നെടുമ്ബാശേരി വൃക്ക കടത്ത്‌ കേസ്‌: ദാതാക്കളെ കണ്ടെത്താനായില്ല

Spread the love

ഇറാന്‍ അവയവക്കടത്തു കേസില്‍ ഇതര സംസ്‌ഥാനക്കാരായ ദാതാക്കളെ കണ്ടെത്താനാകാതെ പോലീസ്‌. പ്രധാനപ്രതിയും ഇടനിലക്കാരനുമായ ആന്ധ്ര ബല്ലംകൊണ്ട സ്വദേശി രാംപ്രസാദിന്റെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ 20 ദാതാക്കളുടെ വിവരമാണു ലഭിച്ചത്‌. ഇവരെ കണ്ടെത്താന്‍ ബംഗളുരുവിലും ഹൈദരാബാദിലും പോലീസ്‌ അനേ്വഷണം നടത്തിയിരുന്നു. ഒടുവില്‍ അവിടത്തെ പോലീസിനു വിവരം കൈമാറിയശേഷം മടങ്ങുകയായിരുന്നു. 20 ദാതാക്കളില്‍ ഒരാളായ പാലക്കാട്‌ സ്വദേശി ഷെമീറിനെ പിടികൂടിയിരുന്നു. ഇയാളെ കേസില്‍ സാക്ഷിയാക്കാനാണു തീരുമാനം. ഇതര സംസ്‌ഥാനക്കാരായവരുടെ ഫോണിലെ സിം കാര്‍ഡുകള്‍ മറ്റാളുകളുടെ പേരിലാണ്‌. അതിനാല്‍ യഥാര്‍ഥ ദാതാവിനെ കണ്ടെത്തുക ശ്രമകരമാണെന്നു പോലീസ്‌ പറയുന്നു. മാത്രമല്ല, ഇൗ സിം കാര്‍ഡുകള്‍ സാധാരണ ഫോണിലാണ്‌. സ്‌മാര്‍ട്ട്‌ ഫോണിലാണെങ്കില്‍ ലൊക്കേഷന്‍ തിരിച്ചറിയുക എളുപ്പമാണ്‌. മറ്റു സംസ്‌ഥാനങ്ങളില്‍ ചെന്നു അനേ്വഷിക്കുന്നതും ഏറെ ശ്രമകരവുമാണ്‌. അതിനാല്‍ പോലീസിനു അനേ്വഷിക്കാന്‍ പരിമിതിയുണ്ട്‌. കേന്ദ്ര ഏജന്‍സികള്‍ ആരെങ്കിലും കേസ്‌ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണു പ്രത്യേക അനേ്വഷണസംഘം. പ്രതി രാംപ്രസാദ്‌ നല്‍കിയ വിശദാംശങ്ങളുടെ അടിസ്‌ഥാനത്തില്‍ അനേ്വഷണം തുടരുമെന്നു പ്രത്യേക അനേ്വഷണ സംഘം അറിയിച്ചു. പ്രതി രാംപ്രസാദ്‌ ഇരകളെ കണ്ടെത്താന്‍ മൃതസഞ്‌ജീവനി മാതൃകയില്‍ ഡേറ്റാ ബേസ്‌ തയാറാക്കിയിരുന്നതായി പോലീസ്‌ പറയുന്നു. ഇരകളെ കണ്ടെത്തി രക്‌തപരിശോധന നടത്തി വിവരങ്ങള്‍ ശേഖരിച്ച ശേഷം അവയവ റാക്കറ്റിനു കൈമാറുകയാണ്‌. ഇയാളുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണു അനേ്വഷണം വിവിധ സംസ്‌ഥാനങ്ങളിലേക്കു വ്യാപിപ്പിച്ചത്‌. രാംപ്രസാദിന്‌ എട്ടു സംസ്‌ഥാനങ്ങളില്‍ ഇടപാടുകളുണ്ടെന്നതാണു കണ്ടെത്തല്‍. വിവിധ സംസ്‌ഥാനങ്ങളിലുള്ള അവയവ റാക്കറ്റുകള്‍ക്ക്‌ ഇരകളെ കണ്ടെത്തി നല്‍കിയിരുന്നതു രാംപ്രസാദാണ്‌. പശ്‌ചിമബംഗാള്‍, തമിഴ്‌നാട്‌, മധ്യപ്രദേശ്‌, കര്‍ണാടക അടക്കമുള്ള സംസ്‌ഥാനങ്ങളില്‍ ഇയാള്‍ അവയവക്കച്ചവടം നടത്തിയിട്ടുണ്ട്‌. മറ്റു സംസ്‌ഥാനങ്ങളുടെ പരിധിയില്‍ പെടുന്ന കേസുകള്‍ അതാതു സംസ്‌ഥാനങ്ങളിലേക്കു കൈമാറി. അതേസമയം, മുഖ്യപ്രതി ഇറാനിലുള്ള പാലാരിവട്ടം സ്വദേശി മധു ജയകുമാറിനെ പിടികൂടാന്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ്‌ പുറപ്പെടുവിക്കാന്‍ പോലീസ്‌ സി.ബി.ഐ. വഴി ഇന്റര്‍പോളിനു അപേക്ഷ നല്‍കിയിട്ടുണ്ട്‌. നേരത്തെ ഇമിഗ്രേഷന്‍ വിഭാഗം ലുക്‌ഒൗട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചിരുന്നു.

Leave a Reply

Your email address will not be published.