ടാക്കാന്‍ കഴിഞ്ഞതെങ്ങിനെയെന്ന് പരിശോധിക്കണം. യാഥാര്‍ത്ഥ്യങ്ങളെ തൊടാതെ വ്യാഖ്യാന പാടവം കൊണ്ടോ ഉപരിപ്ലവപരമായ വിശകലന സാമര്‍ത്ഥ്യം കൊണ്ടോ പരിഹരിക്കാനാവാത്ത പ്രശ്നങ്ങളാണ് ഇടതുപക്ഷത്തെ തോല്‍പ്പിച്ചതെന്നും നവയുഗം മാസികയിലൂടെ ബ്രാഞ്ച് സെക്രട്ടറിമാര്‍ക്ക് എഴുതിയ കത്തിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി പരാമര്‍ശിക്കുന്നത്. രാഷ്ട്രീയ ജീവിതത്തില്‍ വിജയവും പരാജയവും ഒരുപോലെ സ്വാഭാവികമാണ്. പരാജയത്തിന്റെ കാരണങ്ങള്‍ കണ്ടെത്തി അവയെ തിരുത്തി മുന്നേറുമ്ബോഴാണ് ഇടതുപക്ഷം അതിന്റെ ജൈവിക മഹത്വം വീണ്ടെടുക്കുന്നതെന്നും പറഞ്ഞു. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും തിരിച്ചടിക്കുള്ള മറുപടി നല്‍കണമെന്നും ബിനോയ് വിശ്വം കത്തിലൂടെ അറിയിച്ചു.