
ഓം ബിർളയുടെ പേര് ലോക്സഭാ സ്‌പീക്കർ സ്ഥാനത്തേയ്ക്ക് വീണ്ടും നിർദ്ദേശിച്ച് എൻഡിഎ. ഉച്ചയോടെ അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിക്കും. മത്സരം ഒഴിവാക്കണമെന്നും ഓം ബിർളയെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ട് രാജ്‌നാഥ് സിംഗ് ഇൻഡ്യ സഖ്യനേതാക്കളെ കണ്ടു. ഇന്ത്യാ സഖ്യ നേതാക്കളായ മല്ലികാർജ്ജുൻ ഖർഗെ, എംകെ സ്റ്റാലിൻ, അഖിലേഷ് യാദവ്, മമത ബാനർജി എന്നിവരെ രാജ്നാഥ് സിംഗ് ബന്ധപ്പെട്ടു. അതേസമയം ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ പ്രതിപക്ഷം മത്സരത്തിനിറങ്ങാനുള്ള സാധ്യത നിലനില്‍ക്കുകയാണ്.ഓം ബിർള സ്പീക്കർ സ്ഥാനത്തേക്ക് എത്തുന്നതില്‍ കോണ്‍ഗ്രസ് യോജിപ്പ് പ്രകടിപ്പിക്കാത്ത സാഹചര്യത്തില്‍ മത്സരത്തിന് സാധ്യത നിലനില്‍ക്കുകയാണ്. കോണ്‍ഗ്രസ് എതിർപ്പ് ഇന്ത്യാ സഖ്യ കക്ഷികളെ അറിയിച്ചു. സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കണം എന്ന നിർദ്ദേശവും കോണ്‍ഗ്രസ് സഖ്യകക്ഷികള്‍ക്ക്മന്നില്‍ വെച്ചു. നാളെയാണ് ലോക്സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുക. ഇന്ന് 12 മണി വരെയാണ് ലോക്സഭ സ്പീക്കർ തിരഞ്ഞെടുപ്പില്‍ നാമനിർദ്ദേശപത്രിക നല്‍കാനുളള സമയം. എട്ട് തവണ എംപിയായ കൊടിക്കുന്നില്‍ സുരേഷിനെ ഡെപ്യൂട്ടി സ്പീക്കർ ആക്കണമെന്ന ആവശ്യത്തില്‍ ഇന്‍ഡ്യ സഖ്യം ഉറച്ചുനില്‍ക്കുകയാണ്. അല്ലാത്ത പക്ഷം പ്രതിപക്ഷത്തിൻ്റെ സ്പീക്കർ നോമിനിയായി കൊടിക്കുന്നില്‍ മത്സരിക്കും. സ്പീക്കര്‍ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കും. രാഹുല്‍ ഗാന്ധി തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തും എന്നാണ് പ്രതീക്ഷ.