
ദുബായ് വിമാനത്തില്‍ ബോംബുണ്ടെന്ന് വ്യാജസന്ദേശം അയച്ചതിന് പതിമൂന്നുകാരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ദുബായിലേക്കുള്ള വിമാനത്തില്‍ ബോംബുണ്ടെന്ന് കാണിച്ച് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് 13കാരന്‍ ഇമെയില്‍ സന്ദേശം അയച്ചത്. ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും ജൂണ്‍ 18 ന് ദുബായിലേക്ക് പുറപ്പെടേണ്ട വിമാനത്തില്‍ ബോംബുണ്ടെന്നാണ് ഇമെയില്‍ ലഭിച്ചത്. ഇതോടെ വിമാനത്താവളത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ എമര്‍ജന്‍സി പ്രോട്ടോക്കോളുകള്‍ പാലിച്ചു. ഭീഷണി സന്ദേശം അയച്ചതിന് ശേഷം ഇമെയില്‍ ഐഡി ഡിലീറ്റ് ചെയ്തിരുന്നു. ഇമെയിലിന്റെ ഉറവിടം ഉത്തരാഖണ്ഡിലെ പിത്തോറഗഢില്‍ നിന്നാണെന്ന് മനസിലായതോടെയാണ് അന്വേഷണ സംഘം കൗമാരക്കാരനെ പിടികൂടിയത്.തമാശയ്ക്കാണ് ഇമെയില്‍ അയച്ചതെന്ന് 13കാരന്‍ സമ്മതിച്ചതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (ഐജിഐ എയര്‍പോര്‍ട്ട്) ഉഷാ രംഗ്നാനി പറഞ്ഞു. മറ്റൊരു കുട്ടിയുടെ വ്യാജ ഭീഷണിയുടെ സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകളില്‍ നിന്നാണ് തനിക്ക് ആശയം ലഭിച്ചതെന്ന് ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടി പൊലീസിനോട് പറഞ്ഞു. സ്‌കൂള്‍ പഠനത്തിനായി നല്‍കിയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ഇമെയില്‍ അയച്ചതെന്നും ഇക്കാര്യം ഭയം മൂലം മാതാപിതാക്കശോട് 13കാരന്‍ പറഞ്ഞില്ലെന്നും പൊലീസ് പറഞ്ഞു. ഇമെയിലുമായി ബന്ധിപ്പിച്ച ഫോണ്‍ പൊലീസ് പിടിച്ചെടുത്തു, കുട്ടിയെ പിന്നീട് മാതാപിതാക്കളുടെ കസ്റ്റഡിയില്‍ വിട്ടു.