
ഗ്രീസിലെ ഹൈഡ്ര ദ്വീപില്‍ കാട്ടുതീ പടർന്ന സംഭവത്തില്‍ 13 പേർ പിടിയില്‍. ദ്വീപില്‍ ആഡംബര നൌകയില്‍ നിന്നുണ്ടായ കരിമരുന്ന് പ്രയോഗത്തിന് പിന്നാലെയാണ് കാട്ടുതീ പടർന്നതെന്ന കണ്ടെത്തലിന് പിന്നാലെയാണ് അറസ്റ്റ്. വിനോദ സഞ്ചാര മേഖലയില്‍ ഏറെ പേരുകേട്ടതാണ് ഈ ദ്വീപ് . ബീച്ചിലേക്ക് ദ്വീപില്‍ നിന്ന് റോഡുകള്‍ ഇല്ലാത്തതിനാല്‍ ഏറെ പാടുപെട്ടാണ് പടര്‍ന്ന തീ ഹെലികോപ്ടറുകളുടെ സഹായത്തോടെ നിയന്ത്രണ വിധേയമാക്കിയത്. ഗ്രീസ് പൗരന്മാരാണ് അറസ്റ്റിലായ 13 പേരുമെന്നാണ് ഗ്രീസ് ഫയർ സർവ്വീസ് നല്‍കുന്ന വിവരം. ഇവരെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും. തദ്ദേശീയരുടെ അശ്രദ്ധ മൂലം പൈൻ കാടുകളില്‍ തീ പടർന്ന സംഭവം ഗ്രീസില്‍ വലിയ ചർച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. വേനല്‍ക്കാലമായതിനാല്‍ കാട്ടു തീ മുന്നറിയിപ്പുകള്‍ നില നില്‍ക്കുന്നതിനിടെയാണ് ആഡംബര യാച്ചിലെ കരിമരുന്ന് പ്രയോഗം.